Explainers

സാമ്പത്തിക പ്രതിസന്ധിയില്‍ പച്ചക്കള്ളം പറയുന്നവര്‍: തിരിച്ചും മറിച്ചും പഴിചാരി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍; ക്ഷേമ പെന്‍ഷന്‍ വിതരണം എന്താകും ?

സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക അസമത്വമാണെന്ന് നിരന്തരം പറയുകയും പ്രതികരിക്കുകയും ചെയ്യുന്ന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ നല്‍കിയ മറുപടി തിരിഞ്ഞു കുത്തുന്നു. ക്ഷേമ പെന്‍ഷനും ക്ഷാമബത്തയും നല്‍കാന്‍ പണമില്ലാത്തത്, കേന്ദ്രം തരാത്തതു കൊണ്ടാണെന്നായിരുന്നു ധനമന്ത്രിയുടെ വിലാപം. കേന്ദ്രത്തില്‍ ബി.ജെ.പിയും സംസ്ഥാനത്ത് എല്‍.ഡി.എഫും അധികാരത്തില്‍ ഇരിക്കുന്നതിന്റെ ബാക്കി പത്രമാണ് ക്ഷേമപെന്‍ഷന്‍ കുടിശിക എന്ന് പറയാതെ വയ്യ.

എന്നാല്‍ ക്ഷേമ പെന്‍ഷനും ക്ഷാമബത്തയും കുടിശിക ആയത് കേന്ദ്രത്തില്‍ നിന്നും പണം കിട്ടാത്തത് കൊണ്ടാണെന്നു വിശദീകരിക്കുമ്പോള്‍ അതിനെ സാധൂകരിക്കുന്ന കണക്കുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈയ്യില്‍ ഇല്ലെന്നതാണ് വസ്തുത. ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ധനമന്ത്രി 2016-17 മുതല്‍ 2023-24 വരെ കേന്ദ്രം കൊടുക്കാനുള്ള കുടിശിക എത്രയെന്നത് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. മധുസുദനന്‍ എം.എല്‍.എയുടെ ചോദ്യത്തിനു നല്‍കിയ മറുപടിയായിരുന്നു അത്.

കണക്കുകള്‍ അനുസരിച്ച് 2016-17 മുതല്‍ 2023-24 വരെ 1215.04 കോടി രൂപയാണ് കേന്ദ്രം കുടിശിക വരുത്തിയതെന്നാണ് പറയുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് ഇനത്തില്‍ 2018-19ല്‍ 285.94 കോടിയും 2019-20ല്‍ 374.42 കോടിയും ആരോഗ്യ ഗ്രാന്റിനത്തില്‍ 2021-22ല്‍ 1.33 കോടിയും 2023-24ല്‍ 410.03 കോടിയും കേന്ദ്രം കുടിശിക ഇനത്തില്‍ നല്‍കാനുണ്ട്. കൂടാതെ 2023-24ല്‍ നഗര തദ്ദേശസ്ഥാപനങ്ങള്‍ക്കും ഗ്രാന്റ് ഇനത്തില്‍ 143.32 കോടിയും കേന്ദ്രം കുടിശിക വരുത്തിയെന്ന് ബാലഗോപാല്‍ വ്യക്തമാക്കുന്നു.

4 മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക കൊടുക്കാന്‍ 3968 കോടി വേണം. കേന്ദ്ര കുടിശിക കിട്ടാനുള്ളത് 1215.04 കോടിയും. കേന്ദ്രം കുടിശിക വരുത്തിയത് കൊണ്ടല്ല ക്ഷേമ പെന്‍ഷനും ക്ഷാമബത്തയും കുടിശിക ആയതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. സര്‍ക്കാരിന്റെ ധൂര്‍ത്താണ് ഖജനാവ് ചോര്‍ത്തിയത്. 56,000 കോടി കേന്ദ്രത്തില്‍ നിന്ന് കിട്ടാനുണ്ടെന്ന് വീമ്പടിച്ചു നടന്ന ധനമന്ത്രി അവസാനം കിട്ടാനുള്ള കുടിശിക എത്രയെന്ന് നിയമസഭയില്‍ വെളിപ്പെടുത്തിയപ്പോള്‍ ഞെട്ടിയത് മറുപടി ലഭിച്ച മധുസുദനന്‍ എം.എല്‍.എ മാത്രമല്ല, പ്രതിപക്ഷവും, ജനങ്ങളുമാണ്.

കാരണം ക്ഷേമ പെന്‍ഷനും ക്ഷാമബത്തയും കുടിശിക ആയത് കേന്ദ്രത്തില്‍ നിന്നും പണം കിട്ടാത്തത് കൊണ്ടാണെന്നതാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്ഥിരമായി കുറ്റപ്പെടുത്തിക്കൊണ്ടിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ വാദവും സര്‍ക്കാര്‍ നല്‍കുന്ന കണക്കും തമ്മില്‍ ഒത്തുനോക്കുമ്പോള്‍ കേന്ദ്രം പണം നല്‍കാത്തത് കൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന് പ്രശ്‌നം വരുന്നത് എന്ന വാദത്തിന് യാതെരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാകുകയാണ്. 4 മാസത്തെ കുടിശികയാണ് ക്ഷേമ പെന്‍ഷന്‍കാര്‍ക്കും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍കാര്‍ക്കും കൊടുത്തു തീര്‍ക്കാനുള്ളത്.

സംസ്ഥാനത്താകെ 62 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. 1600 രൂപയാണ് പ്രതിമാസ പെന്‍ഷനായി നല്‍കുന്നത്. 4മാസത്തെ പെന്‍ഷന്‍ കുടിശിക ലഭിച്ചിരുന്നെങ്കില്‍ 6400 രൂപ വീതം ഓരോ പെന്‍ഷന്‍കാര്‍ക്കും ലഭിക്കുമായിരുന്നു. എന്നാല്‍, ക്ഷേമ പെന്‍ഷന്‍ കുടിശിക കൊടുക്കാന്‍ 3968 കോടി രൂപ വേണമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. ലോക്സഭ തിരഞ്ഞെടുപ്പിലെ അതി ദയനീയമായ തോല്‍വിക്ക് കാരണം ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതതെന്നായിരുന്നു ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍.

തുടര്‍ന്നു നടന്ന നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി ചട്ടം 300 പ്രകാരം കുടിശികകള്‍ സംബന്ധിച്ച പ്രസ്താവനയും നടത്തിയിരുന്നു. മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവന അനുസരിച്ച് പെന്‍ഷന്‍ കുടിശിക 2024 -25ല്‍ രണ്ട് ഗഡുക്കളും 2025 -26ല്‍ 3 ഗഡുക്കളും വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നു’ എന്നായിരുന്നു. ഓണം പ്രമാണിച്ച് സെപ്റ്റംബറില്‍ ഒരു മാസത്തെ പെന്‍ഷനോടൊപ്പം ഒരു മാസത്തെ പെന്‍ഷന്‍ കുടിശികയും നല്‍കിയിരുന്നു. അതോടെ 5 ഗഡു കുടിശികയില്‍ ഒരു ഗഡു നല്‍കി.

നിലവില്‍ 4 ഗഡുക്കള്‍ കുടിശികയാണ്. ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് ഒരു ഗഡു കുടിശിക കൂടി അനുവദിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും കെ.എന്‍. ബാലഗോപാല്‍ അതിന് തയ്യാറായില്ല. ഉപതെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച വിഷയമായി ക്ഷേമ പെന്‍ഷന്‍ കുടിശിക മാറിയതോടെ ഇടതു സ്ഥാനാര്‍ത്ഥികള്‍ മറുപടി ഇല്ലാതെ കുഴയുകയാണ്. ഇടതുപക്ഷത്തിന്റെ മറ്റൊരു വലിയ തട്ടിപ്പാണ് സംസ്ഥാന വരുമാനത്തിന്റെ സിംഹഭാഗവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനാണ് ഉപയോഗിക്കുന്നതെന്ന വാദം.

ഇതും തെറ്റാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2023 -24ല്‍ 27,754.62 കോടിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ചെലവായത്. ഇത് നിയമസഭയില്‍ ധനമന്ത്രി നല്‍കിയ മറുപടിയാണ്. 2023-24ല്‍ സര്‍ക്കാരിന്റെ പുതുക്കിയ റവന്യു വരുമാനം 1,26,837.66 കോടിയാണ്. ഈ കണക്കുകള്‍ പ്രകാരം റവന്യൂ വരുമാനത്തിന്റെ 21.88 ശതമാനം മാത്രമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ചെലവായത് എന്ന് വ്യക്തം. പത്ത് വര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്‌കരണം മതി എന്നാണ് ചീഫ് സെക്രട്ടറിയുടേയും കെ.എം എബ്രഹാമിന്റെയും പക്ഷം.

ഇതിനോട് കെ എന്‍ ബാലഗോപാലും യോജിക്കുന്നുണ്ട്. പന്ത്രണ്ടാം ശമ്പള പരിഷ്‌ക്കരണം 2024 ജൂലൈ 1 പ്രാബല്യത്തില്‍ ലഭിക്കേണ്ടതാണ്. എന്നാല്‍ ശമ്പള പരിഷ്‌കരണ കമ്മീഷനെ പോലും നിയമിക്കാതെ ഒളിച്ചു കളിക്കുകയാണ് ഇപ്പോഴും സര്‍ക്കാര്‍. അതേസമയം, ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കാന്‍ ചെലവഴിച്ചത് 10479.61 കോടിരൂപയാണ്. 2023- 24 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കൊടുത്ത തുകയാണിത്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 126837.66 കോടിയാണ് 2023- 24ലെ സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കാന്‍ ചെലവായത് വരുമാനത്തിന്റെ 8.26 ശതമാനം മാത്രമെന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാവുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ 2023 -24ല്‍ ചെലവായത് വരുമാനത്തിന്റെ 30.14 ശതമാനം മാത്രമെന്നിരിക്കെയാണ് സംസ്ഥാന വരുമാനത്തിന്റെ സിംഹഭാഗവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൊടുക്കാനാണ് ഉപയോഗിക്കുന്നതെന്ന സര്‍ക്കാര്‍ വാദം.

ഈ വാദം സര്‍ക്കാര്‍ ജീവനക്കാരെ മാനസികമായി തളര്‍ത്താനാണെന്ന് വ്യക്തമായിരിക്കുകയാണ്. അഇതേസമയം, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും മന്ത്രിമാരുടെ ധൂര്‍ത്ത്കുറയുന്നില്ലെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. നിത്യച്ചെലവുകള്‍ക്കു പോലും പണമില്ലാത്ത അവസ്ഥയാണിപ്പോള്‍. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പണമില്ല. കര്‍ശന സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് സര്‍ക്കാര്‍ എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. അപ്രഖ്യാപിത നിയമന നിരോധനം ഉള്‍പ്പടെ ഏര്‍പ്പെടുത്തി മുണ്ടുമുറുക്കി ഉടുക്കാനായിരുന്നു തീരുമാനം.

ജീവനക്കാരും മന്ത്രിമാരുമെല്ലാം ആര്‍ഭാടങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അതൊന്നും ബാധകമല്ലെന്ന നിലയിലാണ് മന്ത്രിമാരുടെ നടപടികള്‍. മന്ത്രിമാരുടെ വിദേശയാത്രക്ക് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയെങ്കിലും ചിലമന്ത്രിമാര്‍ പരിവാരങ്ങളുമായി വിദേശ യാത്ര നടത്തി. ടൂറിസം വികസനത്തിനെന്ന പേരില്‍ ടൂറിസം മന്ത്രി പ്രതിസന്ധികാലത്ത് വിദേശ യാത്രകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ആഡംബര വാഹനങ്ങള്‍ വാങ്ങുന്നതിലും മന്ത്രിമാരെ സാമ്പത്തിക പ്രതിസന്ധി ബാധിച്ചിട്ടില്ല എന്നര്‍ത്ഥം.

CONTENT HIGHLIGHTS;central and state governments to blame and vice versa; What will be the distribution of welfare pension?

Latest News