ഇന്ത്യന്‍ ആര്‍മിയിലെ ഫാന്റം എന്ന സ്‌നിഫര്‍ ഡോഗ് വീരമൃത്യു വരിച്ചിരിക്കുന്നു. അര്‍ഹിക്കുന്ന ബഹുമതികളോടെ സൈന്യം ഫാന്റത്തിന് അന്ത്യയാത്രയും നല്‍കിക്കഴിഞ്ഞു. ജമ്മു കശ്മീരിലെ അഖ്നൂരിലെ ബട്ടാല്‍ ഏരിയയില്‍ 28 ന് നടന്ന വലിയ ഭീകരവിരുദ്ധ ഓപ്പറേഷനില്‍ ആണ് ഫാന്റം കൊല്ലപ്പെട്ടത്. ഭീകരരുടെ തോക്കിന്‍ മുമ്പില്‍പ്പോലും തിരിഞ്ഞോടാതെ ഒരു ഇന്ത്യന്‍ പട്ടാളക്കാരന്റെ ധൈര്യത്തോളം ചേര്‍ന്നു നിന്നാണ് മാതൃദേശത്തിന്റെ സുരയ്ക്കായി വീരമൃത്യു വരിച്ചത്. ധൈര്യത്തിന്റെ പര്യായമായ ഫാന്റം എന്ന പേരുപോലും സ്‌നിഫര്‍ ഡോഗിന് ഇടാന്‍ കാരണമായത്, അതിന്റെ നിതാന്ത ജാഗ്രതയും അനുസരണയും പിന്നെ ആക്രമണ ശേഷിയുമായിരുന്നു.
ഫാന്റത്തിന്റെ വീരമൃത്യു-എന്താണ് സംഭവിച്ചത് ?
28ന് ജമ്മു കാശ്മീരിലെ അഖ്നൂര്‍ സെക്ടറില്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ക്കായുള്ള തെരച്ചിലിനിടെയാണ് തീവ്രവാദിയുടെ വെടിയേറ്റ്. ഫാന്റം വീരമൃത്യു വരിച്ചത്. രാവിലെ ആറരയോടെ സേനയുടെ ആംബുലന്‍സിന് നേരെ ഭീകരാക്രമണമുണ്ടായി. തുടര്‍ന്ന് സൈനികര്‍ പ്രത്യാക്രമണം നടത്തി. ഇതോടെ ഭീകരര്‍ സമീപത്തെ വനമേഖലയിലേക്ക് രക്ഷപ്പെട്ടു. പിന്നാലെ സൈന്യം ഭീകരര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു. വെല്ലുവിളി നിറഞ്ഞ കാനന ഭൂപ്രദേശങ്ങള്‍ക്കിടയില്‍ ഭീകരരുടെ പാത പിന്തുടരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഓപ്പറേഷന്‍ പുരോഗമിക്കുമ്പോള്‍, ഫാന്റം മറഞ്ഞിരിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുകയും രക്ഷപ്പെടാന്‍ സാധ്യതയുള്ള വഴികള്‍ തിരിച്ചറിയുകയും ചെയ്തു. സൈനികരെ വലയം ശക്തമാക്കാന്‍ പ്രാപ്തമാക്കി.
ഒരു കെട്ടിടത്തിന്റെ നിലവറയില്‍ ഒളിച്ചിരുന്ന ഭീകരരെ കണ്ടെത്തിയതോടെ വെടിവയ്പ്പ് ആരംഭിച്ചു. കവര്‍ഫയര്‍ ആരംഭിച്ചതോടെ ഭീകരരും തിരിച്ചു വെടിയുതിര്‍ത്തു. രൂക്ഷമായ വെടിവെയ്പ്പിനിടെയാണ് തെരച്ചില്‍ സംഘത്തിന് വഴികാട്ടിയിരുന്ന ഫാന്റത്തിന് വെടിയേറ്റത്. ഒപ്പമുള്ളവര്‍ വെടിയേറ്റ് വീണാല്‍ പോലും പതറാത്ത രാജ്യത്തിന്റെ ധീര സൈനികരുടെ കണ്ണുകള്‍ പോലും ഈറനണിയിച്ചാണ് ഫാന്റത്തിന്റെ മടക്കം. പിര്‍ പഞ്ചാല്‍ പര്‍വതനിരകളുടെ ഉള്‍പ്രദേശങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളിലും സൈന്യത്തിന്റെ ആധിപത്യത്തെ പ്രതിരോധിക്കാന്‍ പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്യുന്ന തന്‍സീമുകളുടെ വിപുലമായ തന്ത്രത്തിന്റെ ഭാഗമായി ദീപാവലി കാലത്ത് സമാധാനം തകര്‍ക്കാനാണ് ഭീകരര്‍ ലക്ഷ്യമിട്ടത്.
വര്‍ദ്ധിച്ച സൈനിക സാന്ദ്രതയും നിയന്ത്രണ രേഖയില്‍ (LOC) ശക്തമായ നുഴഞ്ഞുകയറ്റ ശൃംഖലയും ഉപയോഗിച്ച്, തീവ്രവാദികള്‍ നിയന്ത്രണരേഖയ്ക്ക് സമീപത്തേക്ക് പ്രവര്‍ത്തനം മാറ്റി. ഇത് കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള തീവ്ര ശ്രമങ്ങളിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. ഡ്രോണുകള്‍, ഓര്‍ഡനന്‍സ് ഡ്രോപ്പിംഗ് ഉപകരണങ്ങള്‍, രാത്രി നിരീക്ഷണ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യയുടെ പിന്തുണയോടെയുള്ള ഓപ്പറേഷന്‍, ഭീകര ഭീഷണിയെ വിജയകരമായി നിര്‍വീര്യമാക്കി. ഭീകരര്‍ രക്ഷപ്പെടുന്നത് തടയുകയും സൈനികര്‍ക്കിടയില്‍ ആളപായമില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. ദീപാവലി ആഘോഷങ്ങള്‍ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കിടയിലും സമാധാനവും ഐക്യവും നിലനിര്‍ത്താനുള്ള സൈന്യത്തിന്റെ പ്രതിബദ്ധത ഈ ദൗത്യം ശക്തിപ്പെടുത്തി.
അതേസമയം, ഏറ്റുമുട്ടലിനിടയില്‍ ധീരനായ ഫാന്റത്തിന് ജീവന്‍ നഷ്ടമായതായി സൈനിക വൃത്തങ്ങള്‍ അറിയിക്കുകയും ചെയ്തു. ‘ഞങ്ങളുടെ ഹീറോ, ധീരനായ സൈനിക നായ ഫാന്റത്തിന്റെ അത്യുന്നതമായ ജീവത്യാഗത്തെ ഞങ്ങള്‍ സല്യൂട്ട് ചെയ്യുന്നു. നമ്മുടെ സൈന്യം ഭീകരര്‍ക്ക് നേരെ അടുക്കുമ്പോള്‍ ഫാന്റത്തിന് ശത്രുക്കളുടെ വെടിയേല്‍ക്കുകയായിരുന്നു. അവന്റെ ധൈര്യവും വിശ്വസ്തതയും സമര്‍പ്പണബോധവും ഞങ്ങള്‍ ഒരിക്കലും മറക്കില്ല’ എന്നാണ് ഫാന്റത്തിന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോര്‍ എക്സില്‍ കുറിച്ചത്. ഫാന്റത്തിന്റെ ചിത്രങ്ങളും പങ്കുവച്ചു കൊണ്ടായിരുന്നു കുറിപ്പ്.
ഇന്ത്യന്‍ ആര്‍മിയിലെ സ്‌നിഫര്‍ ഡോഗ് ‘ഫാന്റം ജനിക്കുന്നു’ ?
ബെല്‍ജിയന്‍ മാലിനോയിസ് വംശത്തില്‍പ്പെട്ട സ്നിഫര്‍ ഡോഗാണ് ഫാന്റം. 2020 മെയ് മാസത്തിലാണ് ജനിച്ചത്. 2022 ഓഗസ്റ്റില്‍ ഫാന്റം ബട്ടാല്‍ ഏരിയയില്‍ ഉള്‍പ്പെടുത്തി. ഇന്ത്യന്‍ ആര്‍മിയില്‍ ഫാന്റം പ്രവേശിച്ചതു മുതല്‍, ഒന്നിലധികം ദൗത്യങ്ങളുടെ സുപ്രധാന ഭാഗമായി മാറുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ആര്‍മിയുടെയും കെ9 യൂണിറ്റിന്റെയും അചഞ്ചലമായ ചൈതന്യത്തിന്റെ ശക്തമായ പ്രതീകമാണ് ഫാന്റം.
രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതില്‍ നായ്ക്കളിലെ വീരന്മാര്‍ നല്‍കിയ നിശബ്ദവും, എന്നാല്‍ നിര്‍ണായകവുമായ സംഭാവനകളുടെ ഓര്‍മ്മപ്പെടുത്തലാണ് ഈ വീരമൃത്യു. ശ്വാസന സേനയിലെ ബുദ്ധിമാനായ സ്‌നിഫര്‍ ഡോഗ് കൂടിയാണ് ഫാന്റം. സൈന്യത്തിന്റെ നായ്ക്കളുടെ യോദ്ധാക്കളുടെ ധീരത, വിശ്വസ്തത, സുപ്രധാന സംഭാവനകള്‍ എന്നിവയ്ക്ക് അടിവരയിടുന്നതിലും ഭീകരരുടെ നിയന്ത്രണങ്ങള്‍ ഉറപ്പാക്കുന്നതിലും ഫാന്റത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായിരുന്നു.
ഫാന്റത്തിന്റെ ത്യാഗം ദേശീയ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള ഉയര്‍ന്ന മൂല്യങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ്. നാലു വര്‍ഷവും അഞ്ചു മാസവും പ്രായമുള്ള ഫാന്റം രണ്ടു വര്‍ഷവും രണ്ടു മാസവുമാണ് ഇന്ത്യന്‍ ആര്‍മിക്കൊപ്പം ജോലി ചെയ്തത്. ചുരുങ്ങിയ കാലയളവില്‍ സൈന്യത്തെ സേവിക്കാന്‍ കഴിഞ്ഞ നന്ദിയുള്ള നായ്ക്ക് ഓരോ സൈനികരും ഹൃദയത്തില്‍തട്ടിയാണ് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്.
ഫാന്റത്തിന്റെ പരമോന്നത ത്യാഗത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും സൈനികരുടെ വേഗത്തിലുള്ളതും ഏകോപിപ്പിച്ചതുമായ പ്രതികരണത്തെ അഭിനന്ദിക്കുകയും ചെയ്തു. ‘ഫാന്റമിന്റെ ധീരത ജീവന്‍ രക്ഷിക്കുകയും ഓപ്പറേഷന്റെ വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്തു. അദ്ദേഹത്തിന്റെ ത്യാഗം ബഹുമാനത്തോടെ സ്മരിക്കപ്പെടുമെന്ന് ഡിഫന്‍സ് പി.ആര്‍.ഒ പറഞ്ഞു. 2022 ഒക്ടോബറില്‍ ജമ്മു കാശ്മീരിലെ അനന്ത്നാഗിലെ ഭീകര വിരുദ്ധ ദൗത്യത്തിനിടെ മറ്റൊരു സ്‌നിഫര്‍ ഡോഗായ സൂം വീരമൃത്യു വരിച്ചിരുന്നു.
ഫാന്റം എന്ന പേര് ?
ഒരു അമേരിക്കന്‍ സാഹസിക ചിത്രകഥയാണ് ദി ഫാന്റം. 1936ല്‍ ലീ ഫാല്‍ക് ആണ് ഈ സാഹസിക നായകനെ സൃഷ്ടിച്ചത്. ഇന്ന് കാണുന്ന എല്ലാ സൂപ്പര്‍ നായകന്‍മാര്‍ക്കും ഉള്ള അടിസ്ഥാന രൂപം ഉണ്ടായത് ഫാന്റത്തില്‍ നിന്നുമാണ്. കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുന്ന മുഖംമൂടി അണിഞ്ഞ ഒരു മനുഷ്യനാണ് ഫാന്റം. മറ്റു സൂപ്പര്‍ നായകന്മാരെ പോലെ അമാനുഷിക കഴിവുകളൊന്നും തന്നെ ഫാന്റത്തിനില്ല. എപ്പോഴും ശാരീരികവും മാനസികവുമായി കരുത്തനായ ഫാന്റം, നിതാന്ത ജാഗ്രത, മിന്നല്‍ പോലെ ഉള്ള പ്രതികരണം ഇവയൊക്കെ എപ്പോഴും കൂടെയുണ്ട്. മെയ് വഴക്കത്തിനു വേണ്ടി ശരീരവുമായി പറ്റിച്ചേര്‍ന്നു കിടക്കുന്ന വസ്ത്രമാണ് ധരിക്കുക. ഉന്നം പിഴയ്ക്കാതെ വെടിയുതിര്‍ക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത. ഈ കോമിക് കഥയിലെ ഫാന്റത്തിന്റെ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയതാണ് ഇന്ത്യന്‍ ആര്‍മിയയിലെ സ്‌നിഫര്‍ ഡോഗ്. അതു കൊണ്ടാണ് ഫാന്റം എന്നു പേരിട്ടത്.
ഇന്ത്യന്‍ ആര്‍മിയിലെ ധീരരില്‍ ധീരരായ ശ്വാനസേനയെ കുറിച്ച് ?
മനുഷ്യരുമായി നായകളോളം അടുത്തിടപഴുകുന്ന ജീവികള്‍ വേറെയില്ല. ഏറ്റവും വിശ്വാസ്യതയോടെ പെരുമാറാനും നല്‍കുന്ന പരിശീലനം അനുസരിച്ച് കൃത്യമായി പോരാടാനും അവയുടെ വൈദഗ്ധ്യം തന്നെയാണ് സുരക്ഷാ സേനകളില്‍ നായകള്‍ക്ക് പ്രാധാന്യം ഏറിയത്. നായകളുടെ ഈ വൈദഗ്ധ്യത്തെ ഇന്ത്യന്‍ സൈന്യവും വര്‍ഷങ്ങളായി ഉപയോഗപ്പെടുത്തുന്നുണ്ട്. ബോംബുകള്‍ കണ്ടെത്തുക, അടിയന്തര സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കുക തുടങ്ങിയവയ്ക്ക് പ്രത്യേക പരിശീലനമാണ് സേനയിലെ അംഗങ്ങളായ നായകള്‍ക്ക് നല്‍കുന്നത്. ഓരോ ദൗത്യവും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കൃത്യമായി നിറവേറ്റുന്ന അവയുടെ പാടവം സൈനികര്‍ക്ക് ഏറെ ഗുണം ചെയ്യാറുണ്ട്. 1959 ലാണ് ഇന്ത്യന്‍ ആര്‍മിക്കു കീഴില്‍ ആദ്യമായി ഡോഗ് യൂണിറ്റ് സ്ഥാപിക്കുന്നത്. പരിശീലനം ലഭിച്ച 1200 നടുത്ത് നായകളാണ് സൈനിക ഉദ്യോഗസ്ഥരോടൊപ്പം നിലവില്‍ രാജ്യത്തിന് കാവല്‍ നില്‍ക്കുന്നത്.
വിവിധ ദൗത്യങ്ങള്‍ക്ക് അനുയോജ്യമായ ശരീരപ്രകൃതവും സ്വഭാവരീതികളും കണക്കിലെടുത്ത് വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട നായകളെയാണ് സൈന്യത്തിലേക്ക് തിരഞ്ഞെടുക്കുക. ജര്‍മന്‍ ഷെപ്പേര്‍ഡ്, ലാബ്രഡോര്‍സ്, ബെല്‍ജിയന്‍ മലിനോയിസ്, കോക്കര്‍ സ്പാനിയല്‍സ്, ഗ്രേറ്റ് മൗണ്ടന്‍ സ്വിസ് ഡോഗ്‌സ് എന്നീ ഇനങ്ങളില്‍പ്പെട്ടവയാണ് ഇതില്‍ പ്രാധാനികള്‍. ഒരു ചെറിയ പിഴവു പോലും ജീവന്റെ വിലയാണെന്ന ബോധ്യത്തോടെയുള്ള ഗൗരവവും സൂക്ഷ്മതയും കൃത്യതയുമുള്ള കഠിന പരിശീലനങ്ങളാണ് ഡോഗ് സ്‌ക്വാഡിലെ അംഗങ്ങള്‍ക്ക് നല്‍കുന്നത്. സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ, സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തല്‍, ട്രാക്കിങ്, ഗാര്‍ഡ് ഡ്യൂട്ടി, പട്രോളിങ്, ഖനികള്‍ കണ്ടെത്തല്‍, നിരോധിത വസ്തുക്കള്‍ മണത്ത് കണ്ടുപിടിക്കല്‍ തുടങ്ങി വ്യത്യസ്ത ജോലികള്‍ക്കുള്ള പരിശീലനമാണ് നായകള്‍ക്ക് നല്‍കുന്നത്.
തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, അതിര്‍ത്തി സുരക്ഷ, പൊതു പരിപാടികളില്‍ ക്രമസമാധാനം നിലനിര്‍ത്തല്‍ തുടങ്ങിയവയെല്ലാം ഡോഗ് സ്‌ക്വാഡിലെ അംഗങ്ങളുടെ ചുമതലയാണ്. സൈന്യത്തിലേക്ക് തിരഞ്ഞെടുക്കുന്ന നായകളെ പരിശീലിപ്പിക്കുന്നതിനായി പ്രത്യേക കേന്ദ്രങ്ങളുണ്ട്. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി അനുസരിക്കാനും ചടുലതയോടെ പ്രവര്‍ത്തിക്കാനും ഗന്ധം കൃത്യമായി തിരിച്ചറിയാനും എല്ലാമുള്ള പരിശീലനങ്ങള്‍ ഇവയ്ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ എല്ലാ നായകള്‍ക്കും വെവ്വേറെ ഉത്തരവാദിത്തങ്ങളാണ് സൈന്യത്തില്‍ ഉള്ളത്. ചിലതിനെ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താനാണ് ഉപയോഗിക്കുന്നതെങ്കില്‍ മറ്റു ചിലതിനെ പ്രകൃതി ദുരന്തങ്ങളിലോ മറ്റടിയന്തിര സാഹചര്യങ്ങളിലോ കാണാതായവരെ കണ്ടെത്താനും മറ്റുമായി ഉപയോഗിക്കുന്നു.
സൈനിക ഉദ്യോഗസ്ഥരെപോലെ തന്നെ നായകള്‍ക്കും പ്രത്യേക റാങ്കുകളുണ്ട്. എന്നാല്‍ അവയ്ക്ക് ശമ്പളമില്ല. പ്രത്യേക ഡയറ്റ് അനുസരിച്ചുള്ള ഭക്ഷണമാണ് നല്‍കുന്നത്. ഓരോ നായയുടെയും കാര്യങ്ങള്‍ നോക്കുന്നതിനായി ഓരോ ഹാന്‍ഡ്ലര്‍മാരെ നിയോഗിക്കും. ഹാന്‍ഡ്ലര്‍ തന്നെ ഏല്‍പ്പിക്കുന്ന നായകളുമായി സുദൃഢമായ ആത്മബന്ധവും സൃഷ്ടിക്കും. നായകളുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതും യഥാസമയത്ത് ഭക്ഷണം നല്‍കേണ്ടതും അവയെ പരിപാലിക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്. നായകള്‍ക്ക് വേണ്ട വൈദ്യ സഹായവും പരിചരണവും ലഭിക്കുന്നുണ്ടെന്ന് സൈന്യം ഉറപ്പാക്കുന്നുണ്ട്.
ജോലി ചെയ്യുന്നതിനുള്ള ഫിറ്റ്‌നസ് ഉറപ്പാക്കുന്നതിനായി പതിവ് പരിശോധനകളും നടത്തും. കൃത്യസമയത്ത് വാക്‌സിനേഷനും നല്‍കും. കൃത്യനിര്‍വഹണത്തില്‍ അസാമാന്യമായ ധൈര്യവും വിശ്വസ്തതയും നായകര്‍ പുലര്‍ത്തിയതുമായി ബന്ധപ്പെട്ട് നിരവധി ഉദാഹരണങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന് പറയാനുണ്ട്. ഉത്തരവാദിത്വം നിറവേറ്റാനായി അവ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച സംഭവങ്ങള്‍വരെയുണ്ട്. ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് കമന്‍ഡേഷന്‍ കാര്‍ഡ്, വൈസ് ചീഫ് ഓഫ് സ്റ്റാഫ് കമന്‍ഡേഷന്‍ കാര്‍ഡ്, ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് കമന്‍ഡേഷന്‍ കാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ നായകളുടെ വിശിഷ്ട സേവനത്തിനായി ഇന്ത്യന്‍ സേന നല്‍കുന്നുണ്ട്.
എട്ടു വര്‍ഷത്തിനടുത്താണ് നായകള്‍ സൈന്യത്തിനായി സേവനം ചെയ്യുന്നത്. അതിനുശേഷം അവ ഔദ്യോഗികമായി വിരമിക്കും. മുന്‍കാലങ്ങളില്‍ സേവന കാലാവധി പൂര്‍ത്തിയാക്കിയ നായകള്‍ക്ക് ദയാവധം നല്‍കുകയായിരുന്നു പതിവ്. എന്നാല്‍ ഇതിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായതോടെ 2015ല്‍ നിയമം ഭേദഗതി ചെയ്ത് സേവനത്തിനു ശേഷം നായകളെ പുനരധിവസിപ്പിക്കാന്‍ തുടങ്ങി. അവയെ കൈകാര്യം ചെയ്തിരുന്നവരോ താല്പര്യമുള്ള മറ്റേതെങ്കിലും കുടുംബങ്ങളോ വിരമിച്ച നായകളെ ദത്തെടുക്കും.
CONTENT HIGHLIGHTS;’BIG SALUTE’ PHANTOM For being vigilant to nab terrorists: Don’t know about Indian Army Sniffer Dog Phantom who died a heroic death?