കാലൊടിഞ്ഞവന്റെ നട്ടെല്ലൊടിക്കുന്നതാണ് ഓരോ മേഖലയിലെയും നടപടികള്‍. ജനങ്ങള്‍ വിലക്കയറ്റത്തില്‍ മൂക്കിട്ട് ‘ക്ഷ’ വരയ്ക്കുമ്പോള്‍ അതിന്റെ മുകളിലേക്ക് വൈദ്യുതി നിരക്കു വര്‍ദ്ധനയും, പേരെങ്കില്‍ പവര്‍ കട്ടും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. കിട്ടാത്ത വൈദ്യുതിക്ക് മുടക്കേണ്ട തുകയെ കുറിച്ചുള്ള ആലോചനയിലാണ് സാധാരണക്കാര്‍. ബില്ലടച്ചില്ലെങ്കില്‍ കട്ട് ചെയ്യുന്നതിനേക്കാള്‍ വേഗത്തിലാണ് പവര്‍ കട്ട് നടപ്പാക്കുന്നത്. പ്രതീക്ഷിതവും അപ്രതീക്ഷിതവും എന്ന രണ്ടു ഗണത്തിലാണ് പവര്‍ കട്ടിനെ KSEB ഉപയോഗിക്കുന്നത്.
പ്രതീക്ഷിക്കുന്ന പവര്‍ കട്ടിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കും. അപ്രതീക്ഷിത കട്ട് KSEB സ്വന്തമായി നടത്തും. അടുത്തകാലത്തായി ചെരുതും വലുതുമായ പവര്‍ സ്റ്റേഷനുകലുടെ ഉദ്ഘാടനങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ, വൈദ്യുതി ഉപഭോഗം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാനാകുന്നില്ല. ഇപ്പോഴും പുറത്തു നിന്നും വാങ്ങിയാണ് പീക്ക് സമയങ്ങളില്‍ പരിഹാരം കാണുന്നത്. ഇതോടെയാണ് വൈദ്യുതി ഉപഭോഗം വര്‍ദ്ധിച്ച സാഹചര്യത്തില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി കെഎസ്ഇബി രംഗത്തെത്തിയത്.
KSEBയുടെ പവര്‍കട്ട് ആവശ്യത്തോട് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. മന്ത്രിയുടെ മരുപടിക്ക് കാത്തു നില്‍ക്കേണ്ടതില്ലെന്നാണ് ബോര്‍ഡ് അധികൃതരുടെ നിലപാട്. പകരം, കെഎസ്ഇബി ഉന്നതതല യോഗം ചേര്‍ന്ന് സര്‍ക്കാരിനോട് ഔദ്യോഗികകമായി ആവശ്യപ്പെടാനാണ് നീക്കം നടക്കുന്നത്. സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡുകളും ഭേദിച്ച് വര്‍ദ്ധിക്കുകയാണണെന്നാണ് വിലയിരുത്തല്‍. പ്രതിദിന ഉപഭോഗം 10.1 ദശലക്ഷം യൂണിറ്റ് കടന്നിരിക്കുകയാണ്. ഓവര്‍ലോഡ് കാരണം ഇതുവരെ 700 ട്രാന്‍സ്ഫോമര്‍ കേടായിട്ടുണ്ടെന്നും കെഎസ്ഇബിയുടെ കണക്കു നിരത്തിയുള്ള പരാതി.
അമിത ഉപഭോഗം കാരണം പലയിടത്തും ഫീഡറുകള്‍ക്ക് തടസ്സം നേരിടുന്നുണ്ട്. സംസ്ഥാനത്ത് അപ്രഖ്യാപിത പവര്‍കട്ട് സംഭവിക്കുന്നത് ഓവര്‍ലോഡ് കാരണമാണെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു. ലോഡ് കൂടി ട്രാന്‍സ്ഫോര്‍മറുകള്‍ ട്രിപ്പ് ആകുന്നുവെന്നാണ് അപ്രഖ്യാപിത പവര്‍കട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് കെഎസ്ഇബി നല്‍കുന്ന വിശദീകരണം. 15 മിനിട്ടുമുതല്‍ അരമണിക്കൂര്‍ വരെ ഫീഡറുകള്‍ ഓഫ് ചെയ്ത് ഇടേണ്ടി വരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം, പവര്‍കട്ടിന് മന്ത്രി അനുമതി നല്‍കാത്തത്, ഉപതെരഞ്ഞെടുപ്പ് നടക്കുന്നതു കൊണ്ടാണെന്ന ആക്ഷേപം പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ഉയര്‍ത്തുന്നുണ്ട്.
നിലവില്‍ വൈദ്യുതി വര്‍ദ്ധനവ് നടത്താന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം പവര്‍കട്ടും കൂടി താങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് സാധാരണ ജനങ്ങള്‍ക്കുള്ളത്. എന്നാല്‍, അണക്കെട്ടുകളില്‍ രണ്ടാഴ്ചത്തെ വൈദ്യുതിക്കുള്ള വെള്ളം മാത്രമാണുള്ളത്. ഇതുകൊണ്ട് മുന്നോട്ടു പോയാല്‍ വലിയ പ്രതിസന്ധി ഉണ്ടാകുമെന്ന പ്രശ്‌നവും നിലനില്‍ക്കുന്നുണ്ട്. വൈദ്യുതി ഉത്പ്പാദനം വലിയ തോതില്‍ നടത്തുന്നുണ്ടെങ്കിലും സംസ്ഥാനത്തിനാവശ്യമായ വൈദ്യുതി ഇപ്പോഴും ലഭിക്കുന്നില്ലെന്നതാണ് വസ്തുത. അതേസമയം, ഓരോ ദിവസം കഴിയുന്തോറും അസഹനീയമായ ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്.
ഇതിനാല്‍ വൈദ്യുതി ഉപയോഗവും കൂടിവരികയാണ്. ലോഡ് കൂടുന്നതിനാലുള്ള സാങ്കേതിക പ്രശ്നവും വൈദ്യുതിച്ചെലവും കെഎസ്ഇബിക്ക് തലവേദനയാകുന്നുണ്ട്. ഇതുകൊണ്ടാണ് പവര്‍കട്ട് എന്ന ആവശ്യം ശക്തമായി ഉന്നയിക്കുന്നത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉപയോക്താക്കളുടെ സഹകരണവും വൈദ്യുതി ബോര്‍ഡ് തേടുന്നുണ്ട്. സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് നടപ്പാക്കുന്നു എന്ന് ഉപയോക്താക്കളില്‍ നിന്നും നേരത്തേ പരാതി ഉയര്‍ന്നിരുന്നു. വൈകിട്ട് ആറുമുതല്‍ പന്ത്രണ്ട് വരെ പലയിടത്തും അരമണിക്കൂറിലേറെ വൈദ്യുതി നിലയ്ക്കുന്നുവെന്നാണ് പരാതി. ക്ഷാമം ഉണ്ടായാല്‍ ഇറക്കുമതി കല്‍ക്കരി ഉപയോഗിച്ചുണ്ടാക്കുന്ന വിലകൂടിയ വൈദ്യുതിയും വാങ്ങേണ്ടിവരും.
ഇതിന് മുന്‍കൂര്‍ പണം നല്‍കണം. നിരക്ക് നിശ്ചയിച്ച് വാങ്ങിയില്ലെങ്കില്‍ നഷ്ടം കൂടും. ജലവൈദ്യുതി ഉത്പാദനം കൂട്ടിയാണ് കെഎസ്ഇബി പ്രതിസന്ധി മറികടക്കുന്നത്. ഉത്പാദനം ദിവസം 13 – 16 ദശലക്ഷം യൂണിറ്റായിരുന്നത് 21 ദശലക്ഷം വരെയാക്കി. ഇതോടെ വൈദ്യുതി ഡാമുകളിലെ ജലശേഖരം 53 ശതമാനത്തില്‍ നിന്ന് 43 ശതമാനമായി കുറഞ്ഞു. ഇത് തുടര്‍ന്നാല്‍ അടുത്ത മണ്‍സൂണ്‍ വരെ ജലവൈദ്യുതി ഉത്പാദനം നിലനിര്‍ത്താനാകാതെ വരും. ഇതിനിടയിലൂടെ വൈദ്യുതി ചാര്‍ജ് വര്‍ദ്ധന നടത്തുമ്പോള്‍ സാധാരണക്കാരുടെ ജീവിതച്ചിലവ് കുത്തനെ കൂടുകയാണ്. ഉള്ളവന്‍ എങ്ങനെയും ജീവിച്ചു പോകുമ്പോള്‍ ഇല്ലാത്തവന്‍ പവര്‍കട്ട് ഇല്ലാതെ തന്നെ ഇരുട്ടിലാകും.
പവര്‍ കട്ട് എന്നത് അവശ്യമായി വരുന്നത്, കൂടുതല്‍ ഉപഭോഗം നടക്കുമ്പോഴാണ്. പീക്ക് സമയങ്ങളില്‍ പവര്‍കട്ടുണ്ടായാല്‍ അത് വിവിധ മേഖലകളെ ബാധിക്കും. മാത്രമല്ല, എസ്.എസ്.എല്‍.സി പരീക്ഷാ കാലം കൂടിയാണ് വരുന്നത്. തെരഞ്ഞെടുപ്പിനു ശേഷവും ജനങ്ങള്‍ക്ക് ഇവിടെ ജീവിക്കാനാകണം. ഇതേ കേരളത്തിലാണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും കേന്ദ്ര ഓഫീസുകളില്‍ നിന്നുമൊക്കെയായി 4000 കോടിയിലധികം കിട്ടാക്കടമായി കിടക്കുന്നത്. 1086 കോടി രൂപയാണ് സ്വകാര്യ നിയന്ത്രണത്തിലുള്ള വന്‍കിട കമ്പനികള്‍ കൊടുക്കാനുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ 1768 കോടിയുടെ കുടിശ്ശിക വരുത്തിയിട്ടുണ്ട്. 1300 കോടിയോളം വാട്ടര്‍ അതോറിറ്റി മാത്രം കൊടുക്കാനുണ്ട്.
ഇതിനുപുറമെ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ കണക്കില്‍ 141 കോടിയുടെ ബാധ്യതയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വക 110 കോടിയും. ഇത്രയും വലിയ തുക കിട്ടാനുണ്ടായിട്ടും അത് പിരിച്ചെടുക്കാതെ അഞ്ഞൂറും ആയിരവും അടക്കാന്‍ നിവൃത്തിയില്ലാത്ത സാധാരണക്കാര്‍ക്ക് മണിക്കൂറുകളുടെ സാവകാശം പോലും നിഷേധിക്കുന്ന കാലമാണിപ്പോള്‍. ഈ കിട്ടാക്കടങ്ങള്‍ പിരിച്ചെടുത്ത്, വൈദ്യുതി വാങ്ങാന്‍ ഉപയോഗിച്ചാല്‍ പവനര്‍ കട്ട് ഉപേക്ഷിക്കാന്‍ കഴിയുമല്ലോ. KSEB കൊണ്ടുവന്ന പദ്ധതിയാണ് ‘പുരപ്പുറത്ത് സോളാര്‍ പദ്ധതി’. പരമ്പരാഗത ഊര്‍ജസ്രോതസ്സുകള്‍ക്കു പകരം വൈദ്യുതി ഉല്‍പാദിക്കാന്‍ പുതിയ സാധ്യതകള്‍ തേടുക എന്നതായിരുന്നു ലക്ഷ്യം.
സര്‍ക്കാര്‍ സഹായത്തോടെ വീടുകളിലെ ടെറസുകളിലും മറ്റും സോളാര്‍ പാനല്‍ സ്ഥാപിച്ച് വീടുകളും സ്ഥാപനങ്ങളും അതില്‍ നിന്ന് തങ്ങള്‍ക്കാവശ്യമായ വൈദ്യുതി എടുക്കുന്നു. ലഭിക്കുന്നതില്‍ കൂടുതല്‍ അളവിലാണ് ഉപയോഗമെങ്കില്‍ ആ അധിക യൂണിറ്റുകള്‍ക്ക് മാത്രം ജനങ്ങളില്‍ നിന്ന് ചാര്‍ജ് ഈടാക്കുന്നു. എന്നാല്‍ ടെലിസ്‌കോപ്പി സ്‌കീമാക്കി ഇതിനെ മാറ്റിയതോടെ ഒരു മാസം 40 കോടിയുടെ അധിക ഭാരം കെ.എസ്.ഇ.ബിക്കുണ്ടായി. ഈ തീരുമാനം തെറ്റാണെന്ന് ബോര്‍ഡ് തന്നെ റെഗുലേറ്ററി ബോര്‍ഡിനെ പിന്നീട് അറിയിച്ചിരുന്നു. കേരളത്തിലെ ശരാശരി വൈദ്യുതി ഉപയോഗം 25,000 മുതല്‍ 30,000 വരെ മെഗാവാട്ട് വൈദ്യുതിയാണ്.
അതില്‍ 8000 മെഗാവട്ടോളം, അല്ലെങ്കില്‍ ആവശ്യമായി വരുന്ന മൊത്തം വൈദ്യുതിയുടെ 30 ശതമാനം ഉല്‍പാദിപ്പിക്കുന്നത് ഇടുക്കിയിലെയും മറ്റും ഹൈഡ്രോ പ്രൊജക്റ്റുകളില്‍ നിന്നാണ്. ജലത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന ഈ വൈദ്യുതിയുടെ ഉല്‍പാദന ചെലവ് യൂണിറ്റിന് 50 പൈസയില്‍ താഴെയാണ്. എന്നാല്‍ ബാക്കി 70 ശതമാനം വൈദ്യുതി വരുന്നത് കേന്ദ്രവിഹിതമടക്കം പുറത്തുനിന്നാണ്. അതിന് വ്യത്യസ്ത കമ്പനികളെ ആശ്രയിക്കുന്നു. നിലവില്‍ യൂണിറ്റിന് ആറ് രൂപ മുതല്‍ പത്ത് വരെയാണ് പുറത്തെ കമ്പനികള്‍ കെ.എസ്.ഇ.ബിയില്‍ നിന്ന് ഈടാക്കുന്നത്. ഇങ്ങനെയൊക്കെ വൈദ്യുതി വാങ്ങിയിട്ടും ജനങ്ങള്‍ ഇരുത്ത് സമ്മാനിക്കാന്‍ എങ്ങനെ സാധിക്കുമെന്നാണോ KSEB ചിന്തിക്കുന്നത്.
content highlights; When the snake of power cuts bites the victim of electric shock: the silence of the departmental minister is temporary salvation