ഒരേ സമയം വേട്ടക്കാരനും ഇരയ്ക്കും വേണ്ടി നിലകൊള്ളാന്‍ കഴിയുക എന്നത് ഏറെ ദുഷ്‌ക്കരമായ അവസ്ഥയാണ്. എന്നാല്‍, സി.പി.എമ്മിന് അത് നിഷ്പ്രയാസം കഴിയുമെന്ന് തെളിയിച്ചിരിക്കുന്നു. പലഘട്ടങ്ങളിലും ഇത് വിജയകരമായി പ്രവര്‍ത്തിച്ച് ഫലപ്രാപ്തിയില്‍ എത്തിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയിലും സി.പി.എം ഇടപെടുന്നത്. വളരെ സൂക്ഷ്മമായി ഓരോ നീക്കങ്ങളും പരിശോധിച്ചാണ് മുന്നോട്ടു പോകുന്നത്. വേട്ടക്കാരിയായ സി.പി.എം അംഗവും കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി. ദിവ്യയെ വാക്കുകൊണ്ടു പോലും വേദനിപ്പിക്കാതെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് ഇരയുടെ കുടുംബത്തിനു മുമ്പില്‍ കണ്ണീരൊഴുക്കാന്‍ ഒരു മടിയും കാണിക്കാതിരിക്കുക എന്നതാണ് ലൈന്‍.
ദിവ്യയെ അത്രയേറെ പാര്‍ട്ടിക്ക് ആവശ്യമുള്ള വനിതാ നേതാവാണെന്ന് വ്യക്തമായിക്കഴിഞ്ഞു. കാരണം, ജാമ്യമില്ലാ വകുപ്പിട്ട് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയിട്ടും അറസ്റ്റു ചെയ്യാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. നവീന്‍ ബാബുവിന്റെ വീട്ടില്‍ CPM സംസ്ഥാന സെക്രട്ടറി പോയി കുടുംബത്തെ ആശ്വസിപ്പിക്കുമ്പോള്‍ കണ്ണൂരില്‍ ദിവ്യയ്ക്കു വേണ്ടുന്ന എല്ലാ സുരക്ഷയും ഒരുക്കാന്‍ പാര്‍ട്ടി മറക്കുന്നില്ല എന്നതാണ് സി.പി.എമ്മിന്റെ സൈക്കോളജിക്കല്‍ മൂവ്. ഇതേ രീതിയിലാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പാവം മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകത്തിലും സര്‍ക്കാര്‍ നടത്തിയ നാടകം.
അന്നും പിണറായി വിജയന്‍ സര്‍ക്കാര്‍ ആയിരുന്നു ഭരിച്ചതും ‘നടി’ച്ചതും. ഇന്നും അതേ സര്‍ക്കാര്‍ തന്നെയാണ് നവീന്‍ ബാബുവിന്റെ ഘാതകയെ അറസ്റ്റു ചെയ്യാതെ സംരക്ഷിക്കുന്നതും. അന്ന്, മദ്യപിച്ച് കാറോടിച്ച ശ്രീറാം വെങ്കിട്ടരാമനെന്ന IAS ഉദ്യോഗസ്ഥനെ ഒരു ദിവസം പോലും അറസ്റ്റു ചെയ്ത് ജയിലിലിടാന്‍ കഴിയാതെ പോയത് സര്‍ക്കാരിന്റെ മൗനസമ്മതം ശ്രീറാം വെങ്കിട്ടരാമന് ഉണ്ടായിരുന്നതു കൊണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ വിശ്വസിച്ചിരുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ മറ്റൊരു മുഖമായിരുന്നു അന്ന് കണ്ടത്.
ഇരയ്ക്കു നീതി ലഭിക്കാന്‍ ഏതറ്റം വരെ പോകുമെന്നു പ്രഖ്യാപിക്കുകയും വേട്ടക്കാരനെ സംരക്ഷിക്കാന്‍ കഴിവിന്റെ പരമാവധി എല്ലാം ചെയ്തു കൊടുക്കുകയും ചെയ്യുകയായിരുന്നു സര്‍ക്കാര്‍. ബഷീറിന്റെ കൊലപാതകി ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗമായി കീ പോസ്റ്റില്‍ തന്നെ ഇരിക്കുകയാണ്. ബഷീറിനു വേണ്ടി ഇടയ്ക്കിടയ്ക്ക് ആത്മരോഷം പൂണ്ട് എന്തെങ്കിലും ചെയ്യുന്നതല്ലാതെ മാധ്യമ പ്രവര്‍ത്തകര്‍ക്കും ശ്രീറാം വെങ്കിട്ടരാമനെ ശിക്ഷിക്കണമെന്ന ആവശ്യത്തിന്റെ ബലം കുറഞ്ഞു.
ഇടതുപക്ഷ സര്‍ക്കാര്‍ എന്നത്, ഇടതു മാധ്യമ പ്രവര്‍ത്തനം എന്നതു പോലെ തരംതാണിരിക്കുകയാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുകയോ, കുറ്റം പറയുകയോ, എന്തിന്, കൂട്ടത്തിലൊരുത്തനെ കൊന്നാല്‍പ്പോലും ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ഭരണകൂടവും, വിശ്വാസമുള്ള നേതാക്കളുമായി മാറിക്കഴിഞ്ഞിരിക്കുന്നു. വര്‍ഗബോധം നഷ്ടപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ യൂണിയനും വെറും ചടങ്ങുകളും വഴിപാടുകളും നടത്തുന്ന സ്ഥാപനങ്ങള്‍ക്കപ്പുറം ചോദ്യം ചെയ്യലോ, സംരക്ഷകരോ ആകാതെ പോകുന്നു.
ബഷീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശ്രീറാാം വെങ്കിട്ടരാമന്റെ ശിക്ഷയെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ഫോറങ്ങള്‍ക്ക് പ്രത്യേകിച്ചൊരു വാശിയൊന്നുമില്ല. ശിക്ഷിക്കുന്നെങ്കില്‍ ശിക്ഷിക്കട്ടെ എന്നു മാത്രമേയുള്ളൂ. ഇഅതു തന്നെയാണ് എ.ഡി.എമ്മിന്റെ കൊലപാതകത്തിലും സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെ നിലപാട്. ഈ വിഷയത്തില്‍ സി.പി.എം വേറെയും സര്‍ക്കാര്‍ വേറെയും ആണെന്ന ധാരണയാണ് ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നത്.
സര്‍ക്കാര്‍ എടുക്കേണ്ട നടപടികള്‍ നിയമപരമായി എടുക്കുന്നുണ്ടെന്ന ന്യായം ഇവിടെയും മുഖ്യമന്ത്രി പറയുമെന്നുറപ്പാണ്. തെറ്റു ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടും എന്ന വാക്കു മാത്രമായിരിക്കും മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടാവുക. ഇതേ വാക്ക് പല വിഷയങ്ങളിലും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ശരിയാണ്, തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടുമെന്നത് സത്യമാണ്. പക്ഷെ, എപ്പോള്‍ എന്നതാണ് ചോദ്യം.
തെറ്റു ചെയ്തവര്‍ക്ക് തെളിവു നശിപ്പിക്കാന്‍ വരെയുള്ള സമയം നല്‍കിയിട്ട്, സര്‍ക്കാര്‍ വക്കീല്‍ അശക്തമായ വാദങ്ങള്‍ നിരത്തി വേട്ടക്കാരനെ സംരക്ഷിക്കുന്നതു വരെ നീളുന്ന നാടകം ഇനി വരാനിരിക്കുന്നതേയുള്ളൂ. അതുകൊണ്ടു കൂടിയാണ് എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിപി ദിവ്യക്ക് അസാധാരണ സംരക്ഷണം ഒരുക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. ആത്മഹത്യ നടന്ന് ആഴ്ച ഒന്നായിട്ടും ദിവ്യയെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല.
ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ കഴിയുമായിരുന്നിട്ടും ഇതുവരെ ഒരു നടപടിയിലേക്കും പോലീസ് കടക്കാത്തത് സിപിഎം നിര്‍ദ്ദേശപ്രകാരം തന്നെയാണ് എന്നുറപ്പിക്കാം. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന പദവിയില്‍ ഒരു സുപ്രഭാതത്തില്‍ കയറി ഇരുന്നതല്ല ദിവ്യ എന്ന വനിതാ സഖാവ്. അതിലേക്കെത്താന്‍ പാര്‍ട്ടിയോടൊപ്പം നടന്ന കുറേ ദൂരമുണ്ട്. വര്‍ഷങ്ങളുടെ ബന്ധം. അത് ഒരു രാത്രികൊണ്ട് മുറിച്ചു മാറ്റാന്‍ കഴിയുന്നതാകില്ലെന്നുറപ്പാണ്. അതാണ് സംരക്ഷണത്തിന്റെ ശക്തി വര്‍ദ്ധിക്കാനും കാരണം.
നവീന്റെ മരണം സംബന്ധിച്ച് നടക്കുന്ന ഒരു അന്വേഷണവും ദിവ്യയിലേക്ക് എത്താത്ത രീതിയിലുള്ള സംരക്ഷണമാണ് സിപിഎം ഒരുക്കിയിരിക്കുന്നത്. വകുപ്പുതല അന്വേഷണത്തിലും ദിവ്യയുടെ മൊഴിയെടുത്തിട്ടില്ല. ജില്ലാകളക്ടറുടെ മൊഴി വരെ രേഖപ്പെടുത്തിയിട്ടും എഡിഎം ജീവനൊടുക്കാന്‍ ഇടയായ ആരോപണം ഉന്നയിച്ച ദിവ്യയുടെ മൊഴി രേഖപ്പെടുത്താതെ എന്ത് അന്വേഷണമാണ് നടക്കുന്നത് എന്നതില്‍ ആര്‍ക്കും മറുപടിയില്ല.
പിപി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. അതുവരെ ദിവ്യയെ തൊടരുതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഇവിടെ ജാമ്യം ലഭിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. കിട്ടുന്നില്ലെങ്കില്‍ മേല്‍കോടതിയെ സമീപിക്കാനും അവസരമൊരുക്കും. പ്രതി ഒളിവിലാണ് എന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി എല്ലാം അവസാനിപ്പിക്കാനാണ് സിപിഎം ശ്രമം നടത്തുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മന്ത്രിമാരും നേതാക്കളും ഊഴം വച്ച് നവീന്‍ ബാബുവിന്റെ വീട്ടിലെത്തി പറയുന്നത് പാര്‍ട്ടി ഒപ്പമുണ്ട് എന്നാണ്. എന്നാല്‍ അത് വെറും പറച്ചില്‍ മാത്രമായി മാറുകയാണ്. ഇതില്‍ നവീന്റെ കുടുംബത്തിന് കടുത്ത വേദനയുണ്ട്. അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച കാര്യങ്ങളെ കുറിച്ച് അന്വേഷിച്ച ലാന്‍ഡ് റവന്യു ജോയിന്റ് കമീഷണറുടെ റിപ്പോര്‍ട്ട് ജില്ലാ കളക്ടറര്‍ അടക്കമുള്ളവര്‍ക്ക് നിര്‍ണായകമാകും.
മുഖ്യമന്ത്രിയെ കണ്ട് കളക്ടര്‍ അരുണ്‍ കെ വിജയന്‍ കാര്യങ്ങള്‍ പറഞ്ഞെങ്കിലും അരുണ്‍ കണ്ണൂരില്‍ നിന്നും തെറിച്ചേക്കുമെന്നാണ് സൂചനകള്‍. ലാന്‍ഡ് റവന്യു ജോയിന്റ് കമീഷണര്‍ ഇന്നോ നാളെയോ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്നാണ് വിവരം. ദിവ്യയുടെ മൊഴി ഇല്ലാതെ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്തു നടപടി കൈക്കൊള്ളും എന്നതും നിര്‍ണായകമാണ്. എ ഡി എം നവീന്‍ ബാബുവിന്റെ യാത്രയയപ്പിലേക്ക് താന്‍ ദിവ്യയെ ക്ഷണിച്ചില്ല എന്നാണ് കണ്ണൂര്‍ കളക്ടറുടെ മൊഴി.
കൈക്കൂലി കൊടുത്തു എന്ന് ആരോപണം ഉന്നയിച്ച പ്രശാന്തനില്‍ നിന്നു മൊഴി എടുത്തിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആകും കളക്ടര്‍ക്ക് എതിരെ എന്ത് നടപടി വേണമെന്ന് തീരുമാനിക്കുക. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നത് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ്. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കും. മറ്റുള്ളവര്‍ക്ക് നല്കാത്ത ആനുകൂല്യം ഇതിനോടകം ദിവ്യക്ക് ലഭിച്ചുവെന്ന ആക്ഷേപം ശക്തമാണ്.
അഴിമതിക്കെതിരെ സദുദ്ദേശപരമായി മാത്രമാണ് താന്‍ സംസാരിച്ചതെന്നും എ ഡി എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാനായിരുന്നില്ലെന്നുമാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ദിവ്യ ചൂണ്ടികാട്ടിയിരിക്കുന്നത്. ഫയല്‍ നീക്കം വേഗത്തിലാക്കണമെന്നതാണ് താന്‍ ഉദ്ദേശിച്ചതെന്നും അവര്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍, വസ്തുതാ പരിശോധനയില്‍ ഇതിന് ഘടകവിരുദ്ധമായ കാര്യങ്ങളാണ് പുറത്തുവന്നത്.
CONTENT HIGHLIGHTS;Psychological move of CPM holding Divya and crying over Naveen Babu: Media worker K.M. The game played to save Bashir’s murderer Sriram Venkataraman cannot be forgotten