Explainers

‘മായക്കാഴ്ച’കള്‍ കണ്ടുമടുത്തു: സുരേഷ്‌ഗോപി ഹീറോയില്‍ നിന്നും സീറോയിലേക്കോ ?; തൃശൂര്‍ തെരഞ്ഞെടുപ്പ് അസാധുവാക്കുമോ?

കഴിഞ്ഞ തൃശൂര്‍പൂരം എല്ലാം കൊണ്ടും പൊടിപൂരമായിരുന്നു. പൂരത്തിന് നിരവധി വെടിക്കെട്ടുകളാണ് പൊട്ടുന്നത്. വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന വെടിക്കെട്ടുകള്‍ പുലര്‍ച്ചെ കണ്ടതിന്റെ രോഷവും വേദനയും തൃശൂരുകാര്‍ക്ക് അടങ്ങിയിട്ടില്ല. പക്ഷെ, കലങ്ങിയ പൂരത്തിന്റെ വെടിക്കെട്ടില്‍ പുതിയൊരു അമിട്ട് പൊട്ടിച്ചിരുന്നു. അതാണ് പൂരം കലക്കിയ രാഷ്ട്രീയ അമിട്ട്. പൂരം കഴിഞ്ഞ് ലോക്‌സഭാ തെരഞ്ഞെടുപ്പും കഴിഞ്ഞെങ്കിലും അന്നത്തെ പൂരത്തിന് പൊട്ടാതെ പോയ അമിട്ടുകള്‍ ഓരോന്നായി പിന്നീടാണ് പൊട്ടിത്തുടങ്ങിയത്.

ഇപ്പോഴും പൊട്ടിക്കൊണ്ടിരിക്കുകയാണ്. കേരള രാഷ്ട്രീയത്തിന്റെ തലവര മാറ്റി വരയ്ക്കുമോ എന്നാണ് അറിയേണ്ടത്. കുളംകലക്കി മീന്‍ പിടിക്കുന്നവരാണ് പൊതുവേ രാഷ്ട്രീയക്കാര്‍. അങ്ങനെയുള്ളവര്‍ പൂരം കലക്കി തെരഞ്ഞെടുപ്പ് വിജയിച്ചപ്പോള്‍ പൊല്ലാപ്പായി മാറിയിരിക്കുകയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും ജയിച്ചാലും തോറ്റാലും പറയാനൊരു ന്യായമുണ്ടാകും. അതാണ് തൃശൂരിലും കണ്ടതെന്ന് വിശ്വസിച്ചിരിക്കുമ്പോഴാണ് യഥാര്‍ത്ഥ സംഭവം എന്താണെന്ന് മനസ്സിലാകുന്നത്.

പോലീസിനെക്കൊണ്ട് പൂരം കലക്കാന്‍ ശ്രമിച്ചെന്നും, സുരേഷ്‌ഗോപിയെ ആമ്പുലന്‍സില്‍ കൊണ്ടു വന്നിറക്കിയത് നാടകമാണെന്നും വരെ കണ്ടെത്തിക്കഴിഞ്ഞു. എന്നാല്‍, ഇതൊന്നും വിശ്വസിക്കാത്ത ഒരാളുണ്ട്. മുഖ്യമന്ത്രി പി
ണറായി വിജയനാണത്. അദ്ദേഹം ഇപ്പോഴും വിശ്വസിക്കുന്നത്, പൂരം കലങ്ങിയിട്ടില്ലെന്നാണ്. അല്‍പ്പം വൈകി, അത്രയുള്ളൂ. പക്ഷെ, പൂരം കലക്കാന്‍ ശ്രമിച്ചെന്ന് പറയുന്നവര്‍ ബി.ജെ.പിയുടെ ബി ടീമാണെന്നും പറഞ്ഞതോടെ തൃശൂരിലെ നാണംകെട്ട തോല്‍വി മറയ്ക്കാന്‍ പൂരം കലക്കല്‍ മുന്നില്‍വെച്ച സി.പി.ഐ പതിയെ നിശബ്ദരായി.

എല്‍.ഡി.എഫിലിരുന്നുകൊണ്ട് ബി.ജെ.പിയുടെ ബി ടീമാണെന്ന് പറയുന്നത് കേള്‍ക്കാന്‍ വയ്യാത്തതു കൊണ്ടാണ് ഈ മൗനമെന്ന് പ്രതിപക്ഷത്തിന് മനസ്സിലായി. എന്നാല്‍, യു.ഡി.എഫ് ഇപ്പോഴും വിട്ടിട്ടില്ല. പൂരം കലക്കലില്‍ ADGP എം.ആര്‍. അജിത് കുമാറിന്റെ പങ്ക് തെളിയിക്കുമെന്നു തന്നെയാണ് അവര്‍ പറയുന്നത്. ഇതിനിടയിലാണ് സൂപ്പര്‍ സ്റ്റാര്‍ സുരേഷ്‌ഗോപിയുടെ മാസ് എന്‍ട്രി. തൃശൂര്‍പൂരത്തിനിടയിലേക്ക് ആമ്പുലന്‍സില്‍ വന്നിറങ്ങി പൂരം നടത്തിക്കാന്‍ ഇടപെട്ടു എന്നതാണ് വലിയ പ്രസ്‌നമായി മാറിയിരിക്കുന്നത്.

വിവാദത്തില്‍ സുരേഷ്‌ഗോപി ആദ്യം പറഞ്ഞത്, പൂരം നഗരിയില്‍ വന്നിറങ്ങിയത് മായക്കാഴ്ച എന്നായിരുന്നു. താന്‍ ആമ്പുലന്‍സില്‍ പോയിട്ടില്ല. അത് പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ തെളിയില്ലെന്നും, ഒറ്റ തന്തയക്കു പിറന്നവരാണെങ്കില്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ക്കാരിന് ധൈര്യമുണ്ടോ. സത്യം വെളിയില്‍ വരണം എന്നുണ്ടെങ്കില്‍ സിബിഐ വരണം. അങ്ങനെ ചെയ്താല്‍ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം മുഴുവന്‍ കത്തിനശിച്ചുപോകുമെന്നുമാണ് സുരേഷ്‌ഗോപി പറയുന്നത്.

എന്നാല്‍, അതേ സുരേഷ്‌ഗോപി ഇപ്പോള്‍ പറയുന്നു, താന്‍ ആമ്പുലന്‍സിലാണ് പൂരസ്ഥലത്തേക്ക് വന്നതെന്ന്. കാലിന് സുഖമില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് ഇടയിലൂടെ നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നത് കൊണ്ടാണ് അങ്ങനെ ചെയ്തത്. ഇപ്പോള്‍പ്രചരിപ്പിക്കപ്പെടുന്ന പോലെയല്ല അത്. കാറിലെത്തിയപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഗുണ്ടകള്‍ ആക്രമിച്ചെന്നും സുരേഷ് ഗോപി പറയുന്നു. തൃശൂരിലെ ജനങ്ങള്‍ വോട്ട് ചെയ്തതിന് കാരണം കരുവന്നൂര്‍ വിഷയംകൊണ്ടാണെന്നും അത് മറയ്ക്കാനാണ് പൂരം കലക്കല്‍ ആരോപണമെന്നും സുരേഷ്ഗോപി ആരോപിക്കുന്നു.

അതേസമയം, പൂരദിവസം സുരേഷ് ഗോപി എത്തിയത് ആംബുലന്‍സില്‍ തന്നെ എന്ന് ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാര്‍ പറഞ്ഞത് സൂപ്പര്‍സ്റ്റാറിന്റെ കള്ളം പൊളിക്കുന്നതായിരുന്നു. ‘അത് മായക്കാഴ്ചയാകും. കെ.സുരേന്ദ്രന്‍ വിചാരിക്കുന്നതുപോലെ താന്‍ ആംബുലന്‍സില്‍ അല്ല ബിജെപി തൃശൂര്‍ ജില്ല അധ്യക്ഷന്റെ കാറിലാണ് പൂരം നഗരിയിലെത്തിയത് എന്ന കേന്ദ്രസഹമന്ത്രിയുടെ പച്ചക്കള്ളം പൊളിഞ്ഞുവീണഴുകയായിരുന്നു’ എന്നാല്‍ അനീഷ് പറഞ്ഞത്, തൃശ്ശൂര്‍ റൗണ്ടുവരെ മറ്റൊരു വാഹനത്തില്‍ വന്ന സുരേഷ് ഗോപിയെ സേവാഭാരതിയുടെ ആംബുലന്‍സിലാണ് പൂരനഗരിയില്‍ എത്തിച്ചത് എന്നാണ്.

ചേലക്കരയിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കെ.സുരേന്ദ്രന്‍ വേദിയില്‍ ഉള്ളപ്പോഴാണ് പൂരത്തിലെ തന്റെ ആഗമനത്തെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്. ”സുരേന്ദ്രന്‍ വിശ്വസിക്കുന്നതു പോലെ ആംബുലന്‍സില്‍ ഞാനവിടെ പോയിട്ടില്ല. ജില്ലാ അധ്യക്ഷന്റെ സ്വകാര്യ വാഹനത്തിലാണ് പോയത്.”
”ആബുലന്‍സില്‍ തന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ യഥാര്‍ഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാക്കണമെങ്കില്‍ കേരളത്തിലെ പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയാന്‍ സാധിക്കില്ല.

അത് അന്വേഷിച്ചറിയണമെങ്കില്‍ സിബിഐ വരണം.” ഇതിനു പിന്നാലെയാണ് ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ സുരേഷ്‌ഗോപിയുടെ ആമ്പുലന്‍സ് വരവ് സ്ഥിരീകരിച്ചത്. ഇതോടെ കയറിയത് മായക്കാഴ്ചയാണെന്ന് വാദിച്ച സുരേഷ് ഗോപി വീണ്ടും ആമ്പുലന്‍സില്‍ കയറി. പിന്നെ, കാലിന്റെ പ്രശ്‌നവും, ജനക്കൂട്ടത്തിലൂടെ നടക്കാന്‍ കഴിയാത്ത കാര്യവും, ആക്രമിച്ച കാര്യവുമൊക്കെ പറയുന്നത്. സുരേഷ്‌ഗോപി പറയുന്നതില്‍ വിശ്വസിക്കാന്‍ പാകത്തിന് എന്താണുള്ളത് എന്നൊരു ചോദ്യം തൃശൂര്‍കാര്‍ ഉന്നയിക്കുന്നുണ്ട്.

നേമത്ത് ഒ.യ രാജഗോപാല്‍ വിജയിച്ചത്, ബി.ജെ.പി ആയതു കൊണ്ടല്ല, നല്ല മനുഷ്യനായതു കൊണ്ടാണ്. അതു തന്നെയാണ് തൃശൂരും സംഭവിച്ചതെന്ന് വിശ്വസിക്കാനാവില്ല. കാരണം, തെരഞ്ഞെടുപ്പിനു മുമ്പുണ്ടായ ‘വിശ്വാസ ക്ഷതം’ അത് എല്‍.ഡി.എഫിനെ ശത്രു സ്ഥാനത്തു നിര്‍ത്തി എന്നതു കൊണ്ടണ്. കോണ്‍ഗ്രസിനെ അഴരുടെ അണികള്‍ പോലും തള്ളിക്കളഞ്ഞത്, പത്മജയുടെ പാര്‍ട്ടി മാറ്റവും, ടി.എന്‍. പ്രതാപന്റെ പാലം വലിയുമായിരുന്നു. വി.എസ്. സുനില്‍കുമാറിന്റെ വിജയം ഉറപ്പിച്ചിരുന്ന സി.പി.ഐക്ക് സി.പി.എമ്മിന്റെ വക പൂരംകലക്കല്‍ പദ്ധതി തിരിച്ചടിയുമായി.

അങ്ങനെ സുരേഷ്‌ഗോപി വിജയിക്കുകയും ചെയ്തു. വ്യക്തി പ്രഭാവത്തിനപ്പുറം, വിശ്വാസ ക്ഷതവും, യു.ഡി.എഫിന്റെ പാലംവലിയും കൂടെയാണ് സുരേഷ്‌ഗോപിയെ രക്ഷിച്ചത്. എന്നാല്‍, അവകാശപ്പെടാനാകാത്ത വിജയം ഒരിക്കലും സമാധാനം നല്‍കില്ലെന്നു പറയുന്നതു പോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. മൂന്നാഴ്ചയ്ക്കം മറുപടി നല്‍കണമെന്നാണ് നോട്ടീസ്. തൃശൂരിലെ എ.ഐ.വൈ.എഫ് നേതാവ് ബിനോയ് നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്.

സുരേഷ് ഗോപി ജനപ്രാതിനിധ്യ ചട്ടങ്ങള്‍ ലംഘിച്ചു എന്നാണ് ഹര്‍ജിയില്‍ ആരോപിച്ചത്. ശ്രീരാമഭഗവാന്റെ പേരില്‍ വോട്ടു ചെയ്യണം എന്ന് എ.പി.അബ്ദുള്ളക്കുട്ടി വോട്ടര്‍മാരോട് തൃശൂരില്‍ അഭ്യര്‍ത്ഥിച്ചു. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നൊക്കെയുള്ള ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉള്ളത്. കേസില്‍ സുരേഷ്‌ഗോപി നല്‍കുന്ന മറുപടിയും കോടതിയുടെ തീരുമാനവും എന്താകുമെന്ന് കാത്തിരുന്നു കാണണം. സുരേഷ്‌ഗോപി ഹീറോയില്‍ നിന്നും സീറോയിലേക്ക് കൂപ്പുകുത്തി വീഴുമോ എന്നാണ്് അറിയേണ്ടത്.

CONTENT HIGHLIGHTS; Tired of ‘Vanities’: Sureshgopi From Hero to Zero?; Will the Thrissur election be annulled?

Latest News