കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്കു കാരണക്കാരന്‍ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ പി.പി ദിവ്യയാണെന്ന് സി.പി.ഐക്ക് പ്രത്യേകിച്ച് ആരെങ്കിലും പറഞ്ഞു കൊടുക്കണോ. മുന്നണി മര്യാദ എന്നത്, സി.പി.എമ്മിന്റെ എല്ലാ കൊള്ളരുതായ്മകളെയും കണ്ണടച്ച് അനുകൂലിക്കുകയല്ല എന്ന ബോധ്യം ഉണ്ടാകണം. പി.പി. ദിവ്യയ്‌ക്കെതിരേ പാര്‍ട്ടി നടപടി എടുക്കേണ്ടത് സി.പി.എമ്മിന്റെ തീരുമാനമാണെന്ന വാദം ഉന്നയിക്കുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന്റെ പേരില്‍ സി.പി.ഐക്ക് എല്‍.ഡി.എഫില്‍ തീരുമാനം എടുപ്പിക്കാനാകില്ലേ.
മുന്നണി ബന്ധത്തെക്കാള്‍ ഒരു ജീവന് വിലകല്‍പ്പിക്കണമെന്നാണ് ഇക്കാര്യത്തില്‍ സമൂഹത്തിന് പറയാനുള്ളത്. തൃശൂര്‍പൂരം കലക്കിയതും, ADGP-RSS കൂടിക്കാഴ്ചയുമൊക്കെ വലിയ വിഷയമായി എല്‍.ഡി.എഫില്‍ ചര്‍ച്ചയ്ക്കു വെച്ച പാര്‍ട്ടിയല്ലേ സി.പി.ഐ. മുഖപത്രമായ ജനയുഗത്തില്‍ പോലീസിനെതിരേ എഡിറ്റോറിയലും, ലേഖനങ്ങളും വരെ പ്രസിദ്ധീകരിച്ചു. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. സി.പി.എമ്മിന്റെ രാഷ്ട്രീയ സത്യസന്ധതയെ വരെ ചോദ്യം ചെയ്തു. സമാന രീതിയില്‍ ഉണ്ടായ വിഷയങ്ങലിലെല്ലാം സി.പി.ഐ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍, ADMന്റെ കാര്യത്തില്‍ എന്തുകൊണ്ടാണ് പി.പി. ദിവ്യയെ അറസ്റ്റു ചെയ്യാത്ത പോലീസിനെതിരേ ഒരു വാക്കുപോലും പറയാത്തത്. ഈ വിഷത്തില്‍ സി.പി.എമ്മിനെ വല്ലാതെ ഭയക്കുന്നുണ്ടോ സി.പി.ഐ. അത്മഹത്യ ഉണ്ടായി എട്ടു ദിവസം കഴിഞ്ഞാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. അദ്ദേഹത്തിന്റെ ജില്ലയില്‍, അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി അംഗമാണ് ആ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന കുറ്റം നിലനില്‍ക്കുമ്പോഴാണ് 8 ദിവസം മൗനം പാലിച്ചത്. ഇന്നലെ സെക്രട്ടേറിയറ്റ് എംപ്ലോയീസ് യൂണിയന്റെ സംസ്ഥാന സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായത്.
ജീവനക്കാരുടെ സംഘടനാ സമ്മേളനമായതു കൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്ന് വ്യക്തം. നവീന്റെ വീട് സന്ദര്‍ശിച്ച പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ അവരുടെ കുടുംബത്തോടൊമൊപ്പമാണ് പാര്‍ട്ടി എന്നു പറഞ്ഞു. കുടുംബത്തോട് ഒപ്പമാണെന്ന് പറയുകയും വേട്ടക്കാരോടൊപ്പം നില്‍ക്കുകയും ചെയ്യുന്ന നിലപാടാണ് സി.പി.എമ്മും ഗവണ്‍മെന്റും ഇക്കാര്യത്തില്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപം പ്രതിപക്ഷവും ഉയര്‍ത്തുന്നുണ്ട്. മാത്രമല്ല, ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് പി.പി. ദിവ്യ ജില്ലാപഞ്തായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതെന്ന ആക്ഷപവുമുണ്ട്.
നവീന്‍ ബാബുവിന്റെ മരണശേഷവും അദ്ദേഹത്തെ അഴിമതിക്കാരനാക്കാന്‍ വേണ്ടിയുളള ശ്രമം നടത്തിയതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസും എ.കെ.ജി സെന്ററും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സൂചനയും പുറത്തു വന്നിരിക്കുകയാണ്. കാരണം, നവീന്‍ബാബു കൈക്കൂലി ആവശ്യപ്പെത്തെന്ന രീതിയില്‍ പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നുവെന്നാണ് പറയുന്നത്. പരാതിയുടെ പകര്‍പ്പും പുറത്തു വിട്ടിരുന്നു. എന്നാല്‍, പരാതിയ നേരിട്ടോ മെയില്‍ വഴിയോ ദൂതന്‍ വഴിയോ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇതോടെ പരാതി വ്യാജമാണെന്ന് വ്യക്തമാവുകയും ചെയ്തു.
പരാതിയിലെ അയാളുടെ ഒപ്പും വ്യാജമാണ്. അയാള്‍ പാട്ടക്കരാറിനുവേണ്ടി കൊടുത്ത ഒപ്പും എന്‍.ഒ.സി.ക്കുവേണ്ടി കൊടുത്ത ഒപ്പും അതു രണ്ടും ഒന്നാണ്. പക്ഷെ, അയാളുടെ പരാതിയില്‍ ഒപ്പ് വേറെയാണ്. പ്രശാന്തന്റെ പരാതി എ.കെ.ജി.സെന്ററില്‍ നിര്‍മ്മിച്ചതാണെന്ന സംശയം ബലപ്പെടുകയാണ്. വ്യാജ പരാതി വന്ന വഴിയെ കുറിച്ച് അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്. അങ്ങനെ അന്വേഷണം നടത്തുകയാണെങ്കില്‍ പോലീസിന് AKG സെന്ററിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും പോകേണ്ടി വരും.
ഇങ്ങനെയൊരു വ്യാജ പരാതി നവീന്‍ ബാബുവിന്റെ മരണശേഷം അദ്ദേഹത്തെ അപമാനിക്കുന്നതിന് വേണ്ടി അദ്ദേഹത്തെ അഴിമതികാരന്‍ ആക്കുന്നതിനു വേണ്ടി ബോധപൂര്‍വ്വമായി പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും അറിവോടുകൂടി കെട്ടിച്ചമച്ചതാണെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന് ഈ മരണത്തില്‍ പങ്കുണ്ട്. അതാണ്, മരണശേഷം നടന്ന കാര്യങ്ങള്‍. പി.പി. ദിവ്യയെ പോലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടു പോലുമില്ല. വേട്ടക്കാരെ മുഴുവന്‍ സംരക്ഷിക്കുകയല്ലേ ചെയ്യുന്നത്.
പി.പി. ദിവ്യയുടെ വക്കീല്‍ മുന്‍കൂര്‍ ജാമ്യത്തിനുവേണ്ടി കോടതിയില്‍ പറഞ്ഞത് നവീന്‍ അഴിമതിക്കാരനാണ് എന്നാണ്. അഴിമതിക്ക് എതിരെയാണ് താന്‍ ശബ്ദിച്ചത് എന്നാണ്. ഇതെല്ലാം ഇന്നലെ വരെ സമൂഹത്തില്‍ നടന്ന കാര്യങ്ങളാണ്. എന്നിട്ടും സി.പി.ഐക്ക് രാഷ്ട്രീയമായ തീരുമാനമില്ലെങ്കില്‍ മുന്നണിയില്‍ വെറും പാവകളായി മാറിയെന്ന് സമ്മതിക്കുകയാണ് വേണ്ടത്. ഒന്നിനു പിറകേ മറ്റൊന്നായി നിലയ്ക്കാത്ത വിവാദങ്ങളാണ് സി.പി.എമ്മിനെ വേട്ടയാടുന്നത്. അതിനെല്ലാം കുടപിടിക്കുന്നവരായി സി.പി.ഐ അധപതിച്ചു കഴിഞ്ഞെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഉയര്‍ന്നിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ പരാജയവും, വയനാട്ടിലെ പരാജയവും സി.പി.ഐക്ക് വലിയ ക്ഷീണമാണുണ്ടാക്കിയത്. തൃശൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത് ബി.ജെ.പിയാണെന്നതും വലിയ തിരിച്ചടിയാണ്. വയാനാട്ടില്‍ സി.പി.എം വോട്ട് കോണ്‍ഗ്രസിനു മറിച്ചെന്ന ആക്ഷേപം സി.പി.ഐ സ്ഥാനാര്‍ത്ഥി ആനിരാജ തന്നെ ഉന്നയിച്ചിരുന്നു. ഇതെല്ലാം സി.പി.ഐക്ക് സി.പി.എം നല്‍കിയ അടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. എന്നിട്ടും, സി.പി.ഐ നട്ടെല്ലില്ലാത്ത അവസ്ഥയില്‍ സി.പി.എമ്മിന്റെ കുതന്ത്ര രാഷ്ട്രീയത്തിന് മൗനാനുവാദം നല്‍കി കുനിഞ്ഞിരിക്കുകയാണ് ചെയ്യുന്നത്.
CONTENT HIGHLIGHTS;ADM’s suicide: CPI hiding without clarifying its political stand?; P.P. Why are you afraid to criticize the police for not arresting Divya?