അത്രയേറെ നമ്മളെ ഒറ്റയ്ക്കാക്കുകയും, എന്താണ് സത്യമെന്നും വ്യക്തമാക്കി തരുന്നതാണ് ക്രൈസ്തവര്‍ പാടുന്ന ഈ ഗാനം. ‘സമയാമാം രഥത്തില്‍ ഞാന്‍…സ്വര്‍ഗയാത്ര ചെയ്യുന്നു…എന്‍ സ്വദേശം കാണ്‍മതിനായി ബദ്ധപ്പെട്ടോടീടുന്നു…’. ഭൂമിയിലെ സമയം അവസാനിച്ച് ദൈവത്തിനടുത്തേക്ക് വേഗത്തില്‍ പോകുന്നുവെന്നും, യാത്രത്തില്‍ തനിച്ചായിരിക്കുമെന്നുമാണ് ആ പാട്ടിന്റെ അര്‍ത്ഥം. കേരളത്തിലെ ക്രൈസ്തവര്‍ ശവസംസ്‌ക്കാര ചടങ്ങുകള്‍ക്കാണ് ഈ പാട്ട് പ്രധാനമായും പാടുന്നത്. എന്നാല്‍, പാട്ട് പാടുന്ന ആര്‍ക്കും ഈ പാട്ട് രചിച്ചതാരാണെന്ന് അറിയാന്‍ വഴിയില്ല.
എല്ലാവര്‍ക്കുമല്ല, ഭൂരിഭാഗം പേര്‍ക്കും ഇതിന്റെ രചയിതാവിനെ അറിയില്ല എന്നതാണ് സത്യം. നാട്ടിന്‍പുറങ്ങളിലെ ക്രൈസ്തവ വീടുകളില്‍ ഈ പാട്ട് ഉച്ചത്തില്‍ പാടുമ്പോള്‍ ഒരു പ്രത്യേക ഫീലാണ്. നിശബ്ദതയും, ഇരുട്ടും, ശാമ്പ്രാണി തിരിയുടെ മണവും, പള്ളിയില്‍ ഇടവിട്ടടിക്കുന്ന ഒറ്റ മണിയുമെല്ലാം ഈ പാട്ടിന് അകമ്പടിയാകുമ്പോള്‍ ഉണ്ടാകുന്നൊരു അനുഭവമുണ്ട്. ശരീരത്തെയാകെ മരണം പൊതിഞ്ഞു നില്‍ക്കുന്നുവെന്ന് തോന്നുന്നൊരു അനുഭവം. അത് ആ പാട്ട് കൊണ്ട് ഉണ്ടാകുന്നതാണ്. അത്രയേറെ മനസ്സിനെയും ശരീരത്തെയും പിടിച്ചു നിര്‍ത്താന്‍ ആ വിരകള്‍ക്കും ഈണത്തിനും ഇന്നും സാധിക്കുന്നുണ്ടെങ്കില്‍ ആ പാട്ടെഴുതിയ ആലുടെ കൈപ്പുണ്യം തന്നെയാണ്.
ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ പ്രത്യേക അവസ്ഥയിലെത്തിക്കാന്‍ സാധിക്കുന്ന പ്രശസ്തമായ ഈ പാട്ടിന്റെ ശില്‍പ്പി ഒരു വിദേശിയാണ്. വോള്‍ ബ്രീച്ച് നാഗല്‍ എന്ന ജര്‍മ്മന്‍കാരനാണ്. പക്ഷെ, അരനാഴികനേരം എന്ന മലയാള സിനിമയില്‍ ഈ പാട്ട് ഉള്‍പ്പെടുത്തിയതാണ് മലയാളത്തില്‍ പ്രശസ്തമാകാന്‍ കാരണമായത്. നാഗലിന്റെ വരികളില്‍ ചില ഭേദഗതികള്‍ വരുത്തിയാണ് വയലാര്‍ രാമവര്‍മ്മ ഈ ഗാനം സിനിമയില്‍ ഉള്‍പ്പെടുത്തിയത്. ഇതിനൊപ്പം ദേവരാജന്‍ മാസ്റ്റര്‍ മാജിക്കു കൂടി ചേര്‍ന്നതോടെ ‘സമയാം രഥം ഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്ക് ഓടിത്തുടങ്ങി. പിന്നീട് 21 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഗാനത്തിന്റെ പ്രശസ്തി മലയാളത്തിനപ്പുറത്തേക്കും വളര്‍ന്നു.
ഒറ്റവാക്കില്‍ പറയാമെങ്കില്‍ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിനെപ്പോലെ ക്രിസ്തീയ സുവിശേഷ ദൗത്യവുമായി മലബാറിലെത്തിയ ബാസല്‍ മിഷനിലെ ഒരു ജര്‍മ്മന്‍ മിഷണറി. കണ്ണൂരിലെ മിഷന്‍ കേന്ദ്രത്തില്‍ ആദ്യ നിയമനം. ചുരുങ്ങിയ കാലംകൊണ്ട് മലയാള ഭാഷ വശമാക്കി. ഭക്തി സാന്ദ്രമായ ക്രിസ്തീയ ഒരു പിടി ഗാനങ്ങളുടെ ഒരു കലവറ തന്നെ തീര്‍ത്തു. അതും മലയാളത്തില്‍. അദ്ദേഹം എഴുതിയ ഗാനങ്ങളില്‍ മനുഷ്യനും ദൈവവുമായി ഇഴുകി ചേര്‍ന്നു നില്‍ക്കുന്ന പാട്ടാണ് ‘സമയാമാം രഥത്തില്‍ ഞാന്‍’ എന്ന ഗാനം. ജര്‍മനിയിലെ ഹെസന്‍ സംസ്ഥാനത്താണ് അദ്ദേഹം ജനിച്ചത്. തുകല്‍പ്പണിക്കാരനായ ഹെന്റി പീറ്ററും എലിസബേത്ത് മേയും ആയിരുന്നു മാതാപിതാക്കള്‍. ശൈശവത്തില്‍ മതാപിതാക്കള്‍ മരിച്ചു. ഭക്തിപൂര്‍ണ്ണമായ ഒരു അന്തരീക്ഷത്തിലാണ് പിന്നീട് അദ്ദേഹം വളര്‍ന്നത്.
സഞ്ചാര സുവിശേഷകനായിരുന്ന ഒരു ചെരുപ്പുകുത്തിയുടെ പ്രസംഗം കേട്ട് പതിനെട്ടാമത്തെ വയസ്സില്‍ നാഗലിനു മാനസാന്തരം ഉണ്ടായി. അതോടെ സുവിശേഷകനായി ജീവിക്കാന്‍ തീരുമാനിച്ചു. ആ തീരുമാനത്തെ തുടര്‍ന്ന് സിറ്റ്സ്വര്‍ലാന്‍ഡിലുള്ള ബാസല്‍ പട്ടണത്തിലെ ലൂഥറന്‍ വൈദികപാഠശാലയില്‍ ചേര്‍ന്നു. ആറു വര്‍ഷത്തെ പഠനത്തിനു ശേഷം 1892ല്‍ അദ്ദേഹത്തെ ഇവാഞ്ചലിക്കല്‍ ലൂതറന്‍ മിഷന്റെ ഇന്ത്യയിലെ പ്രവര്‍ത്തനത്തിനായി നിയോഗിച്ചു. ഇന്ത്യയിലേക്കു പുറപ്പെടുന്നതിനു മുമ്പ് വൈദികപ്പട്ടവും സ്വീകരിച്ചു. അങ്ങനെ കണ്ണൂരിലെത്തി. 1893 ഡിസംബറിലാണ് അദ്ദേഹം കണ്ണൂരില്‍ എത്തിയത്. വാണിയങ്കുളത്തെ ബാസല്‍ മിഷന്‍ കേന്ദ്രത്തിന്റെ ചുമതല ഏറ്റെടുത്തു.
മിഷന്‍ സ്ഥാപനങ്ങളായ സ്‌കൂളുകളും വ്യവസായ സ്ഥാപനങ്ങളും അവയുടെ നടത്തിപ്പും പണത്തിന്റെ ഉത്തരവാദിത്തവും എല്ലാം സ്വതന്ത്രമായ സുവിശേഷ വേലക്ക് തടസ്സമായി നാഗലിനു തോന്നി. അതിനാല്‍ മുന്നു വര്‍ഷത്തിനു ശേഷം മിഷന്‍ കേന്ദ്രത്തിന്റെ ഉത്തരവാദിത്തം ഉപേക്ഷിച്ചു. താമസിയാതെ ലൂഥറന്‍ സഭയുടെ അധികാരത്തിന്‍ കീഴുള്ള പ്രവര്‍ത്തനവും തനിക്ക് ബന്ധനമണെന്ന് തോന്നി അതും ഉപേക്ഷിച്ചു. കണ്ണൂരില്‍ നിന്ന് ലക്ഷ്യമില്ലാതെ നാഗല്‍ തെക്കോട്ടു യാത്ര ചെയ്തു. കാളവണ്ടിയിലായിരുന്നു യാത്ര. കുന്നംകുളം പട്ടണത്തിലെത്തിയപ്പോള്‍ ഒരു പ്രാര്‍ത്ഥനാ കേന്ദ്രം കണ്ട് അവിടെ കയറി വിശ്രമിച്ചു. ആ പുരാതന ക്രൈസ്തവ കേന്ദ്രത്തില്‍ തന്റെ മിഷനറി പ്രവര്‍ത്തനം തുടങ്ങാന്‍ നിശ്ചയിച്ചു. സുവിശേഷ പ്രചരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നാഗല്‍ മലയാളം പഠിച്ചു.
ചുരുങ്ങിയ കാലം കൊണ്ട് മലയാള ഭാഷയില്‍ പ്രസംഗിക്കാനും, പാട്ടുകള്‍ എഴുതാനും പാടവം നേടി. മലയാളത്തില്‍ പാടുകയും പ്രസംഗിക്കുകയും ചെയ്യുന്ന നാഗല്‍ സായിപ്പ് നാട്ടുകാര്‍ക്ക് പ്രിയങ്കരനായി. കുന്നംകുളം പട്ടണത്തിലും ചുറ്റുപാടുമുള്ള ഗ്രാമങ്ങളിലും അദ്ദേഹം തന്റെ മിഷനറി പ്രവര്‍ത്തനം തുടര്‍ന്നു. മിഷനറി പ്രവര്‍ത്തനത്തിനിടെ 1897ല്‍ നാഗല്‍ സായിപ്പ് ഹാരിയറ്റ് മിച്ചല്‍ എന്ന ആംഗ്ലോ-ഇന്ത്യന്‍ വനിതയെ തന്റെ ജീവിതപങ്കാളിയാക്കി.
ഇംഗ്ലീഷ്‌കാരനായ ബ്രദറണ്‍ മിഷനറി ഹാന്‍ലി ബോര്‍ഡുമായി നാഗല്‍ പരിചയപ്പെടുന്നത്. ബോര്‍ഡിന്റെ പഠിപ്പിക്കലിനെത്തുടര്‍ന്ന് നാഗലും ഭാര്യയും അദ്ദേഹത്തിന്റെ കൈകൊണ്ടു തന്നെ മുതിര്‍ന്ന സ്‌നാനം ഏല്‍ക്കയും ബ്രദറന്‍ സഭയോട് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
1914-ല്‍ 47-ആമത്തെ വയസ്സില്‍, ജന്മദേശം ഒന്നു സന്ദര്‍ശിച്ച് ആറു മാസം കഴിഞ്ഞ് തിരിച്ചു വരാമെന്നുള്ള ആശയോടെ രണ്ട് മക്കളുമായി നാഗല്‍ ജര്‍മ്മനിയിലേക്ക് പോയി. രണ്ടു മക്കളെ ഉപരിപഠനത്തിനു വേണ്ടി ഇംഗ്ലണ്ടിലാക്കിയിട്ടു മടങ്ങാനായിരുന്നു പദ്ധതി. പക്ഷെ ആ സമയത്ത് ഒന്നാം ലോകമഹായുദ്ധം പൊട്ടി പുറപ്പെട്ടതിനാല്‍ തിരിച്ചു വരവ് സാദ്ധ്യമായില്ല. അദ്ദേഹത്തിന് ഇന്ത്യയിലേക്ക് വരാനുളള അനുമതിയും നിഷേധിക്കപ്പെട്ടു. 1914ല്‍ തന്നെ അദ്ദേഹം നിഷ്പക്ഷരാജ്യമായ സ്വിറ്റ്‌സ്വര്‍ലാന്റില്‍ അഭയം നേടി. ഭാര്യ ഹാരിയറ്റും മൂന്നു മക്കളും കേരളത്തില്‍, മൂത്ത രണ്ടു മക്കള്‍ ഇംഗ്ലണ്ടില്‍. കേരളത്തിലേക്കു വരാന്‍ സാധിക്കാത്തതില്‍ ഏറെ ദുഃഖിതനായിരുന്നു അദ്ദേഹം. നാഗല്‍ ഓര്‍മ്മയായി. പക്ഷേ ആ ഗാനം ഇന്നും ജീവിച്ചിരിക്കുന്നു.
‘സമയമാം രഥത്തില്‍ ‘ എന്ന ഗാനം ആദ്യമായി മലയാളികള്‍ കേള്‍ക്കുന്നത് 1970ല്‍ പുറത്തിറങ്ങിയ മഞ്ഞിലാസിന്റെ ‘അരനാഴികനേരം’ എന്ന ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയിലാണ്. നാഗല്‍ സായിപ്പിന്റെ രചനയിലെ ചില വരികള്‍ക്ക് അല്‍പസ്വല്‍പ്പം മാറ്റം വരുത്തി വയലാര്‍ രാമവര്‍മ്മ ‘അരനാഴികനേര’ത്തിനു വേണ്ടി ഉപയോഗിക്കുകയായിരുന്നു. ദേവരാജന്‍ മാസ്റ്ററാവട്ടെ, അതിന് ഹൃദയസ്പര്‍ശിയായ ഈണവും നല്‍കി. 40 വരികളോളം വരും നാഗലിന്റെ ഒറിജിനല്‍ പാട്ടിന്. രചിച്ച് 70 വര്‍ഷക്കള്‍ക്കു ശേഷം ഇറങ്ങിയ അരനാഴികനേരം സിനിമയിലെ പ്രത്യേക സിറ്റുവേഷനു വേണ്ടി ചുരുക്കി എഴുതിയെന്നുമാത്രം. സിനിമയില്‍ വന്നതുകൊണ്ട് ആ ഗാനം പ്രശസ്തിയുടെ കൊടുമുടി കയറി. ഭാവ സാന്ദ്രമായ അന്തരീക്ഷത്തില്‍ കത്തുന്ന മെഴുകുതിരികള്‍ക്കു മുന്‍പില്‍ കൈകള്‍ കൂപ്പി കഥാപാത്രങ്ങളായ ദീനാമ്മയും, കുട്ടിയമ്മയും സ്‌ക്രീനില്‍ പാടി അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകരായിരുന്നു അത് ഏറ്റു പാടിയിരുന്നത്.
സമയാമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍ സ്വദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു.
ആകെ അല്പ നേരം മാത്രം എന്റെ യാത്ര തീരുവാന്‍
യേശുവേ! നിനക്കു സ്‌തോത്രം വേഗം നിന്നെ കാണും ഞാന്‍
രാവിലെ ഞാന്‍ ഉണരുമ്പോള്‍ ഭാഗ്യമുള്ളോര്‍ നിശ്ചയം
എന്റെ യാത്രയുടെ അന്ത്യം ഇന്നലെക്കാള്‍ അടുപ്പം
രാത്രിയില്‍ ഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉറങ്ങുന്നു
അപ്പോഴും എന്‍ രഥത്തിന്റെ ചക്രം മുന്നോട്ടായുന്നു
തേടുവാന്‍ ജഡത്തിന്‍ സുഖം ഇപ്പോള്‍ അല്ല സമയം
സ്വന്തനാട്ടില്‍ ദൈവമുഖം കാണ്‍കയത്രെ വാഞ്ഛിതം
ഭാരങ്ങള്‍ കൂടുന്നതിനു ഒന്നും വേണ്ട യാത്രയില്‍
അല്പം അപ്പം വിശപ്പിന്നു സ്വല്പ വെള്ളം ദാഹിക്കില്‍
സ്ഥലം ഹാ മഹാവിശേഷം ഫലം എത്ര മധുരം
വേണ്ട വേണ്ട ഭൂപ്രദേശം അല്ല എന്റെ പാര്‍പ്പിടം
നിത്യമായോര്‍ വാസ സ്ഥലം എനിക്കുണ്ടു സ്വര്‍ഗ്ഗത്തില്‍
ജീവവൃക്ഷത്തിന്റെ ഫലം ദൈവപറുദീസായില്‍
എന്നെ എതിരേല്പാനായി ദൈവദൂതര്‍ വരുന്നു
വേണ്ടുമ്പോലെ യാത്രക്കായി പുതുശക്തി തരുന്നു
CONTENT HIGHLIGHTS;”I am traveling to heaven in a timely chariot…” This song is not written by Vayalar: Who is Wall Breach Nagel? (Special Story)