രാജ്യം കണ്ടതില്‍ വെച്ച് വലിയ പ്രകൃതി ദുരന്തമാണ് വയനാട് ഉരുള്‍ പൊട്ടലെന്ന് പരിതപിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട പിഞ്ചു കുഞ്ഞിനെ താലോലിച്ചതും അദ്ദേഹമാണ്. ഉരുള്‍ എടുത്ത വഴികളില്‍ ചെളിയില്‍ ചവിട്ടി നടന്നതും അദ്ദേഹമാണ്. സോഷ്യല്‍ മീഡിയയും ദേശീയ മാധ്യമങ്ങളും പ്രധാനമന്ത്രിയെന്ന നാഥനെ വാനോളം പുകഴ്ത്തിയും, അദ്ദേഹത്തിന്റെ കാരുണ്യം വയനാട്ടില്‍ ഉണ്ടാകുമെന്നും വിശ്വസിച്ചു. വയനാടിനെയും ജനങ്ങളെയും കൈവിടില്ലെന്ന ഉറപ്പായിരുന്നും അന്ന് പ്രധാനമന്ത്രി പറഞ്ഞും പറയാതെയും നല്‍കിയ ഉറപ്പ്. പക്ഷെ, ഒരു ഉപതെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പ്രധാനമന്ത്രി വയനാട്ടിലെ മനുഷ്യരെ മറന്നു.
പ്രകൃതി ദുരന്തത്തേക്കാള്‍ വലിയ ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ മാറുകയും ചെയ്യുന്നതാണ് കാണാനാകുന്നത്. മനുഷ്യന്റെ ജീവനും സ്വത്തിനും മുകളിലൂടെ പ്രകൃതി ദുരന്തം താണ്ഡവമാടിയപ്പോള്‍ കൈത്താങ്ങായി കൂടെ നില്‍ക്കേണ്ട ഭരണവര്‍ഗം, അതിന്റെ നീചമായ രാഷ്ട്രീയ മുഖം കാണിക്കുകയാണ്. തകര്‍ന്നു തളര്‍ന്നവരെ നോക്കി കൊഞ്ഞനം കുത്തുന്നു. മുണ്ടക്കൈ-ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ നഷ്ടമായത് 350ഓളം ജീവനുകള്‍ക്ക് അടുത്താണ്. മനുഷ്യാവശിഷ്ടങ്ങള്‍ വാരിക്കൂട്ടിയതിന് കൈയ്യും കണക്കുമില്ല. ഇനിയും മണ്‍മറഞ്ഞു കിടക്കുന്നുണ്ട് ആ നാട്ടില്‍ സൈ്വരമായി ജീവിച്ചവര്‍. ഒരുപക്ഷെ, പ്രധാനമന്ത്രി അടക്കമുള്ളവര്‍ വയനാട്ടിലെ ദുരന്തം വീക്ഷിക്കാനെത്തിയതു പോലും മണ്ണിനടിയില്‍ കാണാതായവരുടെ നെഞ്ചത്തു ചവിട്ടിയാകും.
ആയുസിന്റെ നല്ല കാലത്തെ സമ്പാദ്യങ്ങളും ഉടുതുണിയൊഴിച്ച് എല്ലാം നഷ്ടമായവര്‍ ആയിരക്കണക്കിനാണ്. അവര്‍ക്ക് പുതു ജീവിതം നല്‍കേണ്ടതും, അവരെ കൈ പിടിച്ചു നടത്തേണ്ടതും സര്‍ക്കാരുകളാണ്. അത് ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ വര്‍ഗത്തിന്റെ കടമയാണ്. അടുത്തടുത്തുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ കേരളത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഘട്ടങ്ങളില്‍ സഹായിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍, വയനാട്ടില്‍ ഉണ്ടായ ഉരുള്‍ പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. എന്തു കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം കേന്ദ്രം എടുത്തിരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
നൂറുകണക്കിന് മനുഷ്യര്‍ ഒരു രാത്രിയില്‍ ജീവന്‍ പോയ നിലയില്‍ കണ്ടെത്തുമ്പോള്‍, അത് പ്രകൃതി ഒരുക്കിയ താണ്ഡവത്തിന്റെ ഭാഗമാകുമ്പോള്‍, അതിനെ ദേശീയ ദുരന്തമെന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്. ഒരു പ്രാദേശിക ദുരന്തമുഖത്ത് എന്തിനാണ് പ്രധാനമന്ത്രി പരിവാരങ്ങളുമായി എത്തുന്നത്. പ്രാദേശിക ദുരന്തങ്ങളില്‍ പ്രധാനമന്ത്രിയുടെ പങ്കെന്ത് ?. വയനാട്ടില്‍ പ്രധാനമന്ത്രി കാലു കുത്തണമെങ്കില്‍ അതിന് എന്തായിരിക്കും നിറം. ഇതൊക്കെയാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നിലപാടിലൂടെ കേരളം ചര്‍ച്ച ചെയ്യുന്നത്. വയനാട്ടില്‍ പ്രധാനമന്ത്രി ദുരന്തം വിലയിരുത്താന്‍ എത്തി തിരിച്ചു പോയതു മുതല്‍-കഴിഞ്ഞ ദിവസം കേന്ദ്രം വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതെ പോയതു വരെയുള്ള കലയളവിനെ വിലയിരുത്തിയാല്‍ പ്രധാനമന്ത്രി നടത്തിയത് വെറും ഫോട്ടോ ഷൂട്ടും നാടകവുമാണെന്ന് പറയേണ്ടിവരും.
ദുരന്ത നിവാരണ ഫണ്ടോ, പ്രത്യേക പാക്കേജോ വയനാടിന് അധികമായി നല്‍കാന്‍ കേന്ദ്രം തയ്യാറായിട്ടുമില്ല. എന്നാല്‍ കേരളം നല്‍കിയ മെമ്മോറാണ്ടം സ്വീകരിച്ചിട്ടുണ്ട്. പക്ഷെ, പരിഗണിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് കേരളത്തിന്റെ പ്രതിനിധി കെ.വി. തോമസ് കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കിയത്. ഇതിനു മറുപടിയായാണ് കേരളത്തിനും, വയനാട്ടിലെ മനുഷ്യര്‍ക്കും കനത്ത തിരിച്ചടി നല്‍കിയിരിക്കുന്നത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിലവിലെ മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി പറഞ്ഞിരിക്കുന്നത്.
കത്തില്‍ വ്യക്തമാക്കുന്നത്
ദുരന്തനിവാരണത്തിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണ്. ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരം ഉള്‍പ്പെടെ നല്‍കേണ്ടത് ഓരോ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം അനുവദിച്ചിട്ടുള്ള ഫണ്ടില്‍നിന്നാണ്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ 394 കോടി രൂപയുണ്ടെന്ന് അക്കൗണ്ട് ജനറല്‍ അറിയിച്ചിട്ടുണ്ട്. ഈ തുക ദുരന്തനിവാരണത്തിന് ഉപയോഗപ്പെടുത്താന്‍ ഉള്ളതാണ്.
സുരേഷ്‌ഗോപി പറഞ്ഞത്
കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രിയായ സുരേഷ്‌ഗോപി വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഒരു കാര്യം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. വയനാടിനെ കേന്ദ്രം സഹായിക്കണമെന്ന് കേന്ദ്രസഹമന്ത്രി എന്ന നിലയില്‍ ആവശ്യപ്പെടുമോ എന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആദ്യം കേരളം ആവശ്യപ്പെടട്ടേ. അപ്പോള്‍ നോക്കാം എന്നായിരുന്നു. സുരേഷ്‌ഗോപിയുടെ വാക്കും പാഴ് വാക്കായിമാറി. പ്രധാനമന്ത്രിയുടെം വയനാട്ടിലെ സന്ദര്‍ശനവും ഫോട്ടോഷൂട്ടും, വിനോദ സഞ്ചാരവുമായി മാറി. കേരളത്തെ കുറ്റം പറഞ്ഞ മാധ്യമങ്ങളെല്ലാം കൂട്ടത്തോടെ കേന്ദ്രത്തെ പൊങ്കാല ഇടുകയാണിപ്പോള്‍ ചെയ്യുന്നത്.
രാഷ്ട്രീയ അനീതിയോ
വയനാട്ടിലെ ഉരുള്‍ പൊട്ടലും ഉപതെരഞ്ഞെടുപ്പും തമ്മില്‍ ബന്ധമുണ്ടോ ?. സ്വാഭാവികമായി സംശയിച്ചു പോകുന്ന കാര്യമാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍, കേരളം ഭരിക്കുന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍, വയനാട് ലോക്‌സഭാ മണ്ഡലം വിജയിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഇതാണ് യോജിക്കാത്ത സമവാക്യം. മോരും മുതിരയും പോലെ വ്യത്യസ്ത രാഷ്ട്രീയങ്ങള്‍. ആരും ആരെയും അറിഞ്ഞുകൊണ്ട് സഹായിക്കില്ലെന്നുറപ്പാണ്. ഇനി, സഹായിക്കാന്‍ കഴിയുന്നത്, സര്‍ക്കാര്‍ മാനദണ്ഡങ്ങളും നിയമങ്ങളും, ചട്ടങ്ങളും അനുസരിച്ചു മാത്രമാണ്. അതുപോലും തടസ്സപ്പെടുത്താനോ, വൈകിപ്പിക്കാനോ സര്‍ക്കാരുകള്‍ക്ക് സാധിക്കും. കൊടിയുടെ നിറം അനുസരിച്ചാണ് ഓരോ സംസ്ഥാനങ്ങളിലും സഹായങ്ങളുടെ തോത് പോലും നിശ്ചയിക്കപ്പെടുന്നത്.
വയനാട് ലോക്‌സഭാ മണ്ഡലം രാജ്യശ്രദ്ധ ആകര്‍ഷിച്ചത്, രാഹുല്‍ഗാന്ധിയെ വിജയിപ്പിച്ചതു മുതലാണ്. രാഹുല്‍ഗാന്ധിയാണ് പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവ്. ഇദ്ദേഹം 2024 ജനറല്‍ ഇലക്ഷനില്‍ വയനാടും, റായ്‌ബേറേലിയിലും നിന്നു മത്സരിച്ചിരുന്നു. രണ്ടിടത്തും വിജയിച്ചു. എന്നാല്‍, റായ്ബറേലിയുടെ എം.പിയാകാന്‍ തീരുമാനിച്ചതോടെയാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കേരളത്തില്‍ ബി.ജെ.പി ഉര്‍ന്നു വരുന്ന മണ്ഡലങ്ങളില്‍ വയനാടും ഉള്‍പ്പെടുന്നുണ്ട്. രാഹുല്‍ഗാന്ധിക്ക് എതിരായി ബി.ജെ.പി നിര്‍ത്തിയത് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെയായിരുന്നു. വയനാട്ടിലെ മത്സരം ബി.ജെ.പിയും കോണ്‍ഗ്രസ്സും തമ്മിലായിരുന്നു എന്നു വേണമെങ്കില്‍ പറയാം.
എന്നാല്‍, ദേശീയ തലത്തില്‍ത്തന്നെ പ്രശസ്തരായ ഗാന്ധി കുടുംബത്തിലുള്ളവര്‍ നില്‍ക്കുമ്പോള്‍ എതിരാളികള്‍ മങ്ങിപ്പോകും. അതാണ് വയനാട് തെരഞ്ഞെടുപ്പില്‍ കണ്ടതും. എന്നാല്‍, ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചു പിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ വയനാട്ടിലെ ഫോട്ടോ ഷൂട്ടെന്ന ആക്ഷേപം ശക്തമാകുന്നുണ്ട്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി സംസ്ഥാന തലത്തില്‍ നിന്നാണെങ്കില്‍ ബി.ജെ.പിക്ക് വയനാട് പിടിക്കാമെന്ന വിശ്വാസം ഉണ്ടായിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രയങ്കഗാന്ധിയാണെന്ന് കണ്ടതോടെ ബി.ജെ.പി വിജയ പ്രതീക്ഷ കൈവിട്ടു. മത്സരിക്കാം എന്നല്ലാതെ പിടിച്ചെടുക്കാനാവില്ല എന്നെളുതി വെച്ചു. ഇതേ തുടര്‍ന്നാണ് വോട്ടെടുപ്പ് ദിവസത്തോടടുത്തു തന്നെ വയനാട് ദുരന്തത്തെ തള്ളിക്കൊണ്ട് നിലപാടെടുത്തതും. ഇത് രാഷ്ട്രീയമല്ലാതെന്താണ്. പച്ചയായ രാഷ്ട്രീയ നാടകത്തിന്റെ ഫലമായാണ് കേരളത്തിന് സാമ്പത്തിക സഹായവും നിഷേദിച്ചിരിക്കുന്നത്.
CONTENT HIGHLIGHTS; What is natural calamity in a country where “major disasters” rule: Wayanad disaster not declared a national calamity is green politics; No help, no sympathy