Explainers

അന്‍വറിന്റെ സമയം കഴിഞ്ഞു, ഇനി പി. ശശിയുടെ അവസരം: മാപ്പില്ലെങ്കില്‍ കൊമ്പു കുത്തിക്കുമെന്ന് ശശി; വെല്ലുവിളി ഏറ്റെടുക്കുമോ അന്‍വര്‍ ?

മുഖ്യമന്ത്രി പിണറായി വിജയനെ പിന്‍സീറ്റിലിരുത്തി ഡ്രൈവിംഗ് നടത്തുന്ന പൊളിട്ടിക്കല്‍ സെക്രട്ടറിയാണ് പി. ശശിയെന്ന ഗുരുതര ആരോപണം ഉന്നയിച്ചു കൊണ്ടാണ് പി.വി. അന്‍വര്‍ എം.എല്‍.എ പോരാ്ത്തിന് തുടക്കമിട്ടത്. പിന്നീടുള്ള ഓരോ ദിവസവും അന്‍വര്‍ ആരോപണ ശരങ്ങള്‍ നിരന്തരം തൊടുത്തു വിട്ടു. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെയായിരുന്നു ചെന്നു തറച്ചത്. അന്‍വറിന് മുഖ്യമന്ത്രിയെ മുന്നില്‍ നിര്‍ത്തി കളിക്കുന്ന പി. ശശിയെ ആയിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍, മുഖ്യമന്ത്രി ആ ടാര്‍ഗെറ്റ് അന്‍വറിനു നല്‍കാന്‍ തയ്യാറല്ലായിരുന്നു.

ആരോപണങ്ങള്‍ അഴിമതിയില്‍ തുടങ്ങി, പോലീസ് ഭരണത്തിലൂടെ സ്ത്രീ പീഡന വിഷയത്തില്‍ വരെ എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രി സമവായ ശ്രമത്തിനായി അന്‍വറിനെ സെക്രട്ടേറിയറ്റിലേക്ക് വിളിപ്പിച്ചത്. എല്ലാം സംസാരിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പും നല്‍കിയെന്ന് മുഖ്യമന്ത്രി തന്നെ വാര്‍ത്താ സമ്മേളനത്തില്‍ പറയുകയും ചെയ്തു. പി. ശശിയെ കുറിച്ചുള്ള ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുന്നു എന്ന ഒറ്റവരി പ്രസ്താവനയിലൂടെയാണ് പി. ശശിയോടുള്ള കൂറ് മുഖ്യമന്ത്രി ജനങ്ങളെ അറിയിച്ചത്. ഇതാണ് അന്‍വറിന്റെ സമനിലപോലും തെറ്റിക്കാന്‍ ഇടയാക്കിയ സംഭവം.

സ്വന്തം പിതാവിന്റെ സ്ഥാനത്തു കണ്ടിരുന്ന പിണറായി വിജയന്‍ ഇത്തരമൊരു നീക്കം നടത്തുമെന്ന് സ്വപ്‌നത്തില്‍പ്പോലും അന്‍വര്‍ വിചാരിച്ചിരുന്നില്ല. പിന്നീടുണ്ടായ സംഭവ വികാസങ്ങളെല്ലാം അന്‍വറിന്റെ സ്വാതന്ത്ര്യത്തെയാണ് പിന്തുണച്ചത്. സ്വതന്ത്രനായി നിന്നുകൊണ്ട് എന്തൊക്കെ പറയാനാകുമോ അതൊക്കെ വിളിച്ചു പറഞ്ഞാണ് അന്‍വര്‍ ഇടതുപക്ഷ കളം വിട്ടത്. ഈ സമയത്തൊന്നും പി. ശശിയെന്ന മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറി ഒരക്ഷരം മിണ്ടിയിട്ടില്ല എന്നതാണ് വസ്തുത. ആരോടും പരാതിയോ, പരിഭവമോ ഉന്നയിച്ചില്ല. മുഖ്യമന്ത്രിയുടെ ഇടപെടലിനപ്പുറം മറ്റൊന്നും ഉണ്ടായിട്ടുമില്ല.

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷമാണ് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും പി. ശശിയെ ന്യായീകരിച്ച് രംഗത്തെത്തിയത്. ഇതോടെ അന്‍വര്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. തുടര്‍ന്നാണ് അന്‍വര്‍ സി.പി.എമ്മുമായുള്ള എല്ലാ രാഷ്ട്രീയ ബന്ധങ്ങള്‍ക്കും അവസാനം കുറിച്ചത്. അതുവരെ നിശബ്ദനായിരുന്ന പി. ശശി ഇപ്പോള്‍ കളത്തിലിറങ്ങിയിരിക്കുകയാണ്. പി.വി.അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ ക്രിമിനല്‍ അപകീര്‍ത്തി കേസ് നല്‍കിയിരിക്കുകയാണ് പി.ശശി. കണ്ണൂര്‍, തലശേരി കോടതികളിലാണ് കേസ് ഫയല്‍ ചെയ്തത്.

അന്‍വറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ശശി ഉന്നയിച്ചിരുന്നത്. പി.വി.അന്‍വറിന് പിന്നില്‍ അധോലോകമാണെന്നും തനിക്കെതിരായ ആരോപണങ്ങള്‍ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണെന്നു ശശി പറയുന്നു. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം പിന്‍വലിച്ചു മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ശശി വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. ഇതിന് അന്‍വര്‍ മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് പുതിയ നടപടി. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് അന്‍വറിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്. ഈ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നായിരുന്നു ആവശ്യം. നോട്ടീസിന് മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ക്രിമിനല്‍ നടപടിയുമായി പി ശശി മുന്നോട്ട് പോകുന്നത്.

പി ശശിക്കെതിരെ വാര്‍ത്താസമ്മേളനങ്ങളിലും പരിപാടികളിലും അന്‍വര്‍ വലിയ രീതിയിലുള്ള ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നല്‍കിയ കത്തും പുറത്തുവിട്ടിരുന്നു. അതിലും ഗുരുതര ആരോപണങ്ങളുണ്ടായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പങ്കുവെച്ച ആ കത്തും പിന്‍വലിക്കണമെന്നും ശശി ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയില്ലാത്ത സാഹചര്യത്തിലാണ് ക്രിമിനല്‍ കേസ് നല്‍കിയിരിക്കുന്നത്. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച പി.വി അന്‍വറിന് പിന്നില്‍ അധോലോക സംഘങ്ങളാണെന്ന് പി.ശശി തലശേരി കോടതി വളപ്പില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് അന്‍വറിന് പിന്നില്‍. നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്ന സര്‍ക്കാരിനെ ഇവര്‍ ലക്ഷ്യം വയ്ക്കുകയാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്കും ഓഫിസിനുമെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പി.വി അന്‍വറിന്റെ രാഷ്ട്രീയം മരിച്ചു പോയി. അതുകൊണ്ടാണ് കഴമ്പില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുന്നതെന്നും പി.ശശി പറഞ്ഞു. തലശേരി കോടതിയില്‍ അഡ്വ. കെ. വിശ്വന്‍ മുഖേനയും കണ്ണൂരില്‍ അഡ്വ. ബി.പി ശശീന്ദ്രന്‍ മുഖേനെയാണ് മാനനഷ്ട കേസ് നല്‍കിയിരിക്കുന്നത്.

ഇനി പി. ശശിയുടെ ഊഴമാണ്. അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ച് പിണങ്ങിപ്പിരിഞ്ഞു കഴിഞ്ഞു. ആവനാഴിയില്‍ ഉണ്ടായിരുന്ന ആരോപണങ്ങളെല്ലാം ചീറ്റിപ്പോയതു പോലെയാണ് അന്‍വറിന്റെ അവസ്ഥ. എന്തൊക്കെ ആരോപണങ്ങള്‍ ഉന്നയിച്ചുവോ, അതെല്ലാം അന്വേണത്തിനു വിടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പി. ശശിക്കെതിരേയുള്ള ആരോപണങ്ങള്‍ മാത്രം തള്ളിക്കളയുകയു ചെയ്തു. പുതിയ പാര്‍ട്ടി പോലുള്ള സംവിധാനത്തിലൂടെ അന്‍വര്‍ ഇപ്പോള്‍ ചെയ്യുന്നത് നിലനില്‍പ്പിന്റെ രാഷ്ട്രീയമാണ്. അഴിമതിക്കെതിരേ നടത്തിയിരുന്ന പോരാട്ടങ്ങളെല്ലാം അവധിക്കു വെച്ചിരിക്കുകയാണ്.

എം.ആര്‍. അജിത്കുമാറിനെതിരേയുള്ള ആരോപണം അടക്കമുള്ള വിഷയങ്ങളെല്ലാം വിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പി. ശശി ആയുധമെടുത്തിരിക്കുന്നത്. സംസ്ഥാന ഭരണവും, മുഖ്യമന്ത്രിയുയടെയും പാര്‍ട്ടിയുടെയും പിന്തുണയുമുള്ള പി. ശശിയുടെ കളി ഇനി എങ്ങനെയൊക്കെയാണെന്ന് പറയാനാകില്ല. ഒരുപക്ഷെ, അന്‍വര്‍ ജയിലില്‍ കിടക്കാനും സാധ്യത കാണുന്നുണ്ടെന്നാണ് സൂചനകള്‍.

CONTENT HIGHLIGHTS; Anwar’s time is over, now P. Sasi’s chance: Sasi will stab the horn if he doesn’t apologize; Will Anwar take up the challenge?

Latest News