Explainers

KSRTC ജീവനക്കാരുടെ ആരോഗ്യ സംതൃപ്തിയും, ‘പബ്ലിസിറ്റി’ വെറുക്കും ഗണേഷ്‌കുമാറും: ശമ്പളം കിട്ടാതെ ഞെട്ടിയിരിക്കുന്ന ജീവനക്കാരെ വീണ്ടും ഞെട്ടിക്കുമോ മന്ത്രി(സ്‌പെഷ്യല്‍ സ്റ്റോറി)

ഇന്നലെ ഉദ്ഘാടനം ചെയ്ത ഹെല്‍ത്ത് കിയോസ്‌ക്ക് അത്യാവശ്യമായ കാര്യമാണെന്നതില്‍ ഒരു തര്‍ക്കവുമില്ല. ഗതാഗതമന്ത്രിയുടെ ഈ തീരുമാനം എല്ലാ KSRTC ഡിപ്പോകളിലും ആരംഭിക്കാന്‍ താമസിക്കരുത്. കാരണം, ഹെല്‍ത്ത് കിയോസ്‌ക്ക് ഉദ്ഘാടനം ചെയ്ത ഇന്നലെയും KSRTCയിലെ ജീവനക്കാര്‍ മരണപ്പെട്ടിട്ടുണ്ട്. ഹൃദയാഘാതം മൂലമാണ് മരണങ്ങള്‍ കൂടുതലും സംഭവിക്കുന്നത്. അത് അവര്‍ അനുഭവിക്കുന്ന “സ്‌ട്രെസ്” മൂലമാണെന്ന് മന്ത്രി തന്നെ പറയുമ്പോള്‍ അതിന്റെ ഗൗരവം വര്‍ദ്ധിക്കുകയാണ്.

ജീവനക്കാരുടെ ആരോഗ്യവും അവരുടെ സംതൃപ്തിയുമാണ് KSRTCയുടെ വിജയം എന്നു വിശ്വസിക്കുന്ന മന്ത്രി മനസ്സിലാക്കേണ്ട ഒരു കാര്യം, ഇതുവരെ ജീവനക്കാര്‍ക്ക് ഇത് രണ്ടും(ആരോഗ്യവും സംതൃപ്തിയും) ഉണ്ടായിട്ടില്ല എന്നതാണ്. ഈ രണ്ടു ഘടകങ്ങളും പൂരകങ്ങളുമാണ്. സംതൃപ്തിയുള്ള ഒരു ജീവനക്കാരന് ആരോഗ്യം ഉണ്ടാകും എന്നതാണ്. മാസം മുഴുവന്‍ ജോലി ചെയ്തിട്ടും, നഷ്ടക്കണക്കും പറഞ്ഞ് സര്‍ക്കാരും മാനേജ്‌മെന്റും ചേര്‍ന്ന് കുറ്റം മുഴുവന്‍ ജീവനക്കാരന്റെ തലയില്‍ കെട്ടി വെക്കുയായിരുന്നു ഇതുവരെയും നടന്നിരുന്നത്.

ശമ്പളം വെട്ടിമുറിച്ചതും, ആനുകൂല്യങ്ങള്‍ നല്‍കാതിരുന്നതും, ജീവനക്കാരുടെ സംതൃപ്തമായ ജോലിയെയും ജീവിതത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മാത്രമല്ല, അവരുടെ ആരോഗ്യത്തിനും മാനസിക നിലയ്ക്കു വരെ മാറ്റം വരുത്തിയിട്ടുണ്ട്. ഇതിനൊരു പരിഹാരം കാണാന്‍ മന്ത്രിക്കു കഴിയണം. അതാണ് വേണ്ടത്. അതിലേക്കുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നത് സന്തോഷം തരുന്ന കാര്യവുമാണ്.

  • മന്ത്രിയുടെ പബ്ലിസിറ്റയും ജീവനക്കാരുടെ കരച്ചിലും

അച്ഛന്‍ മന്ത്രിയായിരുന്ന കുടുംബത്തില്‍ നിന്നും 17-ാം വയസ്സുമുതല്‍ സിനിമയില്‍ അഭിനയിച്ച് പ്രശസ്തി നേടിയതു കൊണ്ട് ഇനിയൊരു പബ്ലിസിറ്റിക്ക് പ്രസക്തിയില്ലെന്ന മന്ത്രിയുടെ വാദം സത്യമാണ്. പക്ഷെ, എല്ലുമുറിയെ പണിയെടുത്തിട്ട് ശമ്പളത്തിന് കൈ നീട്ടേണ്ടി വരുന്ന ജീവനക്കാര്‍ക്ക് അല്‍പ്പം പബ്ലിസിറ്റി വേണം. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്ന പഴമൊഴി പോലെയാണ് ഇപ്പോഴത്തെ കാര്യങ്ങള്‍. മന്ത്രിപ്പണി പോലെയല്ല, വണ്ടിപ്പണി. അത് ഇത്തിരി കടുപ്പമാണ്. ചെയ്യുന്ന ജോലിക്ക് കൂലി കൃത്യമല്ലെങ്കില്‍ കരഞ്ഞല്ലേ നിവൃത്തിയൂള്ളൂ.

ആ കരച്ചില്‍ ഒരു പബ്ലിസിറ്റിയായി മന്ത്രിക്കു തോന്നിയാല്‍ എന്തു ചെയ്യാനാകും. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഫണ്ട് അനുവദിക്കുന്നതു തൊട്ട്, അവരുടെ ശമ്പളം ഒന്നാം തീയതിക്കും അഞ്ചാം തീയതിക്കും ഇടയില്‍ കൊടുക്കുമെന്നു വരെ പ്രഖ്യാപിക്കുന്നത് ‘പബ്ലിസിറ്റി’യുടെ ഗണത്തില്‍ വരാത്തതു കൊണ്ട്, അക്കാര്യത്തില്‍ മന്ത്രിയും ധനമന്ത്രിയും സേഫാണ്. ‘അത്താഴപ്പഷ്ണിക്കാരുണ്ടോ’ എന്ന് വിളിച്ചു ചോദിക്കുന്ന സമ്പ്രദായം പണ്ട് കേരളത്തിലുണ്ടായിരുന്നു.

അതുപോലെ ഒരു ‘വിളിച്ചു ചോദിക്കല്‍’ പോലെയാണ് KSRTC ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനുള്ള ഫണ്ട് അനുവദിക്കുമ്പോള്‍ ധനമന്ത്രിയും സംഘവും പ്രസ്താവന ഇറക്കുന്നതും വിളിച്ചു പറയുന്നതും. ഫണ്ട് കൊടുക്കുമ്പോള്‍ നാലാളറിയണമല്ലോ എന്നൊരു സദ്ദുദ്ദേശം മാത്രമാണ് അതിനു പിന്നില്‍. അല്ലാതെ പബ്ലിസിറ്റിയൊന്നും ആഗ്രഹിച്ചിട്ടല്ല. മറ്റു സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ശമ്പളം കൊടുക്കുമ്പോള്‍, ശമ്പളം ‘കോടുക്കുവാണേ…’ എന്ന് ധനമന്ത്രി മീന്‍കച്ചവടക്കാര്‍ വിളിക്കുന്ന സ്വരത്തില്‍ പ്രസ്താവിച്ചിട്ടാണല്ലോ കൊടുക്കുന്നത്.

മാത്രമല്ല, ഒന്നാം തീയതി ആകും മുമ്പേ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ക്ക് ശമ്പളം ഇട്ടു കൊടുത്ത് ധീരത പ്രകടിപ്പിക്കുകയും ചെയ്തിച്ചുള്ളവനാണീ കെ.കെ. ജോസഫ്. ഗതാഗത മന്ത്രിക്ക് പബ്ലിസിറ്റി വേണ്ടെങ്കിലും ധനമന്ത്രിക്ക് വാങ്ങുന്നത് ആരുമറിഞ്ഞില്ലെങ്കിലും KSRTCക്ക് കൊടുക്കുന്നത് നാലുപേരെ അറിയിക്കുന്നതിന്റെ സുഖം നല്ലോണം അറിയണം എന്നതാണ് മതം. പോരെങ്കില്‍ കെ.എന്‍. ബാലഗോപാലന്‍ സിനിമാ അഭിനയമൊന്നുമുള്ള ആളുമല്ല.

ജീവിതത്തില്‍ ആദ്യത്തെയും അവസാനത്തെയും മന്ത്രിപദമാണ് ഇപ്പോള്‍ അലങ്കരിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ പബ്ലിസിറ്റി കിട്ടിയില്ലെങ്കില്‍ പിന്നെപ്പോഴാണ്. അതു കൊണ്ട് പബ്ലിസിറ്റിയും പബ്ലിസിറ്റി ഇല്ലായ്മയും ബോത്ത് ആര്‍ ഈക്വല്‍ എന്നേ പറയാനുള്ളൂ. കാരണം, രണ്ടു മന്ത്രിമാരും ഒരേ സര്‍ക്കാരിന്റെ ഭാഗമാണല്ലോ.

  • യാത്രക്കാരുടെ ആവശ്യങ്ങള്‍ മാനിക്കണം

യാത്രക്കാര്‍ യജമാനന്‍മാരാണ് എന്നുപറയുന്ന മന്ത്രിക്ക് യജമാനന്‍മാരില്‍ നിന്നും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് ആവശ്യങ്ങള്‍ പരിഹരിക്കാനായി മന്ത്രി മുന്നോട്ടു വെച്ചിരിക്കുന്നത്.

1) കൃത്യ സമയത്ത് യാത്ര തുടങ്ങണം
2) റിസര്‍വേഷന്‍ കാന്‍സലേഷനോ, വണ്ടി ക്യാന്‍സല്‍ ചെയ്യുകയോ പാടില്ല
3) നല്ല വൃത്തിയുള്ള ടോയ്‌ലെറ്റുകള്‍ വേണം
4) കാത്തിരിക്കാന്‍ വൃത്തിയും വെടിപ്പുമുള്ള സ്ഥലങ്ങള്‍ വേണം
5) വണ്ടിക്കുള്ളില്‍ ജീവനക്കാരുടെ പെരുമാറ്റം മാന്യവും സ്‌നേഹമുള്ളതുമാകണം

ഈ അഞ്ച് ആവശ്യങ്ങളും പരിഹരിക്കപ്പെടുന്നതോടെ യജമാനന്‍മാര്‍ ഹാപ്പിയാകും. എന്നാല്‍, ഡ്രൈവറോ കണ്ടക്ടറോ ഹാപ്പിയാകില്ലെന്നുറപ്പാണ്. കാരണം, ബ്രേക്കില്ലാത്ത വണ്ടിയോടിച്ച് പോകുന്ന ഡ്രൈവര്‍ക്ക് എങ്ങനെ ഹാപ്പിയാകാന്‍ കഴിയും. കുറുകെ ചാടാത്ത ശക്തന്‍ തമ്പുരാന്റെ പ്രതിമയില്‍ ഇടിച്ച ബസിന് ഇന്‍ഷുറന്‍സ് ഇല്ലായിരുന്നു. എങ്ങനെ ഹാപ്പിയാകും. ആ ഡ്രൈവറിന്റെ കൈയ്യില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ തീരുമാനിച്ചു. എങ്ങനെ ഹാപ്പിയാകും. പ്രതിമ നിര്‍മ്മിക്കാന്‍ 10 ലക്ഷം രൂപ കൊടുത്ത മന്ത്രിക്ക്, ബസിന്റെ ഇന്‍ഷുറന്‍സ് പുതുക്കിയിരുന്നെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി കൊടുക്കില്ലായിരുന്നോ നഷ്ടം. അപ്പോള്‍ ഹാപ്പിയാകാന്‍ ഒരു വഴിയുമില്ലെന്നര്‍ത്ഥം.

  • ഭക്ഷണം കഴിക്കാന്‍ നല്ലയിടം കിട്ടിയിട്ടുണ്ട്

ഇതുവരെ KSRTCയില്‍ യാത്ര ചെയിതിരുന്നവരും ജീവനക്കാരും ഭക്ഷണം കഴിച്ചിരുന്നത് എവിടെയാണെന്ന് തിരിച്ച റിയുമ്പോഴാണ് ഇനി കഴിക്കാന്‍ പോകുന്ന ഇടങ്ങള്‍ക്ക് പ്രസക്തി ഏറുന്നത്. 24 ഫുഡ് സ്‌പോട്ടുകളാണ് കണ്ടെത്തിയിരിക്കുന്നത്. 12.30 മുതല്‍ 2 മണിവരെയാണ് ഉച്ചഭക്ഷണത്തിന്റെ സമയം. ആ സമയത്തിനുള്ളില്‍ ബസ് പോകുന്ന ഏത് സ്ഥലത്തായാലും ലിസ്റ്റില്‍പ്പെട്ട ഹോട്ടലില്‍ വണ്ടി നിര്‍ത്തും. ഈ ഹോട്ടലുകളില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഭക്ഷണം ഫ്രീയായി നല്‍കും.

യാത്രക്കാര്‍ക്ക് മിതമായ രീതിയില്‍ ഭക്ഷണത്തിന് പണം ഈടാക്കും. എത്ര മനോഹരമായ പദ്ധതികളാണിത്. ഇന്നലെത്തന്നെ കണ്ടെത്തിയ 24 ഫുഡ് സ്‌പോട്ടുകള്‍ ഒഴിവാക്കിയാണ് KSRTC ബസുകള്‍ നിര്‍ത്തിയതെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. സ്ഥിരം കഴിക്കാന്‍ നിര്‍ത്തുന്ന ഹോട്ടലുകളുമായി ജീവനക്കാര്‍ക്ക് എന്തെങ്കിലും അവിഹിത ഇടപാടുകളുണ്ടെങ്കില്‍ അത് വേഗത്തില്‍ നിര്‍ത്തുന്നതാണ് നല്ലതെന്നു മാത്രമേ അതിനേക്കുറിച്ച് പറയാനുള്ളൂ.

  • ആറ് മാസത്തിനുള്ളില്‍ ‘ഞെട്ടാന്‍’ തയ്യാറായിരിക്കുന്നവര്‍

വരുന്ന ആറ് മാസത്തിനുള്ളില്‍ എല്ലാവരെയും ഞെട്ടിക്കാനുള്ള തത്രപ്പാടിലാണ് മന്ത്രി ഗണേഷ്‌കുമാര്‍. അത് എങ്ങനെയാണെന്നു മാത്രം സസ്‌പെന്‍സാക്കിയിരിക്കുകയാണ്. യാത്രക്കാരാണോ, അതോ ജീവനക്കാരാണോ അതോ സര്‍ക്കാരാണോ ഞെട്ടുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല. എന്തായാലും പറഞ്ഞത് ഗണേഷ്‌കുമാറായതു കൊണ്ട് എല്ലാവരും ഞെട്ടാന്‍ തയ്യാറായിക്കോളൂ. ഒരുകാര്യം ഉറപ്പാണ്, ശമ്പളം കിട്ടാതെ എല്ലാ ദിവസവും ഞെട്ടിക്കൊണ്ടിരിക്കുന്ന KSRTC ജീവനക്കാര്‍ക്ക് ഇനിയൊരു ഞെട്ടല്‍ താങ്ങാനാവില്ല.

യൂണിയന്‍കാരും, മാനേജ്‌മെന്റും സര്‍ക്കാരും വകുപ്പുമൊക്കെ ചേര്‍ന്ന് ജീവനക്കാരെ നാഴികയ്ക്ക് നാല്‍പ്പതു തവണ ഞെട്ടിക്കുന്നുണ്ട്. ഞെട്ടി ഞെട്ടി അടപ്പ് തെറിച്ചിരിക്കുകയാണ് തൊഴിലാളികള്‍. അടുത്തിടെയായി ബസ് ആക്‌സിഡന്റുകള്‍ വര്‍ദ്ധിച്ചു വരികയാണെന്നാണ് മനസ്സിലാകുന്നത്. ഇതെല്ലാം KSRTC ബസിന്റെ ബ്രേക്ക് ഇല്ലായ്മയാണെന്ന് വരികില്‍ എന്തു ചെയ്യും. ബ്രേക്കില്ലാത്ത വണ്ടികളാണ് കേരളത്തിലൂടെ തേരാപാരാ ഓടുന്നു എന്നത് വലിയ ഞെട്ടലാണ് ജനങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നത്.

ഇതിലും വലിയ ഞെട്ടല്‍ വരാനില്ലെന്ന് കണക്കു കൂട്ടിയിരിക്കുന്നവര്‍ക്കാണ് മന്ത്രിയുടെ മുന്നറിയിപ്പ്. ഞെട്ടാന്‍ തയ്യാറായിക്കോളൂ എന്ന്. KSRTC സര്‍ക്കാര്‍ ഏറ്റെടുത്താല്‍ മതിയായിരുന്നു എന്നാണ്, ഞെട്ടാന്‍ തയ്യാറായിരിക്കുന്ന ഒരു ജീവനക്കാരന്‍ പറയുന്നത്.

CONTENT HIGHLIGHTS;Health satisfaction of KSRTC employees, hate ‘publicity’ Ganesh Kumar: Will the minister shock the employees who are shocked by not getting their salaries again?

Latest News