Explainers

മാറ്റം അനിവാര്യമാകുമ്പോള്‍ വിപ്ലവം വരും: നീലിമയ്ക്ക് മാറ്റത്തിന് സമയമായി കൈരളി വിട്ട് ജനത്തില്‍ പോയി

പ്രപഞ്ചത്തിലെ എല്ലാത്തിനും മാറ്റം അനിവാര്യമാണ്. എപ്പോഴും പുതുക്കിക്കൊണ്ടിരിക്കണം. അല്ലെങ്കില്‍ വിപ്ലവത്തിലൂടെ മാറ്റം കൊണ്ടു വരണം. ഇത് കമ്യൂണിസ്റ്റുകാരുടെ ആത്യന്തികമായ കാഴ്ചപ്പാടാണ്. അത് പ്രവൃത്തി പഥത്തില്‍ എത്തിച്ചിരിക്കുകയാണ് പാര്‍ട്ടി ചാനലിലെ സി.പി.എംകാരിയും നീണ്ടകാലത്തെ അനുഭവങ്ങളുമുള്ള നീലിമ. എത്രയോ കാലമായി(കൈരളിയുടെ തുടക്ക കാലം മുതല്‍) ഒരു സ്ഥലത്തു തന്നെ നിന്ന് വേരിറങ്ങിപ്പോയിരിക്കുന്നു. ഇനി മാറണം. ഇല്ലെങ്കില്‍ വിപ്ലവത്തിലൂടെ മാറ്റം കൊണ്ടു വരണം. അതുികൊണ്ടാണ് നീലിമ തന്നെ ഒരു വലിയ വിപ്ലവത്തിലൂടെ കൈരളിയില്‍ നിന്നും മാറിയത്.

പക്ഷെ, വിപ്ലം ഇറക്കത്തിലല്ല, കയറ്റത്തിലാണുണ്ടായിരിക്കുന്നത്. കൈരളിയില്‍ നിന്നിറങ്ങി നീലിമ ചെന്നു കയറിയത് ആര്‍.എസ്.എസിന്റെ ചാനലായ ജനത്തിലേക്കാണ്. ഇതാണ് വിപ്ലവം. ഉപതെരഞ്ഞെടുപ്പു കാലത്ത് സി.പി.എമ്മിന് കിട്ടാനുള്ള ഏറ്റവും വലിയ അടിയാണിത്. അതും കൈരളിയോടൊപ്പം നടന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും സി.പി.എം അനുഭാവിയുമായ ഒരാളില്‍ നിന്നും. ആര്‍.എസ്.എസ് അനുകൂല ചാനലിലേക്കുള്ള നീലിമയുടെ വരവിനെ സംഘ കുടുംബത്തിലെ അംഗമെന്ന് പറഞ്ഞ് കൊണ്ടാണ് മുതിര്‍ന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ജയകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ദേശീയതയുടേയും നമ്മുടെ സംസ്‌കാരത്തിന്റെയും കാവലും കരുത്തുമായ ജനം ചാനലിന്റെ ഭാഗമെന്നാണ് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് വിശേഷിപ്പിക്കുന്നത്. ഇതാണ് വിപ്ലവത്തിന്റെ മറ്റൊരു മുഖം. സ്വാഭാവികമായും മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ ജോലിയുടെ ഭാഗമായി സ്ഥാപനങ്ങള്‍ മാറാറുണ്ട്. അതൊന്നും വാര്‍ത്താ പ്രാധാന്യമാകേണ്ട ഒന്നല്ല. പക്ഷെ, കൈരളിയും, ജയ്ഹിന്ദും, ജനവുമൊക്കെ രാഷ്ട്രീയാധിഷ്ഠിതമായ വാര്‍ത്താ ചാനലുകള്‍ ആയതു കൊണ്ട് പരസ്പരമുള്ള മാറ്റം വലിയ വാര്‍ത്തകളാകുന്നുണ്ട്.

പ്രത്യേകിച്ച് കൈരളിയില്‍ നിന്നും ജനം ചാനലിലേക്കുള്ള കൂടുമാറ്റം. ഇവിടെ നീലിമ എന്ന ജേര്‍ണലിസ്റ്റ് ജനം ചാനലില്‍ ജോലിക്കു പോയതിനെ ആരും വാര്‍ത്തയാക്കുന്നില്ല. ജോലിയുടെ ഭാഗമായി ശമ്പലം കൂടുതല്‍ കിട്ടുകയോ, സൗകര്യങ്ങള്‍ അദികം നല്‍കുകയോ ചെയ്യുന്ന മുറയ്ക്ക് ജോലിസ്ഥലങ്ങള്‍ മാറിയെന്നു കരുതാം. എന്നാല്‍, നീലിമ സി.പി.എം അനുഭാവിയും തന്റെ കല്യാണം പോലും പാര്‍ട്ടിയുടെ നിര്‍ദ്ദേശ പ്രാകരവും നടന്നതാണ്. അതുകൊണ്ടു തന്നെ പാര്‍ട്ടി കുടുംബം എന്നു തന്നെ നീലിമയുടെ കുടുംബത്തെ വിശേഷിപ്പിക്കാം.

ഇവിടെ നിന്നും പാര്‍ട്ടിയുടെ ലൈനില്‍ ചിന്തിക്കുകയും, പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും ചെയ്യണണെന്ന വിശ്വാസത്തിലാണ് മറ്റൊരിടത്തേക്കും പോകാതെ കൈരളിയില്‍ തന്നെ ഉറച്ചു നിന്നത്. സാമ്പത്തിക ഭദ്രതയ്ക്കായിരുന്നു എങ്കില്‍ കൈരളിക്കു മുമ്പും, അതിനു ശേഷവും അസംഖ്യം ചാനലുകളും വാര്‍ത്താ മാധ്യമങ്ങളും കേരളത്തില്‍ വന്നിട്ടുണ്ട്. അങ്ങോട്ടേക്കൊന്നും പോകാനോ, ചാടാനോ നീലിമ തയ്യാറായില്ല എന്നതാണ് കൗതുകം. കൈരളിക്കുള്ളില്‍ തന്നെ എന്തോ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂപപ്പെട്ടിട്ടുണ്ടാകാമെന്നാണ് പുറത്തു വരുന്ന വിവരം.

വി.എസ്. അച്യുതാനന്ദനാണ് നീലിമയുടെയും ദീപികയിലെ ഫോട്ടോഗ്രാഫര്‍ അനില്‍ ഭാസ്‌ക്കറിന്റെയും വിവാഹം നടത്തിക്കൊടുത്തത്. സ്വാഭാവികമായും നീലിമ വിയഎസ്. ഗ്രൂപ്പില്‍പ്പെട്ട പാര്‍ട്ടിക്കാരി എന്ന ലേബല്‍ ഉണ്ടാകും. പിണറായി പക്ഷത്തെ ശക്തനും വിശ്വസ്തനുമായ ജോണ്‍ബ്രിട്ടാസാണ് ഇപ്പോഴും കൈരളി ചാനല്‍ എംഡി. വി.എസ്. പക്ഷക്കാരെ അടുപ്പിക്കാത്ത ഭരണനേതൃത്വം പോലെത്തന്നെ കൈരളിയിലെ ആഭ്യന്തര പ്രശ്‌നങ്ങളിലും ഇതുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്.

വി.എസ് അനുകൂല നിലപാടുള്ളവരെ വെട്ടി നിരത്തുന്നതിന്റെ ഭാഗമായി നീലിമയ്ക്ക് കൈരളിയില്‍ നില്‍ക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ രൂക്ഷമായതാണോ പുറത്തു പോകാന്‍ തയ്യാറായതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അഥവാ അത്തരം സംഭവങ്ങള്‍ ഉണ്ടായി, പുറത്തു വന്നെങ്കില്‍, ആര്‍.എസ്.എസിന്റെ ചാനലിലേക്ക് പോകുമോ. അതൊരു വാശി തീര്‍ത്ത നടപടി പോലെ വ്യാഖ്യാനിക്കില്ലേ എന്നൊരു അഭിപ്രായവും ഉയരുന്നുണ്ട്. എന്തായാലും ജനം തിരഞ്ഞെടുത്തത്, കൈരളിക്ക് പകരമല്ല. പാര്‍ട്ടിക്ക് അടി കൊടുക്കാന്‍ തന്നെയാണെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.

ആര്‍ എസ് എസ് ചാനലെന്ന് പറയുന്ന ജനം ടിവിയിലെ ജീവനക്കാരില്‍ ബഹുഭൂരിഭാഗവും പരിവാറുകാരാണ്. എന്നാല്‍ ഒരു നേതാവും ജീവനക്കാരെ സംഘ കുടുംബമെന്ന് പരസ്യമായി വിശേഷിപ്പിട്ടില്ല. എന്നാല്‍ നീലിമയുടെ വരവിനെ സംഘ കുടുംബത്തിലേക്കുള്ള മാധ്യമ പ്രവര്‍ത്തകയുടെ വരവായി കാണുകയാണ് അവര്‍. ദക്ഷിണേന്ത്യയിലെ സുപ്രധാന ചുമതലയിലുള്ള ജയകുമാറിന്റെ പോസ്റ്റിലൂടെ തന്നെ ആര്‍ എസ് എസ് ഇടപെടലാണ് നീലിമയുടെ ജനം ടിവിയിലെ വരവിന് പിന്നിലെന്ന് വ്യക്തമാകുകയാണ്.

രണ്ടാഴ്ച മുമ്പാണ് കൈരളിയില്‍ നിന്നും നീലിമ രാജി വച്ചത്. ഇതിന് പിന്നാലെ ജനം ടിവിയിലേക്ക് ചേക്കേറുകയും ചെയ്തു. കൈരളി ടിവിയിലെ സീനയിര്‍ ന്യൂസ് എഡിറ്ററായിരുന്നു നീലിമ. കൈരളിയിലെ ആദ്യ ബാച്ചിലെ ബഹു ഭൂരിഭാഗവും കൈരളി വിട്ട് മറ്റ് ചാനലുകളിലേക്ക് ചേക്കേറിയപ്പോഴും സിപിഎം ചാനലില്‍ ഇടതുപക്ഷ നിലപാടുകളുമായി നീലിമ നിന്നു. പ്രദീപ് പിള്ളയാണ് ജനം ടിവിയുടെ എഡിറ്റര്‍. മനോരമയില്‍ തുടങ്ങിയ പ്രദീപ് പിള്ള ദേശീയ മാധ്യമങ്ങളില്‍ അടക്കം പ്രചരിപ്പിച്ചു. മനോരമ ന്യൂസില്‍ നിന്നും വീണാ പ്രസാദും അടുത്ത കാലത്ത് ജനം ടിവിയുടെ ഭാഗമായി. ഇതിന് പിന്നാലെയാണ് നീലിമയും വരുന്നത്. എന്നാല്‍ കൈരളിയില്‍ നിന്നെത്തുന്ന നീലിമയുടെ ഇടതു പാരമ്പര്യം ആര്‍ എസ് എസ് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വിധേയമാക്കും.

ആര്‍.എസ്.എസ് നേതാവ് എ ജയകുമാറിന്റെ പോസ്റ്റ് പൂര്‍ണ രൂപം ഇങ്ങനെ:

ശ്രീമതി നീലിമ.. ഒരു വര്‍ഷം ദേശാഭിമാനി പത്രത്തിലും, 24 വര്‍ഷം കൈരളി ന്യൂസ് ചാനലിലും ആയി കാല്‍നൂറ്റാണ്ടിന്റെ മാധ്യമപ്രവര്‍ത്തനം. കൈരളിയുടെ എഡിറ്റോറിയല്‍ debate കളിലെ നിറസാന്നിധ്യമായിരുന്നു. കമ്മ്യൂണിസ്റ്റ് ആശയവും ഇടതുപക്ഷ രാഷ്ട്രീയവും നാടിനും സമൂഹത്തിനും ഒരു ഗുണവും ചെയ്യില്ല എന്ന ഉറച്ച വിശ്വാസത്തില്‍ കൈരളിയുടെ പടിയിറങ്ങുകയാണ് നീലിമ ഇന്ന്.

നീലിമ ദേശീയതയുടേയും നമ്മുടെ സംസ്‌കാരത്തിന്റെയും കാവലും കരുത്തുമായ ജനം ചാനലിന്റെ Input എഡിറ്ററായി, നമ്മുടെ സംഘ കുടുംബത്തിലെ അംഗമാവുകയാണ്. നമ്മുടെ എല്ലാപേരുടെയും ആശീര്‍വാദങ്ങളും അനുഗ്രഹവും ഉണ്ടാകണം. സമസ്ത മേഖലകളിലും കേരളം ഒരു മാറ്റത്തിനായി തയ്യാറാവുകയാണ്. കരുതലോടെ സംയമനത്തോടെ മാറുന്ന സമൂഹത്തെ ഉള്‍ക്കൊള്ളുവാന്‍ വേണ്ട വിശാലതയും ദീര്‍ഘവീക്ഷണവും നമുക്കുണ്ടാകണം എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

എന്തായാലും നീലിമയുടെ മനം മാറ്റം ഉപതിരഞ്ഞെടുപ്പ് കാലത്ത് ചൂടുള്ള ചാര്‍ച്ചയായി മാറുകയാണ്. ഇതിന് മുമ്പ് സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ എഡിറ്ററായിരുന്ന വി.ടി. ഇന്ദുചൂഢന്‍ ജനസംഘത്തില്‍ ചേര്‍ന്നിരുന്നു . ഇങ്ങനെ പാര്‍ട്ടി ജിഹ്വകളിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ തന്നെ സംഘപരിവാര്‍ ആശയ പ്രചാരണ മാധ്യമങ്ങളിലേക്ക് എത്തുന്നത് സിപിഎമ്മിനെതിരെയുള്ള ചര്‍ച്ചകളില്‍ ചൂടേറിയ വിഷയമാകുമെന്നുറപ്പാണ്.

CONTENT HIGHLIGHTS;Revolution comes when change is inevitable: Neelima left Kairali and went to Janam when it was time for change

Latest News