Explainers

അന്‍വര്‍ എവിടെ ?: കത്തി തീര്‍ന്നോ യുദ്ധം; ചേലക്കര കണ്ണുവെച്ച് ‘ദളിത്’ മുന്നേറ്റം ഉറപ്പിക്കാനുള്ള നെട്ടോട്ടം

സമീപ കാലത്ത് സി.പി.എം നേരിട്ട വലിയ ആഭ്യന്ത പ്രശ്‌നമായിരുന്നു നിലമ്പൂര്‍ എംഎല്‍.എ പി.വി. അന്‍വര്‍ ഉയര്‍ത്തി വിട്ട പോലീസിലെ അഴിമതിക്കഥകളും ദുരൂഹതകള്‍ നിറയ്ക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുകളും. അതിന്റെ അലയൊലികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന്റെ ഇടപെടലുകളില്‍ ഉണ്ടായ രാഷ്ട്രീയ പോലീസ് കളികള്‍ തൃശൂര്‍പൂരം കലക്കലിലൂടെ സി.പി.ഐ സ്ഥാനാര്‍ത്ഥിയുടെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുകയാണ്.

ആര്‍.എസ്.എസ് എന്ന വര്‍ഗീയ രാഷ്ട്രീയപാര്‍ട്ടിയുടെ നേതാക്കളുമായി പോലീസ് തലപ്പത്തെ ഉദ്യോഗസ്ഥന് എന്ത് ഇടപാടായിരുന്നുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പി.വി. അന്‍വര്‍ ഈ ആക്ഷേപം ഉന്നയിച്ചതിനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഇരുട്ടില്‍ നിര്‍ത്തി. പോലീസിനെയും സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിനെയും കേരളത്തിലെ സ്ത്രീ പീഡനത്തിന്റെ രാഷ്ട്രീയ മുഖവുമെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തണലില്‍ ഉണ്ടെന്നുവരെ അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേശകനായ പി. ശശിയെയാണ് അന്‍വര്‍ നേരിട്ട് ആക്രമിച്ചത്. ആക്രമണം ശക്തമാക്കിയതോടെ മുഖ്യമന്ത്രി തന്നെ പ്രതിരോധവുമായി ഇറങ്ങി. ആരോപണ വിധേയരെ സംരക്ഷിക്കാന്‍ നീക്കം തുടങ്ങി. പി. ശശിക്ക് ക്ലീന്‍ ഇമേജ് നല്‍കി. അന്‍വറിനെ അവജ്ഞയോടെ തള്ളി. എഡി.ജി.പി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കുകയും ചെയ്തു.

ഈ നടപടികളില്‍ തൃപ്തിയടഞ്ഞ് പാര്‍ട്ടിയും മാധ്യമങ്ങളും ഒതുങ്ങി. പക്ഷെ, അന്‍വര്‍ മാത്രം അടങ്ങിയില്ല. പരസ്യമായി പിണറായിസത്തെ വെല്ലുവിളിച്ചു കൊണ്ട് അന്‍വര്‍ സര്‍വ്വതന്ത്ര സ്വതന്ത്രനായി മാറി. പിന്നെ ശക്തി തെളിയിക്കലായി, സി.പി.എമ്മിനെ അപ്പാടെ വെല്ലുവിളിക്കലായി, പുതിയ പാര്‍ട്ടിയെ കുറിച്ചുള്ള ചിന്തകളായി. ഉപതെരഞ്ഞെടുപ്പിന്റെ ഘട്ടം എത്തിയപ്പോള്‍ അന്‍വര്‍ സ്വതന്ത്രമായൊരു പ്രസ്ഥാനം രൂപീകരിച്ചു.

അതാണ് ഡി.എം.കെ. ഇത്രയും കാര്യങ്ങള്‍ നടന്നതും, പറഞ്ഞതുമെല്ലാം മാധ്യമങ്ങളും ആഘോഷിച്ചു. ഇപ്പോള്‍ അറിയേണ്ടത് അന്‍വര്‍ എവിടെ എന്നാണ്. കേരളത്തിന്റെ ഇടതുപക്ഷ ഭരണത്തെയും, പാര്‍ട്ടിയെയും വെല്ലുവിളിച്ച് പുറത്തു പോയ അന്‍വറിന്റെ അഡ്രസ്സ് ഉണ്ടോ എന്നാണ് ജനം തിരക്കുന്നത്. കത്തി തീര്‍ന്ന മെഴുകുതിരി പോലെയാണ് അന്‍വറിന്റെ യുദ്ധവുമെന്ന ആക്ഷേപം ഉയരുന്നുണ്ട്.

ഇടതുപക്ഷത്തിനൊപ്പം നിന്നപ്പോള്‍ അന്‍വര്‍ നടത്തിയ അഴിമതി പോരാട്ടവും, മാധ്യമ വേട്ടയും പിന്തുണച്ചവര്‍ ഒന്നും ഇപ്പോള്‍ അന്‍വറിനൊപ്പം ഇല്ല എന്നത് സത്യമാണ്. ഷാജന്‍ സ്‌ക്കറിയയുമായി ഒരുവേള പരസ്യമായി പോരിനിറങ്ങിയ അന്‍വറിന് പിന്തുണ നല്‍കിയത് സി.പി.എം സൈബര്‍ പോരാളികളും യുവാക്കളുമായിരുന്നു. എന്നാല്‍, അന്ന് പിന്തുണ നല്‍കിയവരാണ് ഇന്ന് അന്‍വറിനെതിരേ പോരാട്ടം നയിക്കുന്നത്.

നേരത്തെ അന്‍വര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഒരു വിഷയം പറഞ്ഞാല്‍ അത് കേരളത്തിലാകെ പ്രചരിക്കുകയും, അന്‍വറിന് പിന്തുണ നല്‍കാന്‍ ഓടിക്കൂടുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ അത്തരമൊരു തള്ളിക്കയറ്റം ഉണ്ടാകുന്നില്ല. അതുകൊണ്ടു തന്നെ അന്‍വറിന്റെ ഇപ്പോഴത്തെ നിലപാടുകളെയോ, പ്രവര്‍ത്തനങ്ങളെയോ മാധ്യമങ്ങളും പ്രെമോട്ടു ചെയ്യുന്നില്ല എന്നതാണ് വസ്തുത.

അന്‍വര്‍ ഇവിടെയുണ്ട്

ഉപതെരഞ്ഞെടുപ്പില്‍ ഡി.എം.കെയുടെ സ്റ്റാന്റ് എന്താണെന്ന് മനസ്സിലാക്കണമെങ്കില്‍ ചേലക്കര എന്ന മണ്ഡലം മാത്രം നോക്കിയാല്‍ മതിയാകും. അന്‍വര്‍ ചേലക്കരയ.ിലുണ്ട്. തന്റെ പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള ഗ്രൗണ്ട്‌റിയാലിറ്റി പ്രചാരണത്തിലാണ് അദ്ദേഹം. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, വയനാട് മണ്ഡലങ്ങളെ അപേക്ഷിച്ച് ചേലക്കരയുടെ പ്രത്യേകത എന്നത് റിസര്‍വേഷന്‍ മണ്ഡലമെന്നതാണ്.

പട്ടികജാതി-പട്ടിക വര്‍ഗ റിസര്‍വേഷന്‍ മണ്ഡലം. അതായത്, കേരളത്തിലെ പിന്നോക്ക വിഭാഗത്തിന്റെ നോമിനികള്‍ വിജയിച്ച് നിയമസഭയില്‍ എത്തേണ്ട മണ്ഡലം. വയനാട്, സോണിയാഗാന്ധിക്കെതിരേ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് അന്‍വര്‍ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. പാലക്കാട് അത്ര വലിയ പ്രചാരണത്തിലേക്കൊന്നും പോകുന്നുമില്ല. എന്നാല്‍, ചേലക്കരയില്‍ അന്‍വര്‍ പൂര്‍ണ്ണ സമയവുമുണ്ട്. എന്തു കൊണ്ടാണ് പി.വി. എന്‍വര്‍ എം.എല്‍.എ ചേലക്കരയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പിന്നോക്ക വിഭാഗത്തെ സഹായിച്ചും, അവരുടെ ശബ്ദമായി ഉയര്‍ന്നു വരാനുമുള്ള തുടക്കമാണ് അന്‍വറിന്റെ ചേലക്കര പ്രേമം. ഓട്ടോറിക്ഷ എന്ന ചിഹ്നത്തില്‍ മത്സരിക്കുന്ന തന്റെ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന് അന്‍വര്‍ നടത്തുന്നത് ആയിരം വീടുകള്‍ വെച്ചു നല്‍കുകയാണ്.അതിനായി ചെലവിടാനുള്ള തുക സമാഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളും അന്‍വര്‍ നടത്തുന്നുണ്ട്.

എന്നാല്‍, ഇതിനെതിരേ മുന്‍ മന്ത്രിയുടെ സി.പി.എം തൃശൂര്‍ നേതാവുമായ എ.സി. മൊയ്തീന്‍ തെരഞ്ഞെടുപ്പ് കമ്മിഷനും പോലീസി നും പരാതി നല്‍കിയിരിക്കുകയാണ്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയാണ് വീടുവെച്ചു നല്‍കുന്നതെന്നാണ് പരാതി. ഇതിനെതിരേ അന്‍വര്‍ ഇന്ന് ചേലക്കരയില്‍ മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. എ.സി. മൊയ്തിനെതിരേയുള്ള ആരോപണവും വിമര്‍ശനവും അന്‍വര്‍ ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

മൊയ്തീന്റെ ഫോണ്‍കോളുകളും പുറത്തു വിടുമെന്ന് അന്‍വര്‍ വെല്ലുവിളിക്കുന്നുമുണ്ട്. പാവപ്പെട്ടവര്‍ക്ക് വീട് വെച്ചു നല്‍കുന്നതിനെ എതിര്‍ക്കുന്ന മൊയ്തീന്‍ കരവന്നൂര്‍ ബാങ്കില്‍ പണമിട്ട പാവപ്പെട്ടവരെ പറ്റിക്കാതെ, പണം തിരികെ കൊടുക്കണമെന്നും അന്‍വര്‍ പറയുകയാണ്. പോലീസിനെതിരേയും, സര്‍ക്കാരിനെതിരേയും, മുഖ്യമന്ത്രിക്കെതിരേയും ഒന്നും അന്‍വറിന് ഇപ്പോള്‍ ആക്ഷേപങ്ങളില്ല.

എന്നാല്‍, തന്റെ ചേലക്കരയിലെ പ്രവര്‍ത്തനത്തില്‍ തടയിടാന്‍ നടത്തുന്ന മൊയ്തീന്റെ ഇടപെടല്‍ പിണറായിസത്തിന്റെ കൂട്ടാളിയെന്ന നിലയിലേ കാണാനാകൂവെന്നാണ് അന്‍വര്‍ പറയുന്നത്. കേരളത്തില്‍ ഇന്നും അന്യാധീനപ്പെട്ടു കിടക്കുന്ന ഒരു വര്‍ഗമാണ് പിന്നോട്ട വിഭാഗമായ ദളിത്. വിദ്യാഭ്യാസപരമായും, സാമൂഹികമായും, കായകമായുമെല്ലാം അവര്‍ ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും പൊതു സമൂഹത്തില്‍ ഇപ്പോഴും അവര്‍ അകറ്റി നിര്‍ത്തപ്പെടുന്നുണ്ട്.

രാജ്ടയ നിര്‍മ്മിതിയും, പൊതു വികസന കാഴ്ചപ്പാടുകളിലും ഇവരെ തൊട്ടുകൂടാത്തവരായി അകറ്റുന്നുണ്ട്. ഒരുപക്ഷെ, അത് പ്രത്യക്ഷത്തില്‍ മനസ്സിലാക്കാന്‍ കഴിയില്ല. മാനസികമായുള്ള അകറ്റല്‍ സമൂഹത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. അത് എല്ലാത്തലങ്ങളിലും പ്രകടവുമാണ്. നോക്കൂ, ജാതിവാല്‍ ചേര്‍ത്ത് ഇന്നും പേരിടുന്നവര്‍ സമൂഹത്തോട് വിളിച്ചു പറയുന്നതെന്താണ്. അവര്‍ ഇന്ന ജാതിയില്‍ പിറന്നവരാണെന്ന് മനസ്സിലാക്കണമെന്നാണ്.

അതുമല്ലെങ്കില്‍ ഈ രാജ്യത്ത് ജാതീയത തുടച്ചു നീക്കപ്പെട്ടിട്ടില്ല എന്നാണ്. അതുമല്ലെങ്കില്‍, തങ്ങള്‍ക്കു താഴെയുംെ മുകളിലും മര്‌റു ജാതിക്കാര്‍ ഉണ്ടെന്നാണ്. നോക്കൂ, ഏതെങ്കിലും ഒരു പിന്നാക്ക ജാതിയില്‍പ്പെട്ടവര്‍ പേരിനു പിന്നിലോ മുന്നിലോ ജാതിവാല്‍ വെയ്ക്കുന്നത് കണ്ടിട്ടുണ്ടോ. എസ്.എസ്.എല്‍.സി ബുക്കില്‍ അഭിമാനത്തോടെ ജാതിവാല്‍ വെയ്ക്കുന്നവരും ഇല്ലാത്തവരുമുണ്ട് ഇന്നും.

ഇവിടെയാണ് അന്‍വര്‍ തന്റെ രാഷ്ട്രീയത്തിന്റെ വിശാല ലോകം കാണുന്നത്. ഇന്നും സമൂഹത്തില്‍ അസമത്വം ഉണ്ടെന്ന് വാദിക്കുകയും, ജീവിത ചുറ്റുപാടുകളെ ജീവിക്കാന്‍ പോന്നതാക്കി മാറ്റുകയും ചെയ്യുന്ന പ്രക്രിയയില്‍ ഊന്നിയാണ് അന്‍വര്‍ മുന്നോട്ടു പോകാന്‍ തയ്യാറെടുക്കുന്നത് എന്ന് മനസ്സിലാക്കണം.

CONTENT HIGHLIGHTS;Where is Anwar?: The war is over; The media is blind to the need to strengthen the ‘Dalit’ movement

Latest News