‘കാരസ്‌ക്കരത്തിന്‍ കുരു പാലിലിട്ടാല്‍ കാലാന്തരേ കയ്പ് ശമിപ്പതുണ്ടോ’ എന്ന് കവി വാക്യം അന്വത്ഥമാക്കും വിധമാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസ്ഥ എപ്പോഴും. ഓരോ കാലത്തിലും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന എതിരാളികള്‍. കോണ്‍ഗ്രസിനെ ഗ്രസിച്ചിരിക്കുന്ന എതിരാളികളായി മാറുന്നു. വളരുകയും തളരുകയും, വീഴുകയും എഴുന്നേറ്റ് നില്‍ക്കുകയും ചെയ്യുന്ന പാര്‍ട്ടി. ഇത് ഇങ്ങനെയാണെന്ന് ഉൗറ്റംകൊണ്ടും, ഉയിരു കൊടുക്കുമെന്നും ഒക്കെ വാമ്പടിക്കലുകള്‍.
പാര്‍ലമെന്ററി വ്യാമോഹം മാത്രം ഉള്ളിലൊതുക്കി കപട മുദ്രാവാക്യം വിളിക്കുന്നവര്‍. എന്റെ എന്റെയെന്നാര്‍ത്തും കയര്‍ത്തും ദുരാചാര രൗദ്രത്തിനങ്കം കുറിക്കുന്നവര്‍. ജാതീയത, പ്രദേശിക വാദം, ഗ്രൂപ്പിസം, തമ്മില്‍ത്തല്ല്, സീറ്റ് മോഹം. ഇതിനപ്പുറമൊന്നുമില്ല കോണ്‍ഗ്രസ്. പഴയ എതിരാളികള്‍ പല്ലുകൊഴിഞ്ഞ സിംഹങ്ങളായി മടകളില്‍, കിട്ടിയ എല്ലിന്‍കഷ്ണം കടിച്ച് കഴിചട്ചു കൂട്ടുന്നു. പുതിയ നേതാക്കള്‍ പഴയതിനെയും പുതിയ എതിരാളികളെയും നേരിടാന്‍ തക്കം പാര്‍ത്തിരിക്കുന്നു.
കെ. സുധാകരനും വി.ഡി. സതീശനുമണ് ഇപ്പോഴത്തെ എതിരാളികള്‍. ഒരാള്‍ കെ.പി.സി.സി പ്രസിഡന്റ് മറ്റൊരാള്‍ പ്രതിപക്ഷ നേതാവ്. ഇവര്‍ക്കിടയിലെ ചെറുതും വലുതുമായ നേതാക്കളെല്ലാം അപ്രഖ്യാപിത പോരാട്ടത്തിലാണ്. ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും പടയൊരുക്കാം. കോണ്‍ഗ്രസ് വിട്ട് ഇടതിലോ ബി.ജെ.പിയിലോ ചേക്കേറാം. വായില്‍ തോന്നുന്നതെല്ലാ വിളിച്ചു പറയാം. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കോണ്‍ഗ്രസ് ആരംഭിച്ച കാലം മുതല്‍, അതായത്, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ ആരംഭിച്ച പടപ്പുറപ്പാടാണ്.
പക്ഷെ, പാര്‍ട്ടിക്കുള്ളിലെ നേതാക്കളുടെ തമ്മിലടി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ജനങ്ങള്‍ ഒരിക്കലും നോക്കിയിരുന്നില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസിന് ജനാധിപത്യ പ്രക്രിയയിലൂടെ അധികാരം ലഭിച്ചിരുന്നത്. എന്നാല്‍, കാര്യങ്ങളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിനപ്പുറം കെട്ടുറപ്പുള്ള ഭരണമാണ് രാജ്യത്തിനു വേണ്ടതെന്ന ചിന്ത ജനങ്ങളെ ആകര്‍ഷിച്ചു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിലും, ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് പ്രതീക്ഷിക്കാത്ത തിരിച്ചടികള്‍ ലഭിക്കുന്നതും.
കെ. കരുണാകരനെ ഉമ്മന്‍ചാണ്ടിയും എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും ചതിച്ചെന്ന് കോണ്‍ഗ്രസുകാര്‍ തന്നെയാണ് പറയുന്നത്. ഐ. ഗ്രൂപ്പും എ. ഗ്രൂപ്പും ഉണ്ടായതിനു പിന്നിലെ കഥകള്‍ വേറെയുമുണ്ട്. അത് പിന്നെ സതീശന്‍ സുധാകരന്‍ യുഗത്തിലേക്ക് കടന്നതോടെ പവര്‍ ഗ്രൂപ്പ് കളിയിലേക്ക് മാറി. പാര്‍ട്ടിയെ സുധാകരനും, പാര്‍ലമെന്ററി പാര്‍ട്ടിയെ സതീശനും കൈയ്യില്‍വെച്ച് കളിച്ചു. ഇപ്പോള്‍ ആ കളിയുടെ പ്രധാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തിക്കഴിഞ്ഞു. സുധാകരന്റെ പരസ്യ പ്രതികരണങ്ങള്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും ബാധ്യതയാകുന്നു എന്ന്ചൂണ്ടിക്കാട്ടിയാണ് സതീശന്റെ ആക്രമണം. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ സുധാകരനെ മാറ്റണമെന്ന ആവശ്യം നേതൃത്വത്തിനു മുന്നില്‍ ഉന്നയിച്ചെന്നാണ് സൂചനകള്‍. ഷാഫി പറമ്പില്‍ എം.പി അടക്കമുള്ള ചില യുവ എം.എല്‍.എമാര്‍ എന്നിവരെയും ഒപ്പംനിര്‍ത്തിയാണ് സതീശന്റെ വെല്ലുവിളി.
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പിന്തുണയോടെയാണ് ഈ നീക്കമെന്നും കോണ്‍ഗ്രസിന്റെ ഉള്ളുകളികളില്‍ പങ്കുള്ളവര്‍ പറയുന്നു. കെ. സുധാകരനെ പ്രസിഡന്റ് സ്ഥാനത്തിരുത്തി തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും നേരിടാനാകില്ല. സുധാകരന് പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതയുണ്ട്. മാധ്യമങ്ങള്‍ക്കും മൈക്കിനും മുന്നില്‍ എന്തും വിളിച്ചുപറയുന്നു. കോണ്‍ഗ്രസ് പാനലിന് വോട്ടുചെയ്യാത്തവരെ ജീവിക്കാന്‍ അനുവദിക്കില്ല എന്ന് പ്രസ്താവിച്ചതും,
രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി പറമ്പിലിന്റെ നോമിനിയാണെന്ന് പറഞ്ഞതുമാണ് സതീശന്‍ ആയുധമാക്കിയത്. ഉപതെരഞ്ഞെടുപ്പില്‍ കെ മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി എ.ഐ.സി.സിക്ക് നല്‍കിയ കത്ത് പുറത്തുവന്നതും കോണ്‍ഗ്രസിനും യുഡിഎഫിനും പ്രതിസന്ധിയായിട്ടുണ്ട്. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നം രൂക്ഷമാക്കാനുതകുന്ന കത്തില്‍ ഒപ്പിട്ടിരിക്കുന്നത് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പന്‍, വി.കെ ശ്രീകണ്ഠന്‍ എം.പി, മുതിര്‍ന്ന നേതാവ് വി.എസ് വിജയരാഘവന്‍ ഉള്‍പ്പെടെ എട്ട് നേതാക്കളാണ്.
ഇതിനു പിന്നാലെ കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിരുന്ന ഡോ. പി സരിന്റെ വെളിപ്പെടുത്തല്‍ കൂടി വന്നത് വലിയ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. കമ്യൂണിസ്റ്റുകാരെ ശരിയാക്കാന്‍ ബിജെപിയും ആര്‍എസ്എസും വേണമെന്നാണ് സതീശനും സുധാകരനും ചിന്തിക്കുന്നതെന്നാണ് ഒപ്പം നടന്നവര്‍ പറയുന്നത്. കോണ്‍ഗ്രസ് എന്നാല്‍, സതീശനെന്നും, അതല്ല, കെ. സുധാകരനാണെന്നും സ്ഥാപിക്കാനുള്ള വ്യഗ്രതയാണ് കാണുന്നത്. സതീശനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ആര് നോക്കിയാലും നടക്കില്ലെന്ന മുന്നറിയിപ്പുമുണ്ട്.
ഞാനാണ് കോണ്‍ഗ്രസ്, ഞാനല്ലാതെ ഒരു കോണ്‍ഗ്രസ് നിനക്കുണ്ടാകരുതെന്ന പുതിയ പാഠവും മൊത്തം കോണ്‍ഗ്രസുകാരെ പഠിപ്പിക്കാനും ശ്രമമുണ്ട്. ഉമ്മന്‍ചാണ്ടിയുടെ മരണത്തിനു ശേഷം കോണ്‍ഗ്രസിലുണ്ടായത്, പാര്‍ട്ടിയിലെ ശക്തന്‍ ആരാണെന്ന ചോദ്യമാണ്. അതിനുത്തരം നല്‍കാനാണ് സുധാകരനും സതീശനും മത്സരിച്ചത്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഘോഷവും കഴിഞ്ഞ് വാര്‍ത്താ സമ്മേളനം നടത്തിയപ്പോള്‍ വൈകിവന്ന സതീശനെ തെറി പറഞ്ഞ സുധാകരന്റെ പ്രവൃത്തി കേരളം കണ്ടതാണ്.
മറ്റൊരു വാര്‍ത്താ സമ്മേളനത്തില്‍ ‘ഞാനാണ് പ്രസിഡന്റ് ആദ്യം ഞാന്‍ പറയാം ‘ എന്ന് വാശി പിടിച്ച് മൈക്ക് വാങ്ങുന്ന സുധാകരനോട് പിണങ്ങിയിരുന്ന സതീശനും കേരളത്തിനു നല്‍കിയ സന്ദേശം മറ്റൊന്നല്ല. തമ്മില്‍ ചേരാത്ത മോരും മുതിരയും പോലെയാണ് കെ.പി.സി.സിയും യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയും എന്നാണ്. ഇതു തന്നെയാണ് നടക്കുന്നതും. സതീശന് കോണ്‍ഗ്രസില്‍ സതീശന്‍ മാത്രം നേതാവായി മതിയെന്നാണ് ആഗ്രഹം. എന്നാല്‍, സതീശനായാലും വേറെ ആരൊക്കെ വന്നാലും താനാണ് പ്രധാന നേതാവെന്ന് കെ. സുധാകരനും പറയുമ്പോള്‍ പോരാട്ടം ഇവിടെ അവസാനിക്കില്ലെന്നുറപ്പാണ്.
ഓരോ തെരഞ്ഞെടുപ്പു കാലത്തും പാര്‍ട്ടിയില്‍ നിന്നും വിട്ടുപോകുന്നവര്‍, പുറത്തിറങ്ങി വിളിച്ചു പറയുന്ന കാര്യങ്ങള്‍ വിശകലനം ചെയ്താല്‍ പാര്‍ട്ടിക്കുള്ിളിലെ പുഴുക്കുത്തുകള്‍ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാകും. കോണ്‍ഗ്രസിന്റെ കുരിശേറ്റം നടക്കുകയാണിപ്പോള്‍. ഒരുകാലത്ത് ഇന്ത്യാ മഹാരാജ്യം ഭരിച്ചിരുന്ന, ജനങ്ങളുടെയാകെ വിശ്വാസം നേടിയെടുത്ത പാര്‍ട്ടിയുടെ കുരിശോറ്റത്തിന് കാരണക്കാര്‍ നേതാക്കള്‍ തന്നെയാണ്. അധികാര രാഷ്ട്രീയത്തില്‍ മദോന്‍മത്തരായ നേതാക്കള്‍. അവര്‍ ഈ പാര്‍ട്ടിയെ മുള്‍ക്കിരീടം അണിയിച്ച്, ചാട്ടവാറടി നല്‍കി, കുരിശില്‍ ആണിയടിച്ച് തൂക്കുന്ന കാലമാണ് വരാനിരിക്കുന്നത്.
CONTENT HIGHLIGHTS;Congress’ Crucifixion: V.D Satheesan and K. Sudhakaran nailed to contest; How long is left to stop breathing