സംസ്ഥാനം വീണ്ടും കടമെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതും ഇ-കുബേര്‍ പോര്‍ട്ടലിലൂടെ. 1500 കോടി രൂപയാണ് കടമെടുക്കുന്നത്. ശമ്പളവും പെന്‍ഷനും നല്‍കാന്‍ ഈ വഴിയല്ലാതെ വേറൊരു മാര്‍ഗവും ഇല്ലാത്ത സ്ഥിതിയിലേക്ക് ഖജനാവിന്റെ അവസ്ഥ താറുമാറായിക്കഴിഞ്ഞു. എന്നാലും അനാമത്ത് ചെലവുകള്‍ കുറയ്ക്കില്ലെന്ന് ശപഥമെടുത്തിരിക്കുകയാണ് സര്‍ക്കാര്‍. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ മാത്രമാണ് കാശില്ല എന്ന വേവലാതി സര്‍ക്കാര്‍ പറയുന്നത്. മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും അടക്കമുള്ള കാര്യങ്ങളെല്ലാം നടത്താന്‍ ഖജനാവ് തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നുണ്ട്.
അതിനെല്ലാം പണവുമുണ്ട്. അവരുടെ ആവശ്യങ്ങള്‍ കഴിഞ്ഞാല്‍ ഉടന്‍ ട്രഷറി നിയന്ത്രണം കൊണ്ടു വരും. ആവശ്യങ്ങള്‍ വരുന്നതോടെ നിയന്ത്രണത്തിന് ഇളവ് അനുവദിക്കും. ഇതാണ് കേരളത്തില്‍ നടക്കുന്നത്. ഇങ്ങനെ ഓണം കഴിഞ്ഞതോടെ ട്രഷറി നിയന്ത്രണം കടുപ്പിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉത്തരവിറക്കിയിരുന്നു. 25 ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ നേരത്തെ നിയന്ത്രണം ഉണ്ടായിരുന്നു. ഇത് 5 ലക്ഷം രൂപയാക്കിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ബാധകവുകവുമാക്കി. ഇതോടെ സംസ്ഥാനം ഭരണ സ്തംഭനത്തിലായി.
ഓണച്ചെലവുകള്‍ക്കായി 4,200 കോടി രൂപ കൂടി കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഓണച്ചെലവുകള്‍ക്ക് ഭീമമായ തുക ആവശ്യമായി വന്നതോടെ ഈ തുകയില്‍ നിന്നും 5,000 കോടി രൂപ കടമെടുക്കാന്‍ സര്‍ക്കാര്‍ അനുമതി തേടി. ഇതില്‍ 4,200 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. ഓണം കഴിഞ്ഞതോടെ ഖജനാവ് കാലിയായി. പ്രതിസന്ധി രൂക്ഷമായതോടെ ശമ്പളവും പെന്‍ഷനും എങ്ങനെ കൊടുക്കാന്‍ പറ്റുമെന്ന ആശങ്കയിലായി ധനവകുപ്പ്. എന്നാല്‍, ഈ അവസ്ഥയൊന്നും ധൂര്‍ത്തിന് തടസ്സമായില്ല എന്നതാണ് പ്രധാന കാര്യം.
എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷര്‍കാര്‍ക്കും, ക്ഷേമ പെന്‍ഷന്‍കാര്‍ക്കും ശമ്പളവും പെന്‍ഷനും കൊടുക്കുന്ന ഘട്ടം വരുമ്പോള്‍ പിച്ചച്ചട്ടിയും പഞ്ഞത്തരവും പറഞ്ഞു തുടങ്ങും. അവര്‍ക്കു വേണ്ടിയാണ് കടം വാങ്ങുന്നതെന്ന പേരും പറയും. എന്നാണ് കേരളം സ്വയം പര്യാപ്തമാവുന്നത്. നികുതി പിരിക്കലില്‍ ഉള്‍പ്പെടെ അലംഭാവം കാട്ടുന്നുവെന്ന ആക്ഷേപം ശക്തമായി നില്‍ക്കുമ്പോഴാണ് സര്‍ക്കാരിന്റെ കടംവാങ്ങല്‍ പെരുകുന്നത്. ഇ-കുബേറിലൂടെ കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങള്‍ സംയുക്തമായി 25,050 കോടി രൂപയാണ് കടമെടുക്കുന്നതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
ഇതില്‍ ആന്ധ്രാപ്രദേശ് 3,000 കോടി രൂപയാണ് കടമെടുക്കുന്നത്. ബിഹാര്‍ 2,000 കോടി രൂപയും, ഛത്തീസ്ഗഡ് 1,000 കോടി രൂപയും, കര്‍ണാടക 4,000 കോടി രൂപയും, മണിപ്പുര്‍ 200 കോടി രൂപയും, പഞ്ചാബ് 850 കോടി രൂപയും കടമെടുക്കുന്നുണ്ട്. 5,000 കോടി രൂപ കടമെടുക്കാനാണ് രാജസ്ഥാന്‍ ഉദ്ദേശിക്കുന്നത്. തമിഴ്‌നാടിന്റേത് 6,000 കോടി രൂപയും കടമെടുക്കുന്നുണ്ട്. തെലങ്കാനയാകട്ടെ 1,500 കോടി രൂപയാണ് എടുക്കുന്നത്. കേരളം ഇപ്പോള്‍ത്തന്നെ നിത്യ ചെലവുകള്‍ക്കും, പെന്‍ഷന്‍, ശമ്പളം എന്നിവയുള്‍പ്പെടെയുള്ള സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കടമെടുത്ത് കടമെടുത്ത് മുടിഞ്ഞിട്ടുണ്ട്.
റിസര്‍വ് ബാങ്കിന്റെ കോര്‍ ബാങ്കിംഗ് സൊല്യൂഷനായ ഇ-കുബേര്‍ പോര്‍ട്ടറിലൂടെ ഇതിനു മുമ്പും കേരളം കടമെടുത്തിട്ടുണ്ട്. ഈ കടമെടുപ്പോടെ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ മൊത്തം കടം 26,998 കോടി രൂപയായി ഉയരും. ഒക്ടോബറില്‍ 1,245 കോടി രൂപ കടമെടുത്തിരുന്നു. എന്നിട്ടും ക്ഷേമ പെന്‍ഷനുകള്‍ ഇനിയും കുടിശികയിലാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ കുടിശികയാണ്. കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം കടമെടുക്കാന്‍ സാധിക്കുന്നത് ആകെ 37,512 കോടിരൂപയാണ്. ഇതില്‍ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 21, 253 കോടി രൂപ കടമെടുക്കാമെന്നും ബാക്കിവരുന്ന തുക 2025 ജനുവരി- മാര്‍ച്ച് മാസകാലയളവില്‍ എടുക്കാമെന്നുമാണ് കേന്ദ്രം സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നത്.
പക്ഷേ ഉത്സവകാലം ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്ക് വേണ്ടി കൂടുതല്‍ കടം നല്‍കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. നടപ്പുവര്‍ഷത്തെ സംസ്ഥാനത്തിന്റെ മൊത്തം കടപരിധി 37,512 രൂപയായി കണക്കാക്കുകയാണെങ്കില്‍ നവംബര്‍ മുതല്‍ മാര്‍ച്ചുവരെ, അതായത്, 5 മാസ കാലയളവില്‍ ഉണ്ടാകുക വെറും 10,514 കോടി രൂപ മാത്രമായിരിക്കും. വരുമാനവും ചെലവും കൂടെ കൂട്ടിമുട്ടിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് പ്രതിമാസം ഏകദേശം 3,000 കോടി രൂപ കൂടുതലായി വേണം. അങ്ങനെയിരിക്കെയാണ് വരാനിരിക്കുന്ന 5 മാസ കാലയളവിലേക്കായി 10,514 കോടി രൂപയുടെ കടപരിധി മാത്രം അവശേഷിക്കുന്നത്.
അതായത്, ഓരോ മാസത്തേക്കും ശരാശരി 2,102.8 കോടി രൂപ മാത്രം. അതേസമയം, ചെലവുകള്‍ നടത്താനും ശമ്പളം പെന്‍ഷന്‍ പോലുള്ള കാര്യങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ളതിന് സര്‍ക്കാര്‍ നിരന്തരം കടമെടുക്കുന്ന പ്രവണത നിര്‍ത്തണമെന്ന് കടമെടുപ്പിനെ ആശ്രയിക്കുന്ന പ്രവണത നിര്‍ത്തണമെന്നും സി.എ.ജി നിര്‍ദ്ദേശിച്ചിരുന്നു. കേരളം തിരിച്ചടയ്ക്കാനുള്ള പൊതുകടം 2.52 ലക്ഷം കോടി രൂപയാണെന്നതിന്റെ അടിസ്ഥാനത്തിലാണിത്. 2018 മുതല്‍ 2023 വരെ 94,271.83 കോടിയാണ് കൂടിയത്. കടം കൂടിവരുന്ന പ്രവണത ഭാവിയില്‍ കടത്തിന്റെ സുസ്ഥിരതയെ പ്രതികൂലമായി ബാധിക്കുമെന്നും സി.എ.ജി. പറയുന്നു.
202223 സാമ്പത്തികവര്‍ഷം കിഫ്ബി 5109.24 കോടിയും ക്ഷേമപെന്‍ഷന്‍ കമ്പനി 2949.67 കോടിയും വായ്പയെടുത്തു. ഈ 8058.91 കോടിയും ബജറ്റിന് പുറത്താണെന്ന് സി.എ.ജി. ആവര്‍ത്തിച്ചു. വരുമാന ഇനത്തില്‍ സര്‍ക്കാര്‍ 27,902.45 കോടി രൂപ പിരിച്ചെടുക്കാനുണ്ടെങ്കിലും ശരിയായ രീതിയില്‍ പ്രവര്‍ത്തങ്ങളൊന്നും നടക്കുന്നില്ലെന്നും അതിനുവേണ്ട നടപടികള്‍ സര്‍ക്കാര്‍ എടുക്കുന്നില്ലെന്നും സി.എ.ജിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2023ല്‍ സംസ്ഥാനം കടമെടുത്തതിന്റെ 97.88 ശതമാനവും മുമ്പെടുത്ത കടങ്ങള്‍ തിരിച്ചടയ്ക്കാനാണ് ചെലവിട്ടതെന്നും സി.എ.ജി. നിരീക്ഷിച്ചു.
2018 മുതല്‍ അഞ്ചുവര്‍ഷം കടമെടുത്ത പണത്തില്‍ വിവിധ വര്‍ഷങ്ങളില്‍ 76 ശതമാനംമുതല്‍ 98 ശതമാനംവരെ കടം തിരിച്ചടയ്ക്കാനും പലിശ അടയ്ക്കാനും ഉപയോഗിച്ചു. ആസ്തി വികസനത്തിന് ചെലവിട്ടത് 2.12 ശതമാനം മാത്രമാണ്. ആകെ കടത്തില്‍ 1.36 ലക്ഷം കോടിരൂപ (54.08 ശതമാനം) അടുത്ത ഏഴുവര്‍ഷത്തില്‍ തിരിച്ചടയ്ക്കണം. സി.എ.ജി.യുടെ ഈ പരാമര്‍ശങ്ങള്‍ 2019ല്‍ തന്നെ നിയമസഭ തള്ളിയതാണെന്ന് വ്യക്തമാക്കിയ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ വിയോജനക്കുറിപ്പോടെയാണ് റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ചത്.
കേന്ദ്രം സാമ്പത്തികമായി വിവേചനം കാട്ടുകയും ഞെരുക്കുകയും ചെയ്യുന്നത് തുടര്‍ന്നാല്‍ കേരളം ‘പ്ലാന്‍ ബി’ നടപ്പാക്കുമെന്ന് നടപ്പുവര്‍ഷത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കവേ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞിരുന്നു. കേന്ദ്രത്തിന്റെ സഹായമില്ലാതെ അധിക വരുമാനം കണ്ടെത്തി മുന്നോട്ടു പോകുകയെന്നതായിരുന്നു പ്ലാന്‍ ബി എന്നാണ് വിലയിരുത്തിയിരുന്നത്. എന്നാല്‍, അധിക വരുമാനം വന്നതുമില്ല, കടമെടുപ്പ് പരിധി ലംഘിക്കുകയും ചെയ്തു കഴിഞ്ഞിച്ചുണ്ട്. നൂതന പദ്ധതികളിലൂടെ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുക, പ്രത്യേക സാമ്പത്തിക മേഖലകളിലും മറ്റ് അധിക വരുമാന സ്രോതസ്സുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങിയവയും ഉള്‍പ്പെടുന്നതാണ് പ്ലാന്‍ ബി. എന്നാല്‍, ഇത് ഇനിയും മുന്നോട്ട് പോയിട്ടില്ല.
CONTENT HIGHLIGHTS;”E-Kuber” recourse: Borrowing to pay salaries and pensions; The government will not reduce the waste even if it takes a stab