Explainers

നീതിമാന്റെ പടിയിറക്കം: ആരാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ?; എന്തൊക്കെയാണ് അദ്ദേഹത്തിന്റെ പ്രധാന വിധികള്‍ ?

രാജ്യത്തിന്റെ പരമോന്നത നീതി പീഠമായ സുപ്രീംകോര്‍ട്ട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്ന ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് തന്റെ ഔദ്യോഗിക ജീവിതത്തിന് അടിവരയിടുകയാണ്. ഒരു നീതിമാന്റെ പടിയിറക്കമായാണ് സുപ്രീംകോടതിയിലെയും കോടതി സമുച്ചയത്തിലെയും സഹപ്രവര്‍ത്തകര്‍ ഇതിനെ കാണുന്നത്. വിവാദമായ വിവിധ വിഷയങ്ങള്‍ കോടതി കയറിയപ്പോഴൊക്കെയും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്ന പേര് രാജ്യം സശ്രദ്ധം കേട്ടിട്ടുണ്ട്. തന്റെ മുമ്പില്‍ എത്തുന്ന ഓരോ കേസുകളിലും നീതി നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് അദ്ദേഹത്തിന്റെ മടക്കം.

അത് അദ്ദേഹത്തിന്റെ അവസാന പ്രസംഗത്തിലും സൂചിപ്പിച്ചു.’നാളെ മുതല്‍ എനിക്ക് നീതി നടപ്പാക്കാനാവില്ലല്ലോ എന്ന്’ അതെ, ഒരു ന്യായാധിപന്‍ എന്നാല്‍, നിരപരാധിക്ക് ദൈവതുല്യനാണ്. നീതി നടപ്പാകുമ്പോള്‍ മാത്രമാണ് നിയമത്തിനു മുമ്പില്‍ ആരും നിരപരാധിയായി പ്രഖ്യാപിക്കപ്പെടുന്നത്. തെളിവുകളും, സാക്ഷികളും, നിയമവും അടിസ്ഥാനപ്പെടുത്തി നിശ്ചയദാര്‍ഢ്യത്തോടെ എടുക്കുന്ന വിധിന്യായങ്ങളാണ് ഒരു ജസ്റ്റിസിനെ നീതിമാനാക്കുന്നത്. അത് കുടുംബപരമായി ലഭിച്ച വ്യക്തി കൂടിയാണ് അദ്ദേഹം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസ് ആയി സേവനം അനുഷ്ഠിച്ച വൈ.വി ചന്ദ്രചൂഡിന്റെ ഏകമകന്‍. ഡി.വൈ ചന്ദ്രചൂഡ് 2016ല്‍ സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തപ്പെടുകയും 2022 നവംബറില്‍ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുകയുമായിരുന്നു. സുപ്രീം കോടതിയില്‍ എട്ട് വര്‍ഷത്തിലേറെ നീണ്ട സേവനത്തിന് ശേഷമാണ് അനിവാര്യമായ പടിയിറക്കം. നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ മറ്റൊരു ഭരണഘടനാ ബെഞ്ച് വിധിയോടെയാണ് തന്റെ അവസാന പ്രവൃത്തിദിനത്തെ അടയാളപ്പെടുത്തിയത്.

അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയുടെ 1967ലെ ന്യൂനപക്ഷ സ്ഥാപനമല്ല എന്ന തീരുമാനം അസാധുവാക്കിയായിരുന്നു അദ്ദേഹത്തിന്റെ വിധി. നാളെയാണ് ശരിക്കും അദ്ദേഹത്തിന്റെ ചീഫ് ജസ്റ്റിസ് ജീവിതം അവസാനിക്കുന്നത്. എന്നാല്‍, ഇന്നേ അത് പൂര്‍ത്തിയാക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. കാരണം, തനിക്ക് വിധി പറയാന്‍ പറ്റുന്ന അവസാനത്തെ ദിവസത്തില്‍ത്തന്നെ തന്റെ സേവനവും അവസാനിക്കട്ടെ. നാളെ ഞായറാഴ്ച, പുതിയ വിശ്രമ ജീവിതം ആരംഭിക്കാന്‍ പറ്റിയ ദിവസം. ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ദിനം കൂടിയാണ്.

നാളത്തെ പുലരി മുതല്‍ പുതിയൊരു മനുഷ്യന്‍, പുതിയൊരു ജീവിതവുമാണ്. സംഘര്‍ഷ കലുഷിതവും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുമെല്ലാം നിറഞ്ഞ നീതി പീഠത്തിലെ നാളുകളില്‍ അദ്ദേഹം വിധി പറഞ്ഞിരിക്കുന്ന നിരവധി വിഷയങ്ങളുണ്ട്. സ്വകാര്യത, ഫെഡറലിസം, മദ്ധ്യസ്ഥത തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇലക്ടറല്‍ ബോണ്ട് കേസ്, അയോധ്യ ഭൂമി തര്‍ക്ക കേസ്, ശബരിമല സ്ത്രീ പ്രവേശനം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി, സ്വവര്‍ഗ വിവാഹം, ഹാദിയ കേസ് അങ്ങനെ ഒരു നീണ്ട നിരതന്നെയുണ്ട്. ഏകദേശം 220ലധികം കേസുകളിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിധി പറഞ്ഞത്.

ആരാണ് ഡി.വൈ. ചന്ദ്രചൂഡ് ?

ഇന്ത്യന്‍ ജുഡീഷ്യറിയുടെ അമരത്ത് രണ്ടുവര്‍ഷത്തെ സേവനത്തിന് ശേഷം ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പടിയിറങ്ങുമ്പോള്‍ എല്ലാവര്‍ക്കും ഒരാകാംഷയുണ്ട്. ആരാണ് ഡി.വൈ ചന്ദ്രചൂഡ് എന്നറിയാന്‍. 1959 നവംബര്‍ 11ന് ചന്ദ്രചൂഡ് കുടുംബത്തിലാണ് ധനഞ്ജയ ചന്ദ്രചൂഡ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡ് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസായി ഇരുന്നയാളാണ്. കൂടാതെ അദ്ദേഹത്തിന്റെ അമ്മ പ്രഭ ആകാശവാണിയില്‍ പാടിയിരുന്ന ഒരു ശാസ്ത്രീയ സംഗീതജ്ഞയുമായിരുന്നു.

മുംബൈയിലെ കത്തീഡ്രല്‍, ജോണ്‍ കോനണ്‍ സ്‌കൂള്‍, ഡല്‍ഹിയിലെ സെന്റ് കൊളംബാസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. ശേഷം 1979ല്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ബിരുദം നേടി.1982ല്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ നിയമ ഫാക്കല്‍റ്റിയായി. തുടര്‍ന്ന് 1983ല്‍ ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ നിന്ന് നിയമ ബിരുദാനന്തര ബിരുദം നേടി. അദ്ദേഹത്തിന് ഇന്‍ലാക്സ് സ്‌കോളര്‍ഷിപ്പ് ലഭിച്ചു.

1986-ല്‍ ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ നിന്ന് ഡോക്ടര്‍ ഓഫ് ജുറിഡിക്കല്‍ സയന്‍സ് (എസ്ജെഡി) നേടി. അദ്ദേഹത്തിന്റെ ഡോക്ടറല്‍ പ്രബന്ധം നിയമത്തിന്റെ ചട്ടക്കൂടിനെ കുറിച്ചായിരുന്നു. 2016 മെയ് മാസത്തില്‍ അദ്ദേഹം ഇന്ത്യയുടെ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി. 2013 മുതല്‍ 2016 വരെ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും 2000 മുതല്‍ 2013 വരെ ബോംബെ ഹൈക്കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ എക്സ്-ഓഫീഷ്യോ പേട്രണ്‍-ഇന്‍-ചീഫ് ആണ് അദ്ദേഹം.

 

കൂടാതെ NLU ബാംഗ്ലൂര്‍ എന്ന നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയുടെയും NLU മുംബൈ പോലെയുള്ള മറ്റനേകം നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയുടെയും ചാന്‍സലര്‍. NLU RANCHI എന്നറിയപ്പെടുന്ന നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സ്റ്റഡി ആന്‍ഡ് റിസര്‍ച്ച് ഇന്‍ ലോയുടെ നിയുക്ത സന്ദര്‍ശകന്‍ കൂടിയാണ് അദ്ദേഹം. ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റി, ഹാര്‍വാര്‍ഡ് ലോ സ്‌കൂള്‍, യേല്‍ ലോ സ്‌കൂള്‍, യൂണിവേഴ്സിറ്റി ഓഫ് വിറ്റ്വാട്ടര്‍സ്റാന്‍ഡ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്. യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്സ്, ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍, യുഎന്‍ പരിസ്ഥിതി പ്രോഗ്രാം, ലോക ബാങ്ക്, ഏഷ്യന്‍ ബാങ്ക് എന്നിവിടങ്ങളില്‍ അദ്ദേഹം ഒരു സ്പീക്കറായിരുന്നു.

അദ്ദേഹത്തിന്റെ സുപ്രധാന വിധികള്‍

  • അയോധ്യ ഭൂമി തര്‍ക്ക കേസ്

2019 നവംബറിലെ ഏകകണ്ഠമായ വിധിയില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, മുഴുവന്‍ തര്‍ക്കഭൂമിയും രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി രൂപീകരിക്കുന്ന ട്രസ്റ്റിന് കൈമാറണമെന്നും മുസ്ലീങ്ങള്‍ക്ക് നല്‍കണമെന്നും വിധിച്ചു. ഏറ്റെടുത്ത സ്ഥലത്തിന് സമീപമോ അയോധ്യയിലെ അനുയോജ്യമായ ഒരു പ്രധാന സ്ഥലത്തോ മസ്ജിദ് പണിയുന്നതിനായി അഞ്ച് ഏക്കര്‍ ഭൂമി നല്‍കി.

  • ഇലക്ടറല്‍ ബോണ്ട് കേസ്

ഈ വര്‍ഷത്തെ ലോകസ്ഭാ തെരഞ്ഞെടുപ്പിന് മുന്നോടി ആയണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. 2018 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചുവന്ന ധനസഹായത്തിനുള്ള ഇലക്ടറല്‍ ബോണ്ടുകള്‍ റദ്ദാക്കി. ഇലക്ടറല്‍ ബോണ്ടുകള്‍ വിതരണം ചെയ്യുന്നത് ഉടന്‍ നിര്‍ത്താന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് നിര്‍ദേശിക്കുകയും ലഭിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തു.

  • ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ അനുച്ഛേദം 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത് സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി പ്രത്യേക പരമാധികാരം ജമ്മുകശ്മീരിനില്ലെന്നായിരുന്നു വിധി. 2013 ഡിസംബറില്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പ്രത്യേക പദവി താല്‍ക്കാലിക വ്യവസ്ഥ മാത്രമായിരുന്നുവെന്നും യുദ്ധ സാഹചര്യം മറി കടക്കുന്നതിനും സംസ്ഥാനമായി മാറി ഭരണഘടനയുടെ ഭാഗമാവാനും വേണ്ടിയാണ് ആര്‍ട്ടിക്കിള്‍ 370 ബാധകമാക്കിയതെന്നും കോടതി പറഞ്ഞു.

  • സെക്ഷന്‍ 377 കുറ്റവിമുക്തമാക്കല്‍

അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഐപിസി സെക്ഷന്‍ 377 സ്വവര്‍ഗരതിയെ ക്രിമിനല്‍ കുറ്റമാക്കുന്നത് റദ്ദാക്കി.

  • സ്വവര്‍ഗ വിവാഹം

രാജ്യത്ത് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജികളില്‍ അഞ്ചം ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ വെവ്വേറെ വിധിയാണ് പുറപ്പെടുവിച്ചത്. സ്വവര്‍ഗ ലൈംഗികത വരേണ്യ നഗര സങ്കല്‍പ്പമല്ലെന്ന് വിധി ന്യായത്തില്‍ ചൂണ്ടിക്കാണിച്ചു. സ്‌പെഷല്‍ മാര്യേജ് ആക്ടിലെ സെക്ഷന്‍ 4 ഭരണഘടനാ വിരുദ്ധമെന്നും കോടതി വിലയിരുത്തി. സ്‌പെഷല്‍ മാര്യേജ് ആക്ടിന് മാറ്റം വരുത്തണമോ എന്നത് പാര്‍ലമെന്റിന് തീരുമാനിക്കാം. അതേസമയം വിവാഹം എന്ന സങ്കല്‍പ്പത്തിന് മാറ്റങ്ങള്‍ ഉണ്ടാകുന്നില്ലെന്നുമായിരുന്നു വിധി

  • ഹാദിയ കേസ്

രാജ്യാന്തര തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ട വിധികളില്‍ ഒന്നാണ് ഹാദിയ കേസ്. വൈക്കം സ്വദേശിനി ഹാദിയയും കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി റദ്ദാക്കിയത് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങിയ അഞ്ചംഗ സുപ്രീംകോടതി ബെഞ്ചാണ്. ഓരോ വ്യക്തിക്കും താല്‍പര്യമുള്ളയാളെ വിവാഹം ചെയ്യാനുള്ള അവകാശം ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ ഭാഗം ആണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് എഴുതിയ വിധിയില്‍ വ്യക്തമാക്കി.

  • അവിവാഹിതരായ സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രാവകാശം

വിവാഹിതരായ സ്ത്രീകള്‍ക്ക് തുല്യമായി മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി (എംടിപി) നിയമപ്രകാരം 24 ആഴ്ച വരെ ഗര്‍ഭഛിദ്രത്തിന് പ്രവേശനം അനുവദിച്ചു കൊണ്ട് അവിവാഹിതരായ സ്ത്രീകളുടെ അവകാശങ്ങള്‍ വിപുലീകരിച്ചു.

  • വ്യഭിചാരം കുറ്റകരമല്ലാതാക്കല്‍

2018 സെപ്തംബറില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യഭിചാരം ഒരു കുറ്റമല്ലെന്ന് വിധിക്കുകയും ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിന്ന് ഒഴിവാക്കുകയും IPC യുടെ 497-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിക്കുകയും ചെയ്തു, കാരണം അത് ആര്‍ട്ടിക്കിള്‍ 14, 15, 21 എന്നിവ ലംഘിച്ചു.

  • ശബരിമലയിലെ സ്ത്രീ പ്രവേശനം

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധി പ്രസ്താവിച്ച സുപ്രീം കോടതിയുടെ അഞ്ച് അംഗ ഭരണഘടന ബെഞ്ചിലെ അംഗം ആയിരുന്നു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഈ വിധിക്ക് എതിരെ നല്‍കിയ പുനഃപരിശോധന ഹര്‍ജി പരിഗണിച്ച ബെഞ്ചിലും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അംഗമായിരുന്നു. യുവതി പ്രവേശന വിധി പുനഃപരിശോധിക്കേണ്ടതില്ല എന്ന നിലപാടാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സ്വീകരിച്ചത്.

  • സ്വകാര്യ സ്വത്ത്

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 39 (ബി) പ്രകാരം എല്ലാ സ്വകാര്യ സ്വത്തും സമൂഹത്തിന്റെ പുനര്‍വിതരണത്തിനുള്ള ഭൗതിക വിഭവമായി കണക്കാക്കാനാവില്ലെന്ന് ഭരണഘടനാ ബെഞ്ച് വിധിച്ചു.

  • സ്വകാര്യതയ്ക്കുള്ള അവകാശം

2017 ഓഗസ്റ്റില്‍, ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അന്തര്‍ലീനമായ ഭാഗമെന്ന നിലയില്‍ സ്വകാര്യതയ്ക്കുള്ള അവകാശം സംരക്ഷിക്കപ്പെടുമെന്ന് ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധിച്ചു.

  • ഡല്‍ഹി ഗവണ്‍മെന്റ് vs ലെഫ്റ്റനന്റ് ഗവര്‍ണര്‍

ദേശീയ തലസ്ഥാന പ്രദേശത്തിന്റെ നിയമനിര്‍മ്മാണ അധികാരത്തിന് പുറത്തുള്ള മേഖലകളിലൊഴികെ, സേവന ഭരണത്തില്‍ ബ്യൂറോക്രാറ്റുകളുടെ മേല്‍ നിയമസഭയ്ക്ക് നിയന്ത്രണമുണ്ടെന്ന് 2023 മെയ് മാസത്തില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു.

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നയായി നടത്തിച്ച വീഡിയോ പ്രചരിപ്പിച്ചപ്പോഴും ചന്ദ്രചൂഡിന്റെ നിലപാട് ശ്രദ്ധേയമായിരുന്നു. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകകായിരുന്നു. ”വര്‍ഗീയ സംഘര്‍ഷം നടക്കുന്ന പ്രദേശങ്ങളില്‍ സ്ത്രീകളെ ഉപകരണമാക്കി മാറ്റുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഏറ്റവും വലിയ ഭരണഘടനാ ദുരുപയോഗമാണിത്. പുറത്തുവന്ന വീഡിയോയില്‍ ഞങ്ങള്‍ അസ്വസ്ഥരാണ്. സര്‍ക്കാര്‍ ഇതില്‍ നടപടിയെടുത്തില്ലെങ്കില്‍ ഞങ്ങള്‍ ഇടപെടും,” രൂക്ഷമായ ഭാഷയിലായിരുന്നു അന്ന് ചന്ദ്രചൂഡ് പ്രതികരിച്ചത്.

വനിതാ കരസേനാ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിലെ കാല താമസത്തെക്കുറിച്ചുള്ള പരാമര്‍ശവും നിര്‍ണായകമായിരുന്നു. സ്ഥിര കമ്മീഷന്‍ അനുവദിച്ചശേഷവും വനിതാ സൈനികരുടെ സ്ഥാനക്കയറ്റം നല്‍കാത്തത് ന്യായമല്ലെന്നാണ് കോടതി വിധിച്ചത്. സേനയില്‍ കമാന്‍ഡിങ് റോളുകള്‍ക്കുവേണ്ടി ജൂനിയറായ പുരുഷ ഉദ്യോഗസ്ഥരെ പരിഗണിക്കുന്നുവെന്ന് ആരോപിച്ച് 34 വനിതാ സൈനിക ഓഫീസര്‍മാര്‍ നല്‍കിയ ഹര്‍ജിയാണ് അന്ന് പി എസ് നരസിംഹയൊപ്പമുള്ള ബെഞ്ചില്‍ പരിഗണിച്ചത്.

കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയാകുന്നതായിരുന്നു ചന്ദ്രചൂഡിന്റെ ഒട്ടുമിക്ക വിധികളും. ഇതിന് ഉദാഹരണമാണ് മലയാളം വാര്‍ത്താ ചാനലായ മീഡിയാ വണ്ണിന്റെ നിരോധനവുമായി ബന്ധപ്പെട്ട് വന്ന വിധി. മീഡിയാ വണ്ണിന്റെ ലൈസന്‍സ് പുതുക്കുന്നത് അനുവദിക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ റദ്ദാക്കിയാണ് ഏപ്രില്‍ അഞ്ചിന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വിധി പ്രസ്താവിച്ചത്.

ചാനലിന്റെ ലൈസന്‍സ് പുതുക്കുന്നത് ദേശീയസുരക്ഷയെ ബാധിക്കുമെന്ന കേന്ദ്രത്തിന്റെ അവകാശവാദങ്ങള്‍ വായുവിന്റെ അടിസ്ഥാനത്തില്‍ ആക്കാനാകില്ലെന്നാണ് അന്ന് ബെഞ്ച് വ്യക്തമാക്കിയത്. നോട്ട് നിരോധനത്തിന്റെ കാരണങ്ങള്‍ മാത്രമേ മുദ്രവെച്ച കവറില്‍ വെളിപ്പെടുത്താനാകുവെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടും ചന്ദ്രചൂഡ് അംഗീകരിച്ചില്ല.

കോടതികളിലെ ടെക്‌നോളജി മാറ്റങ്ങള്‍

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വരുത്തിയ മൊത്തത്തിലുള്ള സാങ്കേതിക മാറ്റങ്ങളിലേക്കുള്ള ഒരു കേവലം വീക്ഷണം അതിശയകരം മാത്രമല്ല, മുഴുവന്‍ പ്രക്രിയയും തടസ്സമില്ലാത്തതാക്കി. മാത്രമല്ല അതിനെ കൂടുതല്‍ വ്യവഹാര സൗഹൃദമാക്കുകയും ചെയ്തു.

  • ഹൈബ്രിഡ് ഹിയറിംഗ്

ഹൈബ്രിഡ് ഹിയറിംഗ് സിസ്റ്റം ഉള്‍പ്പെടുന്ന വ്യവഹാര സൗഹൃദ സൗകര്യങ്ങള്‍ ആരംഭിക്കുന്നത് പ്രധാന നേട്ടങ്ങളിലൊന്നാണ്. ഒരു ഹിയറിംഗിനിടെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു, ‘സാങ്കേതികവിദ്യ ഇനി തിരഞ്ഞെടുക്കാനുള്ള വിഷയമല്ല, നിയമപുസ്തകങ്ങള്‍ പോലെ അത് ആവശ്യമാണ്. സാങ്കേതികവിദ്യയില്ലാതെ കോടതികള്‍ എങ്ങനെ പ്രവര്‍ത്തിക്കും?’

  • കേസുകളുടെ ലിസ്റ്റിംഗും പരാമര്‍ശവും

ഓരോ കോടതിക്കും മുമ്പാകെയുള്ള 10 ജാമ്യാപേക്ഷകള്‍ക്കൊപ്പം ഓരോ ദിവസവും 10 ട്രാന്‍സ്ഫര്‍ പെറ്റീഷനുകള്‍ ലിസ്റ്റ് ചെയ്യാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. ഇപ്പോള്‍ ഒരു പുതിയ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നു, ക്രിമിനല്‍ കാര്യങ്ങള്‍, MACT വിഷയങ്ങള്‍, ആര്‍ബിട്രേഷന്‍ കാര്യങ്ങള്‍ മുതലായവ വരെയുള്ള പ്രത്യേക വിഭാഗങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി ആഴ്ചയിലെ എല്ലാ ദിവസവും നീക്കിവച്ചിരിക്കുന്നു.

കൂടാതെ, കാര്യങ്ങള്‍ പരാമര്‍ശിക്കുന്നതിനുള്ള ഒരു പുതിയ സംവിധാനം ഏര്‍പ്പെടുത്തി, അതുവഴി എല്ലാ അടിയന്തിര കാര്യങ്ങളും സംഘടിതമായി കോടതിയുടെ മുമ്പാകെ യഥാസമയം പരാമര്‍ശിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. പരാമര്‍ശത്തെക്കുറിച്ചുള്ള ഇമെയിലുകള്‍ അയയ്ക്കാന്‍ എല്ലാ അഭിഭാഷകരും ഇപ്പോള്‍ ആവശ്യമാണ്, അഭ്യര്‍ത്ഥനകള്‍ അഭിസംബോധന ചെയ്യുന്നു.

  • കടലാസില്ലാത്ത കോടതികള്‍

പേപ്പര്‍ ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിഭാഷകര്‍ക്കായി ഇ-ഫയലിംഗ് ആരംഭിച്ചു, അഭിഭാഷകര്‍ക്കായി ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉള്‍പ്പെടെ. കൂടുതല്‍ സുതാര്യത കൊണ്ടുവരാന്‍, സുപ്രീം കോടതി അതിന്റെ കേസ് ഡാറ്റ നാഷണല്‍ ജുഡീഷ്യല്‍ ഡാറ്റ ഗ്രിഡില്‍ (NJDG) ഉള്‍പ്പെടുത്തി.

  • പുതിയ സ്മാര്‍ട്ട് കോടതിമുറികള്‍

സുപ്രീം കോടതിയുടെ ആദ്യത്തെ മൂന്ന് കോടതികള്‍ ആധുനിക സാങ്കേതിക വിദ്യകളോടെ പൂര്‍ണമായും പുതിയ കാലത്തെ കോടതിമുറികളാക്കി മാറ്റി, ഇപ്പോള്‍ കടലാസില്ലാത്ത കോടതിയാണ്. ഡോക്യുമെന്റ് റീഡിംഗിനായി ജഡ്ജിമാര്‍ക്ക് മുന്നില്‍ ഇപ്പോള്‍ ജഡ്ജസ് ഡെയ്സില്‍ പുതിയ സ്മാര്‍ട്ട് പോപ്പ് സ്‌ക്രീനുകള്‍ ഉണ്ട്. കോടതി മുറികളിലെ നിയമ പുസ്തകങ്ങള്‍ക്ക് പകരം ഡിജിറ്റല്‍ ലൈബ്രറികള്‍ സ്ഥാപിച്ചു. തടസ്സങ്ങളില്ലാത്ത വീഡിയോ കോണ്‍ഫറന്‍സിങ് നടത്താന്‍, ജഡ്ജിമാര്‍ക്കായി കോടതിമുറിയുടെ ചുവരുകളിലൊന്നില്‍ 120 ഇഞ്ച് സ്‌ക്രീന്‍ സ്ഥാപിച്ചിട്ടുണ്ട്.
CONTENT HIGHLIGHTS;Demotion of the Righteous: Who is Chief Justice DY Chandrachud?; What are his main rulings?

Latest News