കണ്ണില്‍ കാണുന്നതെന്തോ അതാണ് വിശ്വസിക്കേണ്ടതെന്നാണ് കമ്യൂണിസ്റ്റുകാര്‍ പഠിപ്പിക്കുന്ന പ്രധാന പാഠം. അതായത്, കാണാത്ത ദൈവത്തെ വിശ്വസിക്കാതെ കണ്ണിനു മുമ്പിലുള്ള സത്യത്തെ വിശ്വസിക്കൂ എന്നര്‍ത്ഥം. പക്ഷെ, കാലം മാറി, പാഠങ്ങളും നേതാക്കളും പാടെ മാറിയതോടെ കാണാത്തതും വിശ്വസിക്കണമെന്ന് പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു. നേതാക്കള്‍ പറയുന്നതെന്തോ അത് കള്ളമാണെങ്കിലും വിശ്വസിച്ചോണം. അതാണ് ശരി എന്ന് വാദിക്കുകയും വേണം. തിരുവനന്തപുരം മേയര്‍, ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയും, പിന്നെ കുറച്ചു പേരും ചേര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 28ന് പാളയം സാഫല്യം കോംപ്ലക്‌സിനു മുമ്പില്‍ ഒരു KSRTC ബസ് റോഡിനു നടുവില്‍ തടഞ്ഞിട്ടു.
ബസിലെ ഡ്രൈവറുമായി വാക്കേറ്റം നടത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും വാര്‍ത്താ ചാനലുകളിലൂടെയുമൊക്കെ കണ്ടതാണ്. പാതിരാത്രിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിനെ കാറില്‍ ചേസ് ചെയ്ത് ബസിനു കുറികെ ഇട്ട് ഷോ കാണിക്കാന്‍ മേയര്‍ക്കും കുടുംബത്തിനും തലയില്‍ ആള്‍ താമസമില്ലാത്തതു കൊണ്ടല്ല. അങ്ങനെയൊരു സിറ്റുവേഷന്‍ ഉണ്ടാകാന്‍ എന്തോ സംഭവം നടന്നിട്ടുണ്ട് എന്നു തന്നെ വിശ്വസിക്കണം. പക്ഷെ, ആ സംഭവം എന്താണെന്ന് ആരും കണ്ടിട്ടുമില്ല. കേട്ടതുമില്ല.
കാറില്‍ ഇരുന്നവര്‍ മാത്രമാണ് അത് കേട്ടതും കണ്ടതും. എന്നാല്‍, ബസിനെ പരസ്യമായി നടുറോഡില്‍ തടഞ്ഞതും മേയറും ഭര്‍ത്താവും ഡ്രൈവറുമായി തര്‍ക്കിക്കുന്നതും ലോകം മുഴുവന്‍ കണ്ടിരിക്കുന്നു. അപ്പോള്‍ കമ്യൂണിസ്റ്റ് പാഠം അനുസരിച്ച് ബസ് തടഞ്ഞിട്ട് മേയറും ഭര്‍ത്താവും കൂട്ടരും കാണിക്കുന്ന നിയമവിരുദ്ധ നടപടികളെ വിശ്വസിച്ചേ പറ്റൂ. അതിന് മേയര്‍ക്കും കുടുംബത്തിനുമുണ്ടായ ചേതോവികാരം എന്താണെന്നു മാത്രമാണ് അറിയേണ്ടിയിരുന്നത്.
ബസ് ഡ്രൈവര്‍ യദു പോലീസില്‍ കേസ് കടുത്തെങ്കിലും അത് കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്നാണ് പോലീസ് കേസാക്കിയത്. എന്നാല്‍, യദുവിന്റെ പേരില്‍ കേസെടുക്കുകയും ചെയ്തു. അശ്ലീല ആംഗ്യം കാട്ടിയെന്നാണ് മേയര്‍ യദുവിനെതിരേ പറഞ്ഞ കുറ്റം. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതാണ് യദുവിനെതിരേയുള്ള കേസ്. മേയര്‍ കൗണ്‍സിലിലും ഇത് അവതരിപ്പിച്ച് കമ്മീര്‍ വാര്‍ത്തു.
കോര്‍പ്പറേഷന്‍ കൗണ്‍സിലും യദുവിനെതിരേ പ്രമേയം പാസാക്കി. KSRTC കടുത്ത ശിക്ഷ നല്‍കണമെന്നായിരുന്നു പ്രമേയം. താത്ക്കാലിക ജീവനക്കാരനായിരുന്ന യദുവിനെ താത്ക്കാലികമായി ജോലിയില്‍ നിന്നു മാറി നില്‍ക്കാന്‍ കോര്‍പ്പറേനും പറഞ്ഞു. അന്നു തൊട്ട് ഇന്നുവരെ യദുവിന് KSRTC ജോലി കൊടുത്തിട്ടില്ല. കേസ് കേസിന്റെ വഴിയേ നടക്കുകയാണ്.
യദു KSRTCയില്‍ ജോലി ചെയ്താല്‍ കുഴപ്പമെന്ത് ?
തെറ്റുകാര്‍ ആരായാലും ശിക്ഷിക്കപ്പെടണം എന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ കടമെടുത്താല്‍, മേയര്‍-ഡ്രൈവര്‍ കേസിലും അങ്ങനെതന്നെയാണ്. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ സിക്ഷിക്കപ്പെടുക തന്നെ വേണം. അതിന് കേസില്‍ വിധി വന്നാലേ തെറ്റു ചെയ്തത് ആരാണെന്ന് അറിയാനാകൂ. അതുവരെ ഇരു കൂട്ടരും തെറ്റുകാരെന്ന് പറയാനാകില്ല. എന്നാല്‍, യദുവിന് ജോലി നഷ്ടപ്പെടുത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് ഇതുവരെ വ്യക്തമല്ല. എന്നാല്‍, മേയര്‍ ഇപ്പോഴും മേയറായി ഇരിക്കുകയും ചെയ്യുന്നുണ്ട്. യദുവിന് ജോലി ചെയ്യാനുള്ള അര്‍ഹത നഷ്ടപ്പെട്ടത് എങ്ങനെയാണെന്നാണ് ഗതാഗതമന്ത്രി ഗണേഷ്‌കുമാര്‍ പറയേണ്ടത്. കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയോ. അതോ, ആരെയെങ്കിലും ഇടിച്ചു തെറിപ്പിച്ച് കൊലപ്പെടുത്തിയോ, അതോ KSRTCയില്‍ നിന്നും എന്തെങ്കിലും മോഷ്ടിച്ചോ.
ഡ്രൈവറെ കുറിച്ച് യാത്രക്കാരില്‍ നിന്നും മോശം അഭിപ്രായം ഉണ്ടായോ. എന്താണ് യദുവിനെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്താനുണ്ടായ കാരണം. മേയര്‍ ആര്യാ രാജേന്ദ്രന്‍ യദുവിന്റെ പേരില്‍ ആരോപിച്ചിരിക്കുന്ന ഒരു കുറ്റത്തിന്റെ പേരില്‍ മാത്രമാണ് ഏഴു മാസമായി യദുവിനെ ജോലിയില്‍ കയറ്റാതിരിക്കുന്നത്. ഇത് നീതിയാണോ. ന്യായമാണോ. കേസ് കോടതിയിലാണ്. കോടതി തെളിവുകളുടെ അടിസ്ഥാനത്തില്‍ വിധി പുറപ്പെടുവിക്കട്ടെ. അതുവരെ യദുവിന് ജോലി ചെയ്തു ജീവിക്കാനുള്ള നീതി നിഷേധിക്കപ്പെടാന്‍ പാടില്ല. KSRTCക്ക് ഒരു വിധത്തിലും ന,്ടമുണ്ടാക്കാത്തിടത്തോളം യദുവിനെ അവിശ്വസിക്കേണ്ടതില്ല.
കൊലയാളി ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ കയറ്റി, യദുവിന് ഭ്രഷ്ട് എന്ത് ?
യദുവിന് ജോലി നല്‍കുന്നതില്‍ ഭ്രഷ്ട് കല്‍പ്പിക്കുന്നവര്‍ പറയേണ്ടത്, ശ്രീ റാാം വെങ്കിട്ടരാമനെന്ന കൊലയാളിയോട് കാണിച്ച നീതിയെ കുറിച്ചാണ്. അര്‍ദ്ധരാത്രി മദ്യപിച്ച് ലക്കുകെട്ട് മറ്റൊരാളുടെ ഭാര്യയുമൊത്ത് കാറില്‍ അമിത വേഗതയില്‍ ഒരു പാവം മനുഷ്യനെ ഇടിച്ചു കൊലപ്പെടുത്തിയിട്ട് കള്ളത്തിനു മേല്‍ കള്ളം നിരത്തി ഒടുവില്‍ സര്‍വ്വീസില്‍ കയറ്റിയ സര്‍ക്കാരാണ് ഇവിടെയുള്ളത്. ബഷീറിന് നീതി വാങ്ങിക്കൊടുക്കുമെന്ന് ഒരിടത്തു പറയുകയും മറ്റൊരിടത്ത് ശ്രീറാം വെങ്കിട്ട രാമന് എല്ലാ പഴുതുകളും ഉപയോഗിച്ച് ജോലിയില്‍ കയറാനും കേസ് ജയിക്കാനുമുള്ള വഴിയൊരുക്കുകയും ചെയ്യുന്നു.
മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ കെ.എം ബഷീറിനെ കൊലപ്പെടുത്തിയിട്ടും ശ്രീറാം വെങ്കിട്ടരാമന്‍ ഇപ്പോഴും സര്‍വീസിലുണ്ട്. കേസ് കോടതിയിലാണ്. കേസില്‍ വിധി വരുന്നതു വരെ ശ്രീറാം വെങ്കിട്ട രാമനും ജീവിക്കണമെന്ന ന്യായമാണ് സര്‍ക്കാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ വെച്ചത്. കണ്ണൂര്‍ എ.ഡി.എമ്മിന്റെ കൊലപാതകത്തിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ഇപ്പോഴും സുരക്ഷിതമാക്കിയിരിക്കുകയാണ് പാര്‍ട്ടിയും സര്‍ക്കാരും. എന്നിട്ട് എ.ഡി.എം നവീന്‍ ബാബുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കുന്നു.
ആ കേസും കോടതിയിലേക്ക് എത്തുന്നതോടെ ഇരയെ വിട്ട് വേട്ടക്കാരനൊപ്പം ചേരുന്ന നടപടി ആയിരിക്കും പിന്നീടുണ്ടാവുക. നോക്കൂ, ഇവിടെയെല്ലാം സര്‍ക്കാര്‍ എടുത്ത സമീപനം മനസ്സിലാക്കാന്‍ കഴിയും. സമാന രീതിയില്‍ തന്നെയാണ് ഗതാഗതമന്ത്രിയും യദുവിന്റെ കാര്യത്തില്‍ എടുത്തിരിക്കുന്നതും. വേട്ടക്കാരനില്‍ നിന്നും ഇരയെ രക്ഷിക്കേണ്ട കടമ ഉണ്ടായിട്ടും, അത് ചെയ്യാതെ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയാണ് ചെയ്യുന്നത്. ഇത് നീതിയല്ലെന്ന് അറിയാമായിരുന്നിട്ടും യദുവിനെ തിരിച്ചെടുക്കാന്‍ മന്ത്രിക്ക് കഴിയുന്നില്ല.
അതേസമയം, കേസില്‍ പുരോഗതിയുണ്ടെന്നും, തെളിവുകള്‍ പോലീസ് എത്തിച്ചെന്നുമാണ് യദുവിന്റെ വക്കീല്‍ പറയുന്നത്. എന്നാല്‍, പോലീസ് കോടതിയില്‍ നല്‍കിയ അന്വേഷണ പുരോഗതിയില്‍ യദു മുന്‍പ് മൂന്നു കേസുകളില്‍ പ്രതിയാണെന്നും, റൂട്ട് തെറ്റാച്ചാണ് ബസ് കൊണ്ടു വന്നതെന്നുമൊക്കെയാണ് പറഞ്ഞിരിക്കുന്നത്. അതായത്, പോലീസിന്റെ അന്വേണത്തില്‍ യദുവാണ് തെറ്റുകാരന്‍ എന്നാണ് പറയുന്നത്. എന്നാല്‍, അന്വേഷത്തിന്റെ ഭാഗമായി അന്ന് മേയയറും കുടുംബവും സഞ്ചരിച്ചിരുന്ന കാറ് കണ്ടെത്തിയെന്നും, നാലാം
പ്രതിയെ തിരിച്ചറിഞ്ഞുവെന്നുമുണ്ട്. കന്യാകുമാരി സ്വദേശിയാണ് നാലാംപ്രതി. കൂടാതെ, യദുവിന്റെ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ്, കണ്ടക്ടറിന്റെ ട്രിപ്പ് ഷീറ്റ് എന്നിവ രേഖകളായി കഴിഞ്ഞ 17ന് കോടതിയില്‍ ഹാജരാക്കേണ്ടി വന്നു.
കോടതിയുടെ ശക്തമായ ഇടപെടല്‍ ഉണ്ടായതു കൊണ്ടാണ് ഇത്. പ്രതികളെ അറസ്റ്റു ചെയ്യുന്നതിനുള്ള തെളിവുകള്‍ കണ്ടെത്തിയിട്ടില്ല എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ അടക്കം അഞ്ചു പ്രതികള്‍ക്കെതിരേ കോടതി നിര്‍ദ്ദേശ പ്രകാരം റജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മജിസ്‌ട്രേട്ട് വിനോദ് ബാബു 30ന് വിധി പറയും.
ബസില്‍ യാത്രക്കാരായിരുന്ന രണ്ടു പേരുടെ മൊഴിയെടുത്തു. കൃത്യം നേരില്‍ കണ്ട മൂന്നു ദൃക്‌സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. കെഎസ്ആര്‍ടിസി ബസിന്റെ ട്രിപ്പ് ഷീറ്റ്, വെഹിക്കിള്‍ ലോഗ് ഷീറ്റ്, യദുവിന്റെ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ്, സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള രേഖകള്‍ ശേഖരിച്ചു. വാഹനം ഓവര്‍ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണു തര്‍ക്കമുണ്ടായത്. കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവര്‍ യദുവിനെതിരെ കേസെടുത്തിരുന്നു. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാറിനു നേര്‍ക്കു ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിലാണ് കേസെടുത്തത്.
content highlights; What is wrong with taking back KSRTC driver Yadu; Sriram Venchikaraman, who killed a media worker with a car, was reinstated; Is it bigger than that, the minister should answer