‘മായമില്ല, മന്ത്രമില്ല ആര്‍ക്കും വെയ്ക്കാം എപ്പഴും വെയ്ക്കാം കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി’ നാട്ടിന്‍പുറങ്ങളിലെ അമ്പലപ്പറമ്പുകളില്‍ പണ്ടൊക്കെ നിത്യവും കാണുന്ന ‘കലുക്കിക്കുത്ത്’ കളിയിലെ പ്രാധാന വാചകമാണിത്. ഇത് കേട്ടാണ് ചില്ലറ തടയുമെന്ന സ്വപ്‌നവുമായി ആള്‍ക്കാര്‍ കുലിക്കുത്ത് നടത്തുന്ന ഇടത്തേക്ക് പോകുന്നത്. പണ്ടത്തെ കുലിക്കുത്തിന്റെ പുതിയൊരു വകഭേദമാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരും, എല്‍.ഡി.എഫും സംയുക്തമായി സര്‍ക്കാര്‍ ജീവനക്കാരോട് കാട്ടിക്കൊണ്ടിരിക്കുന്നത്.
പണത്തിന് അത്യാവശ്യമുള്ളവന്റെ മുമ്പില്‍ അവന് അര്‍ഹമായി കിട്ടേണ്ട പണം പിടിച്ചു വെച്ചിട്ട് ഇപ്പോതരാം നാളെതരാം എന്നു പറഞ്ഞ് പറ്റിക്കുന്ന അത്യാധുനിക കുലുക്കികുത്ത് കളിയിലാണ് സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കിട്ടുമെന്ന് പ്രതീക്ഷ നല്‍കുക, എന്നാല്‍, കൊടുക്കാതിരിക്കുക ഇതാണ് സര്‍ക്കാരിന്റെ നിലപാട്. അഥവാ കൊടുക്കുന്നെങ്കില്‍ കുറേശ്ശെ കുറേശ്ശെ കൊടുക്കുക. സര്‍ക്കാര്‍ ജീവനക്കാരെയാകെ അടിമകള്‍ ആക്കിയുള്ള കളിയാണ് സര്‍ക്കാര്‍ നടത്തുന്നത്.
ഇപ്പോള്‍ ധനമന്ത്രിയുടെ ഔദാര്യം പോലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ കുടിശികയുടെ ഒരു ഗഡു അനുവദിച്ചതാണ് വലിയ വാര്‍ത്ത. ഇത് പാലക്കാടും, ചേലക്കരയിലും വയനാടും നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പ് സ്‌നേഹപ്രകടനമാണെന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്. സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ ക്ഷേമ പെന്‍ഷന്‍ പോലും നല്‍കാന്‍ കഴിയുന്നില്ലെന്ന് മുതലക്കണ്ണീര്‍ ഒഴുക്കുന്ന സര്‍ക്കാരാണ് ഡി.എ കുടിശികയുടെ ഒരു ഗദഡു വിതരണം. ചെയ്തത്.
മാത്രമല്ല, ഇന്നലെ ഇടതുപക്ഷ സെക്രട്ടേറിയറ്റ് എംപ്ലോയീസ് യൂണിയന്റെ വാര്‍ഷിക സമ്മേളനം നടന്നിരുന്നു. അതില്‍ പങ്കെടുക്കുന്നവര്‍ പൊതു ചര്‍ച്ചയില്‍ ഉര്‍ത്താന്‍ സാധ്യതയുള്ള പ്രധാന വിഷയവും ഡി.എ കുടിശികയിട്ട സര്‍ക്കാര്‍ നടപടിയായിരുന്നു. പൊതു ചര്‍ച്ചയുടെ മുനയൊടിക്കുക എന്ന ലക്ഷ്യവും ഇന്നലെ പ്രഖ്യാപിച്ച ഒരു ഗഡു ഡി.എക്കുണ്ടായിരുന്നു. ഇങ്ങനെ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വായടപ്പിക്കാനും, ഉപതെരഞ്ഞെടുപ്പിന് സ്വന്തം സ്ഥാനാര്‍ത്ഥികളെ വോട്ടര്‍മാര്‍ തെറി പറയാതിരിക്കാനുമാണ് ഡി.എ ഒരു ഗഡു സ്‌നേഹം വന്നത്.
കുലുക്കികുത്ത് നടത്തുമ്പോള്‍ ‘കാലിയടിച്ചാല്‍ കമ്പനിക്ക്’ എന്നൊരു വാചകം കൂടി കുലുക്കുന്നവര്‍ വിളിച്ചു പറയും. അത് സര്‍ക്കാര്‍ ഭാഷയില്‍ പറയുമ്പോള്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ ഡി.എ പിടിച്ചു വെക്കുകയും, അത്, അവസര പൂര്‍വ്വം കുറേശ്ശെ നല്‍കുകയും ചെയ്യുമ്പോള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും അതുകൊണ്ട് എന്തെങ്കിലും ഗുണം വേണ്ടേ. എല്ലാ കുടിശികയും ഒരുമിച്ചു തീര്‍ത്താല്‍ സര്‍ക്കാരിന് പിന്നെ ജീവനക്കാരെ സ്‌നേഹിക്കാന്‍ വേറെ മാര്‍ഗമില്ലാതാകും. മാത്രമല്ല, സര്‍ക്കാരിനോട് ജീവനക്കാര്‍ക്കും സ്‌നേഹം ഉണ്ടാകില്ല.
എന്നാല്‍, തെരഞ്ഞെടുപ്പ് കാലങ്ങളില്‍ കുടിശിക കൊടുത്താല്‍ വോട്ടും കിട്ടും, സര്‍ക്കാരിനുള്ള ചീത്ത പേരും മാറും, ജീവനക്കാര്‍ക്ക് സ്‌നേഹവും കൂടും. ഇതൊക്കെ ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ പോന്ന മണ്ടന്‍മാരല്ലല്ലോ ഇടതുപക്ഷം. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി പടപൊരുതിയാണ് അധികാര രാഷ്ട്രീയത്തിലേക്ക് എത്തിയത്. അതുവരെ ഒളിവിലും, തെളിവിലുമൊക്കെ സമരം ചെയ്യുകയായിരുന്നില്ലേ. അധികാരം കിട്ടിയപ്പോഴാണ് തൊഴിലാളികളോട് മുതലാളിമാര്‍ പെരുമാറിയിരുന്നത് എങ്ങനെയാണെന്നും എന്തുകൊണ്ടാണ് കൂലി കുറച്ചു കൊടുത്തിരുന്നതെന്നും മനസ്സിലാക്കിയത്.
മുതളാളിമാരോട് തൊഴിലാളികള്‍ക്ക് വിധേയത്വം ഉണ്ടാകണമെങ്കില്‍ അവരുടെ കൂടി കൊടുക്കുന്നതില്‍ പിശുക്ക് കാണിച്ചേ മതിയാകൂ. ഇതാണ് മുതലാളി ലൈന്‍. തൊഴിലാളി ചെയ്യുന്ന ജോലിക്കുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും പിടിച്ചു വെയ്ക്കണം. അതു തന്നെയാണ് ഇടതുപക്ഷ സര്‍ക്കാരും ചെയ്യുന്നത്. ജീവനക്കാരെന്ന തൊഴിലാളികളുടെ അര്‍ഹിക്കുന്ന ആനുകൂല്യങ്ങള്‍ കൊടുക്കാതിരുന്നാലേ വിധേയത്വം ഉണ്ടാകൂവെന്ന് സര്‍ക്കാരിന് അറിയാവുന്നതു കൊണ്ടാണ്.
തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോള്‍ ആനുകൂല്യത്തിന്റെ സിംഹ ഭാഗവും കൊടുക്കുന്നതോടെ വിധേയത്വം സ്‌നേഹത്തോടെയുള്ളതായി മാറ്റിയെടുക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ പഠിച്ചു കഴിഞ്ഞു. അഥാണ് ഇപ്പോള്‍ നടക്കുന്നതും. അങ്ങനെ കണക്കു കൂട്ടിയാണ് ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചത്. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചു.
യുജിസി, എഐസിടിഇ, മെഡിക്കല്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ മേഖലയിലും ഡിഎ, ഡിആര്‍ വര്‍ധനവിന്റെ ആനുകൂല്യം ലഭിക്കും. ഇതുവഴി സര്‍ക്കാരിന്റെ വാര്‍ഷിക ചെലവില്‍ ഏകദേശം 2000 കോടി രൂപയുടെ വര്‍ധനവുമുണ്ടാകും. അനുവദിച്ച ഡിഎ, ഡിആര്‍ അടുത്ത മാസത്തെ ശമ്പളത്തിനും പെന്‍ഷനുമൊപ്പം കിട്ടിതുടങ്ങും. അടുത്ത മാസമാണ് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്നതെന്നും പ്രത്യേകം മനസ്സിലാക്കണം.
ഒരു ഗഡു ഡിഎയും വാങ്ങി സന്തോഷത്തോടെ ഇതുപക്ഷത്തിന് വേട്ടു ചെയ്തു വരൂ എന്നാണ് ഇഠതുപക്ഷ കുലിക്കുത്ത് വീരന്‍മാര്‍ ജീവനക്കാരോട് പറയാതെ പറയുന്നത്. ഒരു ഗഡു ഡിഎ, ഡിആര്‍ ഈവര്‍ഷം ഏപ്രിലില്‍ അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷം മുതല്‍ പ്രതിവര്‍ഷം രണ്ടു ഗഡു ഡിഎ, ഡിആര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കും അനുവദിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ശമ്പള പരിഷ്‌കരണം കേരളത്തില്‍ നടപ്പാക്കി. ഡിഎ ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പണമായും നല്‍കിയിരുന്നുവെന്നുമാണ് ധനമന്ത്രിയുടെ ഓഫിസ് പറയുന്നത്. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികൂല സമീപനങ്ങള്‍ കാരണം കേരളം നേരിട്ട അസാധാരണ പണഞെരുക്കം ജീവനക്കാരുടെ ചില ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് കാലതാമസത്തിന് കാരണമായി.
ജീവനക്കാരുടെയേും പെന്‍ഷന്‍കാരുടെയു ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കുമ്പോള്‍ ബാക്കി കുടിശിക എന്ന് കൊടുക്കാനാകും എന്നു പറയാന്‍ ധനമന്ത്രി മടിക്കുന്നത് ബോധപൂര്‍വ്വമാണ്. പണഞെരുക്കം കൊണ്ട് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞു വെയ്ക്കുകയും ക്ഷേമ പെന്‍ഷന്‍ കൊടുക്കാതിരിക്കുകയും ചെയ്യുമ്പോള്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കു വേണ്ടി അത്യാവശ്യമല്ലാത്ത ധന വിനിയോഗം നിര്‍ബാധം നടക്കുന്നുണ്ട് എന്നു പറയാതെ വയ്യ.
എല്ലാം കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ കെട്ടി വെയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ ഭാഗം ശറിയാണോ എന്ന് പരിശോധിക്കേണ്ടതായുണ്ട്. 2021 ജൂലൈ 1 മുതല്‍ ലഭിക്കേണ്ട ക്ഷാമബത്തയാണ് ഇപ്പോള്‍ അനുവദിച്ചത്. 3 ശതമാനം ആണ് 2021 ജൂലൈ 1 മുതല്‍ ലഭിക്കേണ്ടത്. നിലവില്‍ 9 ശതമാനം ആണ് കേരളത്തില്‍ ക്ഷാമബത്ത കിട്ടുന്നത്. 3 ശതമാനം ക്ഷാമബത്ത കൂടി പ്രഖ്യാപിച്ചതോടെ ക്ഷാമബത്ത 12 ശതമാനമായി ഉയരും.
31 ശതമാനം ക്ഷാമബത്തയാണ് നിലവില്‍ കിട്ടേണ്ടത്. ബാലഗോപാലിന്റെ പ്രഖ്യാപനത്തോടെ കുടിശിക 19 ശതമാനം ആയി കുറഞ്ഞു. 7 ഗഡു ഡിഎ കുടിശിക എന്നത് 6 ഗഡുക്കളായി കുറഞ്ഞു. സര്‍വീസ പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമ ആശ്വാസവും 3 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ ഇനി 19 ശതമാനം ക്ഷാമ ആശ്വാസ കുടിശികയാണ് ലഭിക്കേണ്ടത്.
എന്തൊക്കെ ആനുകൂല്യങ്ങളുടെ പേരില്‍ എത്ര കൊടുക്കാനുണ്ടെങ്കിലും അതൊക്കെ ഒരുനാള്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും കൊടുത്തു തീര്‍ക്കും. അത് അടുത്ത നിയമസഭാ പൊതു തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായിരിക്കും. അതിനായി എവിടുന്നെങ്കിലും കടം മറിച്ചായാലും കൊടുത്തിരിക്കും. KSRTC ക്കാരുടെ കരച്ചിലും അന്നു കേള്‍ക്കും. ഭരണം നഷ്ടപ്പെട്ടാല്‍ ബാധ്യതകളെല്ലാം അടടുത്തു വരുന്ന സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്ക്കാമെന്ന സ്ഥിരം സര്‍ക്കാര്‍ ശൈലി തന്നെയാകും നാണംകെട്ട് ഇടതുപക്ഷവും ചെയ്യുക. ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമോ എന്ന സംശയം പാര്‍ട്ടിക്കുള്ളിലെ അണികള്‍ക്ക് വലിയ സംശയമുണ്ട്. അതുകൊണ്ട് ഇപ്പോള്‍ നടത്തുന്ന കുലുക്കികുത്ത് കളി അടുത്ത വര്‍ഷവും തുടരുമെന്നുറപ്പായിട്ടുണ്ട്.
content highlights;A batch of by-election love: pending just before the next election; Govt and LDF in “shake and poke” game with employees over DA dues