Explainers

ഹാ!!എത്ര ഭംഗിയാണ് കാണാന്‍, ചുവന്നു തുടുത്ത് നില്‍ക്കുന്നു ചേലക്കര: ചെങ്കൊടിത്തണലില്‍ സുരക്ഷിതം ഈ ചേലക്കര

ചേലക്കര എന്ന നിയോജക മണ്ഡലം ഇന്ന് അഭിമാനത്തിന്റെ പ്രതീകം കൂടിയാണ്. ചെങ്കൊടിത്തണലില്‍ വിരിയും രക്ത പുഷ്പങ്ങള്‍ നിറയെ വിരിഞ്ഞു നില്‍ക്കുന്നു. യു.ആര്‍. പ്രദീപ് എന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വരികയാണ് ചേലക്കരയുടെ ചേറിന്റെ മണവും ഗുണവുമായി നിയമസഭയിലേക്ക്. രിസര്‍വേഷന്‍ മണ്ഡലമെന്ന ഖ്യാതിയാണ് ചേലക്കരയുടെ പ്രത്യേകത. മണ്ണും മനുഷ്യരും തമ്മില്‍ അഭേദ്യമായി ബന്ധമുള്ള മണ്ഡലം എന്നും അതിനെ വിശേഷിപ്പിക്കാം. മറ്റു മണ്ഡലങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പോ വിജയമോ പോലെയല്ല, ചേലക്കരയുടേത്. അത് മനുഷ്യരുടെ വിയര്‍പ്പിന്റെയും സംഘ ശക്തിയുടെയും ബലം കൂടിയാണ് വെളിവാക്കുന്നത്.

കെ. രാധാകൃഷ്ണന്റെ പിന്‍ഗാമിക്കും അതാണ് മെറിറ്റ്. കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന തൊഴിലാളികളുടെ ജീവശ്വാസത്തെ മുറുകെ പിടിക്കുന്നുണ്ടിപ്പോഴും ചേലക്കര. പാര്‍ട്ടി എന്നൊക്കെ അധികാര രാഷ്ട്രീയത്തിനു പുറത്തായിരുന്നുവോ, അന്നൊക്കെ ചേലക്കര പാര്‍ട്ടിക്കൊപ്പം തന്നെ നിന്നിട്ടുണ്ട്. എന്നൊക്കെ അധികാരത്തിലിരുന്നിട്ടുണ്ടോ, അന്നും പാര്‍ട്ടിയോടു കൂറു പുലര്‍ത്തിയിട്ടുണ്ട്. അതാണ് ചരിത്രം. അഞ്ചര പതിറ്റാണ്ടിലധികമായി മാറിയും മറിഞ്ഞും വിധിയെഴുതിയ ചേലക്കരയിലെ ചരിത്രത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പ് സിപിഎമ്മിന് അനുകൂലമായിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്.

ഇടത്തോട്ടും വലത്തോട്ടും ചായാന്‍ ഒരു മടിയും കാണിക്കാതിരുന്ന ചേലക്കര ഇടതു കോട്ടയായി മാറിയത് കഴിഞ്ഞ കാല്‍നൂറ്റാണ്ടിലാണ്. കെ രാധാകൃഷ്ണനെന്ന പച്ചയായ മനുഷ്യനിലൂടെയായിരുന്നു ആ ജൈത്രയാത്ര. മണ്ണിന്റെ മകന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സംശുദ്ധികൊണ്ടു വന്നപ്പോള്‍ ചേലക്കര സിപിഎമ്മിനൊപ്പം ചേര്‍ന്നുനിന്നു. ഇതിനിടെയില്‍ ഒരിക്കല്‍ യു.ആര്‍ പ്രദീപിനേയും ചേലക്കര ചേര്‍ത്തു പിടിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ വീണ്ടും കെ രാധാകൃഷ്ണന്‍ വിജയിച്ചു. മന്ത്രിയായി. എന്നാല്‍, പാര്‍ട്ടി തീരുമാനം മറ്റൊന്നായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചേലക്കരയ്ക്കടുത്തുള്ള ആലത്തൂര്‍ മണ്ഡലം രാധാകൃഷ്ണനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. മന്ത്രിസ്ഥാനം രാജിവെച്ചു. പാര്‍ട്ടിയുടെ നിര്‍ദ്ദേശം ശിരസാവഹിച്ച് ആലത്തൂരില്‍ മത്സരിച്ചു.

ആലത്തൂരില്‍ നിന്നും എംപിയായി. ഇതോടെ ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പ് ആസന്നമായി. വീണ്ടും യു.ആര്‍ പ്രദീപ് സ്ഥാനാര്‍ത്ഥിയായയി. എന്തുവില കൊടുത്തും ആ കോട്ട പൊളിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ് കളം പിടിച്ചു. പക്ഷേ, ചേലക്കരയുടെ മനസ്സറിയാത്ത തന്ത്രങ്ങളെല്ലാം പാളി. ജയം സിപിഎമ്മിനായി മാറി. ഉപതെരഞ്ഞെടുപ്പിലും ഇളകാത്ത ഇടതു കോട്ടയായി ചേലക്കര നിലകൊള്ളുകയാണ്. 72.77 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 1,55,077 പേര്‍ വോട്ട് ചെയ്തപ്പോള്‍ ബൂത്തിലേക്കെത്തിയത് കൂടുതലും സ്ത്രീകള്‍. വോട്ട് ചെയ്തവരില്‍ 82,757 സ്ത്രീകളും 72,319 പുരുഷന്മാരും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടും. 2021ല്‍ 77.40 ശതമാനമായിരുന്നു പോളിംഗ്. തിരുവില്വാമല, പഴയന്നൂര്‍, ദേശമംഗലം, കൊണ്ടാഴി, ചേലക്കര, പാഞ്ഞാള്‍, വള്ളത്തോള്‍ നഗര്‍, മുള്ളൂര്‍ക്കര, വരവൂര്‍ എന്നീ 9 പഞ്ചായത്തുകള്‍ ചേരുന്നതാണ് ചേലക്കര നിയമസഭാ മണ്ഡലം.

പട്ടികജാതി സംവരണ മണ്ഡലം. തൃശ്ശൂര്‍ ജില്ലയിലുള്‍പ്പെടുന്ന മണ്ഡലം നിലനിര്‍ത്താന്‍ മുന്‍ എം.എല്‍.എ യു.ആര്‍ പ്രദീപിനെയാണ് സി.പി.എം കളത്തിലിറക്കിയത്. ആലത്തൂരില്‍ കെ. രാധകൃഷ്ണനോട് പരാജയപ്പെട്ട മുന്‍ എം.പി രമ്യ ഹരിദാസിനെ തന്നെയാണ് കോണ്‍ഗ്രസ് ചേലക്കര പിടിക്കാന്‍ ഇറക്കിയത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചേലക്കരയിലെ ഇടതുകോട്ടകളെ വിറപ്പിച്ച ചരിത്രം രമ്യക്ക് ഇത്തവണ ആവര്‍ത്തിക്കാനായില്ല എന്നതാണ് വസ്തുത. രമ്യ തോല്‍വി എഴുതിയതോടെ തുടര്‍ച്ചയായ ഏഴാം വിജയമാണ് ചേലക്കരയില്‍ സിപിഎം നേടുന്നത്. കെ രാധാകൃഷ്ണനും നിര്‍ണ്ണായകമായിരുന്നു പ്രദീപിന്റെ വിജയം. മണ്ഡലത്തിലെ പ്രചരണത്തില്‍ രാധാകൃഷ്ണന്‍ സജീവമായിരുന്നില്ലെന്ന് പോലും കോണ്‍ഗ്രസ് പ്രചരിപ്പിച്ചിരുന്നു. ഇത് പക്ഷേ ഉണ്ടായില്ലെന്ന് തെളിയിക്കുകയാണ് ഫലം.

മണ്ഡലരൂപീകരണത്തിന് ശേഷം ചേലക്കരയില്‍ ആദ്യമായി തിരഞ്ഞെടുപ്പ് നടക്കുന്നത് 1965 ലാണ്. കന്നിയങ്കത്തില്‍ സി.പി.എമ്മിലെ സി.കെ ചക്രപാണിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസിലെ കെ.കെ ബാലകൃഷ്ണന്‍ മണ്ഡലത്തിലെ ആദ്യ എം.എല്‍.എയായി. വെറും 106 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്. ചേലക്കരയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവും അതാണ്. 1967ല്‍ നടന്ന രണ്ടാമങ്കത്തില്‍ ബാലകൃഷ്ണന് അടിതെറ്റി. സി.പി.എമ്മിലെ പി. കുഞ്ഞന്‍ 2052 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചുകയറി. എന്നാല്‍ പിന്നീട് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും കെ.കെ ബാലകൃഷ്ണന്‍ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.

1970, 1977,1980 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിലെ കെ.എസ് ശങ്കരനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. രണ്ട് പതിറ്റാണ്ടിനിപ്പുറം 1982ലാണ് സി.പി.എം മണ്ഡലത്തില്‍ വീണ്ടും ജയിക്കുന്നത്. കോണ്‍ഗ്രസിലെ ടി.കെ.സി വടുതലയെ 2123 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി സി.കെ ചക്രപാണി ചേലക്കര ചുവപ്പിച്ചു. 1987ല്‍ ഡോ.എം.എ കുട്ടപ്പനും 1991ല്‍ എം.പി താമിയും കോണ്‍ഗ്രസില്‍ നിന്ന് വിജയിച്ചു. എം.എ കുട്ടപ്പന്‍ സി.പി.എമ്മിലെ കെ.വി പുഷ്പയെ 7751 വോട്ടുകള്‍ക്കും എം.പി താമി 4361 വോട്ടുകള്‍ക്ക് സി.പി.എമ്മിലെ സി. കുട്ടപ്പനേയും തോല്‍പ്പിച്ചു. 1996ല്‍ കെ. രാധാകൃഷ്ണനിലൂടെ സി.പി.എം ചേലക്കര തിരിച്ചുപിടിച്ചു. കോണ്‍ഗ്രസിലെ ടി.എ രാധാകൃഷ്ണനെ 2323 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ.രാധാകൃഷ്ണന്‍ മറികടന്നത്.

അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും സി.പി.എം സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചുകയറി. 1996-ലെതുള്‍പ്പെടെ അഞ്ച് തിരഞ്ഞെടുപ്പുകളില്‍ രാധാകൃഷ്ണന്‍ ജയിച്ചു. ഒരു കോണ്‍ഗ്രസ് മണ്ഡലമെന്ന നിലയില്‍ നിന്ന് ചുവപ്പുകോട്ടയായി ചേലക്കരയുടെ ചരിത്രം വഴി മാറി. 2016-ല്‍ രാധാകൃഷ്ണന് പകരം യു.ആര്‍ പ്രദീപാണ് ജയിച്ചത്. 2024ല്‍ ചേലക്കരയില്‍ നിന്ന് 5000ല്‍ അധികം വോട്ടുകളുടെ ലീഡ് മാത്രമേ എം.പിയായി മത്സരിച്ച രാധാകൃഷ്ണന് ലഭിച്ചിട്ടുള്ളൂ. 2019ല്‍ 23,000 വോട്ടുകളുടെ വന്‍ ലീഡ് അന്ന് കോണ്‍ഗ്രസിനായി കളത്തിലിറങ്ങിയ രമ്യ ഹരിദാസിന് ലഭിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ഇതാവര്‍ത്തിക്കാനാകുമെന്ന കണക്കുക്കൂട്ടലിലായിരുന്നു ഇത്തവണ കോണ്‍ഗ്രസ്. പക്ഷേ പ്രദീപിന്റെ ജനകീയ മുഖം രമ്യാ ഹരിദാസിന് തിരിച്ചടിയായി.

വരാനിരിക്കുന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലും, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ചേലക്കരയില്‍ സംഭവിക്കാന്‍ പോകുന്നതെന് എന്താകുമെന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുമെന്നതാണ് ഈ റിസള്‍ട്ട്. കേരളത്തിലെ ഏത് നിയോജക മണ്ഡലവും കോണ്‍ഗ്രസിന് ബലാബലം നോക്കാനാകും. എന്നാല്‍ ചേലക്കരയെ പിടിക്കാന്‍ ഇനി കഴിയുമോ എന്നത് സംശയമാണ്. അതിനു പോന്ന സ്ഥാനാര്‍ത്ഥിയെ വളര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്.

CONTENT HIGHLIGHTS; Ha!! How beautiful to see, Chelakkara standing red: For 28 long years, this Chelakkara is safe under the shade of red flag.

Latest News