കല്‍ക്കരി, വൈദ്യുതി, ലോജിസ്റ്റിക്‌സ്, റിയല്‍ എസ്‌റ്റേറ്റ്, കാര്‍ഷിക ഉത്പ്പന്നങ്ങള്‍, എണ്ണ, വാതകം, എന്നിവയില്‍ വ്യാപിച്ചു കിടക്കുന്ന ഒരു സാമ്രാജ്യത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന അദാനി ലോകത്തെ മൂന്നാമത്തെ ധനികനാണ്. അദാനിയുടെ വളര്‍ച്ചയ്ക്കു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈകളാണെന്ന് പരസ്യമായ രഹസ്യവും. അദാനിയുടെ ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ കഴിവുകളെല്ലാം ഉപയോഗിച്ച് അദാനിയെ രക്ഷപ്പെടുത്തും. അത് അങ്ങനെ തന്നെയാണെന്ന് തെളിയിച്ചിട്ടുമുണ്ട്. എന്നാല്‍, ഇന്ത്യയില്‍ അദാനി അതികായനാണെങ്കില്‍ അമേരിക്കയില്‍ ഒന്നുമല്ലെന്ന് മനസ്സിലാക്കിക്കൊടുത്തിരിക്കുകയാണ്. തന്നെ സംരക്ഷിക്കുന്ന ഇന്ത്യയും, തന്റെ രക്ഷകനായ നരേന്ദ്രമോദിയും അമേരിക്കന്‍ കോടതിയുടെ മുമ്പില്‍ നിന്നും അദാനിയെ രക്ഷിക്കുമോ എന്നാണ് അറിയേണ്ടത്.
സൗരോര്‍ജ്ജ കരാര്‍ ലഭിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയെന്ന് ആരോപിച്ച് ശതകോടീശ്വരന്‍ ഗൗതം അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തിയിരിക്കുകയാണ് ന്യൂയോര്‍ക്ക് കോടതി. അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സാഗര്‍ അദാനിക്കും വിനീത് ജെയ്‌നുമെതിരെയും കേസെടുത്തിട്ടുണ്ട്. രണ്ട് ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സൗരോര്‍ജ വിതരണ കരാറുകള്‍ നേടുന്നതിന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളറിലധികം കൈക്കൂലി നല്‍കിയെന്നതാണ് കുറ്റം. കൂടാതെ തങ്ങളുടെ കമ്പനി അഴിമതി രഹിത നയമാണ് സ്വീകരിക്കുന്നത് എന്ന് യു.എസ്. ഭരണകൂടത്തെയും നിക്ഷേപകരെയും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് തെറ്റിദ്ധരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയും കേസെടുത്തിട്ടുണ്ട്.
അഴിമതി, വഞ്ചന,ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. 20 വര്‍ഷത്തിനുള്ളില്‍ 2 ബില്യണ്‍ ഡോളര്‍ ലാഭം പ്രതീക്ഷിക്കുന്ന സൗരോര്‍ജ്ജ വിതരണ കരാറുകള്‍ നേടുന്നതിന് അദാനിയും സാഗര്‍ അദാനിയും ഉള്‍പ്പെടെ ഏഴ് പ്രതികളും ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഏകദേശം 265 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കാന്‍ സമ്മതിച്ചതായാണ് കുറ്റപത്രം. അദാനിയെക്കുറിച്ച് ‘ന്യൂമെറോ യുനോ’, ‘ദി ബിഗ് മാന്‍’ എന്നീ കോഡ് പേരുകള്‍ ഉപയോഗിച്ചായിരുന്നു സംശയാസ്പദമായ ഇടപാടുകള്‍. സാഗര്‍ അദാനിയുടെ ഫോണില്‍ നിന്നായിരുന്നു കൈക്കൂലി നീക്കങ്ങള്‍ നടത്തിയതെന്നും അന്വേഷണ സംഘം ആരോപിക്കുന്നുണ്ട്.
അദാനിയും അദാനി ഗ്രീന്‍ എനര്‍ജിയിലെ മറ്റൊരു എക്‌സിക്യൂട്ടീവായ വിനീത് ജെയ്‌നും ചേര്‍ന്ന് 3 ബില്യണ്‍ ഡോളറിലധികം ലോണുകളും ബോണ്ടുകളും ആ കമ്പനിക്ക് വേണ്ടി പണമിടപാടുകാരില്‍ നിന്നും നിക്ഷേപകരില്‍ നിന്നും മറച്ചുവെച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു. യുഎസ് കൈക്കൂലി വിരുദ്ധ നിയമമായ ഫോറിന്‍ കറപ്റ്റ് പ്രാക്ടീസ് ആക്ടിന്റെ ലംഘനമാണ് നടത്തിയിരിക്കുന്നത്. എന്നാല്‍ ഇതിനോട് അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല. ഫോര്‍ബ്‌സ് മാസികയുടെ കണക്കനുസരിച്ച് 62 കാരനായ ഗൗതം അദാനിയുടെ ആസ്തി 69.8 ബില്യണ്‍ ഡോളറാണ്.
അദാനിയും നരേന്ദ്രമോദിയും തമ്മില്‍ ?
ഗൗതം അദാനി എന്ന ഗുജറാത്തുകാരന്‍ ലോകം അറിയുന്ന കോടീശ്വരനായത് കണ്ണുചിമ്മുന്ന വേഗത്തിലാണ്. 2021 അവസാനിക്കുമ്പോള്‍ 9.6 ലക്ഷം കോടി രൂപയായിരുന്നു അദാനി കമ്പനികളുടെ വിപണി മൂല്യം. 2022 അവസാനം 19.66 ലക്ഷം കോടിയായി. ഏഷ്യയിലെ ഏറ്റവും ധനികനും ലോകധനികരില്‍ മൂന്നാമനുമായി. 2014ല്‍ മോദി അധികാരത്തില്‍ എത്തിയപ്പോള്‍ അദാനിയുടെ സ്വത്ത് 50,000 കോടി രൂപ മാത്രമായിരുന്നു. അഞ്ചു വര്‍ഷത്തിനിടയില്‍ 2500 ശതമാനം വര്‍ധിച്ചു. 2022ല്‍ ഓരോ ദിവസവും 1600 കോടി രൂപയാണ് സ്വത്തില്‍ കൂടിയത്. ഉറ്റചങ്ങാതിയെന്നാണ് മോദി അദാനിയെ പൊതുവേദിയില്‍ വിശേഷിപ്പിച്ചത്.
അദാനിയുടെ വിമാനത്തിലേറി മോദിയുടെ പ്രധാനമന്ത്രി പദം ?
ഗുജറാത്തിലെ മുന്ധ്ര തുറമുഖ വികസനത്തിലൂടെയാണ് അദാനിയുടെ വളര്‍ച്ചയുടെ തുടക്കം. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ വലിയ സഹായങ്ങള്‍ ലഭിച്ചു. പ്രത്യേക സാമ്പത്തിക മേഖലയില്‍ ചുളുവിലയ്ക്ക് സ്ഥലം നല്‍കാന്‍ സര്‍ക്കാര്‍ ഇടപെട്ടു. ഇതിലൂടെ 500 കോടി രൂപ ലാഭമുണ്ടാക്കി. ഗുജറാത്ത് വംശഹത്യയില്‍ മോദിക്കെതിരെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി രംഗത്തു വന്നപ്പോള്‍ പ്രതിരോധം തീര്‍ക്കാനിറങ്ങിയത് അദാനിയാണ്. ബദല്‍ സംഘടനയും രൂപീകരിച്ചു. ഈ സംഘടനയാണ് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി നടത്താന്‍ ധനം സമാഹരിച്ചത്. 2013ല്‍ മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ അദാനിയുടെ ഓഹരികള്‍ 265 ശതമാനംകൂടി. പ്രധാനമന്ത്രിയായപ്പോള്‍ ഗുജറാത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് മോദി പറന്നത് അദാനിയുടെ വിമാനത്തില്‍.
ഡയമണ്ട് ബ്രോക്കര്‍ ?
കോളേജ് പഠനം പകുതിയില്‍ ഉപേക്ഷിച്ച അദാനി ഡയമണ്ട് ബ്രോക്കറേജ് സ്ഥാപനം തുടങ്ങി. പിന്നീട് അഹമ്മദാബാദില്‍ സഹോദരന്റെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ ചേര്‍ന്നു. തുടര്‍ന്ന് നേതൃത്വം ഏറ്റെടുത്ത് പിവിസി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ആരംഭിച്ചു. 1988ലാണ് അദാനി ഗ്രൂപ്പ് സ്ഥാപിക്കുന്നത്. മോദിയുടെ സഹായത്തോടെ കല്‍ക്കരി, വൈദ്യുതി, തുറമുഖം, ഗതാഗതം, ഹരിത ഊര്‍ജം, സിമന്റ്, ഡാറ്റാ സെന്റര്‍, വിമാനത്താവളം എന്നിങ്ങനെ എല്ലാ മേഖലകളിലേക്കും അതിവേഗം വളര്‍ന്നു. ഇന്ത്യയുടെ തുറമുഖ ചരക്കുനീക്കത്തിന്റെ 24 ശതമാനവും കൈപ്പിടിയിലൊതുക്കി. കഴിഞ്ഞ വര്‍ഷംമാത്രം 32 കമ്പനികള്‍ ഏറ്റെടുത്തു. 2019ല്‍ മാത്രം വിമാനത്താവള നടത്തിപ്പിലേക്ക് കടന്ന അദാനിയുടേതാണ് മുംബൈ, തിരുവനന്തപുരം അടക്കം രാജ്യത്തെ ഏഴ് വിമാനത്താവളം. ക്രമേണ ഗുജറാത്ത് തീരവും മുന്ധ്ര തുറമുഖവും രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിന്റെ പ്രധാന വഴിയായെന്നും ആരോപണമുണ്ട്.
ശ്രീലങ്കയില്‍ പുതിയ തുറമുഖത്തിന്റെ 51 ശതമാനം ഓഹരിയും അദാനിക്കാണ്. ഇതിനായി ഗോതബായ രജപക്സെയോട് മോദി ശുപാര്‍ശ ചെയ്തതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 2022 ഏപ്രിലിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ വാണിജ്യ കരാറുണ്ടാക്കി കല്‍ക്കരിക്ക് ഇറക്കുമതിച്ചുങ്കം ഒഴിവാക്കിയത്. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡിലെ കാര്‍മൈക്കേല്‍ കല്‍ക്കരി ഖനി അദാനിയുടേതാണ്. ഓസ്‌ട്രേലിയയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുടെ 75 ശതമാനവും കല്‍ക്കരിയാണ്. കല്‍ക്കരി ഇറക്കുമതിയിലെ ക്രമക്കേടു സംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ അന്വേഷണം പകുതിയില്‍ അവസാനിച്ചു. ഇതിനിടെ എസിസി സിമന്റ്, അംബുജ സിമന്റ് എന്നീ കമ്പനികളും വാങ്ങി. പ്രതിരോധനിര്‍മാണം, ഡ്രോണ്‍ എന്നീ മേഖലകളിലും അദാനി കടന്നുകയറി. കോര്‍പറേറ്റ് മാധ്യമങ്ങള്‍ വാഴ്ത്തുമ്പോഴും അദാനിയുടെ വളര്‍ച്ചയ്ക്കു പിന്നിലുള്ള സാമ്പത്തിക ഉറവിടം സംശയകരമായി തുടര്‍ന്നു.
അദാനി – ഗുജറാത്ത് മോഡല്‍ ?
ഗുജറാത്ത് കലാപം ദേശീയ-അന്തര്‍ദ്ദേശീയ തലങ്ങളില്‍ മോദിയുടെ ഇമേജിന് പരിക്കേല്‍പ്പിക്കുമെന്ന് ഉറപ്പായ സന്ദര്‍ഭങ്ങളില്‍ ഒന്നായിരുന്നു അത്. യൂറോപ്യന്‍ രാജ്യങ്ങള്‍ മോദിക്ക് വിസ വിലക്കേര്‍പ്പെടുത്തുകയും ‘രാജധര്‍മം’ പാലിച്ചില്ലെന്ന് അടല്‍ ബിഹാരി വാജ്പേയ് തന്നെ കുറ്റപ്പെടുത്തുകയും, ഇന്ത്യയിലെ പരമ്പരാഗത വ്യവസായ ലോബികള്‍ മോദി നേതൃത്വത്തോട് അകലം പാലിക്കുകയും ചെയ്ത ഘട്ടത്തില്‍ തന്റെ അവസരം സമാഗതമായെന്ന് തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു ഗൗതം അദാനി. ചങ്ങാത്ത മുതലാളിത്തം ഇന്ത്യന്‍ രാഷ്ട്രീയത്തിന് പുത്തരിയായിരുന്നില്ലെങ്കിലും വര്‍ഗീയ വിഭജനത്തിന്റെ രക്തക്കറകളില്‍ നിന്ന് പോഷണം കണ്ടെത്തിയ ഇന്ത്യയിലെ ആദ്യത്തെ കോര്‍പ്പറേറ്റ് എന്ന വിശേഷണം ഒരുപക്ഷേ അദാനിക്ക് മാത്രമായിരിക്കും.
ന്യൂയോര്‍ക്ക് കേസില്‍ ഇനിയെന്ത് ?
ഇന്ത്യയിലെ വ്യവസാ രാജാവിനെതിരേ ന്യൂയോര്‍ക്ക് കോടതി എന്ത് ശിക്ഷയാകും നല്‍കുക എന്നാണ് അറിയേണ്ടത്. ആഗോള വ്യവസായിക്ക്, ഒരു കേസെന്നാല്‍ സ്വാഭാവിക സംഭവം മാത്രമാണ്. സ്വന്തമായി ഒരു കോടതി നടത്താനുള്ള വക്കീലന്‍മാര്‍ തന്നെ അദജാനിക്കുണ്ടാകും. നിയമോപദേശങ്ങള്‍ നല്‍കാന്‍ തന്നെ വിവിധ രാജ്യങ്ങളിലെ നിയമപണ്ഡിതന്‍മാരും. എങ്കിലും നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്നതു പോലെയാണ് ന്യൂയോര്‍ക്ക് കോടതി എടുത്തിരിക്കുന്ന ഈ കേസ്. അതും വിശ്വാസ വഞ്ചനയാണ്. മോദി സ്‌നേഹിച്ചു സംരക്ഷിക്കുന്ന അദാനിക്ക് ജോ ബൈഡന്റെ വക അടിയായേ ഇതിനെ കാണാനാകൂ. രാജ്യത്തെ പ്രതിപക്ഷം ഇത് ആയുധമാക്കാനും സാധ്യത കൂടുതലാണ്.
CONTENT HIGHLIGHTS; America ‘tied up’, India ‘tied up’: case against Adani in New York court on charges of corruption, fraud and conspiracy; Narendra Modi who loves Adani, Joe Biden who punishes him; What will be the future of Adani?, Who is Adani?