കുടിശിക വരുത്താന്‍ പറ്റിയ സംഭവമാണ് ക്ഷേമ പെന്‍ഷന്‍ എന്നത് . കാരണം, അതിന്റെ പേരില്‍ വഴി തടയാനും, സമരം ചെയ്യാനും ആരും വരില്ല. ‘ക്ഷേമപെന്‍ഷന്‍ കൊടുക്കും’ എന്നു പറഞ്ഞാണ് ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ നയസമീപനങ്ങളും മുന്നോട്ടു പോയിരുന്നത്. അതുകൊണ്ട്, മറ്റെന്തിലും കുടിശിക വരുത്താതിരുന്നാലും, ക്ഷേമ പെന്‍ഷനില്‍ കുടിശിക വരുത്തുമെന്ന് ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ മനസ്സിലാക്കിയിട്ടുണ്ട്. പറയുന്ന വാക്ക് പാലിക്കാന്‍ മാത്രമല്ല, പാലിക്കാതിരിക്കാനും ഉള്ളതാണെന്ന് ഇടതുപക്ഷ സര്‍ക്കാര്‍ തെളിയിച്ചു.
ക്ഷേമ പെന്‍ഷന്‍ എന്തേ കൊടുക്കാത്തത് എന്ന ചോദ്യത്തിന്, യു.ഡി.എഫിന്റെ കാലത്തും കുടിശക ഉണ്ടായിരുന്നല്ലോ എന്നാണ് മറുപടി. അതായത്, ക്ഷേമ പെന്‍ഷന്‍ കൊടുക്കുമെന്ന് പറയുന്ന വാഗ്ദാനവും, കൊടുക്കാതിരിക്കുന്നതിന്റെ കഴിവു കേടും രാഷ്ട്രീയമായി കണ്ടിരിക്കുന്നു എന്നര്‍ത്ഥം. ഇത് ഇടതുപക്ഷത്തിന് ചേരുന്നതാണോ എന്നതാണ് പ്രശ്‌നം. ക്ഷേമ പെന്‍ഷവാങ്ങുന്നത് ഏതു വിഭാഗക്കാരാണ്. സമൂഹത്തില്‍ കഷ്ടതയും അവശതയും മാത്രം നിറഞ്ഞവര്‍.
അവരുടെ ക്ഷേമമാണ് പ്രധാനമെന്നു കണ്ട് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ക്ഷേമപെന്‍ഷന്‍. ജീവന്‍ നിലനിര്‍ത്താന്‍ റേഷന്‍ വാങ്ങാനെങ്കിലും ഉപകരിക്കുന്ന ഒരു തുക, മരണം വരെ നല്‍കുക. ഇതാണ് ഉദ്ദേശം. ഈ പണം, അവകാശമായാണ് ഓരോ ക്ഷേമമില്ലാതവരും കരുതിയിരുന്നത്. എന്നാല്‍, ഇത് ഔദാര്യമാണെന്ന് സര്‍ക്കാര്‍ പറഞ്ഞു കഴിഞ്ഞു. അതാണ് കുടിശക വരാനും വരുത്താനും കാരണം. അവകാശമായിരുന്നെങ്കില്‍ ക്ഷേമപെന്‍ഷനു വേണ്ടി സമരങ്ങള്‍ നടന്നേനെ.
പക്ഷെ, അങ്ങനെയൊരു പ്രതിഷേധത്തിന്റെ ലാഞ്ചനപോലും ഉണ്ടാകുന്നില്ല. പ്രതിപക്ഷത്തിന് അതൊരു വിഷയമേ അല്ല. എന്നാല്‍, വിലക്കയറ്റത്തിന്റെ കാലത്ത്, പാവപ്പെട്ടവര്‍ക്ക് മാസം കിട്ടുന്ന 1600 രൂപ എന്നത് വലിയ ആശ്വാസമാണ്. കാരണം, ഭിക്ഷ യാചിക്കേണ്ട അവസ്ഥയില്‍ സര്‍ക്കാര്‍ കൈയ്യില്‍ വെച്ചു തരുന്ന പണം എത്ര വലുതാണെന്ന് പറഞ്ഞറിയിക്കാനാവില്ല. എന്നാല്‍, ക്ഷേമ പെന്‍ഷന്‍ കുടിശിക ഇപ്പോള്‍ കൂടിക്കൂടി വരികയാണ്.
കണ്ണില്‍ച്ചോരയില്ലാത്ത സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ കുടിശിക ഇടുമ്പോള്‍ ധൂര്‍ത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്ന് സംശയിച്ചു പോകുന്നുണ്ട്. കാാരണം, കിഫ്ബി CEO യും മുന്‍ ചീഫ് സെക്രട്ടറിയുമായിരുന്ന KM എബ്രഹാമിന് ശമ്പള ഇനത്തില്‍ ഇതുവരെ നല്‍കിയിട്ടുള്ളത് രണ്ടേമുക്കാല്‍ കോടി രൂപയാണ്. 2018 മുതലുള്ള കണക്കാണിത്. അഞ്ചു തവണ ഇദ്ദേഹത്തിന്റെ ശമ്പളം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഇദ്ദേഹത്തിന്റെ ശമ്പളം 3,57,750 രൂപയാണ്. ഇജ്ജേഹത്തിന് ചീഫ്‌സെക്രട്ടറിയുടെ പെന്‍ഷനും, അതിനു പുറമേയാണ് ഈ ഭാരിച്ച ശമ്പളവും.
ഇത് ചെറിയ ഉദാഹരണമാണ്. അതായത്, ഇടതുപക്ഷ സര്‍ക്കാരിനും പാര്‍ട്ടിക്കും ഖജനാവിലെ പണം തോന്നിയപോലെ ചെലവഴിക്കാന്‍ അധികാരമുണ്ട്. നികുതി അടയ്ക്കുന്നവര്‍ക്ക് അത് ചോദ്യം ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലായിക്കഴിഞ്ഞു. മുഖ്യമന്ത്രിക്കും ഇദ്ദേഹം പ്രിയങ്കരനാണെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ മുഖം മിനുക്കല്‍ പരിപാടിക്കും, മുഖ്യമന്ത്രിയുടെ സോഷ്യ മീഡിയ ടീമിനും നല്‍കിയത് കോടികളാണ്. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിന്റെ മതില്‍ ഉയരം കൂട്ടിയതിന് ലക്ഷങ്ങള്‍ ചെലവിട്ടു.
ഇതെല്ലാം അത്യാവശ്യമായ കാര്യങ്ങളാണോ. അതോ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് തുക കണ്ടെത്തണോ. ഇതാണ് ചോദ്യം. ധൂര്‍ത്തു കൊണ്ട് മേനി നടക്കാനേ കഴിയൂ. സാധാരണക്കാര്‍ കഷ്ടപ്പെടുന്നതു കാണാത്ത ഭരണാധികാരികള്‍ അല്‍പ്പ സമയത്തേക്ക് വലിയ ആളായി ചിത്രീകരിക്കപ്പെടും. എന്നാല്‍, അതിവേഗം നാശത്തിലേക്ക് കൂപ്പു കുത്തും. 2024 ഒക്ടോബറിലെ ക്ഷേമ പെന്‍ഷന്‍ നല്‍കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെയാണ് കുടിശിക എത്ര മാസം എന്ന ചോദ്യത്തിന് പ്രസക്തി വദ്ധിച്ചത്.
കുടിശിക ഉള്ളപ്പോള്‍ ഈ മാസത്തെ പെന്‍ഷന്‍ നല്‍കുമെന്ന ബാലഗോപാലിന്റെ പ്രഖ്യാപനം ആണ് സംശയമുണ്ടാക്കിയത്. കുടിശിക 5 ഗഡുക്കളായി ഉയര്‍ന്നതോടെ ധനവകുപ്പ് പഴയ രീതിയിലുള്ള ഉത്തരവ് മാറ്റി പിടിക്കുകയായിരുന്നു. അനുവദിക്കുന്നത് 2024 സാമ്പത്തിക വര്‍ഷത്തെ ഓരോ മാസത്തെയും എന്നാക്കി മാറ്റി. മുന്‍പ് കുടിശിക ഉള്ള മാസത്തിന്റെ പേര് പറഞ്ഞായിരുന്നു ഉത്തരവ് ഇറങ്ങിയിരുന്നത്. പെന്‍ഷന്‍ വാങ്ങുന്നവരെ ആശയ കുഴപ്പത്തിലാക്കാനുള്ള ബാലഗോപാലിന്റെ ധനകാര്യ ഗിമ്മിക്കാണിത്.
2024 ജൂലൈ 10ന് മുഖ്യമന്ത്രി ക്ഷേമ പെന്‍ഷന്‍ കുടിശിക സംബന്ധിച്ച് നിയമസഭയില്‍ നടത്തിയ പ്രസ്താവന ഇങ്ങനെയാണ്. ”നിലവില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷനുകളുടെ അഞ്ച് ഗഡുക്കള്‍ കുടിശിക ആണ്. പെന്‍ഷന്‍ കുടിശിക 2024 – 25 ല്‍ രണ്ട് ഗഡുക്കളും 2025 – 26 ല്‍ 3 ഗഡുക്കളും വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നു” . ഇതില്‍ ഒരു ഗഡു കുടിശിക 2024 സെപ്റ്റംബര്‍ മാസത്തെ പെന്‍ഷനോടൊപ്പം നല്‍കി.
ക്ഷേമ പെന്‍ഷന്‍ കുടിശിക നാല് എന്ന് വ്യക്തം. 1600 രൂപയാണ് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍. നാല് മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക ഇനത്തില്‍ 6400 രൂപ വീതം ഓരോ ക്ഷേമപെന്‍ഷന്‍കാരനും സര്‍ക്കാര്‍ നല്‍കാനുണ്ട്. എന്നിട്ടും, എല്ലാം വളരെ കൃത്യമായി നടക്കുന്നു എന്ന രീതിയിിലാണ് സര്‍ക്കാരും മന്ത്രിമാരും നടക്കുന്നത്. താഴേത്തട്ടിലെ പാവപ്പെട്ടവന് ക്ഷേമ പെന്‍ഷന്‍ കുടിശിക ഇട്ടിട്ട് എന്തു വികസന പ്രവര്‍ത്തനത്തെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടും കാര്യമില്ല. അത് മനസ്സിലാക്കേണ്ടവരാണ് ഇടതുപക്ഷം. എന്നാല്‍, അവരാണ് പാവപ്പെട്ടവരെ ദ്രോഹിക്കുന്ന തരത്തിലുള്ള നടപടി എടുക്കുന്നതെന്ന്
മനസ്സിലാക്കുമ്പോള്‍ എന്തു ചെയ്യാനാകും.
CONTENT HIGHLIGHTS;Welfare Pension Arrears: The Face of the Left’s Incompetence; Those who do not appreciate the suffering of the poor