‘കണ്ടകശനി കൊണ്ടേ പോകൂ’ എന്നൊരു പഴഞ്ചൊല്ലുണ്ട്. സി.പി.എമ്മിന് കഴിഞ്ഞ കുറച്ചു നാളുകളായി കണ്ടക ശനിയാണ്. ആദ്യം ഇടതു സ്വതന്ത്ര എം.എല്‍.എ പി.വി. അന്‍വറിനെ കൊണ്ടു പോയി. ഇപ്പഴിതാ മുന്‍ ഇടതു സ്വതന്ത്ര എം.എല്‍.എ കാാരാട്ട് റസാഖും പുറത്തേക്കുള്ള വാതില്‍ തുറന്നിട്ടു കഴിഞ്ഞു. പോകാന്‍ തയ്യാറായി വെല്ലുവിളിച്ചു കൊണ്ടാണ് റസാഖിന്റെ നില്‍പ്പ്. അല്ലെങ്കില്‍ പി.എ. മുഹമ്മദ് റിയാസ് എന്ന മുഖ്യമന്ത്രിയുടെ മരുമകന് മന്ത്രിയെ ഇങ്ങനെ കടന്നാക്രമിക്കില്ലായിരുന്നു. മരുമകനെ രക്ഷിക്കുമോ, അതോ റസാഖിന്റെ വാക്കുകള്‍ സ്വീകരിക്കുമോ എന്നൊരു ആശയക്കുഴപ്പമൊന്നും മുഖ്യമന്ത്രിക്കുണ്ടാവില്ല.
മരുമകന് മന്ത്രി മതിയെന്നു തന്നെയായിരിക്കും നിലപാട്. അതുകൊണ്ടാണ് കരാട്ട് റസാഖ് പുറത്തേക്കുള്ള വാതില്‍ തുറന്നിട്ടു കൊണ്ടാണ് നില്ക്കുന്നതെന്നു മനസ്സിലാക്കാനാകുന്നത്. മുഹമ്മദ് റിയാസിനെ സംരക്ഷിക്കുമ്പോള്‍ സ്വാഭാവികമായും റസാഖിനെ തള്ളിക്കളയുകയാണ് ചെയ്യുന്നതെന്ന് തിരിച്ചറിയാനാകും. അപ്പോള്‍ അവഘണന സഹിച്ചു നില്ക്കാന് രസാഖിന് കഴിയുമെന്നു തോന്നുന്നില്ല. ഇന്നു നടത്തിയ വാര്‍ത്താ സമ്മേളത്തിലും റസാഖിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത് ഇതാണ്. പി.വി. അന്‍വര്‍ തുടക്കമിട്ട പോരാട്ടത്തില്‍ പിന്നില്‍ നിന്നും പിന്തുണ നല്കിയ കെ.ടി. ജലീലും, കാരാട്ട് റസാഖും അവസരത്തിനൊത്ത് പിന്മാറിയതോടെ അന്‍വര്‍ ഒറ്റയ്ക്കായി.
തുടര്‍ന്ന് എങ്ങോട്ടു പോകണമെന്ന നിശ്ചയമില്ലാത്തതു പോലെ എന്തൊക്കെയോ ചെയ്തു. മാത്രമല്ല, കൈയ്യിലുള്ള അഴിമതി ആരോപണങ്ങള്‍ എല്ലാം തീരുകയും ചെയ്തു. പുതിയ ആരോപണങ്ങളൊന്നും അന്‍വറില്‍ നിന്നുണ്ടാകുന്നുമില്ല. ഉണ്ടതീര്‍ന്ന തോക്കുപോലെ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് കാരാട്ട് റസാഖിന്റെ വെള്ളിടി വീഴുന്നത്.
ഉപതെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ കാരാട്ട് റസാഖ് ഉന്നയിക്കുന്ന രാഷ്ട്രീയ വിഷയം കൂടിയാണിത്. റിയാസ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്നാണ് കാരാട്ട് റസാഖിന്റെ ആരോപണം. ‘തന്നെ തോല്‍പ്പിക്കാന്‍ ഗൂഡാലോചന നടത്തി. തന്റെ വികസന പദ്ധതികള്‍ റിയാസ് അട്ടിമറിച്ചു. മന്ത്രിയെ കൂട്ട് പിടിച്ച് കൊടുവള്ളി എം.എല്‍.എയും ലീഗ് പ്രവര്‍ത്തകരും വികസനം അട്ടിമറിക്കുകയാണ്. ഇക്കാര്യങ്ങള്‍ പരിഹരിക്കണമെന്ന് സിപിഎം ലോക്കല്‍ ഏരിയ കമ്മിറ്റികള്‍ക്ക് പരാതി കത്തായി നല്‍കിയിരുന്നു.
ഇതിന് മൂന്ന് വര്‍ഷമായി മറുപടി ഇല്ല. മുഖ്യമന്ത്രിയോടോ സി.പി.എം സംസ്ഥാന-ജില്ലാ നേതൃത്വത്തോടോ ഇതുവരെ അഭിപ്രായ വ്യത്യാസമില്ല. ലോക്കല്‍-ഏരിയ കമ്മിറ്റികളുമായാണ് പ്രശ്നം. ഇപ്പോഴും ഇടത് സഹയാത്രികന് തന്നെയാണ്. ഇപ്പോള്‍ അന്‍വറിനൊപ്പം പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ഇപ്പോഴും ഇടതുപക്ഷ സഹയാത്രികനാണ്. അതിനാല്‍ അന്‍വര്‍ ഉന്നയിച്ച സ്വര്‍ണ്ണക്കടത്ത് ആരോപണങ്ങളെ കുറിച്ച് കൂടുതല്‍ പറയുന്നില്ല. ഇന്നലെ അന്‍വറിനെ കണ്ട ശേഷം നിരവധി യുഡിഎഫ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പിന്തുണയുമായി വന്നുവെന്നും റസാഖ് പറയുന്നു. അന്‍വറിന്റെ പാര്‍ട്ടിയില്‍ റസാഖും ചേരുമെന്നാണ് സൂചന.
മദ്രസ ബോര്‍ഡ് ചെയര്മാന് സ്ഥാനത്ത് നിന്ന് നീക്കിയാല്‍ ആ സ്ഥാനം ഒഴിയും. കാറില്‍ നിന്ന് അതിന്റെ ബോര്‍ഡ് ഇതിനോടകം തന്നെ നീക്കിയിട്ടുണ്ട്. പുതിയ പാര്‍ട്ടി പോലും രൂപീകരിച്ചേക്കും. അതിലും തീരുമാനമെടുത്തിട്ടില്ല. ലീഗിലേക്ക് പോകില്ല. ലീഗ് അണികള്‍ നല്ലവരാണ്, പക്ഷേ നേതാക്കള്‍ ശരിയല്ല. അന്‍വര്‍ ക്ഷണിച്ചു. കാത്തിരിക്കൂ എന്നാണ് മറുപടി പറഞ്ഞത്. താന്‍ പറയുന്നത് സിപിഎമ്മിനുളള അന്ത്യശാസനമല്ല. ഒരു പാര്‍ട്ടിക്ക് എതിരെ താന്‍ എങ്ങനെ അന്ത്യശാസനം നല്‍കുമെന്നും റസാഖ് ചോദിച്ചു. കൊടുവള്ളിയില്‍ ഏറെ സ്വാധീനമുള്ള നേതാവാണ് റസാഖ്. മുസ്ലീം ലീഗില്‍ നിന്നും 2016ല്‍ ഇടതുപക്ഷത്തിന് വേണ്ടി അവിടെ ജയിച്ചത് റസാഖ് ആയിരുന്നു.
മറ്റൊരാളാണ് കെ.ടി. ജലീല്‍. അദ്ദേഹം അന്‍വറിന്റെ പോര്ടാടത്തോട് ആദ്യം യോജിച്ചിരുന്നു എങ്കില്‍ പിന്നീട് തള്ളിപ്പറയുകയായിരുന്നു. തുടര്‍ന്ന് മലപ്പുറത്തെ മുസ്ലീംഗളോട് സ്വര്‍ണ്ണക്കള്ളക്കടത്ത് നിഷിദ്ധമാണെന്ന് പറഞ്ഞു പഠിപ്പിക്കാന്‍ മതമേലധ്യക്ഷന്മാര് തയ്യാറാകണമെന്നു പറഞ്ഞ് പിണറായി വിജയനൊപ്പം നിന്നു. പാര്‍ട്ടിക്കു വേണ്ടി ശക്തമായി പൊരുതുമെന്നു പറയുമ്പോഴും പാര്‍ലമെന്ററി രംഗത്ത് ഇനി ഉണ്ടാവില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു കഴിഞ്ഞു. ശിഷ്ടകാലം യാത്രകളും പുസ്തക എഴുത്തും, വായനയുമെല്ലാം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. അതായത്, നിശബ്ദമാവുക എന്നര്‍ത്ഥം. പാര്‍ട്ടിക്കു വേണ്ടിയോ, അന്‍വറിനും രസാഖിനും വേണ്ടിയോ പറയാതിരിക്കുക എന്നര്‍ത്ഥം.
അപ്പോള്‍ ഇടതുപക്ഷത്തിനെതിരേ ഉരുത്തിരിഞ്ഞ ഖുറുമുന്നണി എന്നത് യാഥാര്‍ഥ്യം തന്നെയെന്ന് വിശ്വസിച്ചേ മതിയാകൂ. അന്‍വര്‍ പാര്‍ട്ടി വിടുമ്പോേള്‍ എന്തൊക്കെ ചലനങ്ങള്‍ ഉണ്ടാകുമെന്ന് വീക്ഷിക്കുകയും പാര്‍ട്ടിയെ പിണക്കാതെ വളരെ തന്ത്രപരമായി ഇറങ്ങാമെന്നുമുള്ള നിലയിലാണ് ജലീലിന്റെ ഇടപെടല്‍. എന്നാല്‍, അന്‍വറിന്റെ പോരാട്ടത്തോട് ആദ്യം കൈ കൊടുത്തെങ്കിലും പാര്‍ട്ടിക്കെതിരേ ആയതിനാല്‍ കാരാട്ട് റസാഖാണ് ആദ്യം പിന്നോട്ടു മാറിയത്. ആ റസാഖാണ് മുഹമ്മദ് റിയാസിന്റെ പാര്‍ട്ടിയിലെ അപ്രമാദിത്വം വിളിച്ചു പറഞ്ഞ് പുറത്തേക്കു പോകാനൊരുങ്ങുന്നത്.
ഫലത്തില്‍ അന്‍വര്‍-റസാഖ്-ജലീല്‍ കുറുമുന്നിണിക്ക് ഇപ്പോഴും പ്രസക്തിയുണ്ട്. അന്‍വര്‍ ഉന്നയിച്ച അഴിമതികളും, മലപ്പുറം ജില്ലയെ കള്ളക്കടത്തുമായി ബന്ധപ്പെടുത്തിയതുമെല്ലാം കുറുമുന്നിണിക്ക് അത്ര ബോധിച്ചിട്ടില്ലെന്നുറപ്പ്. പവ വഴിക്ക് പാര്‍ട്ടി വിടുന്നവര്‍ ഒരുമിക്കുമോ എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്. മലപ്പുറം ചുവപ്പിക്കാന്‍ സി.പി.എമ്മനെ സഹായിച്ച അന്‍വറും ജലീലും റസാഖും ഇപ്പോള്‍ എടുക്കുന്ന നിലപാടുകള്‍ ഇടതു സര്‍ക്കാരിന്റെ അവസാന കാലം ആയതു കൊണ്ടാണോ എന്നതും സംശയമുണ്ട്. ന്യൂനപക്ഷങ്ങളുടെ ഏകീകരണമെന്ന നിലയിലും, രാഷ്ട്രീയ മാറ്റത്തിനുള്ള നീക്കമായുമൊക്കെ ഇതിനെ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. എന്നാല്‍, ആത്യന്തികമായ തീരുമാനം ഈ ത്രിമൂര്‍ത്തികളുടേതാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി ഇതിന്റെ സത്യാവസ്ഥ പുറത്തു വരുമെന്നുറപ്പാണ്.
CONTENT HIGHLIGHTS;Kurumannani regains power: After Anwar comes the challenge of Karat Razak: Jalil is ready to leave parliamentary politics and travel