Explainers

‘പ്രസ്റ്റീജ് പ്രഷര്‍ കുക്കര്‍ പരസ്യം’ പോലെ പ്രിയങ്കയെ പുകഴ്ത്തി രാഹുല്‍ഗാന്ധി: ‘പ്രിയങ്കാഗാന്ധിയേക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥിയെ കുറിച്ച് വയനാട്ടില്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല’ (സ്‌പെഷ്യല്‍ സ്റ്റോറി)

അമ്മ കഴിഞ്ഞാല്‍ റായ്ബറേലി മണ്ഡലത്തില്‍ മകനും, സഹോദരന്‍ മാറിയാല്‍ മണ്ഡലം സഹോദരിക്കും

‘സ്വന്തം ഭാര്യയെ സ്‌നേഹിക്കണമെങ്കില്‍ വേണ്ടത് പ്രസ്റ്റീജ് തന്നെ’ എന്ന ഡയലോഗാണ് രാഹുല്‍ഗാന്ധിയുടെ എക്‌സ്‌പോസ്റ്റ് കണ്ടപ്പോള്‍ ഓര്‍മ്മ വരുന്നത്. പ്രസ്റ്റീജ് പ്രഷര്‍ കുക്കറിനെ വിപണിയില്‍ പ്രിയങ്കരമാക്കിയ ഡയലോഗായിരുന്നു അത്. സമാനമായ ഡയലോഗ് ഇന്ത്യന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയില്‍ നിന്നും കേട്ടിരിക്കുന്നു. അതും താന്‍ ഉപേക്ഷിച്ചു പോയ വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്.

ആ ഡയലോഗ് ഇങ്ങനെയാണ് ‘പ്രിയങ്കാഗാന്ധിയേക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥിയെ കുറിച്ച് വയനാട്ടില്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല’ എന്നാണ് രത്‌നച്ചുരുക്കം. അമ്മ കഴിഞ്ഞാല്‍ റായ്ബറേലി മണ്ഡലത്തില്‍ മകനും, സഹോദരന്‍ മാറിയാല്‍ മണ്ഡലം സഹോദരിക്കും നല്‍കുന്ന പാരമ്പര്യമാണ് ഗാന്ധി കുടുംബത്തിനുള്ളതെന്ന് ദോഷൈകദൃക്കുകള്‍ പരദൂഷണം പറയുന്നുണ്ട്. പക്ഷെ, കേരളത്തില്‍ നിന്നൊരു കോണ്‍ഗ്രസ്സുകാരന്‍ (അത് ഘടകകക്ഷിയായ ലീഗില്‍ നിന്നായാലും) ഗാന്ധി കുടുംബത്തിന്റെ സ്ഥാനാര്‍ത്ഥിക്കൊപ്പം വരില്ലെന്ന് മാലോകര്‍ക്കെല്ലാം അറിയാം.

ഗാന്ധിസം ഒരു ബ്രാന്റാണ്. കോണ്‍ഗ്രസിന്റെയും അധികാര രാഷ്ട്രീയത്തിന്റെയും ബ്രാന്റ് അംബാസിഡര്‍. അതുകൊണ്ടാണ് രാഹുല്‍ഗാന്ധി തന്റെ സഹോദരിയുടെ വയനാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് എക്‌സില്‍ കുറിച്ച വരികളെ പ്രസ്റ്റീജ് പ്രഷര്‍ കുക്കര്‍ പരസ്യവാചകവുമായി താരതമ്യം ചെയ്തത്. ബ്രാന്റുകള്‍ക്കും ബ്രാന്റ് അംബാസിഡര്‍മാര്‍ക്കും ചേരുന്നതു തന്നെയാകും ഈ വാക്യങ്ങള്‍. കന്നി തിരഞ്ഞെടുപ്പ് മത്സരത്തിന് പ്രിയങ്കാ ഗാന്ധി നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍ക്കുന്നതിന് മുന്നോടിയായിട്ടാണ് രാഹുലിന്റെ വൈകാരികമായ പോസ്റ്റ്.

സുരക്ഷിതവും വിജയം ഉറപ്പുമായ ഒരു സീറ്റൊരുക്കി വെച്ചിട്ടാണ് സഹോദരന്റെ മണ്ഡലം മാറ്റം നടന്നത്. റായ്ബറേലിയിലും വയനാടും വന്‍ ഭൂരിപക്ഷം കിട്ടിയിട്ടും രാഹുല്‍ റായബറേലി തെരഞ്ഞെടുത്തത്, തന്റെ അമ്മ മത്സരിച്ചു വിജയിക്കുന്നസീറ്റെന്ന വൈകാരികത കൊണ്ട് മാത്രമാണ് എന്ന് തെറ്റിദ്ധരിക്കരുത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി മത്സരിച്ചത്, അമേഠിയിലും വയനാടുമാണ്. രാഹുലിനെ പൂര്‍ണ്ണമായി തള്ളിക്കൊണ്ട് BJPയിലെ സ്മൃതി ഇറാനിയെ ഉയര്‍ത്തിയതോടെ അമേഠിയിലെ വിശ്വാസം കോണ്‍ഗ്രസിന് നഷ്ടമായി.

അതുകൊണ്ട് ഇത്തവണ സോണിയാഗാന്ധി റായ്ബറേലി മകനുവേണ്ടി നല്‍കി. അമേഠി കൈവിട്ടപ്പോള്‍ തന്നെ താങ്ങി നിര്‍ത്തി വയനാടിനെ രാഹുല്‍ ഉപേക്ഷിക്കുകയും ചെയ്തില്ല. എന്നാല്‍, കണക്കു കൂട്ടലുകള്‍ തെറ്റിച്ച് അണേഠി വാസികള്‍ ഇത്തവണത്തെ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു നിന്നു. പക്ഷെ, രാഹുലിനു പകരം ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്‍ കിഷോര്‍ലാല്‍ ആയിരുന്നു വിജയി. എന്നാല്‍, അമേഠിയില്‍ പ്രയങ്കഗാന്ധിയെ മത്സരത്തിനിറക്കാന്‍ സോണയയോ, രാഹുലോ തയ്യാറാകാതിരുന്നതിനു കാരണം പരാജയ ഭീതി ഒന്നു മാത്രമാണ്.

പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവിനെ മത്സരിപ്പിക്കാനുള്ള നീക്കമുണ്ടെന്ന സൂചനയുണ്ടായെങ്കിലും അത് രാഹുല്‍ഗാന്ധിതന്നെ വെട്ടി. തന്റെ സഹോദരിയെ മത്സരിപ്പിച്ചു വിജയിപ്പിച്ചെന്ന ഖ്യാതിയില്‍ ഈസി വാക്കോവര്‍ കിട്ടുന്ന സുരക്ഷിത മണ്ഡലത്തില്‍ നിന്നുതന്നെ വിജയിപ്പിക്കണമെന്ന വാശിയുണ്ടായിരുന്നു രാഹുലിന്. അതാണ് വയനാടിലൂടെ കിട്ടയതും. രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുമ്പോള്‍ രാഹുലിന്റെ ഉള്ളില്‍ സഹോദരിയുടെ സുരക്ഷിത സീറ്റിനുള്ള ഒരുക്കവും നടത്തിയിട്ടുണ്ട്.

‘സ്വന്തം സഹോദരിയെ സ്‌നേഹിക്കുന്നെങ്കില്‍ വേണ്ടത് സുരക്ഷിതമായ മണ്ഡലം തന്നെ’ എന്നാണ് പുതിയ വാചകമായയി പ്രചരിക്കേണ്ടത്. അതാണ് പ്രിയങ്കയുടെ വയനാട്. ഇവിടെ കോണ്‍ഗ്രസ്സ് തന്നെ വിജയിക്കുമെന്നതില്‍ തര്‍ക്കം വേണ്ട. കാരണം, സി.പി.ഐയിലെ സത്യന്‍ മൊകേരിയുടെ സ്ഥാനാര്‍ത്ഥിത്വം മോശമായതു കൊണ്ടോ, BJP സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ കൊള്ളാത്തതു കൊണ്ടോ അല്ല.

കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വത്തിന്റെ പിന്തുണയും, പ്രവര്‍ത്തനവും പിന്നെ, ഹാരുല്‍ഗാന്ധിയുടെ സഹോദരിയെന്ന പേരും, ഗാന്ധി കുടുംബത്തിന്റെ ഗരിമയും, വയനാട്ടുകാരുടെ ദേശീയ ശ്രദ്ധയും ഇതില്‍പ്പെടും. രാഹുല്‍ഗാന്ധി ഒരുക്കിവെച്ചിട്ടുള്ള ഗ്രൗണ്ടും, ഭൂരിപക്ഷവും പ്രിയങ്കയ്ക്ക് പിന്തുണയുണ്ടാകും. പത്ത് വോട്ടിനെങ്കിലും സഹോദരി സുരക്ഷിതമായി വിജയിക്കുന്ന രാജ്യത്തെ ഏക മണ്ഡലം വയനാടാണെന്ന് രാഹുലിന് ഉറപ്പുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ പ്രചാരണത്തിന് എത്തിയിട്ടുള്ളതല്ലാതെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒരു ചലനവും സൃഷ്ടിക്കാത്ത ഒരു വൃക്തിയാണ് പ്രിയങ്കഗാന്ധി. അതേസമയം, തന്റെ ഭര്‍ത്താവ് ആവശ്യത്തിനേറെ വിവാദങ്ങള്‍ സൃഷ്ടിച്ച് കോണ്‍ഗ്രസിനെ വരെ ഇടുട്ടില്‍ നിര്‍ത്തിയിട്ടുമുണ്ട്. ഇതെല്ലാം പ്രിയങ്കാഗാന്ധിച്ച് തിരിച്ചടി ലഭിക്കുന്ന ഘടകങ്ങളാണ്. ഒരു പക്ഷെ, രാഹുല്‍ഗാന്ധി റായ്ബറേലി വിട്ട് വയനാട് എടുത്തിരുന്നുവെങ്കില്‍ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം ഉണ്ടാകില്ലായിരുന്നുവെന്ന് ഉറപ്പിച്ചു പറയാനാകും.

കാരണം, വടക്കേയിന്ത്യന്‍ മണ്ഡലങ്ങളിലെ പ്രിയങ്കയുടെ വിജയപ്രതീക്ഷ പൂജ്യം ഡിഗ്രിയിലാണ് എന്നറിയാവുന്നതു കൊണ്ടാണിത്. പക്ഷെ, വയനാട്ടില്‍ ഇത് 100 ഡിഗ്രിയിലായിരിക്കുമെന്ന വിശ്വാസവുമുണ്ട്. അത് മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് രാഹുല്‍ഗാന്ധി എക്‌സില്‍ കുറിച്ച പോസ്റ്റില്‍ ആത്മവിശ്വാസം പങ്കുവെച്ചതു. അദ്ദേഹം എഴുതിയത് ഇങ്ങനെ തുടരുന്നു ‘ വയനാട്ടുകാര്‍ക്ക് തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമാണുള്ളത്.

 

അവര്‍ക്ക് തന്റെ സഹോദരി പ്രിയങ്കയെക്കാള്‍ മികച്ചൊരു സ്ഥാനാര്‍ത്ഥിയെ കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലുംകഴിയുന്നില്ല. വയനാട്ടുകാരുടെ എല്ലാ ആവശ്യങ്ങള്‍ക്ക് വേണ്ടിയും പ്രിയങ്ക ശക്തമായി പോരാടുമെന്ന ആത്മവിശ്വാസമുണ്ട്. പാര്‍ലമെന്റിലെ വയനാടിന്റെ ശക്തമായ ശബ്ദമായി തന്നെ പ്രിയങ്ക മാറും’ രാഹുല്‍ കുറിച്ചു. ഒപ്പം

പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തില്‍ എല്ലാവരേയും ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തിയിട്ടുണ്ട്. സംസ്ഥാന നേതാക്കളെ അടക്കം പങ്കെടുപ്പിച്ച് വമ്പന്‍ റോഡ്ഷോയോടെ പത്രിക സമര്‍പ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

 

content highlights;Rahul Gandhi praises Priyanka like ‘prestige pressure cooker ad’: ‘Can’t imagine a better candidate in Wayanad than Priyanka Gandhi’ (Special Story)

Latest News