മനക്കോട്ടകള്‍ കെട്ടി ഉയര്‍ത്തി അതില്‍ രാജാവായി വാഴാന്‍ ഇനിയും മണിക്കൂറുകള്‍ മാത്രമേയുള്ളൂ. ഒന്നിരുട്ടി വെളുത്താല്‍ മനക്കോട്ടകളെല്ലാം ഇടിഞ്ഞു പൊളിഞ്ഞു വീഴും. ചിലര്‍ കെട്ടിയ കോട്ടകള്‍ തകരാതെ നില്‍ക്കും. ആര് കെട്ടിയ കോട്ടകള്‍ക്കാണ് ജനങ്ങള്‍ ശക്തി പകര്‍ന്നതെന്ന് നാളെ അറിയാം. ജനം വിധിയെഴുതിയതിന്റെ പ്രഖ്യാപനമാണ് നാളെ. വയനാട് ലോക്‌സഭാ മണ്ഡലം, ചേലക്കര-പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലും വിജയിക്കുന്നതാരെന്നും പരാജയം രുചിക്കുന്നതാരൊക്കെയാണെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയ കേരളം. മണ്ഡലങ്ങളിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്.
നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങുക. 10 മണിയോടെ വിജയികള്‍ ആരെന്നതില്‍ വ്യക്തതയുണ്ടാകും. ലീഡുകള്‍ മാറി മറിഞ്ഞു വരാനും സാധ്യതയുള്ള മണ്ഡലങ്ങളാണ് പാലക്കാടും, ചേലക്കരയും. ലോക്‌സഭാ മണ്ഡലത്തില്‍ നടക്കുന്നതിനേക്കാള്‍ തീ പാറുന്ന മത്സരമാണ് രണ്ടു നിയമസഭാ മണ്ഡലത്തിലും നടന്നതെന്ന് വ്യക്തം. വയനാടിന്റെ വിധി മണിക്കൂറുകള്‍ കൊണ്ടു തന്നെ മനസ്സിലാക്കാനാകും. ലീഡിന്റെ കാര്യത്തില്‍ മാത്രമേ സംശയമുള്ളൂ. പോളിങ് കുറഞ്ഞെങ്കിലും പാലക്കാട് തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എന്നാല്‍ മണ്ഡലം പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് എന്‍ഡിഎയും എല്‍ഡിഎഫും.
പാലക്കാടിനൊപ്പം പ്രിയങ്ക ഗാന്ധിയിലൂടെ വയനാടും നിലനിര്‍ത്താനാകുമെന്ന് കോണ്‍ഗ്രസ് ഉറപ്പിക്കുന്നു. അതേസമയം ചേലക്കര പിടിച്ചെടുക്കാമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുമ്പോള്‍ നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. അന്തിമ ഫലം നാളെ വരാനിരിക്കെ സിപിഎമ്മിന്റെയും, സിപിഐയുടെയും സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേരുന്നുണ്ട്. ഇടതു മുന്നണി യോഗവും ചേരുന്നുണ്ട്. ജില്ലാ കമ്മിറ്റികളുടെ കണക്കുകള്‍ അടിസ്ഥാനമാക്കിയുളള വിലയിരുത്തലുകള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉണ്ടാകും. ചേലക്കരയില്‍ സിപിഎം വിജയം ഉറപ്പിക്കുന്നുണ്ടെങ്കിലും ആശങ്കയുണ്ട്.
ഉപതെരഞ്ഞെടുപ്പിനു തൊട്ടു മുമ്പും, ഉപതെരഞ്ഞെടുപ്പ് ദിവസം ഉണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളും എങ്ങനെ ബാധിച്ചിട്ടുണ്ടെന്ന് അറിയാന്‍ കൂടി ചേലക്കര തെരഞ്ഞെടുപ്പ് ഉപകരിക്കും. പാലക്കാട് മികച്ച മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നും രണ്ടാം സ്ഥാനത്ത് എത്തിയാലും അത് ഗുണമാകുമെന്നുമാണ് വിലയിരുത്തല്‍. വയനാട് വിജയപ്രതീക്ഷയില്ലെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിയുമെന്നാണ് സിപിഐ വിലയിരുത്തല്‍. ഇന്നത്തെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. പാലക്കാട്ട് എല്‍ഡിഎഫ് അനുഭാവ വോട്ടുകളും ലഭിച്ചെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അവകാശവാദം.
അമ്പതിനായിരം വോട്ടുകള്‍ ലഭിക്കുമെന്ന് LDF സ്ഥാനാര്‍ഥി ഡോക്ടര്‍ പി. സരിനും, അയ്യായിരത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറും പറഞ്ഞിരുന്നു. വോട്ട് പെട്ടിയിലായതോടെ പ്രതീക്ഷകള്‍ പങ്കുവെച്ച് മുന്നണികളും രംഗത്തെത്തി. പാലക്കാട് മണ്ഡലത്തിന്റെ വികസന മുരടിപ്പും രാഷ്ട്രീയ വിഷയങ്ങളും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് ബി ജെ പി ജയിക്കുമെന്നും യു ഡി എഫ് മൂന്നാമതാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.പാലക്കാട്ടേത് കേരളം ആഗ്രഹിക്കുന്ന ജനവിധിയാകുമെന്ന് ഷാഫി പറമ്പില്‍ എം പിയും പ്രതികരിച്ചു.
ഇരട്ട വോട്ടിന്റെ പേരില്‍ വിവാദത്തിലായ പാലക്കാട് ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.എം. ഹരിദാസ് വോട്ട് ചെയ്തില്ല. ഹരിദാസ് എത്തിയപ്പോള്‍ ഗേറ്റ് അടച്ചിരുന്നതിനാല്‍ വോട്ട് ചെയ്യാതെ മടങ്ങുകയായിരുന്നു. ഹരിദാസ് വോട്ട് ചെയ്യാനെത്തുമെങ്കില്‍ തടയാനായി വി.കെ ശ്രീകണ്ഠന്‍ എം.പിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്തില്‍ സംഘടിച്ചിരുന്നു. നേരത്തെ ഹരിദാസ് വോട്ട് ചെയ്യാനെത്തിയാല്‍ തടയുമെന്ന് എം ബി രാജേഷും പ്രതികരിച്ചിരുന്നു. നാളെ നേരം വെളുക്കുന്നതു വരെ കണക്കു കൂട്ടലുകള്‍ വെച്ച് വിജയം പ്രവചിക്കാനാവുമെന്ന് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കറിയാം. ഇനി തോല്‍ക്കാന്‍ എല്ലാവിധ സാധ്യതയുള്ളവരും വിജയിക്കുമെന്നു തന്നെയാകും പറയുക. ആ പറച്ചിലിന്റെ ആയുസ്സ് പെട്ടി തുറക്കുന്നതു വരെയാകും.
ചേലക്കര എല്‍.ഡി.എഫിന്റെ കൈയ്യിലുള്ള സീറ്റായതു കൊണ്ട് വിജയപ്രതീക്ഷ സ്വാഭാവികമാണ്. സമാന ചിന്തയാണ് യുഡി.എപിന് വയനാടും പാലക്കാടുമുള്ളത്. എന്നാല്‍, പാലക്കാട് എല്‍.ഡി.എഫ് പിടിക്കുമെന്ന് പറയുന്നതിനു പിന്നില്‍ കോണ്‍ഗ്രസിലെ പി. സരിന്‍ സി.പി.എമ്മിലേക്കു വന്ന് സ്ഥാനാര്‍ത്ഥി ആയതു കൊണ്ടാണ്. ഇത് സി.പി.എമ്മിന് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. യു.ഡി.എഫിന്റെ സീറ്റില്‍ മത്സരിക്കാന്‍ യു.ഡി.എഫില്‍ നിന്നു വന്ന ആളെത്തന്നെ നിര്‍ത്തുന്നത് എല്‍.ഡി.എഫിന്റെ അടവുനയമാണ്.
യു.ഡി.എഫിലെ ഷാഫി പറമ്പിലിന് കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷത്തെ പി. സരിന്‍ എന്ന സ്ഥാനാര്‍ത്ഥിയെ വെച്ച മറി കടക്കാമെന്നും സി.പി.എം മനക്കോട്ട കെട്ടിയിട്ടുണ്ട്. അതേസമയം, എല്‍.ഡി.എഫിനെയും യുഡി.എഫിനെയും ഒരുേേപാലെ ഭയപ്പെടുത്തുന്ന ഫാക്ടറാണ് ബി.ജെ.പി. കേരളത്തില്‍ പാലക്കാടാണ് ബി.ജെ.പിയുടെ വളര്‍ച്ച നടക്കുന്ന മണ്ഡലം. ഇവിടെ ബി.ജെ.പിക്ക് പ്രതീക്ഷയുണ്ട്. എന്നാല്‍, സന്ദീപ് വാര്യര്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്കു പോയത് വലിയ അടിയായിട്ടുണ്ട്. സന്ദീപ് വാര്യരെ ഇഷ്ടപ്പെടുന്ന ബി.ജെ.പിക്കാരും, കുടുംബക്കാരും കോണ്‍ഗ്രസിന് വോട്ടു ചെയ്യുമെന്ന് ഉറപ്പാണ്. മാത്രമല്ല, കെ. സുരേന്ദ്രനോട് വെറുപ്പുള്ള ബി.ജെ.പിക്കാരും വോട്ട് മറിച്ചേക്കാം.
സന്ദീപ് വാര്യരുടെ വരവാണ് കോണ്‍ഗ്രസിന് പി. സരകിനെ നഷ്ടപ്പെട്ടതിന് ബദലായത്. ഇത് കോണ്‍ഗ്രസിന്റെ വോട്ടു ചോര്‍ച്ചയെ ഫലപ്രദമായി തടയുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തല്‍. അങ്ങനെയുണ്ടായാല്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ വിജയം സുനിശ്ചിതമാകും. എന്നാല്‍, കഴിഞ്ഞകാലങ്ങളില്‍ ഉണ്ടായ മത്സരത്തിനുപരി, സ്വന്തം പാര്‍ട്ടിക്കൊപ്പം നിന്നുകൊണ്ട് പ്രവര്‍ത്തിച്ച വ്യക്തിക്കെതിരേയുള്ള മത്സരമാണ് രാഹുല്‍ മാങ്കൂട്ടം നടത്തുന്നത്. അതുകൊണ്ടുള്ള ഒരു രാഷ്ട്രീയ പ്രശ്‌നമുണ്ട്. ജനങ്ങള്‍ എങ്ങനെ ചിന്തിച്ചെന്ന് നാളെ വ്യക്തമാകും.
വയനാട് മറ്റൊരു ടെന്‍ഷനും ആര്‍ക്കുമില്ല. വിജയം പ്രയങ്കാ ഗാന്ധിക്കൊപ്പം തന്നെയെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. വരുന്ന പാര്‍ലമെന്റ് സെഷനില്‍ പ്രിയങ്കാഗാന്ധി രാഹുല്‍ഗാന്ധിക്കൊപ്പം ഉണ്ടാകുമെന്നുറപ്പിച്ചു കഴിഞ്ഞു. രാഹുല്‍ഗാന്ധിയുടെ ഭൂരിപക്ഷം ആണോ ഉണ്ടാവുക ന്നു മാത്രമേ അറിയാനുള്ളൂ. പക്ഷെ, കേരളമായതു കൊണ്ട് വയനാടിന്റെ ചിന്ത അട്ടിമറിക്കു വഴിമാറുമോയെന്നു സംശയിക്കുന്നവരുമുണ്ട്. അങ്ങനെയെങ്കില്‍ സി.പി.ഐയുടെ സത്യന്‍ മൊകേരിയാണ് സാധ്യതയുള്ളയാള്‍. പ്രതീക്ഷിക്കാെന്നല്ലാതെ, വിജയിക്കുമെന്ന് ഉറപ്പിക്കാനാവില്ല. കാരണം, കഴിഞ്ഞ തവണ രാഹുല്‍ഗാന്ധിക്കെതിരേ മത്സരിച്ചത് സി.പി.ഐയുടെ ദേശീയ നേതാവ് ആനി രാജയാണ്. എന്നിട്ടും പിടിച്ചു നില്‍ക്കാനായില്ലെന്നതാണ് വസ്തുത.
CONTENT HIGHLIGHTS; Destiny is known when it doubles: today candidates only dream of victory; Kerala is ready to count the votes of the by-election