Explainers

കെ. സുരേന്ദ്രനോ സന്ദീപ് വാര്യരോ ശരി: ബി.ജെ.പിയില്‍ ആഭ്യന്തര കലഹം രൂക്ഷം; ശോഭാ സുരേന്ദനും പുറത്തേക്കുള്ള വഴിയില്‍ തന്നെ ?

ആത്മാഭിമാനത്തിന് മുറിവ് പറ്റി നില്‍ക്കുന്ന ഒരാളോട് അച്ചടക്കത്തിന്റെ പേര് പറഞ്ഞ് ഭയപ്പെടുത്തരുതെന്ന് സന്ദീപ് വാര്യര്‍

പാര്‍ട്ടിക്കുള്ളില്‍ ആരാണ് വലുതെന്ന മൂപ്പലിമ തര്‍ക്കത്തിലാണ് ബി.ജെ.പി ഇപ്പോള്‍. പാലക്കാട് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് ആരംഭിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടാന്‍ കഴിയാത്ത വിധം വലുതായി കഴിഞ്ഞിരിക്കുന്നു എന്നാണ് സന്ദീപ് വാര്യരുടെ വാര്‍ത്താ സമ്മേളനത്തോടെ വെളിപ്പെട്ടിരിക്കുന്നത്. ഇനി എന്ത് എന്നാണ് കെ. സുരേന്ദ്രനും സന്ദീപ് വാര്യരും ആലോചിക്കുന്നത്.

പാര്‍ട്ടിക്കു പുറത്തേക്കോ അതോ പാര്‍ട്ടിയില്‍ ഒതുങ്ങിക്കൂടുകയോ എന്നതാണ് സന്ദീപ് വാര്യര്‍ക്കു മുമ്പിലെ ചോദ്യം. സമാന ചിന്തയാണ് ശോഭാ സുരേന്ദ്രനും. ബി.ജെ.പി സംസ്ഥാന ഘടകത്തിലുണ്ടായിരിക്കുന്ന വിഭാഗീയതയെ ചെറുക്കാന്‍ ഇനി കഴിയുമോ എന്നതും വലിയ പ്രശ്‌നമായി മാറിക്കഴിഞ്ഞു. കെ. സുരേന്ദ്രന്‍ പക്ഷത്തിന്റെ അപ്രമാദിത്വം അംഗീകരിക്കാന്‍ കഴിയാത്തവരെല്ലാം വിമത പക്ഷമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം സംഘടനാ രാഷ്ട്രീയത്തിലും ഇത് പ്രതിഫലിക്കുന്നുണ്ട്. പാര്‍ട്ടിയിലെ യുവാക്കളുടെ പ്രതിനിധി എന്ന നിലയില്‍ സന്ദീപ് വാര്യര്‍ പേരെുത്തു കഴിഞ്ഞിട്ടുണ്ട്. ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാടുകളും തര്‍ക്കങ്ങളുമെല്ലാം സന്ദീപ് വാര്യരാണ് മാധ്യമങ്ങള്‍ക്കു മുമ്പില്‍ വെക്കുന്നത്. എന്നാല്‍, പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും അനുബന്ധ ചര്‍ച്ചകളും സന്ദീപ് വാര്യരെ വല്ലാതെ വിഷമത്തിലാക്കി.

പാലക്കാട്ട് ബിജെപിയുടെ പ്രചാരണത്തിനില്ലെന്ന നിലപാട് ആവര്‍ത്തിച്ച് സന്ദീപ് വാര്യര്‍ പറയുമ്പോള്‍ അത് പാര്‍ട്ടി നേതൃത്വത്തോടുള്ള യുദ്ധപ്രഖ്യാപനം തന്നെയാണ്. പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതില്‍ ക്രിയാത്മക നിര്‍ദ്ദേശം നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുമെന്ന് സന്ദീപ് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പോസിറ്റീവായ ഒരു നടപടിയും ഉണ്ടാകുമെന്നും കരുതാന്‍ വയ്യ. സംഘടനയില്‍ ഒരാള്‍ കയറിവരുന്നത് വലിയ തപസ്യയാണ്. അത് റദ്ദ് ചെയ്യുന്ന പ്രസ്താവനകള്‍ വരുമ്പോള്‍ വലിയസങ്കടം ഉണ്ട്.

ഒരാള്‍ പുറത്തുപോകുന്നത് അതീവ ദുഃഖകരമാണ്. ആളുകളെ ചേര്‍ത്തു നിര്‍ത്താനാണ് നേതൃത്വം ശ്രമിക്കേണ്ടതെന്നും സന്ദീപ് വാര്യര്‍ പറയുമ്പോള്‍ നേതൃത്വം ഇപ്പോള്‍ ചെയ്യുന്ന പ്രവൃത്തി ശരിയല്ലെന്നാണ് പറഞ്ഞു വെയ്ക്കുന്നത്. താന്‍ പരാതി ഉന്നയിച്ച ആളാണ്. കാര്യങ്ങള്‍ മനസ്സിലാക്കി തിരിച്ചു വരണം എന്ന് പറയുമ്പോള്‍ തന്റെ ഭാഗത്ത് തെറ്റുണ്ട് എന്ന ദുസൂചനയാണ് പ്രതിഫലിക്കുന്നത്. ഈ പ്രശ്‌നം ആദ്യം അഞ്ചുദിവസം ലോകത്ത് ആരോടും പറയാതെ ഇരുന്നത് പാര്‍ട്ടിയിലുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്.

ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ മുന്നില്‍വച്ച് സഹപ്രവര്‍ത്തകനെ അവഹേളിച്ചു കൊണ്ടല്ല വ്യക്തിവിരോധം കാണിക്കേണ്ടത്. ഉപാധ്യക്ഷനായ രഘുനാഥനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് സംസ്ഥാന പ്രസിഡണ്ട് ചെയ്യേണ്ടതെന്നും സന്ദീപ് വാര്യര്‍ പറയുമ്പോള്‍, പാര്‍ട്ടി നേതൃത്വത്തിനാണ് േെതാറ്റു പറ്റിയതെന്ന് പറയുകയാണ്.സാമാന്യ നീതി കാണിക്കുന്നതിന് പകരം ഉത്തരവിടുന്നത് പോലെ നിങ്ങള്‍ പ്രചരണത്തില്‍ വന്ന് പങ്കെടുത്താല്‍ മതി എന്നാണ് പറഞ്ഞത്.

തന്റെ പ്രശ്‌നം തിരഞ്ഞെടുപ്പ് സമയത്തുണ്ടാക്കിയത് ബി.ജെ.പിയുടെ വൈസ് പ്രസിഡണ്ടായ രഘുനാഥാണ്. കെ. സുരേന്ദ്രനെതിരെ താന്‍ ഒരിക്കലും ഒന്നും സംസാരിച്ചിട്ടില്ല. വ്യക്തിപരമായി ഒരുപാട് വിയോജിപ്പുകള്‍ ഉണ്ടായിരിക്കുമ്പോഴും പാലക്കാട്ടെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഗൃഹസമ്പര്‍ക്കം നടത്തിയ ആളാണ് താന്‍. തെരഞ്ഞെടുപ്പിനു ശേഷം പരിഹരിക്കാമെന്ന് പറഞ്ഞ് ഇന്നേവരെ ഉന്നയിക്കപ്പെട്ട ഏതെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടു എന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പറയട്ടെ.

ഉന്നയിച്ച വിഷയങ്ങളില്‍ താന്‍ ഒരു പ്രസക്തമായ ഘടകം അല്ല എന്നുപറയുമ്പോള്‍ അഭിമാനം പണയംവെച്ച് അവിടേക്ക് തിരിച്ചുപോകാന്‍ സാധ്യമല്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. തന്റെ മുറിവുകള്‍ക്ക് മേല്‍ മുളകരച്ചുതേക്കുന്ന സമീപനം പാര്‍ട്ടി സ്വീകരിക്കുന്നു. ബി.ജെ.പി പ്രവര്‍ത്തകനായി നാട്ടില്‍ തുടരും. ജയിക്കാന്‍ ആണെങ്കില്‍ ശോഭാസുരേന്ദ്രനോ കെ. സുരേന്ദ്രനോ മത്സരിക്കണം എന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. ഈ പ്രശ്‌നം പരിഹരിക്കപ്പെടരുത് എന്ന ഗൂഢോദ്ദേശമുണ്ടോ എന്ന് സംശയിക്കുന്നു.

അനായാസം വിജയിക്കാനുള്ള സാഹചര്യം ശോഭാ സുരേന്ദ്രനോ കെ.സുരേന്ദ്രനോ വന്നാല്‍ സാധിക്കുമായിരുന്നു.സ്ഥിരമായി തോല്‍ക്കുന്ന സ്ഥാനാര്‍ത്ഥി വന്നാല്‍ പാര്‍ട്ടിക്ക് ഗുണകരമാവില്ല എന്ന് പൊതുസമൂഹം വിലയിരുത്തിയിരുന്നു. ആത്മാഭിമാനത്തിന് മുറിവ് പറ്റി നില്‍ക്കുന്ന ഒരാളോട് അച്ചടക്കത്തിന്റെ പേര് പറഞ്ഞ് ഭയപ്പെടുത്തരുത്. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ അപമാനിച്ചവര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടിയെടുക്കേണ്ടതെന്നും സന്ദീപ് വാര്യര്‍ പറയുന്നുണ്ട്.

സമീപ കാലത്തായി കെ. സുരേന്ദ്രനുമായി ആശയപരമായും രാഷ്ട്രീയ നിലപാടുകളുടെ പേരിലും ശോഭാ സുരേന്ദ്രനും തെറ്റി നില്‍ക്കുകയാണ്. മറ്റു നേതാക്കന്‍മാരൊന്നും വ്യക്തമായ അഭിപ്രായം പറയാതെ നില്‍ക്കുമ്പോള്‍ ഒന്നുറപ്പാണ് പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിക്കുള്ള സാധ്യതകള്‍ വര്‍ദ്ധിച്ചിട്ടുണ്ട് എന്ന്.

CONTENT HIGHLIGHTS;K. Surendran or Sandeep Warrier is right: internal strife is raging in BJP; Sobha Surendan on the way out?

Latest News