സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാന്‍ മല്ലപ്പള്ളിയില്‍ നടത്തിയ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ തുടര്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതോടെ വീണ്ടും വിവാദം കത്തുകയാണ്. ഈ വിഷയത്തില്‍ സജി ചെറിയാന്‍ ഒരിക്കല്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് വീണ്ടും മന്ത്രിസ്ഥാനത്തേക്ക് എത്തിയ ശേഷവും താന്‍ പറഞ്ഞതില്‍ നിന്നും മാറിയിട്ടില്ലെന്ന് പ്രതികരിച്ചിരുന്നു. എന്നാല്‍, കേസില്‍ തുരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സജി ചെറിയാന്‍ രാജി വെയ്ക്കുമോ എന്നാണ് ദളിത് സംഘടനകളും പിന്നോക്ക വിഭാഗങ്ങളും സൂക്ഷ്മമായി വീക്ഷിക്കുന്നത്. ധാര്‍മ്മികതയും, ഭരണഘടനയില്‍ എഴുതി വെച്ചിട്ടുള്ള ജനാധിപത്യത്തില്‍ വിശ്വാസിക്കുന്ന രാഷ്ട്രീയക്കാരനാണെങ്കില്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കുകയാണ് വേണ്ടത്.
കേസ് കോടതി പരിശോധിച്ചിട്ടുണ്ട്. പ്രസംഗത്തെക്കുറിച്ച് വീണ്ടും അന്വേഷിക്കട്ടെ. പ്രസംഗം അന്ന് വിവാദമായപ്പോള്‍ ധാര്‍മികത കാരണം രാജിവച്ചു. ആ ധാര്‍മികമായ ഉത്തരവാദിത്തം അന്ന് അവസാനിച്ചുവെന്നും ഈ കാര്യത്തില്‍ രാജി ഇല്ലെന്നുമാണ് മന്ത്രി സജി ചെറിയാന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുന്നത്. കേസില്‍ നിയമപരമായി മുന്നോട്ടു പോകും. തന്റെ ഭാഗം ഹൈക്കോടതി കേട്ടിട്ടില്ല. ഇത് അന്തിമ വിധിയല്ല. അന്വേഷണം തുടര്‍ന്ന് നടത്തട്ടെ എന്നാണ് ഹൈക്കോടതി പറഞ്ഞത്. മേല്‍ക്കോടതിയെ സമീപിക്കുമെന്നും മന്ത്രി പ്രതികരിക്കുകയാണ്.
സജി ചെറിയാന്റെ ഭണഘടനാ വിരുദ്ധ പ്രസംഗം ?
മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കാന്‍ കൊടുത്തൊരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഫലമായി, രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല, ഈ രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടന ഇന്ത്യയെ ഏല്‍പ്പിച്ചു. അപ്പോള്‍ എക്‌സ്‌പ്ലോയിറ്റേഷന്റെ ചൂഷണത്തെ ഏറ്റവും കൂടുതല്‍ അംഗീകരിച്ചിട്ടുള്ള ഒരു ഭരണഘടനയാണ് ഇന്ത്യയില്‍. കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം.
ഈ പ്രസംഗത്തിന്‍ മേല്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി പോലീസിന്റെ ക്ലീന്‍ചീട്ട് റിപ്പോര്‍ട്ട് തള്ളിയതും തുടരന്വേഷണത്തിന് ഉത്തരവിട്ടതും. പ്രസംഗത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു. സിസിടിവി ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും അന്വേഷണം ക്രൈം ബ്രാഞ്ച് നടത്തണമെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ അന്തിമ റിപ്പാര്‍ട്ട് റദ്ദാക്കുകയും അത് സ്വീകരിച്ച മജിസ്‌ട്രേറ്റ് ഉത്തരവും ഹൈക്കോടതി റദ്ദാക്കി. അന്വേഷണത്തില്‍ പാളിച്ചകള്‍ ഉണ്ടായെന്നും കോടതി നിരീക്ഷിച്ചു.
സത്യസന്ധനായ ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കുന്നുവെന്ന് ഉറപ്പാക്കണം. പ്രസംഗം കേട്ടവരുടെ മനസ്സില്‍ ഭരണഘടനക്കെതിരെ അവമതിപ്പ് ഉണ്ടാക്കിയോ എന്നും അറിയേണ്ടതാണ്. ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നതിനു മുന്‍പേ അന്വേഷണ ഉദ്യോഗസ്ഥന്‍ ഫൈനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്ത് സാഹചര്യത്തിലാണ് കുന്തം, കുടചക്രം എന്നുള്ള വാക്ക് ഉപയോഗിച്ചതെന്ന് പരിശോധിക്കണം. സാക്ഷികളായ മാധ്യമ പ്രവര്‍ത്തകരുടെ മൊഴി എടുക്കാത്തതും തെറ്റാണ്. അന്വേഷണം ധൃതി പിടിച്ചാണ് പൂര്‍ത്തീകരിച്ചത്. അന്വേഷണം കാലതാമസം ഇല്ലാതെ തീര്‍പ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ 2022 ജൂലൈ മൂന്നിനാണ് മന്ത്രിയുടെ വിവാദ പ്രസംഗം നടന്നത്. സി.പി.എം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രസംഗം. എന്നാല്‍, ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചു എന്ന ആരോപണം നില്‍നില്‍ക്കുന്നില്ല എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. പ്രസംഗം വിവാദമായതോടെ മന്ത്രി രാജി വെക്കുകയും ചെയ്തിരുന്നു. പോലീസ് റിപ്പോര്‍ട്ട് അനുകൂലമായതോടെയാണ് വീണ്ടും മന്ത്രിയായത്. എന്നാല്‍ ഭരണത്തിലെ സ്വാധീനം ഉപയോഗിച്ച് സജി ചെറിയാന്‍ കേസ് അട്ടിമറിച്ചെന്നാണ് ഹര്‍ജിയിലുളളത്. പൊലീസിന്റെ കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്. മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗം വളച്ചൊടിച്ചുവെന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൊതു പ്രവര്‍ത്തകനാണ് താനെന്നും സജി ചെറിയാന്‍ വിശദീകരിച്ചിരുന്നു.
ഭരണഘടനയെ സംരക്ഷിക്കണം എന്നാണ് നിലപാട്. ഭരണഘടനാ മൂല്യങ്ങള്‍ക്ക് ശാക്തീകരണം ആവശ്യമാണ്. അതാണ് സൂചിപ്പിച്ചത്. ഭരണഘടനക്കെതിരെ പറഞ്ഞിട്ടില്ല എന്നായിരുന്നു സജി ചെറിയാന്റെ മൊഴി. എന്നാല്‍ പ്രസംഗത്തില്‍ മുഖ്യമന്ത്രിയോടു വ്യക്തിപരമായും പിന്നാലെ നിയമസഭയിലും വിശദീകരിച്ച്, ഖേദം പ്രകടിപ്പിച്ചു. വിവാദ പ്രസംഗത്തില്‍ തുടക്കത്തില്‍ മടിച്ചുനിന്ന പൊലീസ്, തിരുവല്ല കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതു പോലും. പിന്നാലെയായിരുന്നു രാജി. മന്ത്രി സ്ഥാനത്ത് കടിച്ചു തൂങ്ങിക്കിടന്നില്ലെന്നും, വ്യക്തിപരമായ ധാര്‍മ്മികതയുടെ പുറത്തുമാത്രമല്ല, പാര്‍ട്ടിയുടെ ധാര്‍മ്മികത കൂടി ഉയര്‍ത്തിപ്പിടിച്ചാണ് രാജിവെക്കുന്നതെന്നുമാണ് സജി ചെറിയാന്‍ അന്ന് പ്രസ്താവിച്ചത്.
നിയമവിരുദ്ധമായോ ഭരണഘടനാ വിരുദ്ധമായോ ഒരു കാര്യവും പറഞ്ഞിട്ടില്ലെന്ന് സജി ചെറിയാന്‍ 2023 ജനുവരി.ില്‍ വീണ്ടും ആവര്‍ത്തിച്ചു. ഭരണഘടന, ദേശീയ പതാക, ദേശീയ ചിഹ്നങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ അവഹേളിക്കുന്നതു തടഞ്ഞുള്ള നാഷണല്‍ ഓണര്‍ ആക്ടിന്റെ 2003ലെ ഭേദഗതി പ്രകാരം, പ്രസംഗത്തിലെ ചില വാചകങ്ങള്‍ ഭരണഘടനയോടുള്ള അനാദരവായി സംശയിക്കാമെന്ന് നേരത്തേ കോടതി അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. മലപ്പുറം സ്വദേശി ബിജു പി ചെറുമകന്‍, ബിഎസ്പി സംസ്ഥാന പ്രസിഡന്റ് വയലാര്‍ രാജീവന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍. രാജി കൊണ്ട് പ്രശ്‌നം തീരുന്നില്ലെന്നും ഭരണഘടനയെ അപമാനിച്ച എംഎല്‍എയെ സ്ഥാനത്ത് നിന്ന് അയോഗ്യന്‍ ആക്കാനുള്ള ഇടപെടല്‍ വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
സജി ചെറിയാന്റെ രാജി എത്ര ദിവസം ? രാജിവെച്ചിട്ട് വീണ്ടും മന്ത്രിമാര്‍ ആയവര്‍ ആരൊക്കെ ?
182 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സജി ചെറിയാന് മന്ത്രി സഭയില്‍ തിരിച്ചെത്തിയത്. കേരളത്തിലെ രണ്ട് പിണറായി സര്‍ക്കാരുകളിലായി രാജിവെയ്ക്കേണ്ടിവന്ന് വീണ്ടും മന്ത്രി സ്ഥാനത്ത് തിരിച്ചെത്തുന്ന മൂന്നാമത്തെയാളാണ് സജി ചെറിയാന്‍. ഇ.പി ജയരാജന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരാണ് ഈ പട്ടികയിലെ സജി ചെറിയാന്റെ മുന്‍ഗാമികള്‍. എന്നാല്‍ മറ്റ് രണ്ടുപേരെ അപേക്ഷിച്ച് കുറഞ്ഞ കാലം മാത്രമാണ് സജി ചെറിയാന് മന്ത്രി സഭയില്‍ നിന്നും വിട്ടു നില്‍ക്കേണ്ടിവന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തായിരുന്നു ഇ.പി ജയരാജന്റെയും, എകെ ശശീന്ദ്രന്റെയും പുറത്തുപോകലും മടങ്ങിവരവും ഉണ്ടായത്.
ഇപി ജയരാജന് 669 ദിവസം പദവിയില്‍ നിന്നും വിട്ട് നില്‍ക്കേണ്ടി വന്നപ്പോള്‍ ശശീന്ദ്രന്‍ 312 ദിവസത്തിന് ശേഷം മന്ത്രിയായി തിരികെയെത്തി. സംസ്ഥാനത്തെ നാല് മന്ത്രിസഭകളില്‍ നിന്ന് സജി ചെറിയാന് സമാനമായി രാജിവച്ച മന്ത്രിമാര്‍ മടങ്ങിയെത്തിയിട്ടുണ്ട്. വിഎസ് അച്യുതാനന്തന്‍ മന്ത്രി സഭയില്‍ പിജെ ജോസഫ്. ഒന്നാം എകെ ആന്റണി മന്ത്രിസഭയില്‍ സിഎച്ച് മുഹമ്മദ് കോയ, കെഎം മാണി എന്നിവരും രാജിവെച്ചശേഷം മടങ്ങിയെത്തിയവരാണ്. മൂന്നാം കരുണാകരന്‍ മന്ത്രിസഭയില്‍ ആര്‍ ബാലകൃഷ്ണപിള്ളയാണ് ഇതേരീതിയില്‍ രാജിവെച്ച ശേഷം വീണ്ടും മന്ത്രിയായിട്ടുള്ളത്.
ഭരണഘടന, ദേശീയ പതാക, ദേശീയ ഗാനം ഇവയെ അവഹേളിച്ചാല്‍ ശിക്ഷ എന്ത് ?
ഇന്ത്യന്‍ ഭരണഘടനയും, ദേശീയ പതാകയും, ദേശീയ ഗാനവുമെല്ലാം രാജ്യത്തിന്റെ സ്വത്വങ്ങളാണ്. ഇവയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. ഇവയെ അവഹേളിക്കുന്നവര്‍ രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യചെയ്യുന്നതിനു തുല്യമാണ്. രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തിനു സമാനമാണിത്. ഇന്ത്യയിലെ കോടതികളില്‍ ഇതുമായിി ബന്ധപ്പെട്ട് ഏതൊരു പൗരനും കേസ് നല്‍കാവുന്നതാണ്. ആരാണോ രാജ്യത്തിന്റെ സംരക്ഷിത സംവിധാനങ്ങളെ ആക്ഷേപിച്ചുവോ അത് തെളിവു സഹിതം കോടതിക്കു ബോധ്യമായാല്‍ അത് രാജ്യ വിരുദ്ധ പ്രവര്‍ത്തനമായി കാണാനാകും. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിധമാണ് ഇന്ത്യന്‍ ദേശീയ പതാകയെയും, ദേശീയ ഗാനത്തെയും ഭരണഘടനയെയും അവഹേളിക്കുന്നത്.
ഭരണഘടന എഴുതിയത് ഡോക്ടര്‍ ബി.ആര്‍. അംബേദ്ക്കറാണ്. അദ്ദേഹത്തിന്റെ പരിശ്രമഫലമായി രൂപം കൊണ്ട ഭരണഘടനയെയാണ് സജി ചെറിയാന്‍ അവഹേളിച്ചത്. അതും കുന്തവും കൊടച്ചക്രവും എന്ന രീതിയില്‍ ആക്ഷേപിച്ചത്. ഭരണഘടന എവുതിയത് ഒരു ദളിതനായതു കൊണ്ടും പിന്നോക്കക്കാരന്റെ ഭരണഘടനയെ അംഗീകരിക്കാന്‍ കഴിയാത്തതു കൊണ്ടുമാണോ സജി ചെറിയാന്‍ ഇങ്ങനെ അവഹേളിച്ചതെന്നാണ് ദളിത് സംഘടനകള്‍ക്ക് അറിയേണ്ടത്.
അംബേദ്ക്കറെ വരെ സജി ചെറിയാന്‍ അവഹേളിക്കുന്ന തരത്തിലേക്കാണ് പ്രസംഗം നീണ്ടത്. വെറും സി.പി.എം പാര്‍ട്ടി അണികളെ ഉദ്‌ബോധിപ്പിക്കാനായി സജി ചെറിയാന്‍ പുലഭ്യം പറഞ്ഞത്, ഇന്ത്യയുടെ ഭരണഘടനയെയാണ് എന്നതാണ് പ്രശ്‌നം. കമ്യൂണിസ്റ്റ് പാര്‍ട്ടി പോലും ഇന്ത്യയിലേക്ക് കടന്നു വന്ന വിദേശ പാര്‍ട്ടിയാണ്. ആ കമ്യൂണിസ്റ്റുകാര്‍ക്ക് ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കാന്‍ കഴിയില്ലെന്നറിയാം. അവരുടെ ഗ്രന്ഥം കാറല്‍ മാര്‍ക്‌സ് എഴുതിവെച്ച ‘സ് ക്യാപ്പിറ്റല്‍’ മാത്രമാണ്. എന്നാല്‍, ഈ രാജ്യത്ത് നിന്നുകൊണ്ട്, ഈ രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുമ്പോഴാണ് പ്രശ്‌നം. അത് ചെയ്യുന്നവര്‍, നാളെകളില്‍ ഇന്ത്യയുടെ ഭരണഘടനയെ തന്നെ മാറ്റിക്കളയുമെന്നുറപ്പാണ്.
പൊള്ളുന്നത് ദളിതര്‍ക്കു മാത്രമോ ?
ഭരണഘടന എഴുതിയത് അംബേദ്ക്കറെന്ന പിന്നോക്കക്കാരന്‍ ആയതു കൊണ്ട് ഭരണഘടനയെ അവഹേളിച്ചപ്പോള്‍ പൊള്ളിയത് ദളിതര്‍ക്കു മാത്രമാണോ. ഹൈക്കോടതിയുടെ പുതിയ ഉത്തരവ് വന്നതിനു പിന്നാലെ പ്രതിപക്ഷം അല്ലാതെ മറ്റൊരു സംഘടനകളും സജി ചെറിയാന്‍ രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിട്ടില്ല. ദളിത്-പിന്നോക്ക സംഘടനകളെല്ലാം സജി ചെറിയാനെതിരേ പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ ഭരണഘടനയെപ്പോലും ആദരിക്കാന്‍ മടിക്കുന്ന മന്ത്രിമാര്‍ ഭരിക്കുന്ന ഇടംപോലും അരാഷ്ട്രീയവാദത്തിന്റെ കൂടാരമായിരിക്കും. രാജ്യത്തെ ഓരോ പൗരനും ജീവനേക്കാള്‍ കരുതലോടെ സംരക്ഷിക്കേണ്ട ഒന്നണ് ഭരണഘടന. അതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ. അതിനെ അവഹേലിക്കുന്നവര്‍ ആരായാലും ജാതി,മത വ്യത്യാസമില്ലാതെ എതിര്‍ക്കുക തന്നെ വേണം. ദളിതര്‍ക്കു മാത്രം പൊള്ളട്ടെയെന്ന് കരുതുന്നവരാണ് രാജ്യത്തിന്റെ യഥാര്‍ഥ ശത്രുക്കള്‍.
CONTENT HIGHLIGHTS; Will Saji Cherian resign?: Is it only Dalits who are being burnt by anti-constitutional speech?; What is the anti-constitutional speech made by the minister?