Explainers

ഇടതുപക്ഷ മുഖ്യമന്ത്രിയുടെ മുതലാളിത്ത ശൈലി: ഖജനാവ് കാലിയാണെങ്കിലും സോഷ്യല്‍ മീഡിയ നിറഞ്ഞുനില്‍ക്കാന്‍ ചെലവഴിച്ചത് കോടികള്‍

സഞ്ചരിക്കാന്‍ ഹെലിക്കോപ്ടര്‍, താമസിക്കുന്ന ഔദ്യോഗിക വസതിയുടെ മതിലിന്റെ ഉയരം കൂട്ടല്‍, പശുക്കള്‍ക്ക് മ്യൂസിക്, സ്വിമ്മിംഗ് പൂള്‍ നിര്‍മ്മാണം വേറെ, റോഡിലും, വാഹനത്തിലും സുരക്ഷയ്ക്കായി കോടികള്‍, ആമ്പുലന്‍സ്, ഫയല്‍ഫോഴ്.് ബോംബ് ഡെറ്റക്ഷന്‍ വാഹനം തുടങ്ങി കോണ്‍വോയ് സംവിധാനം ഇതെല്ലാം അമേരിക്കന്‍ പ്രസിഡന്റിന്റെയോ ഇന്ത്യന്‍ പ്രധാനമന്ത്രിയുടേയോ സംവിധനങ്ങളല്ല. കടവലും കാവലുമായി കോടികളുടെ ബാധ്യതയുള്ള കേരളത്തിലെ മുഖ്യമന്ത്രിയുടെ ചെലവഴിക്കലാണ്. വയനാട് ഉരുള്‍പൊട്ടിയാലും, കേരളത്തില്‍ വെള്ളപ്പൊക്കം വന്നാലും നാട്ടുകാരില്‍ നിന്നും പിരിവെടുത്ത് സഹായിക്കേണ്ട ഗതികേടിലായിട്ട് കാലം കുറേയായി.

ഏത് ദുരന്തചം വന്നാലും അപ്പോള്‍ത്തന്നെ ആള്‍ക്കാരുടെ മുമ്പിലേക്ക് പിച്ചച്ചട്ടിയും നീട്ടി നില്‍ക്കുമ്പോള്‍ ഖജനാവിലുള്ള ചില്ലറ കൂടി കാലിയാക്കാനാണ് മുഖ്യമന്ത്രിയും സംഘവും ശ്രമിക്കുന്നത്. അതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങള്‍ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. കെ. കരുണാകരന്‍ തൊട്ട് യു.ഡി.എപിലെ ഓരോ മുഖ്യമന്ത്രിമാരുടെയും ധൂര്‍ത്തിനെ നഖശിഖാന്തം എതിര്‍ത്തും സമരം ചെയ്തും KSRTC ബസ് അടിച്ചു പൊട്ടിച്ച് അരിശം തീര്‍ത്തുമൊക്കെ അധികാരത്തില്‍ വന്ന ഇടതുപക്ഷ മുഖ്യമന്ത്രിയാണ് ഇപ്പോള്‍ ധൂര്‍ത്തി ഒന്നാമതെത്തി നില്‍ക്കുന്നത്. കേരളം സാമ്പത്തികമായി ഞെരുങ്ങി നില്‍ക്കുമ്പോഴും മുഖ്യമന്ത്രിയും, അദ്ദേഹത്തിന്റെ പരിവാരങ്ങള്‍ക്കും യാതൊരു ബുദ്ധിമുട്ടും അനുഭവിക്കാന്‍ കഴിയില്ലെന്നാണ് പറയുന്നത്.

ക്ലിഫ് ഹൗസിലെ പശുക്കള്‍ക്ക് കൂടുതല്‍ പാല്‍ചുരത്താന്‍ മ്യൂസിക് സിസ്റ്റം വെച്ചതു പോലും അതിന്റെ ഭാഗമായിട്ടാണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ഇടതു മുഖ്യമന്ത്രിമാര്‍ക്ക് ആര്‍ക്കും തോന്നാത്ത ഒരു ആഗ്രഹവും ഇപ്പോഴുണ്ടായിരിക്കുന്നു. കുളിക്കാന്‍ സ്വിമ്മിംഗ് പൂള്‍ വേണമെന്നതാണ്. അതിന്റെ പേരില്‍ ഉണ്ടായ കോലാഹലങ്ങള്‍ മറക്കാറായിട്ടില്ല. രാഷ്ട്രീയ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് ക്ലിഫ് ഹൗസിലെ സ്വിമ്മിംഗ് പൂള്‍. കെ. കരുണാകരന്റെ കാലത്താണ് സ്വമ്മിംഗ് പൂള്‍ വിവാദമാകുന്നത്. പിന്നീട് ഇപ്പോഴാണ് ആ വിഷയം പൊങ്ങി വന്നതും. വര്‍ഷത്തില്‍ എപ്പോഴെങ്കിലും മാത്രം ഉഫയോഗിക്കുന്ന ഹെലിക്കോപ്ടര്‍ വാടകയ്‌ക്കെടുത്തതു വഴി ഖജനാവില്‍ നിന്നും കോടികളാണ് നഷ്ടമായിക്കൊണ്ടിരിക്കുന്നത്.

ഇതിനെല്ലാം പുറമെയാണ് മുഖ്യമന്ത്രിയുടെ സോഷ്യല്‍മീഡിയ ടീമിന്റെ ചെലവിനത്തില്‍ പാസാക്കിയ കോടികള്‍. മുഖ്യമന്ത്രിക്ക് എന്തിനാണ് സോഷ്യല്‍ മീഡിയ ടീം എന്നത് വലിയ ചോദ്യമാണ്. സര്‍ക്കാര്‍ സംവിധാനമായ പി.ആര്‍.ഡി. സര്‍വ്വസജ്ജമായിരിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് പ്രത്യേകം എന്തിനാണ് സോഷ്യല്‍ മീഡിയ ടീം. കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് യോജിക്കുന്ന മുഖ്യമന്ത്രിയാണോ ഇടതുപക്ഷത്തില്‍ നിന്നുണ്ടായതെന്ന സംശയം അണികള്‍ക്കുമുണ്ട്. സമ്മേളന കാലയളായതിനാല്‍ ഉള്‍പാര്‍ട്ടീ ജനാധിപത്യത്തില്‍ സഖാക്കള്‍ ഇക്കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് സൂചന.

മുഖ്യമന്ത്രി സഞ്ചരിച്ചാല്‍ ചെലവ്. താമസിക്കുന്ന വീടിന് കോടകിലഞ് ചെലവഴിച്ചുള്ള നിര്‍മ്മാണം. ചികില്‍സക്ക് കോടികളാണ് ഖജനാവില്‍ നിന്ന് ചെലവാക്കുന്നത്. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ 2021 ന് ശേഷം 2 കോടിക്ക് മുകളില്‍ അറ്റകുറ്റ പണികളാണ് നടത്തിയത്. പൊതുമരാമത്ത് മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ മുഹമ്മദ് റിയാസ് നിയമസഭയില്‍ മറുപടി നല്‍കിയപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. 4.40 ലക്ഷം രൂപയുടെ കാലിതൊഴുത്തും ക്ലിഫ് ഹൗസില്‍ നിര്‍മ്മിച്ചു.

ലൈഫ് മിഷന് വീടിന് 4 ലക്ഷം നല്‍കുന്നുവെന്ന് മേനി പറയുന്ന ഇടതുസര്‍ക്കാര്‍ ക്ലിഫ് ഹൗസിലെ ചാണകകുഴി നിര്‍മ്മിച്ചത് 4.40 ലക്ഷം രൂപക്ക് എന്ന് പറയുമ്പോഴാണ് ലൈഫ്മിഷന്‍ വീടിന്റെയും ചാണക്കുഴിയുടെയും വില മനസ്സിലാകുന്നത്. 42 കാറുകളുടെ അകമ്പടിയോടെയുള്ള യാത്രക്ക് ഒരു മാസത്തെ ചെലവ് 5 കോടിരൂപയാണ്. ഹെലികോപ്റ്റര്‍ വാടകയിനത്തില്‍ 30 കോടിക്ക് മുകളില്‍ ചെലവായിട്ടുണ്ട്. അമേരിക്കന്‍ ചികിത്സയുള്‍പ്പെടെ പിണറായിയുടെ ചികില്‍സക്കും യാത്രക്കും ചെലവായത് 2 കോടിരൂപയാണ്.

സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് എല്ലായിടത്തും പറയുകയും എന്നാല്‍, ധൂര്‍ത്തിന് ഒരു കുറവും കാണിക്കാതിരിക്കുകയും ചെയ്യുകയാണ് പിണറായി സര്‍ക്കാര്‍. മുന്‍ മുഖ്യമന്ത്രിമാര്‍ പി.ആര്‍.ഡിയെ മാത്രം ആശ്രയിച്ചാണ് സര്‍ക്കാരിന്റെ പ്രചരണം നടത്തിയിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ പി.ആര്‍.ഡിയും അതിനു പുറമേ ഇപ്പോള്‍ പി.ആര്‍.ഡി അക്രഡിറ്റേഷനുള്ള 38 ഓളം പി.ആര്‍ഏജന്‍സികളുമാണ് മുഖ്യമന്ത്രിയുടെ മുഖം മിനുക്കുന്നത്. കോടികളാണ് ഇവര്‍ക്ക് നല്‍കുന്നത്. ഇതു കൂടാതെ പിണറായിയുടെ കീര്‍ത്തി ഡല്‍ഹിയിലും വിദേശ രാജ്യങ്ങളിലും അറിയാന്‍ കെയ്‌സണ്‍ പോലെയുള്ള വന്‍കിട പി.ആര്‍ ഏജന്‍സികളുമുണ്ട്.

ഫേസ്ബുക്കില്‍ ദിവസം 2 പോസ്റ്റിടാന്‍ 12 സോഷ്യല്‍ മീഡിയ ടീമിനെയും കാശു കൊടുത്ത് നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്ക് ശമ്പളം എത്ര നല്‍കിയെന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ ചോദിച്ചെങ്കിലും മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയിരുന്നില്ല. പി.ആര്‍.ഡിയില്‍ നിന്നു നല്‍കിയ മറുപടി മുഖ്യമന്ത്രിയുടെ ഓഫിസ് മുക്കിയെന്നാണ് ആക്ഷേപം. എന്നാല്‍, വിവരാവകാശ രേഖയിലൂടെ ഈ ചെലവിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തു വന്നിരിക്കുകയാണ്. കെ.പി. സി.സി സെക്രട്ടറി അഡ്വ സി.ആര്‍ പ്രാണകുമാര്‍ ആണ് ഇവരുടെ ചെലവുകള്‍ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിവരവകാശ നിയമപ്രകാരം പി.ആര്‍.ഡിയെ സമീപിച്ചത്.

1,83,80,675 രൂപയാണ് മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിന്റെ ചെലവുകള്‍ക്ക് ഖജനാവില്‍ നിന്ന് നല്‍കിയത്. 12 പേരാണ് സോഷ്യല്‍ മീഡിയ ടീമില്‍ ഉള്ളത്. മുഹമ്മദ് യഹിയ ആണ് ടീം ലീഡര്‍. 75000 രൂപ ആണ് മാസ ശമ്പളം. കണ്ടന്റ് മാനേജര്‍ സുധീപ് ജെ. സലീം. ശമ്പളം 70,000 രൂപ. സീനിയര്‍ വെബ് അഡ്മിനിസ്‌ട്രേറ്റര്‍, സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്റര്‍, കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് എന്നിവര്‍ക്ക് 65000 രൂപ വീതം ആണ് ശമ്പളം. ഡെലിവറി മാനേജര്‍ എന്ന പോസ്റ്റും ഉണ്ട്. ശമ്പളം 50000 രൂപ. പി.പി അജിത്ത് എന്ന ആളാണ് ഡെലിവറി മാനേജര്‍. റിസര്‍ച്ച് ഫെല്ലോയുടെ ശമ്പളം 53000 രൂപ. കണ്ടന്റ് ഡെവലപ്പര്‍, കണ്ടന്റ് അഗ്രഗേറ്റര്‍ എന്നിവര്‍ക്ക് 53000 രൂപ വീതം ആണ് ശമ്പളം. ഡാറ്റ റിപ്പോസിറ്ററി മാനേജര്‍ എന്ന പേരില്‍ 2 പേരുണ്ട്. 45000 രൂപ വീതം ഓരോരുത്തര്‍ക്കും ലഭിക്കും. കമ്പ്യൂട്ടര്‍ അസിസ്റ്റന്റിന്റെ ശമ്പളം 22,290 രൂപയും.

2022 മെയ് 6 നാണ്12 അംഗ സോഷ്യല്‍ മീഡിയ ടീമിനെ മുഖം മിനുക്കാന്‍ നിയമിക്കുന്നത്. 6 മാസം കരാര്‍ നിയമനത്തിലായിരുന്നു ഇവര്‍ക്ക് ആദ്യം നിയമനം നല്‍കിയത്. കാലാവധി കഴിഞ്ഞതോടെ ഒരു വര്‍ഷത്തേക്ക് നീട്ടി കൊടുത്തു. അത് തീര്‍ന്നപ്പോള്‍ വീണ്ടും നീട്ടി. പിണറായി രാജി വയ്ക്കുന്നത് വരെ ഇവര്‍ കൂടെ ഉണ്ടാകും. ലോക്‌സഭയിലെ ദയനിയ തോല്‍വിയും മാസപ്പടിയിലും ആര്‍ എസ് എസ് ബന്ധത്തിലും പിണറായിപെട്ടതോടെ അടുത്ത ഭരണം ഇനി ഇല്ല എന്ന് മനസിലാക്കിയ ഇവര്‍ ജോലി സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ തുടങ്ങിയെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. ‘കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി’ ഇതാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ പോളിസി.

ഇങ്ങനെ മുഖ്യമന്ത്രി എന്ന പദവിയെ വ്യക്തിപരമായി പരസ്യപ്പെടുത്താന്‍ ഉപയോഹിക്കുന്ന സംവിധാനമായാണ് സോഷ്യല്‍ മീഡിയ ടീമിനെ കാണേണ്ടത്. അഞ്ചു വര്‍ഷം ഭരിക്കാന്‍ നിയോഗിക്കപ്പെടുന്ന മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പി.ആര്‍.ഡി.എന്ന സംവിധാനത്തെ ഉപയോഗിക്കുന്നചില്‍ താല്‍പ്പര്യമില്ലെന്നതാണ് മനസ്സിലാകുന്നത്. ഈ സംവിധാനം വെറും സര്‍ക്കാര്‍ വകുപ്പു പോലെ മാറിയിരിക്കുന്നുവെന്നതും ഇതിലൂടെ മനസ്സിലാക്കാം.

CONTENT HIGHLIGHTS;Capitalist style of Left CM: Special team paid crores to keep social media full despite empty coffers

Latest News