ഒരു വെള്ളിയാഴ്ച പാതിരാ കുറുബാനയില്‍ പങ്കെടുക്കുമ്പോള്‍ തോന്നിയ വെളിപാടു കൊണ്ട് ഡി.സി ബുക്‌സിന്റെ ഉടമ ഡി.സി രവി ഇ.പി. ജയരാജനെ കറിച്ചുള്ള ആത്മകഥ കുത്തിയിരുന്ന് എഴുതിയുണ്ടാക്കി പ്രസിദ്ധീകരിക്കാന്‍ തയ്യാറായതെന്ന് വിശ്വസിക്കാന്‍ മാത്രം മണ്ടന്‍മാരല്ല കേരളത്തിലെ എഴുത്തും, വായനയെ ഗൗരവമായി കാണുന്നവര്‍. പാര്‍ട്ടിക്കകത്തു നിന്നുകൊണ്ട് പുറത്തേക്കു നോക്കി ഭപ്പെടുത്തിയിരുന്ന ഇ.പി. ജയരാജന്‍, പുറത്തു നിന്നുകൊണ്ട് പാര്‍ട്ടിക്കകത്തേക്കു നോക്കി ഭയപ്പെട്ടു നില്‍ക്കുമ്പോള്‍ വളരെ കരുതലോടു കൂടി മാത്രമേ ആത്മകഥയെന്നല്ല, ഒരു വാക്കു പോലും മിണ്ടുകയുള്ളൂ. ഇതാണ് ഈ രണ്ടു വ്യക്തികളെയും, അവരുടെ പ്രവര്‍ത്തന മേഖലയെയും കുറിച്ചുള്ള യഥാര്‍ഥ വസ്തുത.
ആത്മകഥാ വിവദാത്തിലെ സത്യസന്ധമായ അഭിപ്രായം ഇതാണെന്നിരിക്കേ പരസ്പര സഹായമെന്ന നിലയില്‍ അന്ധര്‍ധാര സജീവമാക്കിയിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. ഒരാള്‍ തന്റെ ജീവിതത്തിലെ നല്ല കാലങ്ങളെയും മോശം അവസ്ഥകളെയും കുറിച്ചു വെയ്ക്കുന്നതാണ് ആത്മകഥ. അത് അയാളുടെ ഇഷ്ടവും സമ്മതത്തോടും കൂടി മാത്രമേ പ്രസിദ്ധീകരിക്കാനും സാധിക്കൂ. പ്രസിദ്ധീകരണത്തിനു മുമ്പ് ഒരു ആത്മകഥ തയ്യാറാകുന്നതിന്റെ ഘട്ടങ്ങള്‍ നിരവധിയാണ്. ഈ ഘട്ടങ്ങളെല്ലാം മറികടന്നാണ് പ്രസിദ്ധീകരണമെന്ന ആവസാന ഘട്ടത്തിലെത്തുന്നത്. അപ്പോള്‍ പ്രസിദ്ധീകരണത്തിനു മുമ്പുള്ള ഘട്ടങ്ങള്‍ തുടങ്ങാന്‍ ആത്മകഥ എവുതാന്‍ തയ്യാറായിരിക്കുന്ന ആളുടെ സമ്മതം അത്യാവശ്യമാണ്. അത് നേടാതെ വെളിപാടു കിട്ടിയ വെള്ളിയഴ്ചയില്‍ മറ്റൊരാളുടെ ആത്മകഥ സ്വന്തമായി എഴുതാന്‍ ഒരു ഡിസിക്കും കഴിയില്ല.
എന്നാല്‍, കട്ടന്‍ചായയും പരിപ്പുവടയും: ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന തലക്കെട്ടില്‍ ഡി.സി ബുക്ക്‌സ് പ്രസിദ്ധീകരണത്തിനു തയ്യാറാക്കിയ ആത്മകഥ എന്ന പുസ്തകം തന്റെ ആത്മകഥയേ അല്ലെന്നാണ് ഇ.പി. ജയരാജന്‍ പറഞ്ഞിരിക്കുന്നത്. തന്റെ ആത്മകഥ എഴുതാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ല. താന്‍ തന്നെ തന്റെ ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും, അത് പൂര്‍ത്തിയായിട്ടില്ലെന്നും ഇ.പി. ജയരാജന്‍ പറഞ്ഞതോടെയാണ് ഡി.സി ബുക്ക്‌സ് പ്രസിദ്ധീകരിക്കാന്‍ തയ്യാറാക്കിയ ആത്മകഥ വിവാദത്തിലേക്ക് വീണത്. മാത്രമല്ല, ആത്മകഥാ വിവാദം അന്വേഷിക്കണണെന്ന് ആവശ്യപ്പെട്ട് ഇ.പി ജയരാജന്‍ ഡി.ജി.പിക്ക് പരാതിയും നല്‍കി.
പക്ഷെ, വിവാദം കത്തിയതോടെ പാലക്കാട് തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കണമെന്ന പാര്‍ട്ടിയുടെ കടുത്ത നിര്‍ദ്ദേശവും ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ആത്മകഥാ വിവാദത്തെ കുറിച്ച് വിശദീകരിക്കേണ്ടി വന്നതും ഇ.പിയുടെ വാക്കുകള്‍ പാര്‍ട്ടി വിശ്വാസത്തിലെടുത്തിട്ടില്ല എന്നതിനു തെളിവാണ്. പാലക്കാട് പാര്‍ട്ടി സ്ഥാനാര്‍ത്ഥി തോല്‍ക്കുകയാണെങ്കില്‍, അതിന്റെ ഉത്തരവാദിത്വം ഇപിയില്‍ കെട്ടിവെയ്ക്കാനുള്ള നീക്കവും തുടങ്ങിക്കഴിഞ്ഞു. കാരണം, പാലക്കാട് സ്ഥാനാര്‍ത്ഥി, പി. സരിന്റെ മറുകണ്ടം ചാട്ടത്തെയും ആത്മകഥയില്‍ ഇ.പി വിമര്‍ശിക്കുന്നുണ്ട്.
ഇവിടെ ആത്മകഥാ വിവാദത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ സത്യസന്ധമായ അന്വേഷണം നടക്കണമെന്നു തന്നെയാണ് അഭിപ്രായം. എന്നാല്‍, അങ്ങനെയൊരു അന്വേഷണമുണ്ടായാല്‍ ആരായിരിക്കും പ്രതിയാവുക. ആത്മകഥയുടെ മറവില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും പറയുന്ന ഇപിയുടെ പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ ഡി.സി ബുക്‌സ് ഉടമകള്‍ അകത്താകും. ഗൂഢാലോചനാ കുറ്റമായിരിക്കും ചുമത്തുക. അതല്ല, ഇപി ജയരാജന്‍ പറഞ്ഞു പറ്റിക്കുകയാണ് ചെയ്യുന്നതെങ്കില്‍ സി.പി.എമ്മില്‍ നിന്നും പറത്താകുമെന്നുറപ്പാണ്. മാത്രമല്ല, ഡി.സി ബുക്ക്‌സിന് വിശ്വാസ വഞ്ചന, കരാര്‍ വിരുദ്ധതയക്കും കേസ് കൊടുക്കാനാകും.
ചേലക്കര വോട്ടെടുപ്പു ദിവസമാണ് ഇ.പിയുടെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ പ്രതിഫലിപ്പിക്കുന്ന വാചകങ്ങളുമായി ഡി.സി ബുക്ക്‌സ് ഫേസ്ബുക്കില്‍ പുസ്തകത്തിന്റെ പ്രസിദ്ധീകരണം പ്രഖ്യാപിച്ചത്. ഇത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു. ഇതോടെയാണ് വിവാദങ്ങള്‍ ആരംഭിക്കുന്നത്. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍ അതിന് കേരളത്തിലെ ഇടതുപക്ഷം വലിയ വിലയാണ് നല്‍കേണ്ടി വരിക. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പ് ദിവസം ഇപി ജയരാജന്‍ – പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കിയതും ഇപി ജയരാജനാണ്. അതു കൊണ്ട് തന്നെ ഇപ്പോള്‍ പുറത്ത് വന്ന വിവാദങ്ങളിലും എല്ലാ വശങ്ങളും പരിശോധിക്കേണ്ടതുണ്ട്.
ഡി.സി ബുക്‌സ് വിശ്വാസ്വത പുലര്‍ത്തുന്ന സ്ഥാപനമായാണ് അറിയപ്പെടുന്നത്. അവര്‍ തെറ്റ് ചെയ്‌തെന്ന് തെളിഞ്ഞാല്‍ പിന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കണമോ എന്നതും രാഷ്ട്രീയ കേരളം ഗൗരവമായി ആലോചിക്കും. ‘സാങ്കേതിക കാരണങ്ങളാല്‍ ഇപി എഴുതിയ പുസ്തകത്തിന്റെ പ്രകാശനം മാറ്റിവെച്ചെന്നും ഉള്ളടക്കം പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുമെന്നുമാണ് ഡി.സി ബുക്‌സ് വിശദീകരിക്കുന്നത്.’ എന്നാല്‍, ഇപി തന്റെ ആത്മകഥയെ പൂര്‍ണ്ണമായും തള്ളുമ്പോഴും മാധ്യമങ്ങളില്‍ വന്ന ആത്മകഥാ ഭാഗം ഡിസി ബുക്‌സ് നിഷേധിക്കുന്നില്ല, എന്നതാണ് ശ്രദ്ധേയം. തലക്കെട്ടടക്കം ഡിസി ഉറച്ചുനില്‍ക്കുന്നു എന്നതിലും ചില സംശയങ്ങള്‍ സ്വാഭാവികമായും ഉയരുന്നുണ്ട്.
ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ പുറത്തുവന്ന ആത്മകഥാ വിവാദം പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും ഇടതുപക്ഷത്തെ അടിക്കാനുള്ള ഒന്നാംന്തരം വടിയായി മാറിയിരുന്നു. ഇപി നല്‍കിയ പരാതി പോലും തല്‍ക്കാലം വിവാദത്തില്‍ നിന്നും തലയൂരാനാണ് എന്ന് സംശയിക്കുന്നവരുമണ്ട്. എന്നാല്‍, പാര്‍ട്ടി നേതൃത്വത്തിന്റെ ഇടപെടലും ഡി.ജി.പിക്ക് പരാതി നല്‍കാന്‍ ഇപി നിര്‍ബന്ധിതനായതും വരുംദിവസങ്ങളില്‍ യാഥാര്‍ഥ്യം പുറത്തു കൊണ്ടു വരാനേ ഉതകൂ. ഇതുപക്ഷ കണ്‍വീനര്‍ സ്ഥാനത്തു നിന്നും മാറ്റിയതിലെ തന്റെ പ്രയാസം പാര്‍ട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്ത് വന്ന ഇപിയുടെ ആത്മകഥയുടെ ഭാഗങ്ങളിലെ ഒരു വിമര്‍ശനം. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബ്ബലമാണെന്നതാണ് അടുത്ത വിമര്‍ശനം. പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി പി സരിന്‍ വയ്യാവേലിയാകുമെന്ന പരാമര്‍ശവുമുണ്ട്.
ചൊവ്വാഴ്ച രാത്രി തന്നെ ഡിസി ബുക്‌സ് അവരുടെ പേജില്‍ ഇപിയുടെ ആത്മകഥ വരുന്ന കാര്യം പരസ്യപ്പെടുത്തിയിരുന്നു. ”കട്ടന്‍ ചായയും പരിപ്പ് വടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം” എന്ന പുസ്തകത്തിന്റെ മുഖ ചിത്രം വരെ അവര്‍ നല്‍കിയിരുന്നു. ഇപിയെ ടാഗ് ചെയ്തായിരുന്നു ഈ അറിയിപ്പ് എന്നതും എടുത്തു പറയേണ്ട കാര്യമാണ്. താന്‍ എഴുതിയത് പൂര്‍ത്തി ആയില്ലന്നും ആര്‍ക്കും നല്‍കിയിട്ടില്ലന്നും പറയുന്ന ഇപിക്ക് ഡി.സി ബുക്‌സിന്റെ ഈ അറിയിപ്പ് വന്നപ്പോള്‍ തന്നെ നടപടി സ്വീകരിക്കാമായിരുന്നു. തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത് അറിയുന്ന ഇപി എന്തുകൊണ്ട് ആ വഴി നേരത്തെ സ്വീകരിച്ചില്ല എന്നതിന് മറുപടി പറഞ്ഞേ മതിയാകൂ.
CONTENT HIGHLIGHTS; ‘One of the two’ says lie: EP lost the exposure? For DC?; Can you recognize the black hand behind the controversial autobiography?