Explainers

‘നരി തന്ത്രമല്ല പ്രതിപക്ഷമേ, ഇത് പിണറായി തന്ത്രം’ : ലെയണല്‍ മെസ്സിയെ ഇറക്കി നിയമസഭാ തെരഞ്ഞെടുപ്പില്‍ ‘ഹാട്രിക്’ അടിക്കാനുള്ള തന്ത്രം; ശക്തരില്‍ ശക്തനായ പിണറായി വിജയന്റെ ഫുട്‌ബോള്‍ മതം പറഞ്ഞൊരു കളി

ബാഹുബലി എന്ന ബ്രഹ്മാണ്ഡ സിനിമയില്‍ രമ്യാ കൃഷ്ണന്‍ അവതരിപ്പിച്ച രാജമാതാ ശിവകാമി ദേവി എന്ന ക്യാരക്ടറിന്റെ ഒരു ഡയലോഗുണ്ട്. ‘ നരിതന്ത്രമല്ല മാര്‍ത്താണ്ഡാ… ഇത് രാജ തന്ത്രം’. ഈ ഡയലോഗിനെ അനുസ്മരിപ്പിക്കുന്നതാണ് കേരള രാഷ്ട്രീയത്തിലെ ഓരോ ഘട്ടത്തിലും പിണറായി വിജയന്‍ നടത്തുന്ന തന്ത്രങ്ങള്‍. പ്രതിപക്ഷത്തോട് മുഖ്യമന്ത്രി എന്ന നിലയിലും രാഷ്ട്രീയ എതിരാളികളോട് രഷ്ട്രീയക്കാരനമെന്ന നിലയിലും സ്വന്തം പാര്‍ട്ടിയിലെ വിരുദ്ധന്‍മാരോട് ശക്തനും തന്ത്രജ്ഞനുമെന്ന നിലയിലും പറയുന്ന ഡയലോഗാണ് ‘ ആ കളി ഇങ്ങോട്ട് വേണ്ട’ എന്ന്. തന്ത്രവും കുതന്ത്രവും വാഴുന്ന കേരള രാഷ്ട്രീയത്തില്‍ പിണറായി വിജയനെ വെല്ലാന്‍ ഈ തലമുറയില്‍ ആളില്ലെന്ന് ഉറപ്പാണ്.

രണ്ടു തവണ കേരള മുഖ്യമന്ത്രി, മൂന്നാം തവണയും മുഖ്യമന്ത്രി ആയിക്കൂട എന്നില്ല. ദീര്‍ഘകാലം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി, കഴിയുമെങ്കില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി വരെ ആയേക്കാവുന്ന തരത്തിലുള്ള ബുദ്ധി കൂര്‍മ്മതയും ഇടപെടലുകളും പിണറായിക്കു മാത്രം സ്വന്തം. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തമായ ഏക ശബ്ദം പിണറായി വിജയന്റേതു മാത്രം. ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് മന്ത്രിസഭയും മുഖ്യമന്ത്രിയും. പൊളിറ്റ് ബ്യൂറോയില്‍ പിണറായിയുടെ ശബ്ദത്തിനു മേല്‍ മറ്റൊന്നില്ല. ഇതൊക്കെയാണ് ബാഹുബലി സിനിമയിലെ മഹ്ഷ്മതിയുടെ രാജമാതാവായ ശിവകാമിദേവിക്കു തുല്യം ചാര്‍ത്തുന്ന പിണറായി വിജയന്റെ കഴിവുകള്‍. ശിവകാമിയുടെ തന്ത്രങ്ങള്‍ ആ സിനിമയോടെ അവസാനിച്ചു. എന്നാല്‍, പിണറായി വിജയന്റെ തേരോട്ടം തുടരുകയാണ്.

ഓരോ പ്രതിസന്ധി ഘട്ടത്തിലും പിണറായി വിജയനെന്ന രാഷ്ട്രീയക്കാരന്റെ തന്ത്രങ്ങളില്‍ പ്രതിപക്ഷവും എതിരാളികളും ചിറകറ്റു വീഴുന്നത് കേരളം കണ്ടിട്ടുണ്ട്. ഉള്‍പാട്ടീ ജനാധിപത്യത്തിലും ജനകീയ ജനാധിപത്യത്തിലും ഇത് പ്രകടമാണ്. ഓന്നിലധികം അസ്ത്രങ്ങള്‍ ഒരേ സമയം പായിക്കാന്‍ കഴിയുന്ന നേതാവ്. ഏറ്റവും ഒടുവില്‍ ഇതാ ഫുട്‌ബോളിന്റെ ദൈവത്തെ ഇറക്കിയുള്ള കളിയാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ടുള്ള ഒരു ‘ലോംങ് പാസ്’. അത് തെരഞ്ഞെടുപ്പ് വിജയമെന്ന ‘ഗോള്‍’ലക്ഷ്യം വെച്ചാണെന്ന് പെട്ടെന്ന് ആര്‍ക്കും മനസ്സിലാകില്ല. പക്ഷെ, പിണറായി വിജയനെന്ന രാഷ്ട്രീയ ചാണക്യനെയും, ഭരണ തന്ത്രജ്ഞനെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് തിരിച്ചറിയാനാകും. കേരള രാഷ്ട്രീയത്തില്‍ ‘മതവും ജാതിയും’ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്.

ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അടുത്ത വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പ്. 2026ല്‍ നിയമസഭാ പോരും. കേരളത്തില്‍ ഹാട്രിക് ഭരണമാണ് സി.പിഎം ലക്ഷ്യം വെയ്ക്കുന്നത്. ഈ ചരിത്രത്തിലേക്ക് നീങ്ങാന്‍ പുതിയൊരു ആയുധവുമായാണ് പിണറായി കളം നിറയുന്നത്. അതും ഇന്നുവരെ കേരള രാഷ്ട്രീയത്തില്‍ ആരും പരീക്ഷിക്കാത്ത ‘ആയുധം’. അതാണ് ഫുട്ബോള്‍. ലോക ഫുട്‌ബോള്‍ രാജാക്കന്‍മാരായ അര്‍ജന്റീനയെ കേരളത്തിലെത്തിക്കുകയാണ് സര്‍ക്കാര്‍. അതും ഫുട്‌ബോള്‍ മിശിഹ മെസി ഉള്‍പ്പെടെ. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തിനും കഴിയാതിരിക്കുന്നതും, കേരളത്തിന് സാധിക്കുന്നതുമായ ഒരു വലിയ ഇന്ദ്രജാലമാണിത്. ഇതിനു പിന്നില്‍ നൂറുകോടി ചെലവിടുന്ന വോട്ട് രാഷ്ട്രീയമുണ്ട്. ഭിന്നിച്ചു നില്‍ക്കുന്ന മത, ജാതി, വര്‍ഗീയ കക്ഷികളെയെല്ലാം ഒരു മതത്തിലേക്കെത്തിക്കാന്‍ ഇതിനു സാധിക്കും.

ഫുട്‌ബോള്‍ ഒരു മതമാണ്. ആ മതത്തെ ഇഷ്ടപ്പെടുന്നവരാണ് വിവിധ മതക്കാരും ജാതിക്കാരും. അവരെയെല്ലാം സ്വന്തം മതവും ജാതിയും മറന്ന് ഒരു മതത്തിന്റെ ആരാധകരാക്കാന്‍ ഫുട്‌ബോളിനും ഫുട്‌ബോളിന്റെ രാജാക്കന്‍മാര്‍ക്കും കഴിഞ്ഞെങ്കില്‍, അവരെ എത്തിച്ചുള്ള രാഷ്ട്രീയക്കളിക്ക് നൂറുകോടി ചെലവഴിക്കുന്നതില്‍ എന്താണ് തെറ്റ്. മറ്റുള്ളവര്‍ ചെയ്യുന്നതിലല്ല, മറ്റുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയാത്തത് ചെയ്യുക എന്നതിലാണ് കഴിവ്. അതാണ് പിണറായി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഈ ഒരൊറ്റ നീക്കംകൊണ്ട് ഇന്ത്യയില്‍ കേരളത്തിന്റെ പേര് ശക്തമായി മുഴങ്ങും. ലോകം മുഴുവന്‍ കേരളത്തിലെ പുല്‍മൈതാനത്തെ കാണും. അതുവഴി കേരളം ലോക ശ്രദ്ധയിലേക്ക് എത്തും. ഇതും ഒരു രാഷ്ട്രീയ തന്ത്രമാണ് പ്രതിപക്ഷമേ. നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയാത്ത പിണറായി തന്ത്രം.

കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാക്കി, അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തില്‍ പന്ത് തട്ടാനെത്തുന്നത് സിപിഎം വോട്ടുറപ്പിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമായി വിലയിരുത്തുന്നുണ്ട്. ഫുട്ബോളില്‍ ലോക ചാമ്പ്യന്മാരാണ് അര്‍ജന്റീന. കേരളത്തില്‍ നിരവധി ആരാധകരുള്ള ടീം. മെസിയാണ് അവരുടെ താരം. ബ്രസീലും അര്‍ജന്റീനയും മലബാറിനെ ഇളക്കി മറിക്കുന്ന വികാരങ്ങളാണ്. ഇതിലൊന്നിനെ എത്തിച്ച് അവരുടെ മൊത്തം ഫാന്‍സ് വോട്ടുകളും പെട്ടിയിലാക്കാനാണ് സിപിഎം നീക്കമെന്നാണ് സൂചന. പക്ഷേ ഇതിന്റെ പകയില്‍ ബ്രസീല്‍ ഫാന്‍സ് മറിച്ചു ചിന്തിക്കുമോ? എന്നതും ഒരു പ്രശ്‌നമാണ്. അങ്ങനെയെങ്കില്‍ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഒരു നൂറു കോടികൂടി കണ്ടെത്തി ബ്രസീല്‍ ടീമിനെയും പിണറായി സര്‍ക്കാര്‍ എത്തിച്ചു കൂടായ്കയില്ല.

കാരണം, ബ്രസീലിന്റെ മഞ്ഞയും നീലയും കുപ്പായമാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെയും ജേഴ്‌സി. ബ്രസീലിനെ അത്രയേറെ സ്‌നേഹിക്കുന്നതു കൊണ്ടാണ് മഞ്ഞപ്പടയെന്ന് പേരില്‍ കേരളം ഇളകി മറിയുന്നതും. എന്നാല്‍, അര്‍ജന്റീനയെ ലിയോണല്‍ മെസ്സിയോളം ഇഷ്ടപ്പെടുന്നുണ്ട്. മറഡോണയില്‍ തുടങ്ങിയ ഇഷ്മാണത്. അത് മലയാളികള്‍ വിട്ടിട്ടില്ല. ഇളം നീലയും വെള്ളയും കലര്‍ന്ന ജേഴ്‌സിയെയും മനസ്സിലേറ്റുന്നുണ്ട്. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായാണ് സൂചന. കായിക മന്ത്രി വി. അബ്ദുറഹിമാന്‍ ഇന്ന് മാധ്യമങ്ങളെ കണ്ട് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കും. മത്സരനടത്തിപ്പിനായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ട്. ടീം അടുത്ത വര്‍ഷമാകും കേരളത്തിലെത്തുക.

എന്നാല്‍, മെസ്സി കളിക്കാനെത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മെസ്സിയുടെ കാര്യത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാകും അന്തിമ തീരുമാനം എടുക്കുക. എന്ത് വില കൊടുത്തും മെസിയെ എത്തിക്കാനാണ് ശ്രമം. മെസിയെത്തിയാല്‍ പിണറായി സര്‍ക്കാരിന് അത് കൂടുതല്‍ ഊര്‍ജ്ജമാകും നല്‍കുക. അതുകൊണ്ട് എല്ലാ അന്താരാഷ്ട്രാ ബന്ധങ്ങളും ഉപയോഗിച്ച് മെസിയെ കൊണ്ടുവരാന്‍ ശ്രമിക്കും. 2011ല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം കൊല്‍ക്കത്തയില്‍ കളിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയ്ക്ക് എതിരെയായിരുന്നു മത്സരം. മെസ്സിയുടെ അര്‍ജന്റീന ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരം കൂടിയായിരുന്നു അത്.

ഫുട്ബോള്‍ മാന്ത്രികനായ ഡീയാഗോ മറഡോണ കേരളത്തില്‍ വന്നിട്ടുണ്ട്. വലിയ ആവേശമാണ് മറഡോണ അന്ന് ഉണ്ടാക്കിയത്. ബോബി ചെമ്മണ്ണൂരില്‍ നിന്നും ബോച്ചയിലേക്കുള്ള മാറ്റം അങ്ങനെയാണ്. ബോബി ചെമ്മണ്ണൂരിനുണ്ടായിരുന്ന നിരവധി പ്രതിസന്ധികളും വിവാദങ്ങളും മറഡോണയുടെ വരവോടെ മാറുകയും ചെയ്തിരുന്നു. ഇതിന് സമാനമായി സര്‍ക്കാരിന്റെ എല്ലാ പ്രതിസന്ധിയും മെസിയെ എത്തിച്ച് മറികടക്കാനാണ് ഇടതു പക്ഷത്തിന്റെ നീക്കം. മത്സര നടത്തിപ്പിനായി ഭീമമായ തുകയാകും ആവശ്യം വരിക. നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇത് സ്‌പോണ്‍സര്‍ വഴിയാകും കണ്ടെത്തുക. സ്‌പോണ്‍സര്‍മാരുടെ കാര്യത്തിലും ധാരണ ആയതായാണ് വിവരം.

ഇതു സംബന്ധിച്ച പ്രഖ്യാപനവും ഉടനുണ്ടാകും. കേരളത്തില്‍ രണ്ട് മത്സരങ്ങളാകും ടീം കളിക്കുക. ഏഷ്യയിലെ പ്രമുഖ രണ്ട് ടീമുകളാകും അര്‍ജന്റീനയുമായി കളിക്കുക.സെപ്റ്റംബറില്‍ സ്‌പെയിനിലെത്തി കായക മന്ത്രി വി. അബ്ദുറഹിമാനും സംഘവും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം ടീം വരുന്ന സമയവും വേദിയും പിന്നീട് തീരുമാനിക്കുമെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്. കേരളത്തില്‍ ഫുട്ബോള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീനന്‍ ഫുട്ബോള്‍ അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും വി. അബ്ദുറഹിമാന്‍ അന്ന് പറഞ്ഞിരുന്നു.

മത്സരം നടത്തുന്ന വേദിയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. വേദി തീരുമാനിക്കപ്പെട്ടാല്‍ അര്‍ജന്റീനന്‍ ഫുട്ബോള്‍ അധികൃതര്‍ എത്തി ഗ്രൗണ്ട് പരിശോധിക്കും. കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച് അര്‍ജന്റീന ഫുട്ബോള്‍ ടീം ഇ-മെയില്‍ സന്ദേശമയച്ചതായി മന്ത്രി വി. അബ്ദുറഹിമാന്‍ 2024 ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു. 2025 ഒക്ടോബറില്‍ കേരളത്തിലെത്താനാണ് അര്‍ജന്റീന ഫുട്ബോള്‍ ടീം സന്നദ്ധത അറിയിച്ചതെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. ടീമിനെ കേരളത്തിലേക്കു ക്ഷണിച്ച് നേരത്തേ സംസ്ഥാന കായിക മന്ത്രാലയം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനു കത്തയച്ചിരുന്നു. അതിനു മറുപടിയായാണ് ക്ഷണം സ്വീകരിച്ചുകൊണ്ടുള്ള ഇ മെയില്‍ സന്ദേശം ലഭിച്ചത്.

CONTENT HIGHLIGHTS; ‘Opposition is not a fox strategy, this is a Pinarayi strategy’: The strategy to hit a ‘hat trick’ in the assembly elections by bringing down Lionel Messi; Pinarayi Vijayan’s football is a game that tells the story of the strongest of the strong

Latest News