Explainers

ഐഷാപോറ്റിക്ക് അയിത്തമെന്ത് ?: സി.പി.എം സ്ത്രീ വിരുദ്ധതയുടെ കൂടാരമോ; വെട്ടിയുണക്കാന്‍ വെച്ചതില്‍ കെ.ആര്‍. ഗൗരിയമ്മ തൊട്ട് കെ.കെ.ശൈലജ വരെ

സ്ത്രീ വിരുദ്ധതയുടെ പര്യായമാണ് ലോകമൊട്ടുക്കുമുള്ള രാജ്യങ്ങളിലെ ഭരണാധികാരികളും അധികാര വര്‍ഗവും. അതില്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളും, ഭരണം നിലനിര്‍ത്തുന്ന പ്രവിശ്യകളും സംസ്ഥാനങ്ങളും സ്ത്രീ വിരുദ്ധ പാര്‍ട്ടിയെന്ന ഖ്യാതി നേടിയിട്ടുണ്ട്. നേതാക്കളെല്ലാം പുരുഷാധികാരികള്‍. അണികളില്‍ ഭൂരിഭാഗവും സ്ത്രീകളും. ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന കേരളത്തിലെയും സ്ഥിതി മറിച്ചല്ല. രണ്ടാം പിണറായി സര്‍ക്കാരിനു പകരം വരാനിരുന്നത് കേരളത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയെന്ന ചരിത്രമായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ആരോഗ്യമന്ത്രി ആയിരുന്ന കെ.കെ. ശൈലജയായിരുന്നു അത്. പക്ഷെ, ആണധികാരത്തിനാണ് മൂര്‍ച്ച കൂടുതലെന്ന് പാര്‍ട്ടിയിലെ മഹാബലം പറഞ്ഞുറപ്പിച്ചപ്പോള്‍ ജനകീയതയില്‍ മുമ്പിലെത്തിയ കെ.കെ. പെണ്‍കരുത്ത് അശക്തയായി.

ഇത് കേരളം രൂപീകരിക്കപ്പെട്ട ശേഷം ആദ്യത്തെ മന്ത്രിസഭാ രൂപീകരണത്തിന്റെ കാലം മുതല്‍ തുടങ്ങിയതാണെന്നു പറയാം. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന കെ.ആര്‍.ഗൗരിയമ്മ പിന്നീട് കേരളത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയാകുമെന്ന് മലയാളികള്‍ വിശ്വസിച്ചിരുന്നു. എന്നാല്‍, അട്ടിമറിയും സ്ത്രീ വിരുദ്ധതയും നിറച്ച് സി.പി.എം ഗൗരിയമ്മയെയും ഗൗരിയമ്മയുടെ ജനകീയതിയെയും സ്ത്രീത്വത്തെയും വെട്ടി ഉണക്കാന്‍ വെയ്ക്കുകയായിരുന്നു. പിന്നീട്ട്, പാര്‍ട്ടിയുടെ സ്ത്രീ വിരുദ്ധത തുറന്നുകാട്ടിക്കൊണ്ട് ഗൗരിയമ്മ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകുന്നതു വരെ അതു നീണ്ടുപോയി. പക്ഷെ, ഒരു സ്ത്രീയായിരുന്നിട്ടും, വിരുദ്ധ ചിന്തയുടെ കമ്യൂണിസ്റ്റ് ചേരിക്കെതിരേ ജനകീയമായി പോരാടി ഗൗരിയമ്മ വീണ്ടും അധികാരത്തിലെത്തി.
ഒരുപക്ഷെ, കമ്യൂണിസ്റ്റുകാര്‍ നല്‍കാത്ത മുഖ്യമന്ത്രി കസേരയോളം വലിപ്പത്തിലുള്ള മന്ത്രിക്കസേരയില്‍ തന്നെ യു.ഡി.എഫിലൂടെ എത്തുകയായിരുന്നു. സ്വന്തം പാര്‍ട്ടി നല്‍കാത്ത പദവി, മറ്റൊരു പാര്‍ട്ടിയുടെ പിന്‍ബലത്തോടെ നേടിയെടുക്കുമ്പോള്‍ അതിന് മധുരം കൂടും. അതാണ് ഗൗരിയമ്മ ചെയ്തത്. ‘കേരളം തിങ്ങും കേരള നാട് കെ.ആര്‍. ഗൗരി ഭരിച്ചീടും’ എന്നായിരുന്നു അന്നത്തെ മുദ്രാവാക്യം. പുരുഷാധിപത്യ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സ്ത്രീ ശബ്ദം അരോചകമാകയാല്‍ ഗൗരിയമ്മ ഒന്നുമല്ലാതായി. അതെ, സ്ത്രീ ശബ്ദം ഇന്നും അടുക്കളകളില്‍ തന്നെയാണ് മുഴങ്ങുന്നത്. അരങ്ങിലെത്താന്‍ പാടുപെടുന്നത് മുഖവിലയ്ക്കു പോലുമെടുക്കുന്നില്ലെന്ന് വി.ടി. ഭട്ടതിരിപ്പാട് അറിയുന്നില്ലല്ലോ എന്ന് വര്‍ണ്യത്തിലാശങ്ക.

നിയമസഭയിലെ വാനമ്പാടിയായിരുന്നു പി. ഐഷാപോറ്റി. പ്രസംഗിക്കുന്നതു പോലും എത്ര മധുരമായാണ്. ആ ശബ്ദം നിയമസഭാ തളത്തില്‍ ഒഴുകുകാണ് ചെയ്യുന്നത്. കെ.എസ് ചിത്രയുടെ പാട്ടും, ഐഷാപോറ്റിയുടെ പ്രസംഗവും താരതമ്യം ചെയ്യാവുന്നതാണ്. ആ ശബ്ദംപോലും സി.പി.എമ്മിന് ഇപ്പോള്‍ അരോചകമായിരിക്കുന്നു. വനിതാ മന്ത്രി സ്ഥാനത്തേക്കും, വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തേക്കുമൊക്കെ പരിഗണിക്കപ്പെട്ടിട്ടും ഐഷാപോറ്റിയെ എന്തുകൊണ്ടോ നേതൃത്വം അംഗീകരിച്ചില്ല. ഇപ്പോള്‍ 66-ാം വയസ്സില്‍ ഐഷാപോറ്റി പാര്‍ട്ടിയില്‍ നിന്നും അകാല റിട്ടയര്‍മെന്റ് എടുക്കുകയാണ്. പാര്‍ട്ടി നേതൃത്വം ഓരോ കാലത്തും ഓരോരുത്തരെയായി വെട്ടി ഉണക്കിയിട്ടുണ്ട്. അതിനെല്ലാം പിന്നില്‍, ചിലരുടെ വളര്‍ച്ചയും, ചിലരുടെ നിലനില്‍പ്പും മാത്രമായിരുന്നെന്ന് കാലം തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

ഐഷാപോറ്റിയും മറ്റൊന്നിനു വളമാകാന്‍ വേണ്ടിയാണ് എന്നത് വ്യക്തം. കെ.ആര്‍. ഗൗരിയമ്മ മുതല്‍ ഐഷാപോറ്റി വരെ അയിത്തം കല്‍പ്പിക്കപ്പെട്ട സ്ത്രീ വിരുദ്ധതയുടെ ഭാഗമാണ്. സ്ത്രീകള്‍ക്ക് തുല്യനീതി നടപ്പാക്കുന്ന കമ്യൂണിസ്റ്റുകാര്‍ അടുത്തിടെ ചെന്നുപെട്ടിരിക്കുന്നതെല്ലാം ലൈംഗിക പീഡന കേസുകളിലാണ്. മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേ പി.വി അന്‍വര്‍ എം.എല്‍.എയുടെ ആരോപണവും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതി പര്‍ട്ടി കമ്മിറ്റി പരിശോധിച്ച് ഇല്ലാതാക്കിയതും പറയാതെവയ്യ. പി.കെ. ശശിയുടെ സ്ത്രീ വിരുദ്ധ നിലപാട് ചര്‍ച്ച ചെയ്യാതെ വെള്ള പൂശിയതും മറക്കാറായിട്ടില്ല.

കടകംപള്ളി സുരേന്ദ്രന്‍ ഒരു സ്ത്രീയുമായി നടത്തിയ നര്‍മ്മ സല്ലാപം സോഷ്യല്‍ മീഡിയയിലൂടെ പരക്കം പാഞ്ഞത് ഓര്‍ക്കാതെ പോകുന്നതെങ്ങനെ. കായംകുളം എം.എല്‍.എ യു. പ്രതിഭയെ ഡി.വൈ.എഫ്.ഐക്കാര്‍ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് പരാതി പറഞ്ഞത് അവരാണ്. അങ്ങനെ കേരളത്തിലെ എല്ലാ തദ്ദേശ വാര്‍ഡുകളിലും പ്രവര്‍ത്തിക്കുന്ന സ്ത്രീ സഖാക്കള്‍ക്ക് സ്വന്തം പാര്‍ട്ടിയില്‍ നിന്നേല്‍ക്കേണ്ടി വരുന്ന പീഡനങ്ങള്‍ അനവധിയാണ്. ഇതില്‍ 90 ശതമാനവും പുറം ലോകമറിയുന്നില്ല എന്നതാണ് വസ്തുത. ഇങ്ങനെ സ്ത്രീ വിരുദ്ധതയുടെ കൂടാരമായി മാറിയ സി.പി.എമ്മില്‍ നിന്നും ഏത് സ്ത്രീക്കാണ് നീതി ലഭിക്കുക. അതുതന്നെയാണ് ഐഷാപോറ്റിയുടെയും മനം മടുപ്പിച്ചിരിക്കുന്നതെന്നാണ് സൂചന.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ മുതിര്‍ന്ന നേതാക്കളെ തന്ത്രപരമായി ഒഴിവാക്കാന്‍ വേണ്ടി കണ്ടെത്തിയ മാര്‍ഗമായിരുന്നു പ്രായപരിധി എന്ന തുറുപ്പു ചീട്ട്. സ്ഥാനാര്‍ഥി പ്രഖ്യാപന വേളയില്‍ തന്നെ പ്രായനിബന്ധന വെച്ച് കുറേ നേതാക്കളെ ഒഴിവാക്കി. മന്ത്രിസഭാ രൂപീകരണ വേളയില്‍ രണ്ടുതവണ മന്ത്രിയാകേണ്ടെന്ന് പറഞ്ഞാണ് കെ.കെ ശൈലജയെ വെട്ടിയത്. ഇതോടെ പിണറായി വിജയനും തന്റെ ഇഷ്ടക്കാരും മാത്രമായി മാറി പാര്‍ട്ടിയിലും മന്ത്രിസഭയിലും. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം ഇപ്പോള്‍ സംഘടനയില്‍ നിര്‍ജീവമായ അവസ്ഥയിലാണ്.

ജി സുധാകരന്‍ രാഷ്ട്രീയമായി വിരമിച്ച അവസ്ഥയിലാണ് താനും. പാര്‍ട്ടിയുടെ പ്രായപരിധിക്കെതിരെ തുറന്നടിച്ചു കൊണ്ടാണ് സുധാകരന്‍ രാഷ്ട്രീയമായി വിരാമത്തിലേക്ക് പോയത്. ചട്ടം കൊണ്ടുവന്നിട്ട് മൂന്ന് വര്‍ഷമേ ആയുള്ളൂ. ചട്ടം കൊണ്ടുവന്നവര്‍ക്ക് അത് മാറ്റിക്കൂടെയെന്നും ഈ ചട്ടം ഇരുമ്പുലക്ക ഒന്നുമല്ലല്ലോയെന്നും സുധാകരന്‍ അടുത്തിടെ ചോദിച്ചിരുന്നു. 75 വയസ് കഴിഞ്ഞുള്ള വിരമിക്കല്‍, പ്രസ്ഥാനത്തിന് ഗുണകരമാണോ എന്ന് പരിശോധിക്കണമെന്നും ജി. സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. ഇഎംഎസിന്റേയും എകെജിയുടേയും കാലത്തായിരുന്നുവെങ്കില്‍ അവര്‍ എന്നേ റിട്ടയര്‍ ചെയ്തുപോകോണ്ടി വന്നേനെയെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് കുറുപ്പ് അടക്കമുള്ള നേതാക്കള്‍ കാലങ്ങളായി പാര്‍ട്ടിയില്‍ സജീവമല്ലാത്ത അവസ്ഥയിലാണ്. ഇതിനു പിന്നാലെയാണ് ഐഷ പോറ്റിയും പാര്‍ട്ടിയില്‍ തഴയപ്പെട്ടത്. മന്ത്രിയാകുമെന്ന് പോലും കരുതിയിരുന്ന ഐഷ പോറ്റിയെ പാര്‍ട്ടി തരംതാഴ്ത്തിയതും വലിയ ചര്‍ച്ചയായിരിക്കുകയാണ്. മുന്‍ എം.എല്‍.എ പി.ഐഷാ പോറ്റിയെ സിപിഎം ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത് മതിയായ കാരണങ്ങള്‍ പോലും ബോധിപ്പിക്കാതെയാണ്. പാര്‍ട്ടിയുമായി ചില വിഷയങ്ങളില്‍ ഭിന്നതയുള്ള ഐഷപോറ്റി കമ്മിറ്റികളില്‍ പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാണെന്നായിരുന്നു വിശദീകരണം. എന്നാല്‍ എം.എല്‍.എ ആയിരിക്കെ മുന്‍കൈയ്യെടുത്ത് നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളില്‍ തന്റെ പേര് പരാമര്‍ശിക്കാത്തതാണ് ഭിന്നതയ്ക്ക് കാരണമെന്നാണ് സൂചന.

ജില്ലാ കമ്മിറ്റി അംഗമായതിനാലാണ് ഒഴിവാക്കിയതെന്നാണ് പാര്‍ട്ടി നേതാക്കളുടെ വിശദീകരണം. എന്നാല്‍ നിലവിലെ മറ്റൊരു ജില്ലാ കമ്മിറ്റി അംഗമായ ജി. സുന്ദരേശനെ ഏരിയ കമ്മിറ്റിയില്‍ നിലനിര്‍ത്തുകയും ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറിയെ വിമര്‍ശിച്ച ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ഏരിയ കമ്മിറ്റി അംഗലിസ്റ്റില്‍ നിന്നും വെട്ടിമാറ്റി. പാര്‍ട്ടിയിലെ ഇപ്പോഴത്തെ പോക്കില്‍ അതൃപ്തിയുള്ള നിരവധി നേതാക്കളുണ്ട്. ഇവരെല്ലാം ഇപ്പോള്‍ പതിയെ രാഷ്ട്രീയം തന്നെ അവസാനിപ്പിക്കാനുള്ള വഴി തേടുകയാണ്. കൊട്ടാരക്കര നിയമസഭാ മണ്ഡലത്തെ 3 തവണ പ്രതിനിധീകരിച്ച ഐഷ പോറ്റിയെ സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍ നിന്ന് കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. സിപിഎം അനുകൂല അഭിഭാഷക സംഘടനയായ ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന ട്രഷററാണ് 66 വയസ്സുകാരിയായ അയിഷ പോറ്റി ഇപ്പോള്‍.

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അന്നും ഇന്നും സ്ത്രീ വിരുദ്ധതയുടെ പര്യായമായി ആരെങ്കിലുമൊക്കെ ഉണ്ടാകും. ഇപ്പോള്‍ പാര്‍ട്ടിക്കാരിയായ ഐഷാപോറ്റിയാണ്. നാളെ മറ്റൊരാള്‍ ഉണ്ടാകുമെന്നുറപ്പാണ്. കെ.കെ. ശൈലജയെ നിയമസഭയില്‍പ്പോലും ഇരുത്താതിരിക്കാനാണ്് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. പക്ഷെ തോറ്റു പോയി. ജയിച്ചാലും തോറ്റാലും സി.പി.എമ്മിലെ സ്ത്രീ വിരുദ്ധര്‍ക്ക് അത് പോസിറ്റീവ് ആണ്. തോറ്റാപ്പോള്‍ കഴിവില്ലാത്തവര്‍ ആണെന്നും, ജയിച്ചിരുന്നെങ്കില്‍ കേരളത്തിലെ ഒരു തലവേദന ഒഴിവായിക്കിട്ടി എന്നുമാണ് ഇവരുെ ചിന്ത. എന്തായാലും സി.പി.എമ്മിനുള്ളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ഉള്‍പാര്‍ട്ടീ ജനാധിപത്യ വീര്‍പ്പു മുട്ടല്‍ മരണത്തേക്കാള്‍ ഭയാനകമാണ്. ഒന്നുകില്‍ അടിമയാവുക, അല്ലെങ്കില്‍ നിശബ്ദരാവുക. ഇതല്ലാതെ നിര്‍ഭയം പ്രവര്‍ത്തിച്ച് മുന്നേറാന്‍ കഴിയില്ല.

CONTENT HIGHLIGHTS;’ What’s wrong with Aishapotty?: CPM is a camp of anti-women; K.R. Gouriamma to KK Shailaja

Latest News