കണ്ണൂര്‍ ജില്ലാ കളക്ടറിന്റെ സുദീര്‍ഘമായ നിശബ്ദതയുടെ വിലയാണ് ADMന്റെ ആത്മഹത്യ എന്നു പറഞ്ഞാല്‍ തെറ്റില്ല. കാരണം, വിളിക്കാത്ത യോഗത്തില്‍ പങ്കെടുക്കാനെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ പ്രസംഗം പൊതുവില്‍ ഉദ്യോഗസ്ഥരെ ഉദ്ദേശിച്ചാണെന്ന വ്യാജേന നവീനിനെ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് കളക്ടര്‍ക്ക് മനസ്സിലായിട്ടും അത് നിയന്ത്രിച്ചില്ല. അന്നത്തെ വീഡിയോയില്‍ വ്യക്തമാകുന്നത് അതാണ്.
കളക്ടറുടെ ശരീരഭാഷ തന്നെ ADMന് എതിരും ദിവ്യയ്ക്ക് അനുകൂലവുമായിരുന്നു എന്ന് നിസ്സംശയം പറയാനാകും. തലകുനിച്ച്, കൈ വെച്ച് മുഖം പാതി മറച്ചിരിക്കുന്ന കളക്ടര്‍. ജീവനക്കാരെ നോക്കി ദിവ്യയുടെ സംസാരം. ആദ്യം ചിരിച്ചു കൊണ്ട് പ്രസംഗം കേട്ട നവീനിന്റെ മുഖഭാവം പിന്നീട് മാറുന്നു. കസേരയില്‍ ചാരി കിടന്നാണ് നവീന്‍ നിര്‍വികാരനായി ദിവ്യയുടെ പ്രസംഗം കേള്‍ക്കുന്നത്. അദ്ദേഹത്തിന്റെ മുഖത്ത് ഖനീഭവിച്ച വിഷമവും ദുഖവും വീഡിയോയില്‍ വ്യക്തമാണ്.
പറയേണ്ടതെല്ലാം പറഞ്ഞിട്ടു പോയാല്‍ മതിയെന്ന ഭാവത്തില്‍ തലകുനിച്ചിരിക്കുന്ന കളക്ടര്‍ ADMന്റെ ഭാഗത്തേക്ക് നോക്കുന്നുപോലുമില്ല. എന്നാല്‍, ദിവ്യയുടെ ഭാഗത്തേക്ക് ഇടയ്ക്ക് നോക്കുന്നുമുണ്ട്. NOC നല്‍കാന്‍ വൈകിപ്പിച്ചെങ്കിലും പിന്നീട് നല്‍കിയതിന് നന്ദി പറയാന്‍ കൂടിയാണ് വന്നതെന്ന് ദിവ്യ പറയുമ്പോള്‍ കളക്ടര്‍ കുനിഞ്ഞിരിക്കുകയാണ് ചെയ്യുന്നത്. ജീവനക്കാര്‍ നല്‍കുന്ന യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെ എത്തിയ ദിവ്യയുടെ ഇടപെടല്‍ കളക്ടര്‍ തടയേണ്ടതായിരുന്നു എന്നാണ് ജീവനക്കാര്‍ പറഞ്ഞത്.
ദിവ്യയുടെ ഭീഷണി നിറഞ്ഞ പ്രസംഗം അവസാനിപ്പിച്ച്, ചടങ്ങുപോലും കഴിയാതെ എണീറ്റു പോകുമ്പോള്‍ കളക്ടര്‍ ദിവ്യയെ തിരിഞ്ഞ് നോക്കുന്നുമുണ്ട്. ഇതെല്ലാം ADMന്റെ ആത്മഹത്യയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. കളക്ടര്‍ ദിവ്യയ്ക്കു നല്‍കിയ പരിഗണ ADMന് നല്‍കാന്‍ മടിച്ചിരുന്നുവെന്ന് വ്യക്തമാണ്. ഇനിയിപ്പോള്‍ നവീന്‍ബാബു കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ അത്, പറയേണ്ട ഇടമല്ല, യാത്രയയ്പ്പ് ചടങ്ങെന്ന് കളക്ടര്‍ക്കറിയാവുന്നതാണ്. അത് ദിവ്യയോട് പറേണ്ടതും കളക്ടറാണ്.
ഇപ്പോഴല്ല, അത് പറയേണ്ടതെന്ന് കളക്ടര്‍ വിലക്കേണ്ടിയിരുന്നു. എന്നാല്‍, അതുണ്ടായില്ലെന്നു മാത്രമല്ല, നിശബ്ദമായി എല്ലാം കേട്ടിരിക്കുകയും ചെയ്തു. ആരെയാണ് പ്രസിഡന്റ് ഉന്നംവെയ്ക്കുന്നതെന്ന് മനസ്സിലാക്കിയതു പോലെ. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കുന്ന ഒരു ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വരവ് തന്നെ കൊലപാതകത്തിന്റെ ആരാച്ചാരായാണ്. പക്ഷെ, കളക്ടറിന്റെ മൗനം ആരാച്ചാരെ എഴുന്നെള്ളിച്ചതിനു തുല്യമായിപ്പോയി.
മിസ്റ്റര്‍ കളക്ടര്‍ നിങ്ങളുടെ മൗനമാണ് ആ കൊലയ്ക്കു കാരണം എന്ന് പറയാനാണ് നവീനിന്റെ കുടുംബവും ബോധ്യമുള്ളവരും ശ്രമിക്കുന്നത്. നിയമത്തിന്റെ പഴുതുകളിലൂടെ നിങ്ങള്‍ രക്ഷപ്പെട്ടേക്കാം. പക്ഷെ, ഇനി വേട്ടയാടുന്നത്, നവീനിന്റെ ആത്മാവായിരിക്കും. മനസ്സില്‍ കുറ്റബോധത്തോടെ മാത്രമേ നിങ്ങള്‍ക്ക് ജീവിച്ചു തീര്‍ക്കാനാവൂ. ജീവിച്ചു കൊതി തീരാതെ ഭൂമിവിട്ടു പോകേണ്ടിവന്ന ഒരു മനുഷ്യന്റെ മരണത്തില്‍ നിങ്ങളുടെ മൗനത്തിനും പങ്കുണ്ട്.
ആ മൗനം നിങ്ങള്‍ വെടിഞ്ഞിരുന്നുവെങ്കില്‍, ദിവ്യയോട് ആ വാക്കുകള്‍ അവിടെ നിര്‍ത്തണമെന്ന് പറഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ, നവീന്‍ ആത്മഹത്യ ചെയ്യില്ലായിരുന്നു. കൈക്കൂലി കേസ് നിയമത്തിന്റെ വഴിയേ തെളിയിച്ച്, ശിക്ഷ വാങ്ങി കൊടുക്കാമായിരുന്നു എന്ന് കളക്ടര്‍ പറഞ്ഞാല്‍ മതിയായിരുന്നു. ദിവ്യക്ക് പ്രസംഗിക്കാന്‍ അവസരം കൊടുക്കാതെരിക്കുകയാണ് വേണ്ടിയിരുന്നത്. ദിവ്യയുടെ വരവിനെ യാത്രയയപ്പ് ചടങ്ങിയെ അതിഥിയെന്നു മാത്രം കണ്ടാല്‍ മതിയായിരുന്നു. പക്ഷെ കളക്ടര്‍ക്ക് അത് ചെയ്തില്ല.
ആ ചടങ്ങിന്റെ അധ്യക്ഷന്‍ കൂടിയായിരുന്നു ജില്ലാ കളക്ടര്‍. ആര് എന്തു ചെയ്യണമെന്ന് തീരുമാനിക്കേണ്ട അധ്യക്ഷന്‍. ദിവ്യ സംസാരിക്കണമെന്നും, നവീന്‍ ബാബു അത് കേട്ട് ദുഖക്കണമെന്നും, അധ്യക്ഷന്‍ തീരുമാനിച്ചുറപ്പിച്ചതതു പോലെയാണ് സംഭവം നടന്നത്. താന്‍ മ ൗനം ആചരിക്കുമെന്ന് നേരത്തെ തന്നെ കരുതിക്കൂട്ടി ചെയ്തതു പോലെ. ജനപ്രതിനിധിക്കു മുമ്പില്‍ നിശബ്ദനായിപ്പോയതാണെന്നു ന്യായീകരിച്ചാലും തീരില്ല, കളക്ടറിന്റെ കുറ്റം.
അതേസമയം, ആത്മഹത്യ ചെയ്ത ADM നവീന്‍ കുറ്റക്കാരനാണെന്ന് വരുത്തി തീര്‍ക്കാനുള്ള യജ്ഞത്തിലാണ് സംവിധാനങ്ങളെല്ലാം ഏര്‍പ്പെട്ടിരിക്കുന്നതെന്ന് തെളിയിക്കുന്നതാണ് അന്വേഷണത്തിന്റെ ഈ ഘട്ടം. നവീനിന്റെ ആത്മഹത്യയില്‍ ആര്‍ക്കും പ്രത്യേകിച്ച് പങ്കില്ലെന്നും, കൈക്കൂലി വാങ്ങിയത് പുറത്തു വരുമെന്ന് മനസ്സിലാക്കി നവീന്‍ സ്വയം ആത്മഹത്യയിലേക്ക് പോയതാണെന്നും കണ്ടെത്തി കേസ് ക്ലോസ് ചെയ്താലും ആശങ്കപ്പെടേണ്ട.
കാരണം, സംശയത്തിന്റെ പേരില്‍പ്പോലും ജാമ്യം നല്‍കാന്‍ കഴിയാത്ത വകുപ്പുകള്‍ ഇട്ടാണ് പി.പി. ദിവ്യ എന്ന മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റിനെതിരേ കേസ് എടുത്തിരിക്കുന്നത്. ഇന്നലെ വരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനെ നയിച്ച ദിവ്യയെ ഇപ്പോള്‍ പോലീസിന് കണ്ടെത്താനാകുന്നില്ല എന്നതു തന്നെ കേസിനെ സ്വാധീനിക്കാന്‍ വേണ്ടിയുള്ള ഇടപെടലാണെന്ന് വ്യക്തമല്ലേ. ടി.പി. വധക്കേസ് പ്രതികളെ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നു പിടിച്ച പോലീസാണ്, പി.പി ദിവ്യയെ തപ്പി നടക്കുന്നത്.
അറസ്റ്റു ചെയ്താല്‍ റിമാന്‍രില്‍ കഴിയേണ്ടി വരുമെന്നതാണ് ദിവ്യയെ അറസ്റ്റുപോലും ചെയ്യാത്തത്. ഏതെങ്കിലും സ്വാധീനമില്ലാത്ത, സാധാരണക്കാരന്‍ കുറ്റം ചെയ്താല്‍ അവനെ പിടിക്കാന്‍ വീടു വളയാനും, കുടുംബക്കാരെ പീഡിപ്പിക്കാനും, പിടിച്ച് ഇടിക്കാനും, സെല്ലില്‍ ഇടാനും, തെറി വിളിക്കാനും, കൂമ്പിനു കുത്താനും മെഡിക്കലെടുക്കാനും, FIR ഇടാനും, കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്യാനും ഉശിരു കാണിക്കുന്ന പോലീസാണ് ദിവ്യയെ തേടി നടന്നുകൊണ്ടേ ഇരിക്കുന്നത്.
അതിനിടയില്‍ എല്‍.ഡി.എഫ് യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് കേട്ടാല്‍ കോമഡി എന്നല്ലാതെ മറ്റൊന്നും പറയാനൊക്കില്ല. കുറ്റക്കാരെ ശിക്ഷിക്കുക തന്നെ ചെയ്യുമെന്നാണ്. ഇത് എല്ലാ കേസിലും പറയുന്നതാണ്. പാര്‍ട്ടിയുമായി ബന്ധമില്ലാത്ത ഏതെങ്കിലും കേസിലാണെങ്കില്‍ കുറ്റക്കാരെ പിടിച്ച ശേഷം സമയബന്ധിചമായി പിടിച്ചെന്നും, പാര്‍ട്ടിയുമായി ബന്ധമുള്ളവരുടെ കേസാണെങ്കില്‍ കുറ്റക്കാരെ പിടികൂടുമെന്നുമാണ് പറയുന്നത്.
ഈ പറയുന്നതിനു പിന്നിലെ രാഷ്ട്രീയം സാധാരണക്കാര്‍ക്ക് മനസ്സിലാവില്ലെങ്കിലും രാഷ്ട്രീയക്കാര്‍ക്ക് വ്യക്തമായി മനസ്സിലാകും. പാര്‍ട്ടിക്കാര്‍ കുടുങ്ങുന്ന കേസാണെങ്കില്‍ ജാമ്യം കിട്ടുന്നതു വരെയോ, അല്ലെങ്കില്‍ തെളിവുകള്‍ നശിപ്പിക്കുന്നതു വരെയോ സാവകാശം എന്നാണ് സാരം. എന്നാല്‍, പാര്‍ട്ടിയുമായി ബന്ധമില്ലാത്തവരുടെ കേസാണെങ്കില്‍ കാടരിച്ചു പ്രതിയെ പിടിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ ശിക്ഷ നല്‍കും.
ഇതാണ് ലൈന്‍. എന്നാല്‍, നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍ അരുണ്‍.കെ.വിജയന്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. കളക്ടറുടെ ഔദ്യോഗിക വസതിയിലെത്തിയാണ് പോലീസ് മൊഴി എടുത്തത്. കേസില്‍ ഏറെ പ്രധാനമായ മൊഴിയാണ് കളക്ടറുടെത്. കളക്ടര്‍ ക്ഷണിച്ചത് അനുസരിച്ചാണ് എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ പോയത് എന്നാണ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറഞ്ഞത്.
എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കളക്ടര്‍ ഈ കാര്യം നിഷേധിച്ചിരുന്നു. ഒരു സാക്ഷി എന്ന നിലയില്‍ പോലീസിനു മൊഴി നല്‍കുമെന്ന് കളക്ടര്‍ വ്യക്തമാക്കിയിരുന്നു. എഡിഎമ്മിന്റെ മരണം അന്വേഷിക്കുന്ന ലാന്റ് റവന്യൂ കമ്മിഷണര്‍ക്ക് മുന്നിലും കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. സത്യം സത്യമായി തന്നെ താന്‍ പറയും എന്നാണ് കളക്ടര്‍ പറഞ്ഞതിരിക്കുന്നത്.
അതേസമയം സ്പീക്കര്‍ എ.എന്‍.ഷംസീര്‍ എഡിഎമ്മിന്റെ വീട്ടിലെത്തിയിട്ടുണ്ട്. എല്ലാ പൊതുപ്രവര്‍ത്തകര്‍ക്കും പാഠമാണ് എഡിഎമ്മിന്റെ മരണം എന്ന് സ്പീക്കര്‍ നേരത്തെ പ്രസ്താവന നടത്തിയിരുന്നു. നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിക്കൂട്ടിലായ ദിവ്യയെ പോലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ചയാണ് തലശ്ശേരി സെഷന്‍സ് കോടതി പരിഗണിക്കുന്നത്. ജാമ്യഹര്‍ജിയിലെ വിധി വരാനാണ് പോലീസ് കാക്കുന്നത് എന്നാണ് സൂചന.
ഇത്രയേറെ വിവാദം സൃഷ്ടിച്ച കേസ് ആയിട്ടും വെറുമൊരു ആത്മഹത്യാപ്രേരണ കേസ് ആയി മാത്രമാണ് പോലീസ് ഇത് പരിഗണിച്ചത്. രാഷ്ട്രീയ സമ്മര്‍ദം കാരണമാണ് പോലീസ് ഒളിച്ചുകളി നടത്തുന്നതെന്ന ആക്ഷേപവും എതിരെ ശക്തമാണ്. ഒക്ടോബര്‍ 14 തിങ്കളാഴ്ച നടന്ന യാത്രയയപ്പ് ചടങ്ങില്‍ ADM നവീന്‍ ബാബുവിന്റെ കുറ്റപത്രം വായിക്കാന്‍ എത്തിയ ആരാച്ചാരായിരുന്നു ദിവ്യ. ആരാച്ചാര്‍ക്ക് വഴിയൊരുക്കുകയായിരുന്നു കളക്ടര്‍.
അത് കണ്ടും കേട്ടും നിശബ്ദതയുടെ കൈയ്യടി നല്‍കിയ ഉദ്യോഗസ്ഥരും നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് അംഗീകാരം നല്‍കുകയും ചെയ്തു. ഇതില്‍ തെറ്റു ചെയ്തത് ആരാണെന്ന് ഓരോരുത്തരും സ്വയം ചോദിച്ചു നോക്കേണ്ട സമയമാണിത്. ആരെയും തെറ്റുകാരായി ചിത്രീകരിക്കാന്‍ വേണ്ടിയല്ല, പക്ഷെ, ആരുടെയൊക്കെയോ ക്രൂരമായ നിശബ്ദത ഒരു മനുഷ്യന്റെ ജീവന്‍ എടുത്തിരിക്കുന്നു. അതല്ലേ സത്യം.
CONTENT HIGHLIGHTS;”That silence” that paved the way for the executioners: That silence also played a role in ADM Naveen’s suicide; Can you deny it, collector?