Explainers

മുഖ്യമന്ത്രിയുടെ “കടക്കു പുറത്തും” സുരേഷ്‌ഗോപിയുടെ “മൂവ് ഔട്ടും”: മാധ്യമ പ്രവര്‍ത്തകരെ ആട്ടിയോടിക്കാന്‍ ഇരുവരും പറഞ്ഞത് ഫലത്തില്‍ ഒന്ന് ?

ഞങ്ങള്‍ രാഷ്ട്രീയക്കാര്‍ ജനങ്ങള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതും കഷ്ടപ്പെടുന്നതും. അതുകൊണ്ടുതന്നെ ഞങ്ങള്‍ പറയുന്നതേ വിശ്വസിക്കാവൂ. ഞങ്ങള്‍ക്ക് തെറ്റു പറ്റിയാല്‍ തിരുത്താന്‍ ജനങ്ങളുടെ ജുഡിഷ്യറിയുണ്ട്. നിങ്ങക്കെന്ത് അധികാരം. നിങ്ങള്‍ക്കാരാണ് നിയമവ്യവസ്ഥയുടെയും ചോദ്യ ചെയ്യലിന്റെയും അധികാരം നല്‍കിയിരിക്കുന്നത്. ഇതാണ് മാധ്യമങ്ങളോട് അടുത്ത കാലത്തായി രാഷ്ട്രീയക്കാര്‍ ചോദിക്കുന്നത്. ഈ ചോദ്യം കൂടുതലായി അഭിമുഖീകരിക്കുന്നത്, എല്‍.ഡി.എഫിലെ വല്യേട്ടന്‍ പാര്‍ട്ടിയായ സി.പി.എമ്മില്‍ നിന്നുമാണ്.

മറ്റൊന്ന് സി.പി.എമ്മിനെപ്പോലെ കേഡര്‍ പാര്‍ട്ടിയായ ബി.ജെ.പിയില്‍ നിന്നുമാണ്. കോണ്‍ഗ്രസില്‍ അസഹിഷ്ണുതയുള്ള നേതാക്കള്‍ ഒഴികെ മറ്റൊരാളില്‍ നിന്നോ യു.ഡി.എഫിലെ ഘടകകക്ഷികളില്‍ നിന്നോ ഇത്തരം അധമ രാഷ്ട്രീയ ഭാഷകള്‍ കേള്‍ക്കാറില്ല. ഇത് അനുഭവത്തില്‍ നിന്നും ഓരോ മാധ്യമ പ്രവര്‍ത്തകരും പറയുന്ന സത്യമാണ്. അവനവന്റെ രാഷ്ട്രീയ മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഇത് വ്യത്യസ്തമായി തോന്നാറുണ്ട്.

ആ ഗണത്തില്‍ എല്ലാ മാധ്യമ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്താനാവില്ല എന്നതും മറക്കാനാവുന്നതല്ല. മാധ്യമ പ്രവര്‍ത്തനം എന്നത്, ഭരണഘടനയുടെ സംരക്ഷണം ഇല്ലാത്ത ഒന്നായതു കൊണ്ടുതന്നെ അതിനെ വലിയ പ്രാധാന്യത്തോടെ എഴുന്നെള്ളിക്കേണ്ടതില്ല എന്നാണ് രാഷ്ട്രീയക്കാര്‍ അണികളെ പഠിപ്പിക്കുന്നത്. ഫലത്തില്‍ എല്ലാവരെയും പോലെത്തന്നെയാണ് മാധ്യമ പ്രവര്‍ത്തകരും, അതുകൊണ്ട് നമ്മളോട് ചോദിക്കുന്നതു പോലെത്തന്നെ തിരിച്ചും ചോദിക്കാന്‍ അധികാരവും അവകാശവുമുണ്ടെന്നും പഠിപ്പിക്കുന്നുണ്ട്.

ഭരണഘടനയെ താങ്ങി നിര്‍ത്തുന്ന നാലാം തൂണ് എന്നൊക്കെയുള്ളത് പൊള്ളയാണെന്നും എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേറ്റീവ് എന്നിവ മാത്രമേയുള്ളൂ എന്നുമാണ് അറിവു നല്‍കിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ മാധ്യമ പ്രവര്‍ത്തനം ഇപ്പോള്‍ അരികു വത്ക്കരണത്തിന്റെ പാതയിലാണെന്ന് പറയാതെവയ്യ. ഇതിന്റെ ഭാഗമാണ് നേതാക്കലില്‍ നിന്നുണ്ടാകുന്ന മാധ്യമ ഹിംസകള്‍. അത് അതിരു കടന്നു പോയിരിക്കുന്നുവെന്നതാണ് സമീപ ഭാവിയില്‍ സംഭവിക്കുന്ന ഓരോ കാര്യങ്ങളും.

കേരളത്തിലെ മാധ്യമ പ്രവര്‍ത്തനം നിലവില്‍ ദുഷ്‌ക്കരമാക്കുന്നത്, ഭരണകൂട ഭീകരതയും, വര്‍ഗീയ വാദ രാഷ്ട്രീയവുമാണെന്ന് വ്യക്തമാവുകയാണ്. ജനങ്ങള്‍ നിഷ്പക്ഷമായ വാര്‍ത്തകളോ, മറച്ചു വെയ്ക്കപ്പെടുന്ന സംഭവങ്ങളോ ഒക്കെ അറിയരുതെന്ന വാശിയിലാണ് നേതാക്കള്‍. അഥവാ ഏതെങ്കിലും രീതിയില്‍ പുറത്തറിഞ്ഞാല്‍ അതിന് മരുപടി പറയുന്നത്, വലിയ ബുദ്ധിമുട്ടായി മാറുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളിലാണ് നേതാക്കലുടെ ഭാഗത്തു നിന്നുള്ള ദേഷ്യവും ധാര്‍ഷ്ട്യവും കാണാനിടയാകുന്നത്.

എത്രയോ സംഭവങ്ങളാണ് ഇങ്ങനെ ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ ഒരുപക്ഷെ, ഇതിനു തുടക്കമിട്ടത് സി.പി.എമ്മാണ് എന്നു പറയാം. കൂടുതലായും പിണറായി വിജയന്‍ എന്ന നേതാവില്‍ നിന്നുമാണ് മാധ്യമങ്ങള്‍ ധാര്‍ഷ്ട്യം അനുഭവിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കടക്കു പുറത്ത് എന്ന ആക്രോശം മുതല്‍ സുരേഷ്‌ഗോപിയുടെ മൂവ് ഔട്ട് വരെ എത്തി നില്‍ക്കുന്നു മാധ്യമ പ്രവര്‍ത്തകരുടെ നാണം കെടലിന്റെ ചരിത്രം. ഇതിനിടയില്‍ ചെറുതും വലുതുമായ എത്രയോ രാഷ്ട്രീയക്കാരാണ് മാധ്യമ പ്രവര്‍ത്തകരെ പട്ടിക്കും പൂച്ചയ്ക്കും സമാനമായി ആക്ഷേപിച്ചിരിക്കുന്നത്.

2017 ഒക്ടോബറിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ചിറക്കി വിട്ടത്. അന്ന് പറഞ്ഞ ‘കടക്കു പുറത്ത്’ എന്ന വാക്ക് കേരളത്തിലെ എല്ലാ മാധ്യമ പ്രവര്‍ത്തകരുടെയും ജോലി സ്ഥലത്തെ മാനത്തിനും അഭിമാനത്തിനും വിലയിട്ടിരുന്നു. ബിജെപി-സിപിഎം അനുരഞ്ജന യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ യോഗം നടന്ന ഹാളില്‍ കയറ്റിയതിനു മാസ്‌കറ്റ് ഹോട്ടല്‍ അധികൃതരെ മുഖ്യമന്ത്രിയുടെ ഓഫിസ് വിളിച്ചുവരുത്തിയാണ് വിശദീകരണം തേടിയത്.

യോഗ ഹാളിനുള്ളില്‍ നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ‘കടക്ക് പുറത്ത്’ എന്ന് പരുഷമായി പറഞ്ഞതു വിവാദമാവുകയും ചെയ്തു. പത്രപ്രവര്‍ത്തക യൂണിയന്‍ ഇതിനെതിരേ പ്രതികരിച്ചിരുന്നുവോ എന്നത് വ്യക്തമല്ല. എന്നാല്‍, ഇന്ന് സുരേഷ്‌ഗോപിയുടെ വാക്കുകള്‍ തിരുത്തണമെന്ന് പത്ര പ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2017നു ശേഷം ആറു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇതിനിടയില്‍ മാധ്യമ പ്രവര്‍ത്തകര്‍ കേട്ട ആട്ടും തുപ്പുമെല്ലാം ഓര്‍ത്തെടുത്താല്‍ ഒരു ഡിക്ഷണറി തന്നെ എഴുതി തീര്‍ക്കാം.

സുരേഷ്‌ഗോപി ഒരു മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സംഭവവും കേസായതാണ്. പാലക്കാട് സി.പി.എമ്മില്‍ നിന്നും ചാടാനൊരുങ്ങിയ നേതാവിന്റെ വിഷയത്തില്‍ ഇറച്ചിക്കടയില്‍ കാവല്‍ നില്‍ക്കുന്ന പട്ടിയെപ്പോലെയാണ് മാധ്യമ പ്രവര്‍ത്തകരെന്ന് പറഞ്ഞ മുന്‍ എം.പിയുമുണ്ട്. ഇങ്ങനെ നിരവധി തവണ മാധ്യമ പ്രവര്‍ത്തകരെ പുച്ഛിച്ചും പുലഭ്യം പറഞ്ഞും രാഷ്ട്രീയ പ്രവര്‍ഡത്തനത്തിലെ മാലിന്യമായി മാറുന്നവരുടെ എണ്ണം പെരുകുകയാണ്.

ഹോട്ടലില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തുന്ന മാധ്യമ പ്രവര്‍ത്തകരെ സാധാരണ തടയാറില്ലെന്നായിരുന്നു അന്ന് മസ്്ക്കറ്റ് ഹോട്ടല്‍ ജീവനക്കാര്‍ വിശദീകരിച്ചത്. മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നും ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി. ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ചയ്ക്കെത്തിയപ്പോഴായിരുന്നു മുറിക്കുള്ളില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന മാധ്യമ പ്രവര്‍ത്തകരെ കണ്ട് ക്ഷുഭിതനായത്.

മാധ്യമപ്രവര്‍ത്തകരെ മാസ്‌കറ്റ് ഹോട്ടലിലേക്കു കയറ്റിവിട്ടതാണു പ്രശ്‌നങ്ങളുടെ അടിസ്ഥാനമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. പിന്നീട് കാസര്‍ഗോഡു നടന്ന ഒരു യോഗത്തിലും മുഖ്യമന്ത്രി മാധ്യമങ്ങളെ ഗെറ്റൗട്ട് അടിച്ചിരുന്നു. തൃശൂരില്‍ ഒരു ചടങ്ങിനെത്തിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയും മാധ്യമ പ്രവര്‍ത്തകരോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തത്.

പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കേയാണ് താന്‍ പൂരനഗരിയില്‍ വന്നത് ആംബുലന്‍സിലല്ലെന്നും കണ്ടെങ്കില്‍ അത് മായക്കാഴ്ചയായിരിക്കുമെന്നും സുരേഷ് ഗോപി എം.പി പ്രതികരിച്ചത്. ബി.ജെ.പി. ജില്ലാ അധ്യക്ഷന്റെ വാഹനത്തിലാണ് താന്‍ യാത്രചെയ്തത്. ആംബുലന്‍സില്‍ വന്നത് കണ്ടുവെങ്കില്‍ അത് മായക്കാഴ്ചയാണോ യഥാര്‍ഥ കാഴ്ചയാണോ എന്നറിയാന്‍ പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ പോരാ, സി.ബി.ഐ. വരണം. ഏതന്വേഷണവും നേരിടാന്‍ തയ്യാറാണ്.

സിനിമയിലെ ഡയലോഗ് ആയി കണ്ടാല്‍മതി, ഒറ്റത്തന്തക്കു പിറന്നതാണെങ്കില്‍ സി.ബി.­ഐ.യെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും സുരേഷ്ഗോപി ആവശ്യപ്പെട്ടു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട പ്രതികരണമെടുത്തപ്പോഴാണ് മാധ്യമങ്ങളോട് ‘മൂവ് ഔട്ട്’ എന്നു പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞ കടക്കു പുറത്തും, സുരേഷ് ഗോപി പറഞ്ഞ മൂവ് ഔട്ടും ഫലത്തില്‍ ഒന്നു തന്നെയാണ്. ഇരുവരും പറഞ്ഞ് മാധ്യമ പ്രവര്‍ത്തകരോടും.  ഒരാള്‍ ബി.ജെ.പി-RSS നേതാക്കലുമായുള്ള സമാധാന ചര്‍ച്ചയുടെ ഇടയിലും മറ്റൊരാള്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിലും.

ഒരാള്‍ ബി.ജെ.പി എം.പിയും മറ്റൊരാള്‍ സി.പി.എം നേതാവും ഇടതുപക്ഷ മുഖ്യമന്ത്രിയും. ബി.ജെ.പിക്കും സി.പി.എമ്മിനും ഒരേ ചിന്താഗതിയാണ് ഉള്ളതെന്ന് വ്യക്തം. മാധ്യമങ്ങളെ അകറ്റി നിര്‍ത്തുകയെന്ന അജണ്ട ഇരു മുന്നണിക്കുമുണ്ട്. കാരണം, ഇരു പാര്‍ട്ടികളും കേഡര്‍ പാര്‍ട്ടികളാണ്. പട്ടാളച്ചിട്ടയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കും. അതുകൊണ്ട് ഇതില്‍ കൂടുതലൊന്നും ഇരു പാര്‍ട്ടികളില്‍ നിന്നും മാധ്യമ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കേണ്ടതില്ല.

CONTENT HIGHLIGHTS;The Chief Minister’s ‘Kadaku Chhaish’ and Suresh Gopi’s ‘Move Out’: What both of them said to chase away the media workers is actually one thing?

Latest News