മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്റര്‍വ്യൂ സ്വന്തം നിലയില്‍ എഡിറ്റ് ചെയ്ത വാര്‍ത്താ ഏജന്‍സിയുടെ വിഷയത്തില്‍ സി.പി.എമ്മും മുഖ്യമന്ത്രിയും വിവാദച്ചുഴിയില്‍ നിന്നത് കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ്. അത്, ദി ഹിന്ദു പത്രത്തിനു നല്‍കിയ ഇന്റര്‍വ്യൂ ആയിരുന്നു. ഇന്റര്‍വ്യൂ ചെയ്ത ഹിന്ദുപത്രം തെറ്റു തിരുത്തണമെന്നായിരുന്നു മുഖ്യമന്ത്രി അന്ന് നിലപാടെടുത്തത്. ഹിന്ദു പത്രം തെറ്റ് സംഭവിച്ചു എന്നു പറഞ്ഞെങ്കിലും എങ്ങനെ തെറ്റുപറ്റി എന്നു കൂടി പറഞ്ഞപ്പോഴാണ് ഒരു ഏജന്‍സി കടന്നുവന്നത്. ഏജന്‍സിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മുഖ്യമന്ത്രിയുടെ ഇന്റര്‍വ്യൂവില്‍ തിരുത്ത് വരുത്തിയതെന്നും ഹിന്ദു പറഞ്ഞു. ഇതോടെ മുഖ്യമന്ത്രിയെ തിരുത്താന്‍ വരെ ശക്തിയുള്ള ഏജന്‍സിയുടെ പിന്നാലെയായി വാര്‍ത്തകളും വിവാദങ്ങളും.
സമാന രീതിയിലാണ് സി.പി.എമ്മിന്റെ അതികായന്‍മാരില്‍ പ്രബലനായ ഇ.പി. ജയരാജന്റെ പേരിലെ പുതിയ വിവാദമായ ആത്മകഥാ പരാമര്‍ശങ്ങള്‍. ഉപതെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന തരത്തില്‍, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് തന്നെ ആത്മകഥ പ്രസിദ്ധീകരിച്ചുവെന്ന വിമര്‍ഷനമാണ് ഉയര്‍ന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ആത്മകഥയുടെ അറ്റവും മൂലയുമെല്ലാം മാധ്യമങ്ങള്‍ വാര്‍ത്തകളാക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ നിന്നും നടപടികളേറ്റതിനു പിന്നാലെ ഒളിവു ജീവിതത്തിലേക്ക് കടന്ന ഇപി. ജയരാജന്റെ ഒരു തിരിച്ചു വരുവുകൂടിയാണ് ആത്മകഥയയിലൂടെ ുണ്ടായിരിക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ പി. സരിനെ കുറിച്ചും ആത്മകഥയില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും വാര്‍ത്തകള്‍ പരന്നു.
ഇതോടെ ജയരാജന്‍ വെട്ടിലായി. വാര്‍ത്തകള്‍ കാട്ടു തീപോലെ പടര്‍ന്നപ്പോള്‍ ഇപി. ജയരാജഡന്‍ തന്റെ സ്വന്തം ആത്മകഥയെ തള്ളിപ്പറയേണ്ട അവസ്ഥയിലേക്ക് എത്തി. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നടപടികളും ചട്ടങ്ങളും എന്താണെന്ന് വ്യക്തമായി അറിയാവുന്ന നേതാവു കൂടിയാണ് ഇപി. ജയരാജന്‍. പാര്‍ട്ടിയെ പിണക്കിക്കൊണ്ട് ജീവിക്കുന്നത് അസാധ്യമാണ്. അതും കണ്ണൂര്‍ എന്ന ജില്ലയില്‍. തനിക്കേറ്റ തിരിച്ചടികളെല്ലാം പാര്‍ട്ടിയയോടു തന്നെ കണക്കു ചോദിക്കണമെന്ന് ജയരാജന്‍ ഉറപ്പിച്ചിട്ടുണ്ടായിരുന്നു എന്നാണ് ആത്മകഥയിലെ പരാമര്‍ശങ്ങള്‍ കാണിക്കുന്നത്. എന്നാല്‍, ഇതൊന്നും എന്റേതല്ലെന്ന് പറഞ്ഞ് പാടെ തള്ളുകയാണ് ഇ.പി ചെയ്തിരിക്കുന്നത്. മാത്രമല്ല, ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരേയും ഇ.പി കേസെടുക്കാന്‍ പരാതി നല്‍കി.
എന്നാല്‍, ഇ.പിയുടെ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ച ഡി.സി ബുക്‌സിനെ ഇ.പി ആദ്യമൊന്നും പറഞ്ഞില്ലെങ്കിലും, പിന്നീട് നിര്‍വാഹമില്ലാതെ കുറ്റപ്പെടുത്തേണ്ടി വന്നു. എഴുതി തീരാത്ത ആത്മകഥ എങ്ങനെയാണ് മാധ്യമങ്ങള്‍ക്കു കിട്ടിയതെന്നും, തന്റേതല്ലാത്ത വാക്കുകള്‍ കൊണ്ട് പുസ്തകത്തിന് തലക്കെട്ട് കൊടുത്തതെന്തിനെന്നും ഇ.പി ചോദിക്കുന്നു. ഇവിടെ, സാധാരണ ജനങ്ങളില്‍ ഉയരുന്ന കുറേ ചോദ്യങ്ങളുണ്ട്. അതിനുള്ള മറുപടി ജയരാജന്‍ നല്‍കിയേ മതിയാകൂ.
- ഡി.സി പ്രസിദ്ധീകരിച്ചത് ഇ.പിയുടെ സ്വന്തം ആത്മകഥയാണോ ?
- ആത്മകഥയ്ക്കു പിന്നില്‍ ഇ.പി അല്ലെങ്കില്‍ പിന്നെ ആര് ?
- ഡി.സി ബുക്‌സ് സംശത്തിന്റെ നിഴലിലാണോ ?
- മാധ്യമങ്ങള്‍ക്കെതിരേ് കേസെടുക്കണമെന്നതു പറയുമ്പോള്‍ എന്തു കൊണ്ട് ഡി.സിക്കെതിരേ പോലീസില്‍ പരാതി നല്‍കുന്നില്ല ?
- പാര്‍ട്ടി നടപടി ഭയന്നാണോ ഇ.പി പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയത് ?
ഇങ്ങനെ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. നിലവിലെ സി.പി.എം രാഷ്ട്രീയം വിലയിരുത്തിയാല്‍, പാര്‍ട്ടിയുമായി അകന്നു നില്‍ക്കുകയാണ് ഇപി. ജയരാജന്‍. എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ടി.പി. രാമകൃഷ്ണനിലേക്കു മാറ്റിയതോടെയാണ് ഇ.പി ഉള്‍വലിഞ്ഞത്. അതിനു മുമ്പ് പിണറായി വിജയന്റെ നിഴലായി പാര്‍ട്ടിയിലും പുറത്തും ഇ.പി ഉണ്ടായിരുന്നു. ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പിണറായിയും ഇ.പിയെ കൈവിട്ടിരുന്നു. ഇതോടെയാണ് ഇ.പി പാര്‍ട്ടിയുമായി അകലം പാലിക്കാന്‍ തുടങ്ങിയത്. തന്നേക്കാള്‍ പാര്‍ട്ടിയില്‍ ജൂനിയറായ എം.വി ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറിയാക്കിയതിലും ഇ.പിക്ക് അതൃപ്തിയുണ്ട്.
പി. ജയരാജനും ഇ.പി ജയരാജനും തമ്മിലുള്ള പാര്‍ട്ടിക്കുള്ളിലെ പോരും വലിയ പ്രശ്‌നങ്ങള്‍ക്കും വഴിവെച്ചിരുന്നു. വൈദേഹം റിസോര്‍ട്ടിലെ പാര്‍ട്ണര്‍ഷിപ്പിന്റെ പേരില്‍ പി. ജയരാജന്‍ ഇ.പിയെ നിരന്തരം പാര്‍ട്ടിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി വിഷയങ്ങളില്‍ പാര്‍ട്ടി നേതൃത്വവും ജയരാജനും തമ്മില്‍ വലിയ അകലത്തിലേക്ക് പോയിരുന്നു. തുടര്‍ന്ന് പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാതെ വിട്ടു നില്‍ക്കുകയും ചെയ്തിട്ടുണ്ട്. അതിനൊക്കെ ശേഷം ഇപ്പോഴാണ് ആത്മകഥയും ഇ.പിയും പൊങ്ങി വരുന്നത്. പുറത്തുവന്ന ആത്മകഥയില്‍ പാലക്കാട്ടെ ഇടതുസ്ഥാനാര്‍ഥി ഡോ. പി. സരിനെതിരായ ‘വയ്യാവേലി’ പരാമര്‍ശമാണുള്ളത്. ഇതിനു പിന്നാലെയാണ് പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം ഇ.പി. ജയരാജന്‍ പാലക്കാത് പോയത്. ‘ഇരുട്ടിവെളുക്കും മുമ്പുള്ള മറുകണ്ടംചാടല്‍ പലഘട്ടത്തിലും പ്രയോജനപ്പെട്ടിട്ടുണ്ടെങ്കിലും അത് വയ്യാവേലിയായ സന്ദര്‍ഭങ്ങളും നിരവധിയാണെന്നായിരുന്നു’ എന്നായിരുന്നു സരിന്റെ പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് ഇ.പിയുടെ ആത്മകഥയയായ ‘കട്ടന്‍ ചായയും പരിപ്പുവടയും’ എന്ന പുസ്തകത്തില്‍ പറയുന്നത്. നിലമ്പൂരിലെ പി.വി. അന്‍വറിന്റെ കൂറുമാറ്റവും ഉദുമയില്‍ കോണ്‍ഗ്രസ് റിബല്‍ കുഞ്ഞിരാമന്‍ നമ്പ്യാരെ ഒപ്പം നിര്‍ത്തിയപ്പോഴുണ്ടായ അനുഭവവും ഇതിന് ഉദാഹരണമായി പറയുന്നുണ്ട്.
ആത്മകഥയില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. ‘ അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിഷയവും ചര്‍ച്ചയാകുമല്ലോ. പി സരിന്‍ തലേ ദിവസംവരെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു. അത് കിട്ടാതായപ്പോള്‍ ഇരുട്ടിവെളുക്കും മുമ്പുള്ള മറുകണ്ടം ചാടല്‍ ശത്രുപാളയത്തിലെ വിള്ളല്‍ പരമാവധി മുതലെടുക്കണമെന്നത് നേര്. ഇത്തരത്തില്‍ സ്വതന്ത്രരെ പക്ഷം നിര്‍ത്തുന്നതിനെക്കുറിച്ച് സ. ഇ.എം.എസ് പലകുറി പറഞ്ഞിട്ടുണ്ട്. പല ഘട്ടത്തിലും നമുക്കത് പ്രയോജനപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ അത് വയ്യാവേലിയായ സന്ദര്‍ഭങ്ങളും നിരവധിയാണ്. പി.വി. അന്‍വര്‍ അതിലൊരു പ്രതീകം. പണ്ട് ഉദുമയില്‍ നടത്തിയ പരീക്ഷണം ഓര്‍മ്മയില്‍ വരുന്നു. കോണ്‍ഗ്രസ് റിബല്‍ കുഞ്ഞിരാമന്‍ നമ്പ്യാരെ നമ്മുടെ സ്വതന്ത്രനാക്കി. ജയിച്ചു. പക്ഷേ, മാസങ്ങള്‍ക്കകം മറുകണ്ടം ചാടി”.
ഇടിത്തീപോലെയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ ഇത് സി.പി.എമ്മിലേക്കു പതിച്ചത്. വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിനത്തിലും ഇതിന് മുമ്പ് ലോക്‌സഭ തിരഞ്ഞെടുപ്പ് ദിനത്തിലും ഇ.പിയുടെ പേരിലൊരു വിവാദം കത്തി പടര്‍ന്നതാണ് സിപിഎമ്മിനെ ചിന്തിപ്പിക്കുന്നത്. പരസ്യമായി ഇ.പിയെ കണ്ണുമടച്ച് വിശ്വസിച്ച്, കൂടെ നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുമ്പോഴും അകത്തളങ്ങളില്‍ ആയുധങ്ങള്‍ക്കുള്ള മൂര്‍ച്ച കൂട്ടുകയാണോ ഇ.പി ചെയ്യുന്നതെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ഇപിയെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റുന്നതിനുള്ള ആലോചനകളാണ് പുരോഗമിക്കുന്നത്. സിപിഎം പാര്‍ട്ടി കമ്മിറ്റികളിലെ 75 വയസ്സെന്ന പ്രായപരിധി നടപ്പാക്കിയാല്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഇ.പി ജയരാജന്‍ തെറിക്കുമെന്നുറപ്പാണ്. പ്രായം 75നോട് അടുക്കുന്നത് നേതൃത്വത്തില്‍ നിന്നും വിരമിക്കാന്‍ സമയമായി എന്ന് ഇപിയെ ഒര്‍മ്മിപ്പിക്കുന്നുണ്ട്.
നിലവിലെ നേതൃത്വവുമായും പിണറായിയുമായും അകന്നതും, നിരന്തരം ഉണ്ടാകുന്ന വിവാദങ്ങളും ഇതിന്റെ ആക്കം കൂട്ടുന്നുണ്ട്. രണ്ട് തിരഞ്ഞെടുപ്പുകളിലായി ഇപി സ്വയം ബോംബായി സിപിഎമ്മില്‍ നിന്ന് പൊട്ടുകയാണ്. ഈ പ്രകമ്പനത്തില്‍ സിപിഎം കൂടി വിറയ്ക്കുകയാണ് എന്നതാണ് വസ്തുത. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയും, കഴിഞ്ഞദിവസം ആത്മകഥയിലേതായി പുറത്തുവന്ന വിവരങ്ങളും, രണ്ടിലും ന്യായീകരണങ്ങള്‍ ദുര്‍ബലമാണ്. പാര്‍ട്ടി സമ്മേളനകാലത്തെ ഈ തിരിച്ചടി മറികടക്കുക ഇപിക്ക് എളുപ്പമല്ല. പ്രത്യേകിച്ചും അവസരമോഹികള്‍ ഏറെയുള്ള സി.പി.എമ്മില്‍. ഈ വര്‍ഷം പ്രായപരിധിയില്‍ ആര്‍ക്കും ഇളവ് നല്‍കേണ്ടെന്ന് ഏറെക്കുറെ തീരുമാനമായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ സമ്മേളനത്തോടെ കമ്മറ്റികളില്‍ നിന്നും ഒഴിയുമെന്ന് പ്രഖ്യാപിച്ച പ്രകാശ് കാരാട്ടിനെ സീതാറാം യെച്ചൂരിയുടെ മരണശേഷം ജനറല്‍ സെക്രട്ടറിയാക്കാതെ കോര്‍ഡിനേറ്റര്‍ ആക്കിയത്.
പ്രായപരിധി നടപ്പാക്കിയാല്‍ പിണറായി വിജയന്‍, എ.കെ ബാലന്‍, പി.കെ ശ്രീമതി എന്നിവര്‍ കേന്ദ്രകമ്മറ്റിയില്‍ നിന്നും ഒഴിവാകേണ്ടി വരും. ഇതില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് മാത്രം ഇളവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ പി.ബിയിലേക്ക് ഒഴിവുണ്ടാകില്ല. കേന്ദ്ര കമ്മറ്റിയില്‍ വരുന്ന രണ്ട് ഒഴിവുകളിലേക്ക് കണ്ണുനട്ട് ഇപ്പോള്‍ തന്നെ സിപിഎമ്മില്‍ നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇപിയെ കൂടി വെട്ടിയാല്‍ ഒഴിവുകള്‍ മൂന്നാകും. ആരൊക്കെ എന്നതില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും കേന്ദ്രകമ്മറ്റി സ്ഥാനം ഉറപ്പിച്ച ഒരാള്‍ മന്ത്രി മുഹമ്മദ് റിയാസാണ്. അത് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ബന്ധം ഒന്ന് കൊണ്ടു മാത്രമാണ്. സിപിഎം സംസ്ഥാന സമിതിയിലേക്കും സെക്രട്ടറിയേറ്റിലേക്കും റിയാസ് എത്തിയ വേഗത, ആദ്യമായി എം.എല്‍.എ, സുപ്രധാന വകുപ്പുകളുടെ മന്ത്രിസ്ഥാനം ഇതെല്ലാം പിണറായിയുടെ പാര്‍ട്ടിയിലെ സ്വാധീനം കൊണ്ട് മാത്രമാണ് ഒത്തുകിട്ടിയത്.
റിയാസിനെക്കാള്‍ സീനിയറായ പലരും ഇപ്പോഴും അവസരം കാത്തിരിക്കുമ്പോഴാണ് ഈ റോക്കറ്റ് വേഗത്തിലുള്ള പാര്‍ട്ടിയിലെ വളര്‍ച്ച. ഈ ചരിത്രം മുന്നിലുള്ളതു കൊണ്ട് തന്നെയാണ് മധുരയില്‍ നടക്കുന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസോടെ റിയാസ് കേന്ദ്ര കമ്മറ്റിയില്‍ എത്തുമെന്ന് എല്ലാവരും ഉറച്ചു വിശ്വസിക്കുന്നത്. ഇപ്പോള്‍ സാധിച്ചില്ലെങ്കില്‍ റിയാസിനായി അടുത്ത തവണ ഇറങ്ങാന്‍ പിണറായിക്ക് ഈ കരുത്തുണ്ടാകുമോ എന്നും ഉറപ്പിക്കാനാകില്ല. അതുകൊണ്ട് തന്നെയാണ് ആര് വന്നില്ലെങ്കിലും റിയാസ് വരുമെന്ന് രാഷ്ട്രീയ കേരളം ഉറച്ച് വിശ്വസിക്കുന്നത്.
CONTENT HIGHLIGHTS; Refuting his own autobiography, EP. Jayarajan: EP behind Autobiography or Who?: DC Books in doubt?