ഉപരതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇടതു-വലതു തരംഗമാണ് കേരളത്തില്‍. ലോകസഭാ മണ്ഡലമായ വയനാട് എതിരില്ലാതെ കുതിച്ചു പായുകയാണ് പ്രയങ്കാഗാന്ധി. എതിരാളികളെ കുറിച്ച് ഒരുഘട്ടത്തിലും ആശങ്കപ്പെടേണ്ടതില്ലാത്ത അവസ്ഥ. ഇനി അറിയേണ്ടത് വിജയം എത്ര വോട്ടിന്റെ ഭൂരിപക്ഷത്തിലാണെന്നു മാത്രം. പക്ഷെ, നിയമസഭാ മണ്ഡലങ്ങളായ പാലക്കാടും, ചേലക്കരയിലും സ്ഥിതി അതല്ല. പാലക്കാട് ഫോട്ടോ ഫിനിഷായിരിക്കുമോ എന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്. പക്ഷെ, ആദ്യത്തെ ലീഡ് മാറി മറിഞ്ഞ് ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടം മുന്നില്‍ നില്‍ക്കുന്നുണ്ട്. പക്ഷെ, അത് അന്തിമമല്ല. എന്തും സംഭവിക്കാം. ആയിരത്തനകത്തുള്ള ലീഡ് മാത്രമാണുള്ളത്. ചേലക്കരയില്‍ സ്ഥിതി ഇടതുപക്ഷത്തിന് അനുകൂലമാണ്. ഇവിടെ യു.ആര്‍. പ്രദീപിന്റെ ലീഡ് നില ഭദ്യമാണെന്ന് ഇപ്പോള്‍ പറയാനാകും. പതിനായിരത്തിനോടടുത്ത ലീഡാണുള്ളത്. ഓരോ മണ്ഡലങ്ങളുടെയും രാഷ്ട്രീയ സ്ഥിതി ഇങ്ങനെ വിലയിരുത്താം
പാലക്കാട് പി. സരിന്‍ പോയപ്പോള്‍ കോണ്‍ഗ്രസിന് കുലക്കം തട്ടിയില്ല. സന്ദീപ് വാര്യര്‍ പോയപ്പോള്‍ ബി.ജെ.പി തകര്‍ന്നടിഞ്ഞു. പി. സരിന്‍ പോയ എല്‍.ഡി.എഫ് കിതയ്ക്കുകയാണ്. സന്ദീപ് വാര്യര്‍ വന്ന യു.ഡി.എഫ് മുന്നേറുന്നു. ഇതാണ് പാലക്കാടെ രാഷ്ട്രീയ ചിത്രം. വോട്ടെണ്ണല്‍ നാലു മണിക്കൂര്‍ ആകുമ്പോള്‍ ലീഡ് നില രാഹുല്‍ മാങ്കൂട്ടത്തെ തുണയ്ക്കുകയാണ്. തുടക്കം സി. കൃഷ്ണകുമാറിനൊപ്പമായിരുന്നു എങ്കില്‍ പിന്നീട് രാഹുല്‍ മാങ്കൂട്ടം മുന്നിലെത്തുകയായിരുന്നു. പി. സരിന്‍ നില മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും മുന്നിലെത്താന്‍ കഴിയാതെ കിതയ്ക്കുന്നുണ്ട്. ഇവിടെ ഒന്നുറപ്പിക്കാം. പാലക്കാട്ടെ മത്സരം ബി.ജെ.പിയും യു.ഡി.എഫും തമ്മില്‍.
ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ ബി.ജെ.പി പ്രസിഡന്റിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. കെ. സുരേന്ദ്രനെ പുറത്താക്കി മാരാര്‍ജി ഭവനില്‍ ചാണകവെള്ളം തളിക്കാതെ ഈ പാര്‍ട്ടി രക്ഷപ്പെടില്ല. എന്നാല്‍, താനാഗ്രഹിക്കുന്നത് സുരേന്ദ്രന്‍ തന്നെ ഭരിക്കണമെന്നാണ്. ബി.ജെപി മുച്ചൂടും മുടിയട്ടെ എന്നാണ്. ഞാന്‍ സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ നില്‍ക്കുന്ന സാധാരണ അണിയാണ്. പക്ഷെ, സുരേന്ദ്രന്‍ അങ്ങനെയല്ല. ബഹിരാകാശത്തു നിന്നു വന്ന നേതാവാണ്. അതിന്റെ ഗുണം ബി.ജെ.പിക്കുണ്ടാകും. കേരളത്തില്‍ ബി.ജെ.പി അതുകൊണ്ടാണ് എയറില്‍ നില്‍ക്കുന്നത്. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പോടെ പാലക്കാട് മുനിസിപ്പാലിറ്റിയും യു.ഡി.എഫ് പിടിക്കും.
പാലക്കാട്ടെ ബിജെപി ശക്തികേന്ദ്രമായ പാലക്കാട് നഗസഭയില്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ കഴിഞ്ഞ തവണ ബിജെപി നേടിയ ലീഡ് നിലയേക്കാള്‍ വലിയ ഇടിവാണ് സി കൃഷ്ണകുമാറിന്റെ വോട്ടുകളില്‍ സംഭവിച്ചിരിക്കുന്നത്. ഇതോടെ പാലക്കാട് തന്നെ നില മെച്ചപ്പെടുത്തിയപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വന്‍ വിജയത്തിലേക്ക് നീങ്ങുമെന്ന സൂചനയാണ് ശക്തമായിരിക്കുന്നത്. വലിയ വിവാദങ്ങള്‍ കൊണ്ടും ആരോപണ പ്രത്യാരോപണങ്ങള്‍ കൊണ്ടും സജീവമായിരുന്നു പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് പ്രചാരണം. രാഹുല്‍ മാങ്കൂട്ടത്തലിന്റേയും ഡോ.പി.സരിനിന്റേയും സ്ഥാനാര്‍ഥിത്വവും ഒടുവില്‍ ബിജെപിയുടെ സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനവുമെല്ലാം വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമെല്ലാം വഴിവെച്ചപ്പോഴും ബി.ജെ.പിയും എന്‍.ഡി.എയും നിറഞ്ഞ ആത്മവിശ്വസത്തിലായിരുന്നു.
കഴിഞ്ഞ തവണ മെട്രോമാന്‍ ഇ. ശ്രീധരന്‍ പോലും മത്സരിച്ചിട്ടും ആവേശ ക്ലൈമാക്സിന് ശേഷമായിരുന്നു എന്‍.ഡി.എക്ക് മണ്ഡലം നഷ്ടപ്പെട്ടത്. ഈ നഷ്ടം സി.കൃഷ്ണകുമാറിലൂടെ ഇത്തവണ തിരിച്ചുപിടിക്കാമെന്നായിരുന്നു ബി.ജെ.പി കണക്കു കൂട്ടിയത്. സി.പി.എമ്മിലേയും കോണ്‍ഗ്രസിലേയും തര്‍ക്കം തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും ബിജെപി കണക്കു കൂട്ടിയിരുന്നു. എന്നാല്‍, അങ്ങനെയല്ല കാര്യങ്ങളെന്നാണ് പുറത്തുവരുന്ന വിവരങ്ങളില്‍ വ്യക്തമാകുന്നത്.
ചേലക്കരയുടെ മണ്മും മനസ്സും എന്നും ചുവന്നു തന്നെയാണ് ഇരിക്കുന്നത്. കാരണം, അവിടെയുള്ള ജനങ്ങളില്‍ ഭൂരിഭാഗവും മണ്ണിന്റെ മണമുള്ള കൃഷിക്കാരും കര്‍ഷകരുമാണ്. കെ. രാധാകൃഷ്ണനെന്ന കറകളഞ്ഞ രാഷ്ട്രീയക്കാരനെ സ്‌നേഹിച്ചതു പോലെ ചേലക്കര ഇപ്പോഴും യു.ആര്‍. പ്രദീപിനെ നെഞ്ചേറ്റുന്നതാണ് കാണുന്നത്. ആലത്തൂരില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങിയ രമ്യാ ഹരിദാസാണ് ചേലക്കരയിലൂടെ നിയമസഭയില്‍ എത്താന്‍ യു.ഡി.എഫ് നിയോഗിച്ചത്. ചേലക്കരയുടെ സ്വന്തം കെ. രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം ഉപേക്ഷിച്ചാണ് ആലത്തൂരിന്റെ എം.പിയാകാന്‍ പോയത്. അവിടെ സിറ്റിംഗ് എം.പിയായിരുന്നു രമ്യാഹരിദാസിനെ തറപറ്റിച്ച് പാര്‍ലമെന്റിലേക്കു പോയതോടെ ചേലക്കര അനാഥമായി. പക്ഷെ, രാധാകൃഷ്ണന്റെ പിന്‍ഗാമിയെ തന്നെ ചേലക്കരയക്കു മതിയെന്ന് വോട്ടര്‍മാര്‍ തീരുമാനിച്ചിരുന്നു എന്നു വേണം മനസ്സിലാക്കാന്‍.
സാധാരണക്കാരില്‍ സാധാരണക്കാരനായ രാധാകൃഷ്ണനെ അത്രയേറെ ചേലക്കരയെന്ന നിയമസഭാ മണ്ഡലം സ്‌നേഹിക്കുന്നുണ്ട്. അതുകൊണ്ടാണ് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞത്, ഇത് ജീവന്‍മരണ പോരാട്ടമായാണ് കണ്ടത്. യു.ആര്‍. പ്രദീപ് വിജയിക്കേണ്ടത്, എല്‍.ഡി.എഫിന്റെ തുടര്‍ഭരണത്തിന്റെ ആവശ്യമാണ്. മൂന്നാം വട്ടവും എല്‍.ഡി.എഫ് കേരളം ഭരിക്കുമെന്നും രാധാകൃഷ്ണന്‍ ഉറപ്പിക്കുന്നു. വോട്ടെണ്ണലിന്റെ താളം മുറുകുമ്പോള്‍ ഒരിക്കല്‍പ്പോലും യു.ആര്‍. പ്രദീപിനെ കടന്ന് രമ്യാ ഹരിദാസ് ലീഡ് നില മെച്ചപ്പെടുത്തിയില്ല എന്നതാണ് ചേലക്കരയെ ചുവപ്പിക്കുന്നത്. ഒന്നുറപ്പായി. ചേലക്കരയില്‍ മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ്.
അഞ്ചര പതിറ്റാണ്ടിലധികമായി മാറിയും മറിഞ്ഞും വിധിയെഴുതിയ ചേലക്കരയിലെ ചരിത്രത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പ് സിപിഎമ്മിന് അനുകൂലമായിരുന്നു. മവലത്തോട്ടു ചായാന്‍ മടികാണിക്കാത്ത ചേലക്കര കഴിഞ്ഞ കാല്‍നൂറ്റാണ്ടായിട്ട് ഇടതുകോട്ടയാണ്. കെ രാധാകൃഷ്ണന്‍ ഇഫക്ടായിരുന്നു ഇതിന് കാരണം. മണ്ണിന്റെ മകന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സംശുദ്ധികൊണ്ടു വന്നപ്പോള്‍ ചേലക്കര സിപിഎമ്മിനൊപ്പം നിന്നു. ഇതിനിടെയില്‍ ഒരിക്കല്‍ മണ്ണിന്റെ മണമുള്ള യുആര്‍ പ്രദീപിനേയും വിജയിപ്പിച്ചു. കഴിഞ്ഞ തവണ വീണ്ടും കെ രാധാകൃഷ്ണന്‍ ജയിച്ചു.
72.77 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 1,55,077 പേര്‍ വോട്ട് ചെയ്തപ്പോള്‍ ബൂത്തിലേക്കെത്തിയത് കൂടുതലും സ്ത്രീകളായിരുന്നു. വോട്ട് ചെയ്തവരില്‍ 82,757 സ്ത്രീകളും 72,319 പുരുഷന്മാരും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടും. 2021ല്‍ 77.40 ശതമാനമായിരുന്നു പോളിങ്. തിരുവില്വാമല, പഴയന്നൂര്‍, ദേശമംഗലം,കൊണ്ടാഴി, ചേലക്കര, പാഞ്ഞാള്‍, വള്ളത്തോള്‍നഗര്‍, മുള്ളൂര്‍ക്കര, വരവൂര്‍ എന്നിങ്ങനെ ഒമ്പത് പഞ്ചായത്തുകളടങ്ങിയതാണ് ചേലക്കര നിയമസഭാ മണ്ഡലം. പട്ടികജാതി സംവരണ മണ്ഡലമാണ്.
മണ്ഡലരൂപീകരണത്തിന് ശേഷം ചേലക്കരയില്‍ ആദ്യമായി തിരഞ്ഞെടുപ്പ് നടക്കുന്നത് 1965 ലാണ്. കന്നിയങ്കത്തില്‍ സി.പി.എമ്മിലെ സി.കെ ചക്രപാണിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസിലെ കെ.കെ ബാലകൃഷ്ണന്‍ മണ്ഡലത്തിലെ ആദ്യ എം.എല്‍.എയായി. വെറും 106 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്. ചേലക്കരയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവുമാണത്. 1967 ല്‍ നടന്ന രണ്ടാമങ്കത്തില്‍ ബാലകൃഷ്ണന് അടിതെറ്റി.സി.പി.എമ്മിലെ പി കുഞ്ഞന്‍ 2052 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചുകയറി. എന്നാല്‍ പിന്നീട് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും കെ.കെ ബാലകൃഷ്ണന്‍ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 1970, 1977,1980 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിലെ കെ.എസ് ശങ്കരനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
രണ്ട് പതിറ്റാണ്ടിനിപ്പുറം 1982-ലാണ് സി.പി.എം മണ്ഡലത്തില്‍ വീണ്ടും ജയിക്കുന്നത്. കോണ്‍ഗ്രസിലെ ടി.കെ.സി വടുതലയെ 2123 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി സി.കെ ചക്രപാണി ചേലക്കര ചുവപ്പിച്ചു. 1987 ല്‍ ഡോ.എം.എ കുട്ടപ്പനും 1991 ല്‍ എം.പി താമിയും കോണ്‍ഗ്രസില്‍ നിന്ന് വിജയിച്ചു. എം.എ കുട്ടപ്പന്‍ സി.പി.എമ്മിലെ കെ.വി പുഷ്പയെ 7751 വോട്ടുകള്‍ക്കും എം.പി താമി 4361 വോട്ടുകള്‍ക്ക് സി.പി.എമ്മിലെ സി. കുട്ടപ്പനേയും തോല്‍പ്പിച്ചു. 1996-ല്‍ കെ.രാധാകൃഷ്ണനിലൂടെ സി.പി.എം ചേലക്കര തിരിച്ചുപിടിച്ചു. കോണ്‍ഗ്രസിലെ ടി.എ രാധാകൃഷ്ണനെ 2323 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ.രാധാകൃഷ്ണന്‍ മറികടന്നത്. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും സി.പി.എം സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചുകയറി.*
വയനാട്ടില്‍ മത്സരം രാഹുല്‍ഗാന്ധിയുടെ ലീഡും പ്രിയങ്കാഗാന്ധിയുടെ ലീഡും തമ്മിലാണ്. ആരുടേതാണ് ഏറ്റും വലിയ ലീഡ് എന്നാണ്. മത്സരിക്കുന്നവരെ ഒന്നും ചെറുതായി കാണുന്നില്ല. പക്ഷെ, വയനാട്ടിലെ മത്സരം രാജ്യം ഉറ്റു നോക്കുന്നതാണ്. അവിടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പോലും പ്രധാന ഘടകവുമാണ്. വോട്ടെണ്ണലിന്റെ നാലു മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡ് രണ്ടുലക്ഷം വോട്ടുകള്‍ക്കു മുകളിലാണ്. പ്രയങ്കാഗാന്ധി അത്രയേറെ പ്രയങ്കരിയാണോ വയനാടിന്. ഓരോ നിമിഷവും ലീഡ് ഉയരുന്നതല്ലാതെ താഴുന്നില്ല.
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയത് മുതല്‍ പ്രിയങ്ക തന്നെയാണ് ലീഡില്‍. രണ്ടാം സ്ഥാനത്ത് സത്യന്‍ മൊകേരിയും. മൂന്നാം സ്ഥാനത്തുള്ള നവ്യ ഹരിദാസ് മികച്ച് പ്രകടനം നടത്തുന്നുണ്ടെന്ന് പറയാം. പത്ത് ശതമാനം വോട്ടുകള്‍ നവ്യ പിടിച്ചിട്ടുണ്ട്. ഇതേ മുന്നേറ്റം തുടരുകയാണെങ്കില്‍ ചരിത്ര ഭൂരിപക്ഷത്തിന്റെ ക്ലൈമാക്‌സിലേക്കായിരിക്കും വയനാട് നീങ്ങുക. മണ്ഡല രൂപീകരണ കാലംമുതല്‍ യു.ഡി.എഫിനെ കൈവിടാത്ത വയനാട് ലോക്‌സഭാ മണ്ഡലം ഇത്തവണയും മാറ്റമൊന്നുമില്ലാതെ തുടരുമെന്നാണ് ഉപതിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ വ്യക്തമാവുന്നത്.
2009ല്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷമാണ് വയനാട് ലോക്‌സഭാ മണ്ഡലം രൂപംകൊണ്ടതെങ്കിലും അന്നുമുതല്‍ ഇങ്ങോട്ട് യു.ഡി.എഫിന്റെ ഉറച്ചകോട്ടയായിരുന്നു. 2009ല്‍ 153439 വോട്ടിന്റെയും 2014ല്‍ 20870 വോട്ടിന്റെയും ഭരിപക്ഷത്തില്‍ എം.ഐ ഷാനവാസിനെ വിജയിപ്പിച്ച മണ്ഡലം, 2019ല്‍ 4,31,770 എന്ന ചരിത്ര ഭൂരിപക്ഷമാണ് രാഹുല്‍ ഗാന്ധിയ്ക്ക് നല്‍കിയത്. 2024ല്‍ 364,422 ആയി ഭൂരിപക്ഷം കുറഞ്ഞെങ്കിലും ഇതിനെ മറികടക്കുകയെന്നാണ് പ്രിയങ്കാ ഗാന്ധിയെ നിര്‍ത്തിയതിലൂടെ യു.ഡി.എഫ് ലക്ഷ്യമിട്ടിരുന്നത്.
രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് ശേഷം വയനാട്ടില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനത്തില്‍ കുറവുണ്ടായപ്പോള്‍ അത് മൂന്ന് മുന്നണികളേയും ആശങ്കപ്പെടുത്തിയിരുന്നുവെങ്കിലും തങ്ങളുടെ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യിക്കാനായെന്ന ആത്മവിശ്വാസത്തിലായിരുന്നു യു.ഡി.എഫ്. അത് ശരിവെക്കുന്നതാണ് ആദ്യ ഫലസൂചനകള്‍.
CONTENT HIGHLIGHTS;Rahul in Palakkad fort, Chelakkara in Chempatutud, Gandhi as ‘Priyanka’ of Wayanad: Counting of votes in Mulmunah; The ranks are drowning in excitement