ഒരു രാത്രിയില്‍ ഉയിരടക്കം സര്‍വ്വതും കവര്‍ന്നെടുത്ത ഉരുള്‍പൊട്ടലിന്റെ നടുക്കം ഇന്നും വയനാടിന്റെ മണ്ണില്‍ പ്രകമ്പനമായി നില്‍ക്കുന്നുണ്ട്. അവിടേക്ക് ചുരം കയറിപ്പോകുന്ന ഓരോ മനുഷ്യര്‍ക്കും ചവിട്ടി നില്‍ക്കുന്ന മണ്ണില്‍ നിന്നും ആ പ്രകമ്പനത്തിന്റെ തിരയിളക്കം അറിയാനാകും. മനുഷ്യായുസ്സില്‍ സമ്പാദിച്ചതും സ്വരുക്കൂട്ടിയതുമെല്ലാം നഷ്ടമായ മനുഷ്യരുടെ നിസ്സഹായതയും ദൈന്യതയും നിറഞ്ഞ മുഖങ്ങള്‍ കാണാം. ഉടുതുണിക്ക് മറുതുണി പോലും ബാക്കിവെയ്ക്കാതെ രൗദ്യതയുടെ മൂര്‍ത്തിമദ്ഭാവത്തില്‍ പ്രകൃതി ഒരുക്കിയ താണ്ഡവത്തില്‍ നഗനരായിപ്പോയവര്‍.
ഉരുള്‍ജലത്തിനു മുകളില്‍ കണ്ണീര്‍ച്ചാല്‍ വാര്‍ത്തവര്‍. ഉറ്റവരുടെയും ഉടയവരുടെയും ശരീര ഭാഗങ്ങള്‍ ചെളിയിലും മണ്ണിലും പൂണ്ടിരിക്കുന്നത് നേരില്‍ക്കണ്ട് ഹൃദയം കലങ്ങിയവര്‍. മക്കളെ, അച്ഛനെ, അമ്മയെ, ഭര്‍ത്താവിനെ അങ്ങനെ കൈപിടിച്ചു നടന്നവരെയെല്ലാം ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ മരണം കവര്‍ന്നെടുത്തവര്‍. ഒന്നു കാതോര്‍ത്തു നോക്കിയാല്‍ വയനാടില്‍ നിന്നും ചൂരല്‍മലയില്‍ നിന്നും ഒരു ഹൂംങ്കാര ശബ്ദം കേള്‍ക്കാനാകും. അതിന്റെ ഓരത്തില്‍ ആര്‍ത്ത നാദങ്ങളും തേങ്ങലുകളും ഒപ്പം കേള്‍ക്കാനാകും.
ഇതാണ് ഇന്നും വയനാട്. അവിടെയാണ്, അരുതാത്തത് ചെയ്തിരിക്കുന്നത്. അത് റവന്യൂ വകുപ്പോ, ഭക്ഷ്യ വകുപ്പോ, പഞ്ചായത്തോ, സന്നദ്ധ സംഘടനകളോ ആരുമായിക്കോട്ടെ, ചെയ്തത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. തിരുത്താനാകാത്ത തെറ്റ്. പക്ഷെ, ഇപ്പോഴും അതിനെ ന്യായീകരിക്കാന്‍ കാട്ടുന്ന മനോനിലയാണ് അതിലേറെ ഭയപ്പെടുത്തുന്നത്. ഉടുമുണ്ടു പോലും ഔദാര്യം പോലെ തോന്നിക്കുന്ന രീതിയിലാണ് വയനാട്ടിലെ ദുരിത ബാധിതരെ കാണുന്നതെന്ന് പറയാതെ വയ്യ. അവര്‍ക്ക് എന്തു കൊടുത്താലും മതിയെന്ന ചിന്ത എങ്ങനെയാണ് ഉണ്ടായത്. ആരാണ് ഇത് കൊടുത്തത്.
ചൂരല്‍മല-മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലില്‍ രക്ഷപ്പെട്ടവര്‍ക്ക് മേപ്പാടി ഗ്രാമപ്പഞ്ചായത്താണ് പുഴുവരിച്ച ഭക്ഷണക്കിറ്റുകള്‍ നല്‍കിയത്. അരി, റവ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഉപയോഗിക്കാനാവാത്തതാണെന്ന് ഗുണഭോക്താക്കള്‍ പറയുന്നു. മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നത്. വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതര്‍ ആരോപിക്കുന്നു. 5 ഓളം കുടുംബങ്ങള്‍ക്ക് നല്‍കിയ ഭക്ഷ്യ കിറ്റുകളാണ് പുഴുവരിച്ച നിലയിലാണെന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്.
ഈ വിഷയം ഉയര്‍ത്തി പ്രതിഷേധിച്ചവരുടെ ശൗര്യവും രാഷ്ട്രീയവും ചര്‍ച്ച ചെയ്യേണ്ടതാണ്. കാരണം, വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായതിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ ‘വയനാട് റീ ബില്‍ഡ്’ എന്നൊരു പദ്ധതി തന്നെ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും വയനാടിനെ രക്ഷിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും തേടുകയും ചെയ്യുന്നുണ്ട്. റവന്യൂമന്ത്രിയും എം.എല്‍.എമാരും വയനാട്ടില്‍ തങ്ങിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. അപ്പോള്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടല്‍ അവിടെ ഉണ്ടാകുന്നുണ്ട് എന്നു മനസ്സിലാക്കണം.
ഇങ്ങനെ നിതാന്ത ജാഗ്രതയോടെ, ദുരിത ബാധിതരുടെ പ്രശ്‌നങ്ങളിലും അവരുടെ കഷ്ടതകള്‍ക്ക് പരിഹാരം കാണാനും മന്ത്രിമാര്‍ അടക്കം ഇടപെട്ട ഇടത്താണ് ഇങ്ങനെയൊരു വീഴ്ച ഉണ്ടായിരിക്കുന്നത്. അത് പൊറുക്കാനാവുന്നതല്ല. അപ്പോള്‍, ഈ വിഷയത്തില്‍ പഞ്ചായത്തിനെതിരേ സമരം ചെയ്തവരുടെ നിതാന്ത ജാഗ്രത പൊളിഞ്ഞുപോയി എന്നല്ലേ മനസ്സിലാക്കേണ്ടത്. ദുരന്ത ബാധിതര്‍ ഇനി എങ്ങനെ ഇവരകുടെ നിതാന്ത ജാഗ്രതയെ വിശ്വസിക്കും. തെറ്റു പറ്റിയാല്‍ അത്, മറ്റാരോ ചെയതതാണെന്നും, നല്ലതെല്ലാം നമ്മുടെ അക്കൗണ്ടിലേക്ക് ചേര്‍ക്കണമെന്നും വാശി പിടിക്കുകയാണ് ചെയ്യുന്നതെന്ന് തോന്നിപ്പോകും.
പുഴുവരിച്ച ഭക്ഷണ സാധനങ്ങള്‍ കൊടുക്കുന്നതിനു മുമ്പുവരെ പഞ്ചായത്തു കൊടുത്ത ഭക്,ണ സാധനങ്ങള്‍ക്കൊന്നും പരാതിയുമുണ്ടായില്ല, പ്രതിഷേധവും ഉണ്ടായില്ല. അന്നുവരെ പഞ്ചായത്തിന് റവന്യൂ വകുപ്പും, ഭക്ഷ്യവകുപ്പുമാണ് സാധനങ്ങള്‍ നല്‍കിയിരുന്നതെന്നു പറയാനും മടിയില്ല. പക്ഷെ, ആ ഒരു ദിവസം വിതരണം ചെയ്ത ഭക്ഷണ സാധനങ്ങള്‍ പഞ്ചായത്തിന്റെ തലയില്‍ കെട്ടിവെയ്ക്കുമ്പോഴാണ് അതില്‍ രാഷ്ട്രീയം നാറുന്നത്. മേപ്പാടി പഞ്ചായത്തിന്റെ ഭാഗത്തു വന്ന ഗുരുതരമായ വീഴ്ചയ്ക്ക് ന്യായീകരണമില്ല.
നക്കി തിന്നാന്‍പോലും ഗതിയില്ലാത്തവരായി മാറിയ ദുരന്ത ബാധിതരോട് ഇത് ചെയ്യാന്‍ പാടുള്ളതല്ല. ഭിക്ഷയല്ല, അവര്‍ ചോദിക്കുന്നത്. അഴരുടെ അവകാശ സംരക്ഷണമാണ്. അതിനോട് പുഴുവരിക്കപ്പെട്ട നിങ്ങളുടെ രാഷ്ട്രീയം കാണിച്ചതിന് മാപ്പില്ല. വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പഞ്ചായത്തും സര്‍ക്കാരും തമ്മില്‍ ഇപ്പോള്‍ കൊമ്പു കോര്‍ക്കുന്നത്. സര്‍ക്കാരില്‍ സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളാണ് റവന്യൂ-ഭക്ഷ്യ വകുപ്പുകള്‍. വയനാട് ലോക്‌സഭാ സീറ്റ് സി.പി.ഐയുടേതും. സത്യന്‍ മൊകേരിയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും.
സര്‍ക്കാരില്‍ ഏറ്റവും കൂടുതല്‍ പ്രതിരോധത്തിലായിരിക്കുന്നത് സി.പി.ഐ മന്ത്രിമാരാണ്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രി കെ. രാജനാണ് പ്രത്യേക ചുമതല മുഖ്യമന്ത്രി നല്‍കിയിരുന്നതും. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ സ്വാഭാവികമായും പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍ രാഷ്ട്രീയമായി കതാണേണ്ടി വരും. മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന വിജിലന്‍സ് അന്വേഷണത്തില്‍ യാഥാര്‍ഥ്യം പുറത്തു വരുമെന്ന പ്രതീക്ഷയാണ് എല്ലാവര്‍ക്കുമുള്ളത്. ഒന്നുകില്‍ പഞ്ചായത്തിനെ പഴിചാരിയുള്ള റിപ്പോര്‍ട്ടായിരിക്കും വരിക.
അതുമല്ലെങ്കില്‍, ഏതെങ്കിലും സന്നദ്ധ സംഘടനയുടെ മേലായിരിക്കും പഴി. എന്തു തന്നെയായാലും, ദുരന്ത ബാധിതര്‍ക്കു കഴിക്കാന്‍ നല്‍കിയ ഭക്ഷണസാധനങ്ങളുടെ പേരില്‍ ആര്‍ക്കും ഒന്നും സംഭവിക്കില്ലെന്നുറപ്പാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് മേപ്പാടി. അതേസമയം, റവന്യൂ വകുപ്പും മറ്റ് ജീവകാരുണ്യ സംഘടനകളും നല്‍കുന്ന ഭക്ഷണ കിറ്റുകള്‍ മാത്രമാണ് നല്‍കിയതെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ഞങ്ങള്‍ കഴിഞ്ഞ മൂന്ന് മാസമായി ഒരു പ്രശ്നവുമില്ലാതെ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുന്നു.
ആരോപണവിധേയമായ കിറ്റുകള്‍ ജില്ലാ കളക്ട്രേറ്റില്‍ നിന്നാണ് വിതരണം ചെയ്തത്. ഒക്ടോബര്‍ 29 നാണ് പരാതി ലഭിച്ചത്. ഈ സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ഞങ്ങള്‍ സംശയിക്കുന്നു. ഉപതിരഞ്ഞെടുപ്പ് സമയത്ത്, ഇത് വെളിച്ചത്തു വന്നു. ജൂലായ് 30നാണ് പുഞ്ചിരിമറ്റം, ചൂരല്‍മല, മുണ്ടക്കൈ എന്നീ മൂന്ന് ഗ്രാമങ്ങളും പൂര്‍ണ്ണമായി ഇല്ലാതായ ഉരുള്‍പൊട്ടലുണ്ടായത്. അട്ടമലയുടെ ഭാഗങ്ങളും തകര്‍ന്നു. സര്‍ക്കാരിന്റെ കണക്കനുസരിച്ച്, മാരകമായ ദുരന്തത്തില്‍ 231 പേര്‍ മരിച്ചു, 47 പേരെ ഇപ്പോഴും കാണാനില്ല എന്നാണ്. നിരവധി പേരുടെ ശരീര ഭാഗങ്ങളും ലഭിച്ചു.
ഇന്ത്യന്‍ സൈന്യത്തിന്റെയും, ഫര്‍ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ കഠിന പ്രയത്‌നത്തിലാണ് ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കാനായത്. ഇത്രയും വലിയൊരു സംഭവത്തില്‍ സര്‍ക്കാരിന്റെ ജാഗ്രതക്കുറവ് എടുത്തു പറയേണ്ടതു തന്നെയാണ്. ദുരന്ത മുഖത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ധനസഹായം നല്‍കാന്‍ മടി കാണിച്ചെന്നും, വയനാടിന് പ്രത്യേക പാക്കേജ് നല്‍കണമെംന്നാവശ്യപ്പെട്ടുള്ള മെമ്മോറാണ്ടം നല്‍കിയിട്ടും അതില്‍ നടപടി എടുക്കുന്നില്ലെന്നും കേന്ദ്രത്തെ കുറ്റം പറയുന്നുണ്ട് സര്‍ക്കാര്‍.
എന്നാല്‍, ദുരന്ത ബാധിതര്‍ക്കു ഒരു നേരം കഴിക്കാന്‍ നല്‍കുന്ന ആഹാരത്തില്‍ പുഴുവും പാറ്റയും പല്ലിയും പഴുതാരയുമൊക്കെ കിടക്കുന്ന ഗതികെട്ട അവസ്ഥ ഉണ്ടാകാതിരിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ലെന്നതാണ് വസ്തുത. തെറ്റു പറ്റിയാല്‍ അത് പഞ്ചായത്തിന്റെ കുഴപ്പം. ശരി ചെയ്താല്‍ അതെല്ലാം സര്‍ക്കാരിന്റെ മേന്‍മ. ഇത് നിങ്ങള്‍ തമ്മില്‍(രാഷ്ട്രീയക്കാര്‍) പറഞ്ഞാല്‍ മതി. ജനത്തിനു വേണ്ടത്, ദുരന്ത ബാധിതരെ സഹായിക്കുന്ന, അത് ഭക്ഷണം മുതല്‍ പാര്‍പ്പിടം നല്‍കുന്നതില്‍ വരെ കൂടെ നില്‍ക്കുന്ന സര്‍ക്കാരിനെയാണ്. അല്ലാതെ അവരെ ഏല്‍പ്പിച്ചും, ഇവരെ ഏല്‍പ്പിച്ചു, രാഷ്ട്രീയം കളിച്ചു, നേരത്തെ നല്‍കിയ ആഹാര സാധനങ്ങള്‍ എന്നൊക്കെയുള്ള മുട്ടാത്തര്‍ക്കവും, സംഭവിക്കാന്‍ പാടില്ലാത്തത്,
സര്‍ക്കാര്‍ അനാസ്ഥകൊണ്ട് സംഭവിക്കുകയും ചെയ്ത ശേഷമുള്ള അന്വേഷണവും വെറും പ്രഹസനം മാത്രമാണെന്നേ പറയാനുള്ളൂ. ഇവിടെ ഒരു കാര്യം വ്യക്തമാണ്, ദുരിതബാധിതരെ ‘പുഴുവരിക്കുകയാണ്. അപ്പോഴും തര്‍ക്കം നടക്കുന്നത്, പുഴവരിക്കപ്പെട്ട രാഷ്ട്രീയം ആരുടേതെന്നാണ്. വിജിലന്‍സ് അന്വേഷണത്തില്‍ തെളിയേണ്ടതും ഇതു മാത്രമാണ്. അല്ലാതെ ഇങ്ങനെയൊരു അവസ്ഥ ഉണ്ടായതിന്റെ പേരില്‍ ഒരാളും ക്ഷമ ചോദിക്കുന്നത് കാണുന്നില്ല. സര്‍ക്കാരും, പഞ്ചായത്തും ദുരന്ത ബാദിതരോട് ക്ഷമ പറയണം. അതിനു ശേഷം അന്വേഷണം നടത്തൂ.
CONTENT HIGHLIGHTS;’Worming’ disaster victims: The dispute is about who owns the politics of the river; What should be proved in vigilance investigation?