പൂരം കലക്കി വിജയിച്ചെന്ന ദുഷ്‌പ്പേര് പ്രചരിക്കുന്നതിനിടെ കേന്ദ്രസഹമന്ത്രി സൂപ്പര്‍സ്റ്റാര്‍ സുരേഷ്‌ഗോപിക്ക് വീണ്ടും പണി വന്നിരിക്കുകയാണ്. ഇത്തവണ വെടിക്കെട്ടിന് വിലങ്ങിടാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം കൊണ്ടുവന്ന നിയന്ത്രണമാണ് സുരേഷ്‌ഗോപിയുടെ മാറ്റ് കുറച്ചിരിക്കുന്നത്. പൂരത്തിന്റെ മാറ്റ് കുറയ്ക്കുന്ന നടപടി എടുത്തത് സുരേഷ്‌ഗോപിയുടെ വകുപ്പു കൂടിയാണ്. ഇതാണ് ഭക്തരെയും ദേവസ്വങ്ങളെയും പ്രകോപിതരാക്കിയിരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ തൃശൂര്‍ മണ്ഡലം വിവാദച്ചുഴിയിലാണ്. ഇവിടെ വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപി ആമ്പുലന്‍സില്‍ പൂരനഗരിയില്‍ എത്തിയതും വിവാദമായിരുന്നു. സര്‍ക്കാരും ബി.ജെ.പിയും നടത്തിയ രഹസ്യ ധാരണയുടെ ഭാഗമായാണ് സുരേഷ്‌ഗോപി വിജയിച്ചതെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. മാത്രമല്ല, എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ RSS കൂടിക്കാഴ്ചയും പൂരം കലക്കലിന്റെ ഭാഗമായി നടന്നതാണെന്നും ആരോപിച്ചിരുന്നു. പൂരം കലക്കലും RSS കൂടിക്കാഴ്ചയും സുരേഷ്‌ഗോപിയുടെ ആമ്പുലന്‍സ് എന്‍ട്രിയുമെല്ലാം അന്വേഷിക്കുകയാണിപ്പോള്‍.
ഇതിനിടയിലാണ് വെടിക്കെട്ടിന് പാലിക്കേണ്ട മാനദണ്ഡങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സിയായ ‘പെസോ’ (പെട്രോളിയം ആന്റ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍) കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവ് സുരേഷ്‌ഗോപിക്കു തന്നെ വള്ളിക്കെട്ടായിരിക്കുന്നത്. നിയമം നടപ്പാക്കിയാല്‍ പൂരത്തിന്റെ ഭാഗമായുളള വെടിക്കെട്ട് തന്നെ ഓര്‍മ്മയാകുന്ന സ്ഥിതിയാണ്. സുരേഷ് ഗോപിയുടെ വകുപ്പ് തന്നെ ഇത്തരമൊരു ഉത്തരവ് ഇറക്കിയത് ചതിയായിപ്പോയി എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. തൃശൂരില്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ്ഗോപിയുടെ വകുപ്പ് തന്നെ പൂരം വെടിക്കെട്ടിന് എതിരായ ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അമര്‍ഷം പൂരപ്രേമികളും ദേവസ്വം ഭാരവാഹികളും മറച്ചു വെയ്ക്കുന്നില്ല.
തൃശൂരിനെ ഇങ്ങെടുക്കുവാ എന്നു പറഞ്ഞു വന്ന സുരേഷ്‌ഗോപിയെ ഒരിക്കല്‍ തോല്‍പ്പിച്ച ശേഷമാണ് തൃശൂരുകാര്‍ വിജയിപ്പിച്ചത്. അത് നിരവധി കാരണങ്ങള്‍ കൊണ്ടുമാണ്. സുരേഷ്‌ഗോപിയുടെ വിശ്വാസം പോലും അതില്‍ ഘടകമാകുന്നുണ്ട്. സുരേഷ്‌ഗോപിയുടെ വാഗ്ദാനപ്പെരുമഴയും അതിനു പിന്നിലുണ്ട്. തൃശൂരിനെ സ്വര്‍ഗമാക്കുമെന്നാണ് സുരേഷ്‌ഗോപി പറഞ്ഞത്. തൃശൂരുകാരെ വിട്ട് ഒരു പരിപാടിയുമില്ലെന്ന് പറഞ്ഞിട്ടു പോയ സുരേഷ്‌ഗോപിയുടെ വകുപ്പുതന്നെ തൃശൂരുകാര്‍ക്കിട്ട് വലിയ പണി കൊടുത്തിരിക്കുകയാണ്.
അമിട്ടും, കദജിനകളും ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ത്തില്ലെങ്കില്‍ തൃശൂര്‍ പൂരത്തെ പൂരമനെന്നു പറയാന്‍ പോലും കഴിയില്ല. തൃശൂരിന്റെ മാത്രമല്ല, കേരളത്തിന്റെ കൂടെ ആഘോഷമാണ് തൃശൂര്‍ പൂരം. അതിന്റെ ശോഭ കെടുത്താന്‍ നോക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്നാണ് ദേവസ്വങ്ങള്‍ പറയുന്നത്. വെടിക്കെട്ട് സമാഗ്രികള്‍ സൂക്ഷിക്കുന്ന വെടിക്കെട്ട് പുരയും വെടിക്കെട്ട് നടത്തുന്ന സ്ഥലവും തമ്മിലുള്ള ദൂരപരിധി മാനദണ്ഡമാണ് പൂരത്തിന് വെല്ലുവിളിയാകുന്നത്. 200 മീറ്റര്‍ ദൂരപരിധിയാണ് ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. എന്നാല്‍ ഇത് ഒരുതരത്തിലും തൃശൂരില്‍ നടപ്പാക്കാന്‍ സാധിക്കില്ല. വടക്കുന്നാഥ ക്ഷേത്രമൈതാനത്ത് തിരുവമ്പാടിക്കും പാറമേക്കാവിനും വെവ്വേറെ വെടിക്കെട്ട് പുരകളാണ് ഉളളത്.
ഇവിടെനിന്ന് 45 മീറ്റര്‍ മാറിയാണ് ഇരുവിഭാഗവും വെടിക്കെട്ടു സാമഗ്രികള്‍ നിരത്തുന്നത്. 200 മീറ്റര്‍ പരിധി നിശ്ചയിച്ചാല്‍ സ്വരാജ് റൗണ്ടും കടന്ന് പുറത്തേക്ക് പോകേണ്ടി വരും. ആശുപത്രികളുടേയും സ്‌കൂളുകളുടേയും 250 മീറ്റര്‍ അകലെ വേണം വെടിക്കെട്ടു നടത്താനെന്നും മാനദണ്ഡത്തിലുണ്ട്. ഇതും തൃശൂരില്‍ പാലിക്കാന്‍ കഴിയില്ല. നഗരഹൃദയത്തില്‍ നടക്കുന്ന പൂര ചടങ്ങില്‍ ഒരിക്കലും പാലിക്കാന്‍ കഴിയാത്ത നിര്‍ദ്ദേശങ്ങളാണ് പെസോയുടെ ഉത്തരവിലുള്ളത്. ഇതില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ കടുത്ത അമര്‍ഷത്തിലാണ്.
വെടിക്കെട്ട് സ്ഥലവും ആളുകളും തമ്മിലുള്ള അകലം കുറയ്ക്കണമെന്ന പൂരപ്രേമികളുടെ ആവശ്യം പരിഗണിക്കാമെന്നും നവപൂരം നടപ്പാക്കുമെന്നും പ്രഖ്യാപിച്ചത് സുരേഷ് ഗോപിയാണ്. എന്നാല്‍ ഉണ്ടായത് പൂരത്തിന്റെ വെടിക്കെട്ട് തന്നെ ഇല്ലാതാക്കാനുള്ള തീരുമാനവുമാണ്. സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ എതിര്‍പ്പ് അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പൂരം അലങ്കോലമാക്കിയതില്‍ സിപിഎമ്മിനും ബിജെപിക്കും പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് പുതിയ വിവാദം കൂടി വരുന്നത്. ഇതില്‍ രമ്യമായ പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ അത് രാഷ്ട്രീയമായി സുരേഷ്ഗോപിക്ക് വലിയ തിരിച്ചടിയുണ്ടാകും എന്ന് ഉറപ്പാണ്.
അതു മാത്രമല്ല, തെരഞ്ഞെടുപ്പിലെ പൂരം കലക്കലും, അവിശുദ്ധ കൂട്ടുകെട്ടുമെല്ലാം പോലീസ് അന്വേഷിക്കുമ്പോള്‍ തൃശൂര്‍ പൂരത്തിന് കേന്ദ്രത്തില്‍ നിന്നുള്ള തിരിച്ചടിയും വലിയ ചര്‍ച്ചകള്‍ക്ക് വിധേയമാകും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ BJP കേരളത്തില്‍ നിന്നും വിജയിച്ച ഏക സീറ്റാണ് തൃശൂര്‍. അതുകൊണ്ടുതന്നെ സുരേഷ്‌ഗോപിക്ക് BJP സംസ്ഥാന നേതൃത്വത്തിനേക്കാള്‍ അംഗീകാരം കേന്ദ്രത്തിലുണ്ട്. നരേന്ദ്രമോദിയുമായി അടുത്ത ബന്ധമാണ് സുരേഷ്‌ഗോപിക്കുള്ളത്. ഇതുകൂടി കണക്കിലെടുത്താണ് സഹമന്ത്രിസ്ഥാനം നല്‍കിയത്. എന്നാല്‍, അതേ വകുപ്പുതന്നെ തന്റെ മണ്ഡലത്തിലെ ഏറ്റവും വലിയ ഉത്സവത്തിന് തടയിട്ടുവെന്ന് പറഞ്ഞാല്‍ അതിനേക്കാള്‍ വലിയ തിരിച്ചടി കിട്ടാനില്ല.
CONTENT HIGHLIGHTS;His own department has built a spade in his own constituency: Union Minister of State Suresh Gopi in the appeal; Move to control Pooram fireworks