സബര്‍മതി ജയിലും തിഹാര്‍ ജയിലും ഒരുപോലെ വാസഗ്രഹങ്ങളാക്കിയ ഇന്ത്യയിലെ അധോലോക നായകനായി മാറിയ ഡോണ്‍ ആണ് ലോറന്‍സ് ബിഷ്ണോയി. ജയിലില്‍ ബിഷ്ണോയിക്ക് ആശയവിനിമയം നടത്താന്‍ മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള എല്ലാ സൗകര്യങ്ങളും ലഭ്യം. ഏകാന്ത തടവിലാണെന്ന പേരുമാത്രം. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ വിവിധ ജയിലുകളിലേക്കു മാറ്റിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യം പാകിസ്ഥാന് ആസ്ഥാനമായുള്ള ഗുണ്ടാസംഘം ഷഹ്സാദ് ഭാട്ടിയുമായി ലോറന്‍സ് ബിഷ്ണോയ് സംഭാഷണം നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. 2014 മുതല്‍ ജയിലില്‍ തന്നെയാണ് ബിഷ്ണോയ്.
ജയിലില്‍ കിടന്നാലും, പുറത്തായാലും ലോറന്‍സ് ബിഷ്ണോയിയുടെ ഗ്യാങ് എപ്പോഴും സജീവമാണ്. ഇന്ത്യ-കാനഡ-പാക്കിസ്താന്-അമേരിക്ക തുടങ്ങിയ ഇടങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന അധോലോക സംഘത്തിന്റെ തലതൊട്ടപ്പന്റെ പേരാണ് ലോറന്‍സ് ബിഷ്ണോയി. ഇന്ത്യയിലും വിദേശത്തുമുള്ളവരുമായി ആശയവിനിമയം നടത്താന്‍ സിഗ്നല്‍, ടെലിഗ്രാം പോലുള്ള ആപ്പുകളാണ് സംഘം ഉപയോഗിക്കുന്നത്. വടക്കേ അമേരിക്കയിലും ബിഷ്ണോയ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. സഹോദരന് അന്മോല്, ഗോള്‍ഡി ബ്രാര്‍, രോഹിത് ഗോദാര എന്നിവരുമായി ലോറന്‍സ് നിരന്തരം ആശയവിനിമയം നടത്താറുണ്ട്. ഖാലിസ്ഥാന്‍ വിഘടനവാദികളുമായി സംഘം അടുത്ത ബന്ധത്തിലാണ്.
ബിഷ്ണോയിയുടെ മറ്റു സഹായികളും കാനഡയിലും അമേരിക്കയിലുമുണ്ടെന്നാണ് സൂചനകള്‍. തടവിലായിരുന്നിട്ടും സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ബിഷ്ണോയി കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നതിനു തെളിവാണ് മുതിര്‍ന്ന എന്‍സിപി (അജിത് പവാര്‍) നേതാവ് ബാബ സിദ്ദിഖിന്റെ കൊലപാതകം. ഈ കൊലപാതകത്തോടെ ബിഷ്ണോയിയും ഗ്യാങും വീണ്ടും വാര്‍ത്തകളില്‍ ഇടംപടിച്ചു. മുംബൈ പോലീസിന്റെ മൂക്കിന് തുമ്പത്തുവെച്ചാണ് ബാബ സിദ്ദിഖ് വെടിയേറ്റു മരിച്ചത്. ആക്രമണത്തിന് പിന്നില്‍ ലോറന്‍സ് ബിഷ്ണോയ് സംഘമാണെന്ന വാര്‍ത്തയും പരന്നു. അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ പാത പിന്തുടരുകയാണ് ലോറന്‍സ് ബിഷ്ണോയി ചെയ്യുന്നതെന്ന വാര്‍ത്തകള്‍ നിറയുന്നുണ്ട്.
2022ല്‍ പ്രശസ്ത പഞ്ചാബി ഗായകന് സിദ്ധു മൂസെവാല വെടിയേറ്റു കൊല്ലപ്പെട്ടതോടെയാണ് ലോറന്‍സ് ബിഷ്ണോയ്യുടെ ഗുണ്ടാസംഘം കുപ്രസിദ്ധി നേടുന്നത്. പഞ്ചാബിലും ഡല്‍ഹിയിലും കൊലപാതകങ്ങള്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സംഘത്തിന്റെ തലവനാണ് ബിഷ്ണോയി. ജയിലിനുള്ളില്‍ നിന്നാണ് ലോറന്‍സ് ബിഷ്ണോയ് എന്ന ക്രിമിനല്‍ ഈ കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. പഞ്ചാബിലെ ഫിറോസ്പുര്‍ ജില്ലയിലെ ധട്ടാരന്‍വാലി ഗ്രാമത്തിലെ കാര്‍ഷിക കുടുംബത്തില്‍പ്പെട്ടയാളായാണ് ലോറന്‍സ് ബിഷ്ണോയ്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടുവരുന്ന ബിഷ്ണോയ് സമുദായത്തില്‍പ്പെട്ടയാള്‍.
സാമ്പത്തികമായി നല്ല നിലയിലുള്ള കുടുംബമായിരുന്നു ലോറന്‍സിന്റേത്. 12-ാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ലോറന്‍സ് 2010ല്‍ ഉന്നത വിദ്യാഭ്യാസത്തിനായി ചണ്ഡിഗഡിലേക്കു മാറി. പഞ്ചാബ് സര്‍വകലാശാലയിലെ ഡി.എ.വി കോളേജില്‍ വെച്ച് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ഭാഗമായി. 2011നും 2012നും ഇടയില്‍ സ്റ്റുഡന്റ് ഓര്ഗനൈസേഷന് ഓഫ് പഞ്ചാബ് യൂണിവേഴ്സിറ്റി(എസ്.ഒ.പി.യു)യുടെ പ്രസിഡന്റായി. അധികം വൈകാതെ ലോറന്‍സ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്കു വഴിമാറി. വിദ്യാര്‍ഥിരാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ മറയാക്കിയാണ് ആദ്യകാലത്ത് കുറ്റകൃത്യങ്ങള്‍ ചെയ്തിരുന്നത്. അന്ന് ലോറന്‍സിന് വയസ്സ് 19. ലോറന്‍സ് ബിഷ്ണോയ്ക്കെതിരായ ആദ്യ എഫ്.ഐ.ആര് വധശ്രമത്തിനായിരുന്നു.
തുടര്‍ന്ന് 2010 ഏപ്രിലില്‍ അതിക്രമിച്ച് കയറിയതിന് മറ്റൊരു എഫ്.ഐ.ആര്. 2011 ഫെബ്രുവരിയില്‍, ആക്രമണത്തിനും മൊബൈല്‍ ഫോണ്‍ കവര്‍ച്ചയ്ക്കും കേസെടുത്തു. മൂന്ന് കേസും വിദ്യാര്‍ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഗുണ്ടാസംഘങ്ങളില്‍ ഒന്നിന്റെ നേതാവായി മാറുന്നതിനുള്ള ലോറന്‍സിന്റെ യാത്ര ആരംഭിക്കുന്നത് ഇവിടെയാണ്. പിന്നാലെ പഞ്ചാബിലെ ഫാസില്‍ക സ്വദേശിയായ ഗുണ്ടയും രാഷ്ട്രീയക്കാരനുമായ റോക്കി എന്ന ജസ്വീന്ദര് സിങ് ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ ഭാഗമായി. വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ മറവില്‍ രാജസ്ഥാന്റെ ചില ഭാഗങ്ങളിലും രാജസ്ഥാന്-പഞ്ചാബ് അതിര്‍ത്തിയിലുള്ള ശ്രീ ഗംഗാനഗര്‍, ഭരത്പൂര്‍ തുടങ്ങിയ നഗരങ്ങളിലും സംഘം സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇതിനിടയില്‍ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് എല്‍.എല്‍.ബി ബിരുദവും ലോറന്‍സ് നേടി.
റോക്കി 2016 ല്‍ ഹിമാചല്‍ പ്രദേശിലെ പര്വാനോയ്ക്കു സമീപംവെച്ച് കൊല്ലപ്പെട്ടു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം കുപ്രസിദ്ധ ഗുണ്ടാസംഘം ജയ്പാല് ഭുള്ളര്‍ ഏറ്റെടുത്തിരുന്നു. ഭുള്ളര്‍ പിന്നീട് 2020ല്‍ കൊല്‍ക്കത്തയില്‍ വെടിയേറ്റു മരിച്ചു. അങ്ങനെ പ്രതികാര കൊലപാതകങ്ങളും മറ്റു ഗുണ്ടാസംഘങ്ങളുമായുള്ള മത്സരങ്ങളും മയക്കുമരുന്ന്-മദ്യക്കടത്ത്, ആയുധക്കടത്ത് ഉള്‍പ്പടെയുള്ള കള്ളക്കടത്തുകളും കൊണ്ട് ബിഷ്ണോയ് സംഘം വളര്‍ന്നു. മാഫിയകളില്‍നിന്നും പ്രശസ്തരില്‍ നിന്നു പണം തട്ടിയതായും സംഘത്തിനെതിരെ ആരോപണങ്ങളുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളും അല്ലാത്ത കൊലപാതകങ്ങളും നടത്താന്‍ സംഘം കരാര്‍ എടുക്കാന്‍ തുടങ്ങി.
പഞ്ചാബിന് പുറത്തേക്കും ബിഷ്ണോയി സംഘം വളര്‍ന്നു. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഡല്‍ഹി, രാജസ്ഥാന്, ഝാര്‍ഖണ്ഡ് എന്നിവയുള്‍പ്പെടെ ഉത്തരേന്ത്യയിലുടനീളം വ്യാപിച്ച് കിടക്കുന്ന വലിയ ശൃംഖലയാണ് ലോറന്‍സ് ബിഷ്ണോയ് സംഘം. 2020-21 കാലയളവില്‍ കൊള്ളകള്‍ നടത്തിയാണ് സംഘം കോടിക്കണക്കിനു രൂപ സ്വന്തമാക്കിയത്. ബിഷ്ണോയ് സംഘത്തിനുകീഴില്‍ 700 ഷൂട്ടര്‍മാരുണ്ട്. ഇവരില്‍ 300 പേരും പഞ്ചാബില്‍ നിന്നുള്ളവരെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ റിപ്പോര്‍ട്ട്. ഒപ്പം പ്രാദേശിക ഗുണ്ടാസംഘങ്ങളുമായും ഇവര്‍ക്ക് അടുത്ത ബന്ധമുണ്ട്. കനേഡിയന്‍ പോലീസും ഇന്ത്യന്‍ ഏജന്‍സികളും കുറ്റവാളിയായി പ്രഖ്യാപിച്ച ഗോള്‍ഡി ബ്രാര്‍ എന്ന സത്വിന്ദര്‍ സിങ്ങാണ് ലോറന്‍സ് ബിഷ്ണോയി സംഘത്തെ പുറത്ത് നയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
കൊലപാതകം, കൊലപാതകശ്രമം, കൊള്ളയടിക്കല്‍, മറ്റു കുറ്റകൃത്യങ്ങള്‍ എന്നിങ്ങനെ ഇരുപത്തി അഞ്ചോളം കേസുകളാണ് ലോറന്‍സ് ബിഷ്ണോയ് നേരിടുന്നത്. നിലവില്‍ അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇയാള്‍ ജയിലിനുള്ളില്‍ നിന്നാണ് സംഘത്തെ പ്രവര്‍ത്തിപ്പിക്കുന്നതെന്നാണ് കരുതുന്നത്. അതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന (എ ടി എസ്) ബിഷ്ണോയ്യെ ജയിലിലടച്ചത്. അതിര്‍ത്തികടന്നുള്ള കള്ളക്കടത്ത് സുഗമമാക്കാന്‍ സംഘം തങ്ങളുടെ ശൃംഖലകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് എടിഎസ് ആരോപിച്ചിരുന്നു.
2022ല്‍ പഞ്ചാബി ഗായകന് സിദ്ധു മൂസെവാല വെടിയേറ്റു മരിച്ചപ്പോള്‍ ലോറന്‍സ് ബിഷ്ണോയ് സംഘം ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. യുവ അകാലിദള്‍ നേതാവ് വിക്രംജിത് സിങ്ങിനെ വിക്കി മിദ്ദുഖേര കൊലപ്പെടുത്തിയതിനു പ്രതികാരമായാണ് മൂസെവാലയെ കൊലപ്പെടുത്തിയതെന്ന് ഗോള്‍ഡി ബ്രാര്‍ അവകാശപ്പെട്ടിരുന്നു. ഈ വര്‍ഷം ആദ്യം ബ്രാറിനെ യു.എ.പി.എ പ്രകാരം തീവ്രവാദിയായി എന്‍.ഐ.എ പ്രഖ്യാപിക്കുകയും ചെയ്തു. സല്മാന് ഖാനുമായുള്ള അടുപ്പമാണ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിനു പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 1998ല്‍ രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ കൊന്നുവെന്ന് ആരോപിച്ച് സല്മാന് ഖാനെതിരെ ബിഷ്ണോയ് ഭീഷണി മുഴക്കിയിരുന്നു.
കൃഷ്ണമൃഗത്തെ ബിഷ്ണോയി സമൂഹം പുണ്യമൃഗമായാണ് കണക്കാക്കുന്നത്. സമീപ വര്‍ഷങ്ങളില്‍ സല്മാന് ഖാനെതിരെ പലതവണ സംഘം പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ സല്മാന് ഖാന്റെ മുംബൈ വസതിക്കുപുറത്ത് ബിഷ്ണോയ് സംഘത്തിലെ അംഗങ്ങള്‍ ഒന്നിലധികം തവണ വെടിയുതിര്‍ത്തിരുന്നു. സല്മാന് ഖാന്റെ വീടിനു ചുറ്റും മുംബൈ പോലീസ് സുരക്ഷാ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജന്, രവി പൂജാരി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള മുംബൈയിലെ അധോലോക സംഘങ്ങളുടെ പാതയാണ് ലോറന്‍സ് ബിഷ്ണോയ് സംഘവും പിന്തുടരുന്നതെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.
ഹിന്ദി സിനമാ മേഖല തന്നെ അധോലോക നായകന്മാരുമായും, ആയുധ ഇടപാടുകളുമായും നിരന്തരം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നുണ്ട്. സിനിമാ പ്രവര്‍ത്തകര്‍ക്കും, പ്രൊഡ്യൂസര്‍മാര്‍ക്കും പണം നല്‍കുന്നതും അധോലോക നായകന്മാരാണെന്ന അപവാദവും കേള്ക്കാനിടയാകുന്നുണ്ട്. നടിമാര്‍ക്കും, നായകന്മാര്ക്കും സ്വകാര്യ സെക്യൂരിട്ടി നല്‍കുന്നതും ഇവരാണ്. ഖലിസ്ഥാന്‍ വാദികളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം നടത്താന്‍ ബിഷ്ണോയി സംഘം ശ്രമിക്കുന്നത് രാജ്യത്തിനു തന്നെ ഭീഷണിയാണ്. എന്നാല്‍, ജയിലില്‍ കഴിയുന്നതു കൊണ്ട് പുറത്ത് നടക്കുന്ന കൊലപാതകങ്ങളുമായി ബിഷ്ണോയിക്ക് ബന്ധമില്ലെന്ന നിഗമനത്തിലാണ് പോലീസും എത്തിച്ചേരുന്നത്.
CONTENT HIGHLIGHTS;Who is Gangster Lawrence Bishnoi?: India’s Big Boss’ Plot in Jail; The team is ready for anything outside