മസൂറിയിലെ ഐ.എ.എസ്. ട്രെയിനിംഗ് സെന്ററില്‍ നിന്നും ഇന്ത്യന്‍ അഡ്മിനിസ്‌ട്രേഷന്‍ സര്‍വീസ് പഠിച്ചിറങ്ങുന്ന എല്ലാവരും പഠിച്ചത് പ്രാവര്‍ത്തികമാക്കും എന്നു വിശ്വസിക്കാന്‍ വയ്യ. ഓരോ വ്യക്തികളും വളര്‍ന്നുവരുന്ന ജീവിത ചുറ്റുപാടുകളും, മൂല്യങ്ങളും, സാംസ്‌ക്കാരിക ഇടപെടലുകളും, വ്യക്തി ശുചിത്വവും, ചിന്താശേഷിയും, സഹാനുഭൂതിയുമെല്ലാം വ്യത്യസ്തമായിരിക്കും. ഇത് തന്റെ ഉദ്യോഗത്തിലും പ്രവൃത്തിയിലും, എന്തിന് ശരീര ഭാഷയില്‍പ്പോലും പ്രകടമാക്കും. അത്തരമൊരു ഐ.എ.എസ് ഉദ്യോഗസ്ഥനാണ് കണ്ണൂര്‍ കളക്ടര്‍.
ഒരു ജില്ലയുടെ ഉത്തരവാദിത്വം എന്നത്, ചെറിയ ജോലിയല്ല. തന്റെ ജോലിയില്‍ സഹായിക്കാന്‍ നിയോഗിക്കപ്പെടുന്ന ഓരോ ഉദ്യോഗസ്ഥരെയും അവരുടെ ജോലികളില്‍ മുഴുകാന്‍ പ്രാപ്തരാക്കുകയെന്ന ചുമതല കൂടി കളക്ടറില്‍ നിക്ഷിപ്തമാണ്. അത് അതിലേറെ ഉത്തരവാദിത്വപ്പെട്ട ജോലിയാണെന്ന ബോധ്യമാണ് കളക്ടര്‍ എന്ന നിലയില്‍ വേണ്ടത്. ഇന്ന് കണ്ണൂര്‍ ആണെങ്കില്‍ നാളെ തിരുവനന്തപുരത്തായിരിക്കും. ജില്ലകള്‍ മാറുമെങ്കിലും ഉദ്യോഗസ്ഥരുടെ ജോലിയുടെ മാനം മാറുന്നില്ല. രണ്ടിടത്തും ചെയ്യേണ്ടത് ഒന്നു തന്നെയാണ്.
ഇവിടെ കളക്ടറെ വിശ്വസിക്കുന്ന ഉദ്യോഗസ്ഥരും, ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന കളക്ടറും എന്നത്, അത്യാന്താപേക്ഷിതമാണ്. പക്ഷെ, നിര്‍ഭാഗ്യവശാല്‍ കണ്ണൂര്‍ കളക്ടറിന്റെ ശരീര ഭാഷ പോലും ഒരു മരണത്തിനു വഴിയൊരുക്കിയത് കേരളം കണ്ടിരിക്കുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയെ ക്ഷണിക്കാത്ത വേദിയിലിരുത്തി എ.ഡി.എമ്മിനെതിരേ പ്രസംഗിക്കാന്‍ അവസരം കൊടുത്തതു മാത്രമല്ല, ആ പ്രസംഗം തന്റെ അടുത്തിരിക്കുന്ന ഉദ്യോഗസ്ഥനെ ടാര്‍ഗറ്റ് ചെയ്തുള്ളതാണെന്ന് വ്യക്തമായി മനസ്സിലാക്കിയുള്ള ശരീര ഭാഷയായിരുന്നു കളക്ടറുടേത്.
ദിവ്യയുടെ പ്രസംഗം കേട്ട് ചിരിച്ചതും എ.ഡി.എം നവീന്‍ ബാബുവിന്റെ കുടുംബം ആയുധമാക്കുമ്പോള്‍ കളക്ടറുടെ ശരീര ഭാഷ പോലും ആ പദവിക്ക് ചേരാത്തതാണെന്ന ബോധ്യമാണ് മലയാളികള്‍ക്കുള്ളത്. IAS വിഭാഗത്തിനു തന്നെ മാനക്കേടാണ് കണ്ണൂര്‍ കളക്ടര്‍ വരുത്തിവെച്ചിരിക്കുന്നതെന്ന് പറയാതെ വയ്യ. ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രസംഗത്തിന് ശാരീരികവും മാനസികവുമായ പിന്തുണ നല്‍കുന്ന കളക്ടര്‍ ചെയ്തത് ആത്മഹത്യാ പ്രേരണ തന്നെ എന്നാണ് നവീനിന്റെ കുടുംബ ഇപ്പോവും കരുതുന്നത്.
ദിവ്യയെ യോഗത്തിന് ക്ഷണിച്ചിട്ടില്ലെന്ന് ആദ്യം പറഞ്ഞ കളക്ടര്‍, യോഗത്തിന് അനൗദ്യോഗികമായി കളക്ടര്‍ ക്ഷണിച്ചുവെന്ന് പറഞ്ഞ ദിവ്യ, ജാമ്യം കിട്ടാതെ വന്നതോടെ പോലീസിനു കീഴടങ്ങേണ്ടി വന്ന ദിവ്യയെ രക്ഷിക്കാനുള്ള പ്ലാനില്‍ കളക്ടറുടെ പങ്ക്. ഇതെല്ലാം ആത്മഹത്യാ വഴിയിലെ നാഴികക്കസ്സുകളാണ്. യോഗത്തിനു ശേഷം നവീന്‍ ബാബു തന്നെ വന്നുകണ്ട്, തെറ്റു പറ്റിപ്പോയെന്ന് പറയുകയുണ്ടായെന്ന് കളക്ടര്‍ നല്‍കിയ മൊഴിയാണ് പി.പി. ദിവ്യയ്ക്ക് ഇപ്പോഴുള്ള ഏക കച്ചിത്തുരുമ്പ്. കളക്ടര്‍ പറയുന്നത് കളവാണെന്ന് നൂറുശതമാനവും വിശ്വസിക്കാനേ കഴിയൂ.
കാരണം, തെറ്റ് ഏറ്റു പറഞ്ഞ ഒരാള്‍ പിന്നെ ആത്മഹത്യ ചെയ്യേണ്ടകാര്യം എന്താണ്. തെറ്റു പറ്റിപ്പോയ.ി എന്നു പറയുന്ന ഒരാളെ സംരക്ഷിക്കുകയോ, നിഷ്‌ക്കരുണം തള്ളിക്കളയുകയോ ചെയ്താല്‍ മാത്രമാണ് അടുത്ത ഘട്ടത്തെ കുറിച്ച് ചിന്തിക്കുക. ഇവിടെ കളക്ടര്‍ നിവീന്‍ ബാബുവിനോട് പറഞ്ഞതെന്തായിരിക്കും. അത് കളക്ടറുടെ മൊഴിയില്‍ ഉണ്ടാകില്ല. താന്‍ എന്തു തെറ്റാണ് ചെയ്തതെന്ന് കളക്ടര്‍ക്ക് നേരത്തെ അറിയാമായിരുന്നുവെങ്കില്‍ ആ ഉദ്യോഗസ്ഥനെതിരേ നടപടി എടുക്കാമായിരുന്നു.
പക്ഷെ, പി.പി. ദിവ്യ വന്ന് യോഗത്തില്‍ ആക്ഷേപിക്കുന്നതു വരെ കളക്ടര്‍ കാത്തിരുന്നു എന്നതാണ്. മറ്രൊരു വേദിയില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ യാത്ര അയപ്പ് യോഗത്തിലേക്ക് അനൗദ്യോഗികമായി ക്ഷണിക്കണമെങ്കില്‍ കളക്ടറും ദിവ്യയും തമ്മില്‍ നേരത്തെ തന്നെ അടുത്ത പരിചയം ഉണ്ടായിരിക്കണം. ഒരു പക്ഷെ, ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിനപ്പുറമുള്ള പരിചയം. ഓരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും, മറ്റൊരാള്‍ ജനപ്രതിനിധിയുമാണ്.
അതുകൊണ്ടുതന്നെ ഔദ്യോഗിക കാര്യത്തിനപ്പുറം പരിചയം സ്വാഭാവികമായിരിക്കും. ഈ പരിചയത്തിന്റെ പുറത്താണ് യാത്ര അയപ്പ് യോഗത്തിലേക്ക് കളക്ടര്‍ ദിവ്യയെ ക്ഷമിച്ചതെന്ന് വ്യക്തം. പെട്രോള്‍ പമ്പ് അനുമതിയുടെ പേരില്‍ നവീന്‍ബാബു കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ കളക്ടര്‍ നേരത്തെ തന്നെ ഈ വിവരം അറിഞ്ഞിരിക്കണം. എന്നിട്ടും, നടപടി എടുക്കാതെ ജില്ലാപഞ്ചായത്ത് പ്രസിഡന്റിന് ഭീ,മി പ്രസംഗം നടത്താനുള്ള വേദിയൊരുക്കിയതാണ് ക്രിമിനലിസം. ഇത് IAS അക്കാദമിയില്‍ പടിപ്പിക്കുന്ന ഒന്നല്ല.
ഭരണ നിര്‍വഹണത്തില്‍ കീഴുദ്യോഗസ്ഥരെ എങ്ങനെ ജോലി ചെയ്യിപ്പിക്കണം എന്നതും, ജനപ്രതിനിധികളെ എങ്ങനെ കാണണം എന്നതും പഠിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാണ്. അതിലൊന്നും കണ്ണൂര്‍ കളക്ടറിന്റെ ഇത്തരം പ്രവൃത്തി ഉണ്ടാകുമെന്നു തോന്നുന്നില്ല. കള്ളം പറഞ്ഞുള്ള തടിയൂരലും ഉണ്ടാകില്ല. എന്നിട്ടും, പഠിക്കാത്തത് പാടുന്ന കളക്ടര്‍ തന്റെ ജോലിയേക്കാള്‍ വലുതായി കാണുന്ന മൂല്യമാണ് കള്ളം എന്ന് തെളിയിച്ചിരിക്കുകയാണ്.
റവന്യൂ വകുപ്പ് നല്ലവനാണെന്ന് റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ ദിവ്യയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതെ സംരക്ഷിച്ച് സി.പി.എം തങ്ങളുടെ കൂറ് വെളിവാക്കുകയാണ്. ദിവ്യയെ രക്ഷിക്കാന്‍ കളക്ടര്‍ കള്ളം പറയുന്നതാണെന്ന് സി.പി.ഐ വിളിച്ചു പറയുമെങ്കില്‍ നവീന്‍ കുറഞ്ഞപക്ഷം കള്ളനാകാതെയെങ്കിലും ഇരിക്കും. അല്ലെങ്കില്‍ കളക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നവീന്‍ തെറ്റു ചെയ്തിട്ടുണ്ടെന്ന് സ്ഥാപിക്കും. കളക്ടര്‍ ചെയ്തത് എന്താണെന്നും ചെയ്യേണ്ടി ഇരുന്നത് എന്താണെന്നും ജനങ്ങള്‍ക്ക് അറിയാം.
പക്ഷെ, നിര്‍ഭാഗ്യവശാല്‍ കളക്ടര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത പാവയായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ദിവ്യയ്‌ക്കെതിരേ ഒരക്ഷരം പറഞ്ഞാല്‍ കളക്ടര്‍ക്ക് എന്തു സംഭവിക്കുമെന്ന് കണ്ടുതന്നെ അറിയണം. അതുകൊണ്ടാണ് നവീന്‍ ബാബുവിന്റെ കുടുംബം കളക്ടര്‍ക്കെതിരേ പറഞ്ഞത്. യാത്രയയപ്പ് ചടങ്ങില്‍ എ.ഡി.എം നവീന്‍ ബാബു അപമാനിക്കപ്പെടുമ്പോള്‍ ചെറിചിരിയോടെ ഇരിക്കുന്ന കളക്ടര്‍ അരുണ്‍ കെ. വിജയന്റെ നടപടി സഹിക്കാനായില്ലെന്നാണ് ഭാര്യ മഞ്ജുഷ പറയുന്നത്.
ഇത്രയും നാളത്തെ ഔദ്യോഗിക ജീവിതത്തില്‍ അനുഭവിച്ചതില്‍ ഏറ്റവും വലിയ അപമാനമാണ് നവീന്‍ ബാബു അനുഭവിച്ചത്. വിഡിയോയില്‍ നവീന്‍ ബാബു തകര്‍ന്നിരിക്കുന്നത് വ്യക്തമാണ്. ആ സമയത്ത് ചായ കുടിച്ചും ചെറുചിരിയോടെയും എല്ലാം ആസ്വദിക്കുകയാണ് കളക്ടര്‍ ചെയ്തത്. ചടങ്ങിനു ശേഷം ഒന്ന് സമാധാനിപ്പിക്കാനെങ്കിലും കളക്ടര്‍ തയാറായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. വിഡിയോയിലെ അദ്ദേഹത്തിന്റെ ശരീരഭാഷ കണ്ടാണ് സംസ്‌ക്കാരച്ചടങ്ങിന് വരേണ്ട എന്ന് പറഞ്ഞത്.
അത് ശരിയാണെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. മരണ ശേഷവും നവീനെ അപമാനിക്കാനാണ് ശ്രമിക്കുന്നത്. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞെന്ന മൊഴി വിശ്വസിക്കുന്നില്ലെന്നും മഞ്ജുഷ പറയുന്നു. അവധി പോലും ചോദിക്കാന്‍ മടിയുള്ള ഒരാളോട് മനസ്സിലുള്ള കാര്യങ്ങള്‍ തുറന്ന് സംസാരിക്കാന്‍ ഒരു സാഹചര്യവുമില്ല. നവീന്‍ ബാബുവിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ചെന്ന ബന്ധുക്കളോടൊന്നും പറയാത്ത കാര്യമാണ് ഇപ്പോള്‍ പറയുന്നത്. എന്തിനു വേണ്ടിയാണ് ഇപ്പോള്‍ ഇങ്ങനെ ഒരു മൊഴി ഉണ്ടായത് എന്ന് അറിയില്ലെന്നാണ് കുടുംബം പറയുന്നത്. ഇതാണ് കളക്ടറുടെ മൊഴിയുടെ വിശ്വാസ്യത.
അധികാരവും, ഭരണകൂടവും കൂടെയുണ്ടെങ്കില്‍ ഏത് നിരപരാധിയും അപരാധിയാകുമെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന കാലമാണിപ്പോള്‍. അതുകൊണ്ടുതന്നെ ദിവ്യയെ സി.പി.എം പുറത്താക്കാതെ നിര്‍ത്തിയിരിക്കുന്നതും ക്ലീന്‍ ചീറ്റ് നേടിയെടുക്കുമെന്ന വിശ്വാസത്തിലാണ്. അതായത്, നവീന്‍ബാബു കുറ്റക്കാരനായിരുന്നു എന്ന് സ്ഥാപിച്ചെടുക്കലാണ് ലക്ഷ്യം എന്നര്‍ത്ഥം. അതിന് ഏതറ്റം വരെയും പോകുമെന്ന സന്ദേശമാണ് ജാമ്യം കിട്ടാതെ വന്നപ്പോഴുള്ള ദിവ്യയുടെ കീഴടങ്ങലും, കളക്ടറുടെ മൊഴിയും, സി.പി.എമ്മിന്റെ മൃദു സമീപനവും വെളിവാക്കുന്നത്.
CONTENT HIGHLIGHTS;Body language learned from Mussoorie?: Kannur collector’s statement on ADM Naveenbabu’s death embarrassing?; Where is the script?