Explainers

കൊടകര കുഴപ്പണം: ബി.ജെ.പിയിലെ വിഭാഗീയത രൂക്ഷമായ പ്രതിസന്ധിയിലേക്ക്; രണ്ടും കല്‍പ്പിച്ച് ശോഭാ സുരേന്ദ്രന്‍

വിജയിക്കാന്‍ സാധ്യതയുള്ളിടത്തെല്ലാം തോല്‍വി ഉറപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും അതിശക്തമായി നീക്കിക്കൊണ്ടാണ് കേരളത്തില്‍ ബി.ജെ.പി മുന്നേറുന്നത്. വിജയത്തിന്റെ നേര്‍ത്ത പ്രകാശം കടന്നു വരുന്ന പാലക്കാട് ലോക്‌സഭാ സീറ്റിലും തോല്‍വിയുടെ കൂരിരുട്ട് നിറയുമെന്ന് ഉറപ്പാക്കിക്കഴിഞ്ഞു. ശോഭാ സുരേന്ദ്രനും ബി.ജെ.പി സംസ്ഥാന നേതൃത്വവും തമ്മിലുള്ള പോരാട്ടം പരസ്യമായതോടെ വിവാദമാകുന്ന കൊടകര കുഴപ്പണക്കേസ് സര്‍ക്കാരും എല്‍.ഡി.എഫും ആയുധമാക്കിയിട്ടുണ്ട്.

ഭരണപക്ഷവും പ്രതിപക്ഷവും ഫലത്തില്‍ ബി.ജെ.പിയെ പൊതു ശത്രുവായി കണക്കാക്കുന്നുണ്ടെങ്കിലും ഇരു പാര്‍ട്ടികളുടെയും അന്തര്‍ധാര സജീവമാണെന്നാണ് മനസ്സിലാക്കേണ്ടത്. കാരണം തൃശൂരില്‍ സുരേഷ്‌ഗോപി ജയിക്കാനുണ്ടായ കാരണവും, നേമത്ത് ഒ. രാജഗോപാല്‍ ജയിച്ചതുമെല്ലാം അന്തര്‍ധാരയുടെ സജീവത കൊണ്ടാണെന്നാണ് രാഷ്ട്രീയ കേരളത്തിലെ ചര്‍ച്ചകള്‍. എന്നാല്‍, പരസ്യമായി ഇത് അംഗീകരിച്ച് തരാന്‍ ആരും തയ്യാറുമല്ല. കെ. സുരേന്ദ്രനും,

ശോഭാ സുരേന്ദ്രനും തമ്മിലുള്ള അധികാരത്തര്‍ക്കവും അതേ തുടര്‍ന്നു നടക്കുന്ന പരസ്യവും രഹസ്യവുമായ നീക്കങ്ങളും അണികള്‍ക്കിടയില്‍ തന്നെ ചര്‍ച്ചയാണ്. ഇതിനിടയിലാണ് കേരളത്തിലെ ബിജെപി നേതൃത്വവും പ്രത്യേകിച്ച് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പ്രതിരോധത്തിലാക്കുന്ന കൊടകര കുഴല്‍പ്പണക്കേസ് ഉയര്‍ന്നു വന്നത്. ആദ്യം ഈ വിഷയം ഉയര്‍ന്നപ്പോള്‍ മുതല്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ പോലും നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല. സിപിഎമ്മുമായി ഏറെ വിട്ടുവീഴ്ചകള്‍ ചെയ്താണ് ഈ ആരോപണം ബിജെപി 2021ല്‍ ഒതുക്കിയത് എന്ന ആരോപണവും ഉയര്‍ന്നിരുന്നു.

ഇങ്ങനെ ഒതുക്കിവച്ചിരുന്ന വിഷയം പെട്ടെന്ന് വീണ്ടും ചര്‍ച്ചയായപ്പോള്‍ തന്നെ നേതൃത്വം അപകടം മണത്തു. ഇത് ശരിവക്കുന്ന തരത്തിലാണ് പിന്നീട് പുറത്തു വരുന്ന വാര്‍ത്തകളെല്ലാം. ബിജെപിയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന തീരൂര്‍ സതീശ് നടത്തിയ വെളിപ്പെടുത്തലാണ് കൊടകര കുഴല്‍പ്പണക്കേസിനെ വീണ്ടും സജീവമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് സാമഗ്രികള്‍ എന്ന പേരില്‍ ചാക്കുകളില്‍ പണം എത്തിച്ചെന്നും ഈ സമയം കെ സുരേന്ദ്രന്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ ഉണ്ടായിരുന്നുവെന്നുമാണ് സതീശന്‍ പറയുന്നത്.

ഇക്കാര്യം ശോഭാ സുരേന്ദ്രന്‍ പറഞ്ഞിട്ടാണ് വെളിപ്പെടുത്തുന്നതെന്നും സതീശന്‍ ആരോപിച്ചിരുന്നു. ഈ വിഷയത്തില്‍ ശോഭ സുരേന്ദ്രന്റെ പങ്ക് സാധൂകരിച്ചത് ഇങ്ങനെയാണ്. പിന്നീട് കേരളം കണ്ടത് ശോഭാ സുരേന്ദ്രന്റെ വെടിക്കെട്ട് വാര്‍ത്താ സമ്മേളനങ്ങളാണ്. തുടങ്ങിയാല്‍ തീര്‍ക്കാതെ വിടുന്ന ആളല്ല ശോഭാ സുരേന്ദ്രന്‍. കളം പിടിക്കാനായി തീപ്പൊരി ഡയലോഗുകളും ഞെട്ടിക്കുന്ന വെലിപ്പെടുത്തലുകളും, വെല്ലുവിളികളുമാണ് ശോഭ നടത്തിയത്.

സതീശന്‍ പറയുന്നതെല്ലാം നുണയാണെന്നും ഇതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മുമാണെന്ന് ആരോപിക്കുകയും ചെയ്തു. ഒപ്പം കടുത്ത ഭാഷയില്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു. ഇതോടൊപ്പം തന്റെ സംഘടനാപ്രവര്‍ത്തനത്തിന്റെ ചരിത്രവും വിളിച്ചു പറഞ്ഞു. നൂലില്‍ കെട്ടിയിറക്കിയ നേതാവല്ലെന്നും ഒരു ഗോഡ്ഫാദറും വളര്‍ത്തിവിട്ട ആളല്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

പ്രത്യക്ഷ വിമര്‍ശനം സിപിഎമ്മിനു നേരെയാണെങ്കിലും ശോഭയുടെ ലക്ഷ്യം ബിജെപിയിലെ സുരേന്ദ്രന്‍ പക്ഷം തന്നെയാണെന്ന് എല്ലാവര്‍ക്കുമറിയാം. താന്‍ പറഞ്ഞിട്ടാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്ന സതീശന്റെ ആരോപണങ്ങള്‍ ശോഭ തള്ളുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ വീട്ടില്‍ ശോഭ എത്തിയ ചിത്രങ്ങള്‍ പുറത്തുവിട്ടായിരുന്നു സതീശന്റെ മറുപടി. ഇത്രയും കാര്യങ്ങള്‍ പുറത്തു വന്നിട്ടും ശോഭ സുരേന്ദ്രനെ പരസ്യമായി തള്ളിപ്പറയാനോ പേരിന് ഒന്ന് വിമര്‍ശിക്കാന്‍ പോലും സംസ്ഥാന നേതൃത്വം തയാറായിട്ടില്ല.

ഇത് ശോഭയുടെ പ്രതികരണം ഏത് രീതിയിലാകും എന്ന് മനസിലാക്കി തന്നെയാണ്. ബിജെപി നേതാക്കളുടെ പേര് വലിച്ചിഴയ്ക്കുന്നത് ദുരുദ്ദേശ്യപരമാണ്. ശോഭയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസം ഉണ്ടാക്കാനാണ് ശ്രമം. സതീശന് പിന്നില്‍ ശോഭാ സുരേന്ദ്രനാണെന്ന് ആര് പറഞ്ഞാലും വിശ്വസിക്കില്ലെന്നും പറഞ്ഞ് വിവാദങ്ങളെ മയപ്പെടുത്താനാണ് കെ സുരേന്ദ്രന്‍ ശ്രമിച്ചത്.
പാലക്കാട് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ ശോഭ സുരേന്ദ്രന്‍ അസ്വസ്ഥയാണ്.

ഇതോടെയാണ് കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് കസേരയില്‍ നിന്നിറക്കാനുള്ള ശ്രമം ശോഭ സജീവമാക്കിയത്. ദേശീയ നേതൃത്വത്തിനും ശോഭയുടെ കാര്യത്തില്‍ താല്പ്പര്യമുണ്ട്. ഈ അനുകൂല സാഹചര്യം മുതലാക്കാനാണ് ശോഭ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നത്. അണികളെ ആവേശത്തിലാക്കുന്ന തരത്തിലാണ് ശോഭയുടെ വാര്‍ത്താസമ്മേളനങ്ങള്‍. ഒപ്പം തനിക്കെതിരെ മോശം വാര്‍ത്ത നല്‍കിയെന്ന പേരില്‍ രണ്ട് മാധ്യമങ്ങളെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വിലക്കിയും അതിന്റെ ഉടമകള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചും കളം നിറയുകയാണ്.

2026ലാണ് ബജെപിയില്‍ സംഘടനാ പുനസംഘടന നടക്കേണ്ടത്. നിലവില്‍ കെ സുരേന്ദ്രന്‍ ആധിപത്യം ഉറപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലാ പ്രസിഡന്റുമാരുടെ കാര്യത്തിലടക്കം സുരേന്ദ്രനും വി മുരളീധരനും നേതൃത്വം നല്‍കുന്ന വിഭാഗം ഏകപക്ഷീയമായ നീക്കങ്ങള്‍ നടത്തുകയാണ്. സംഘടനാ തിരഞ്ഞെടുപ്പിലൂടെ വരാന്‍ കഴിയില്ലെന്ന് ശോഭക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് ലഭിച്ച അവസരത്തില്‍ പരമാവധി കുളം കലക്കി നിലവിലെ നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കുന്നത്.

ഇത് ഫലം കാണുമോ എന്നാണ് ഇനി അറിയേണ്ടത്. മറുപക്ഷവും അതേ നാണയത്തില്‍ തന്നെയാണ് തിരിച്ചടിക്കുന്നതും. പാര്‍ലമെന്ററി രംഗത്ത് അടുത്തകാലത്തൊന്നും എത്താനാകില്ലെന്ന വിശ്വാസം ഇരു പക്ഷത്തിനുമുണ്ട്. എന്നാല്‍, അതിനു വേണ്ടുന്ന ഗ്രൗണ്ട് ഒരുക്കല്‍ നടത്തുന്നതില്‍ ശോഭയാണ് മുമ്പില്‍. പാര്‍ട്ടി വോട്ടുകള്‍ നിലനിര്‍ത്താനും, അണികള്‍ക്ക് ആവേശം പകരാനും, പാര്‍ട്ടിയിലേക്ക് കൂടുതല്‍ വോട്ടുകള്‍ ചേര്‍ക്കുന്നതിനും ശോഭാ സുരേന്ദ്രന് സാധിച്ചിട്ടുണ്ട്.

CONTENT HIGHLIGHTS;Kodakara Chaos: Sectarianism in BJP has turned into organizational poison; Sobha Surendran ordered both

Latest News