ഭാരതത്തിന്റെ ഭരണഘടന നിലവില്‍ വന്നതിന്റെ 75-ാം വാര്‍ഷികദിനം നാളെ ആചരിക്കുകയാണ്. രാജ്യത്തിന് സ്വന്തമായി ഒരു ഭരണഘടന നിലവില്‍ വന്ന ദിവസമാണ് 1949 നവംബര്‍ 26. ജനനന്മയും സുരക്ഷയും ലക്ഷ്യമിട്ടുള്ളതാണ് നമ്മുടെ രാജ്യത്തെ എല്ലാ നിയമങ്ങളും. പൗരന് ഇത്രയും സുരക്ഷ പ്രദാനം ചെയ്യുന്ന മറ്റൊരു ഭരണഘടന ലോകത്തില്ല എന്നതാണ് സത്യം. അത്രയ്ക്കും ശ്രേഷ്ഠമാണ് നമ്മുടെ ‘ഇന്ത്യന്‍ ഭരണഘടന’. ഈ ഭരണഘടനയെയാണ് കേരളത്തിലെ ഒരു മന്ത്രി, അതും സാംസ്‌ക്കാരിക മന്ത്രിയായ സജി ചെറിയാന്‍ ആക്ഷേപിച്ചത്. അദ്ദേഹം പറഞ്ഞതിനെയും, അത് അന്വേഷിച്ച പോലീസിനെയും നിശിതമായി വിമര്‍ശിക്കുകയും തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ തുമതലപ്പെടുത്തുകയും ചെയ്തത് ഈ അവസരത്തില്‍ ഓര്‍മ്മിക്കാതെ പോകാനാവില്ല.
എന്താണ് ഭരണഘടന എന്ന് ഓരോ ഇന്ത്യാക്കാരനും മനസ്സിലാക്കേണ്ട കാലഘട്ടം കൂടിയാണിത്. ഭരണഘടനാ ശില്‍പ്പിയായ ഡോക്ടര്‍ ബി.ആര്‍. അംബേദ്ക്കറുടെ നിതാന്ത പരിശ്രമവും സ്മരിക്കപ്പെട്ടണം. പക്ഷേ പലപ്പോഴും ഭരണഘടന വിഭാവനം ചെയ്യുന്ന ഉറപ്പും നിയമ പരിരക്ഷയും പ്രായോഗിക തലത്തില്‍ എത്തുമ്പോള്‍ പൗരന് ലഭിക്കുന്നുണ്ടോ എന്നും വിപരീത ഫലം നല്‍കുന്ന സന്ദര്‍ഭങ്ങളില്ലേയെന്നും നാം പരിശോധിക്കേണ്ടതാണ്. നമ്മുടെ രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന വലിയ വിപത്താണ് ഇന്ന് നീതി നിഷേധങ്ങള്‍. നിയമ സംവിധാനങ്ങളും ഭരണ സംവിധാനങ്ങളും പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നു എന്നതിന്റെ നേര്‍ച്ചിത്രമാണ് പലപ്പോഴും നാം നേരിടുന്ന വെല്ലുവിളിയും അവ നമുക്ക് നല്‍കുന്ന ദുസ്സൂചനകളും. അതില്‍ വരുന്നതാണ് ഗുണ്ടായിസ രാഷ്ട്രീയവും, അതിലൂടെ അധികാരത്തിലേറുന്ന രാഷ്ട്രീയക്കാരും.
അമിതാധികാര പ്രയോഗങ്ങളാല്‍ ഭരണഘടനയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ പോലും നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിന്റെ പ്രത്യക്ഷോദാഹരണമായി മന്ത്രിയുടെ പ്രസംഗത്തെ കാണാതെവയ്യ. ഹൈക്കോടതിയുടെ തുടരന്വേഷണവും ഇതാണ് സൂചിപ്പിക്കുന്നത്. എന്നാല്‍, മന്ത്രി പറഞ്ഞത്, നല്ല അര്‍ത്ഥത്തോടെയാണെന്നും ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നും മന്ത്രി പറയുന്നുണ്ട്. പക്ഷെ, അദ്ദേഹത്തിന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്നുണ്ട്. ആ പ്രസംഗത്തിനു ശേഷം മന്ത്രിസ്ഥാനം രാജിവെച്ചതും മറക്കാന്‍ കഴിയില്ല. ധാര്‍മ്മികതയുടെ പേരിലായിരുന്നു അന്നത്തെ രാജി. എന്നാല്‍, ഭരണഘടന നിലവില്‍ വന്നിട്ട് 75 വര്‍ഷം തികയുന്ന ഈ ഘട്ടത്തിലും ധാര്‍മ്മികത എന്നത് ഉണ്ടാകണമായിരുന്നു എന്നേ പറയാനുള്ളൂ. മന്ത്രിയായാലും, സാധാരണ മനുഷ്യനായാലും ഒരുപോലെ സംരക്ഷണം നല്‍കുന്നതാീണ് ഭരണഘടന. അത് എന്താണെന്ന് ആദഗ്യം മനസ്സിലാക്കേണ്ടതായുണ്ട്.
എന്താണ് ഇന്ത്യന്‍ ഭരണഘടന ?
വൈവിധ്യങ്ങളാണ് ഇന്ത്യ എന്ന രാജ്യത്തെ സ്വാതന്ത്ര്യം നേടി ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ഒരുമിപ്പിച്ചു നിര്‍ത്തുന്നത്. പലതരം ഭാഷകള്‍, സംസ്‌കാരം, ഭൂപ്രകൃതി, ഭക്ഷണം, വസ്ത്രരീതി, മതം, ജീവിതശൈലി അങ്ങനെ തുടങ്ങി എല്ലാംകൊണ്ടും ഇന്ത്യാ ഉപഭൂഖണ്ഡം വൈവിധ്യങ്ങളാല്‍ സമൃദ്ധമാണ്. ഇത്രയും വൈവിധ്യങ്ങള്‍ കൊണ്ട് ഒരു രാജ്യം മുന്നോട്ട് പോകുന്നത്, അവിടുത്തെ ജനങ്ങള്‍ക്ക് തുല്യത ഉറപ്പാക്കുന്നതെല്ലാം ഇന്ത്യയ്ക്ക് ഒരു ഭരണഘടനയുണ്ട് എന്നതുകൊണ്ട് മാത്രമാണ്. ഇന്‍ക്ലൂസീവ്നെസ്സ് എന്നത് തന്നെയാണ് ഭരണഘടനയുടെ കാതല്‍. എല്ലാ വിഭാഗം ആളുകളെയും ഭരണഘടന അതിന്റെ കീഴില്‍ ഉള്‍കൊള്ളുന്നുണ്ട്.
1949 നവംബര്‍ 26നാണ് ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കപ്പെട്ടത് എങ്കിലും രണ്ടു മാസം കഴിഞ്ഞ് 1950 ജനുവരി 26നാണ് ഭരണഘടന നിലവില്‍ വന്നത്. 2015 ലാണ് നവംബര്‍ 26നെ ഭരണഘടനാ ദിവസമായി പ്രഖ്യാപിച്ചത്. രാജ്യത്തെ ജനങ്ങള്‍ക്ക് തുല്യ നീതിയും അധികാരവും ഉറപ്പു നല്‍കിയ ദിനത്തെ ‘സംവിധാന്‍ ദിവസ്’ എന്നു കൂടി അറിയപ്പെടുന്നുണ്ട്. ദേശീയ നിയമ ദിനം എന്നായിരുന്നു ഭരണഘടനാ ദിനത്തെ നേരത്തെ അറിയപ്പെട്ടിരുന്നത്. 1934ല്‍ ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ഭരണഘടന വേണം എന്ന് ആദ്യമായി പറഞ്ഞത് എം. എന്‍.റോയ് ആയിരുന്നു. 1945ലെ വേവല്‍ പ്ലാന്‍ അനുസരിച്ചാണ് ഇന്ത്യക്കാര്‍ക്ക് സ്വന്തം ഭരണഘടന തയ്യാറാക്കാനുള്ള നിര്‍ദ്ദേശം കൊണ്ടുവരുന്നത്.
1935ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഇക്കാര്യം മുന്നോട്ട് വെച്ചു. തുടര്‍ന്ന് 1940ല്‍ ഇന്ത്യയ്ക്ക് സ്വന്തം ഭരണഘടന എന്ന ആവശ്യം ശക്തമായതോടെ ബ്രിട്ടിഷുകാര്‍ ഇത് അംഗീകരിച്ചു. തുടര്‍ന്ന്, 1942ല്‍ സര്‍ സ്റ്റാഫോര്‍ഡ് ക്രിപ്‌സിനെ(ക്രിപ്‌സ് ദൗത്യം) ഇതേ കുറിച്ച് പഠിക്കാന്‍ ഇന്ത്യയിലേക്കയച്ചു. 1946ല്‍ ബ്രിട്ടിഷ് മന്ത്രിസഭ നിയോഗിച്ച കാബിനറ്റ് മിഷന്‍ എന്ന സമിതിയുടെ ശുപാര്‍ശ പ്രകാരം ഇന്ത്യയില്‍ ആദ്യമായി ഭരണഘടന നിര്‍മ്മാണ സഭ രൂപീകരിച്ചു. 1946 ഡിസംബര്‍ 9ന് ഡോ.സച്ചിദാനന്ദ സിന്‍ഹയുടെ നേതൃത്വത്തിലാണ് ഭരണഘടന അസംബ്ലി ആദ്യമായി ചേര്‍ന്നത്. യോഗത്തില്‍ രാജേന്ദ്ര പ്രസാദിനെ അധ്യക്ഷനായും എച്ച്.സി മുഖര്‍ജിയെ ഉപാധ്യക്ഷനായും തിരഞ്ഞെടുത്തു.
യോഗം വിജയം കണ്ടതോടെ 1947 ഓഗസ്റ്റ് 26ന് ഡോ.അംബേദ്കറുമായി ചേര്‍ന്ന് ഒരു കരട് സമിതി രൂപീകരിച്ചു. 1949 നവംബര്‍ 26ന് അംബേദ്കറുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. തുടര്‍ന്ന് 1950 ജനുവരി 26ന് ഇന്ത്യന്‍ ഭരണഘടന പ്രാബല്യത്തില്‍ വരികയും ചെയ്തു. ഇന്ത്യന്‍ ഭരണഘടന ജാതി,മത ഭേദമില്ലാതെ രാജ്യത്തെ ജനങ്ങള്‍ക്ക് തുല്യ നീതി ഉറപ്പാക്കുന്നു. പൗരന്റെ നീതി,സമത്വം, സ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കാനും ഇതിലൂടെ സാധിച്ചു. സാഹോദര്യത്തെ ഉയര്‍ത്തി പിടിക്കുന്ന നിലപാടാണ് ഭരണഘടന പിന്തുടരുന്നത്.
ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന ഉറപ്പുകള്‍
‘നമ്മള്‍,ഇന്ത്യയിലെ ജനങ്ങള്‍, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരന്മാര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്‌ക്കാരം, വിശ്വാസം,ഭക്തി, ആരാധന എന്നിവയിലുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങള്‍, അവസരങ്ങള്‍ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പു വരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളര്‍ത്തുന്നതിനും ദൃഢനിശ്ചയം ചെയ്തു കൊണ്ട് നമ്മുടെ ഭരണഘടനാ സഭയില്‍ വെച്ച് 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായിത്തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു” എന്നാണ് പറഞ്ഞിട്ടുള്ളത്.
ഇന്ത്യയിലെ പരമോന്നത നിയമമാണ് ഇന്ത്യയുടെ ഭരണഘടന (Cotnsitution of India). രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിര്‍വ്വചനം, ഗവണ്‍മെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങള്‍, നടപടിക്രമങ്ങള്‍, കര്‍ത്തവ്യങ്ങള്‍,പൗരന്റെ മൗലികാവകാശങ്ങള്‍, കടമകള്‍, രാഷ്ട്രഭരണത്തിനായുള്ള നിര്‍ദേശകതത്ത്വങ്ങള്‍ മുതലായവ ഭരണഘടന മുന്നോട്ടുവയ്ക്കുന്നു. പരമാധികാര രാഷ്ട്രങ്ങളിലെ ലിഖിത ഭരണഘടനകളില്‍ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന. 25 ഭാഗങ്ങളും 395 അനുഛേദങ്ങളും 12 പട്ടികകളുമാണ് ഇന്ത്യന്‍ ഭരണഘടനയ്ക്കുള്ളത്. (ശേഷം അനുഛേദങ്ങള്‍ കൂട്ടിച്ചേര്‍ത്തു കൊണ്ടിരിക്കുന്നുണ്ട്).
ഇന്ന് ചിന്തിക്കുമ്പോള്‍ എവിടെയൊക്കെയോ പിഴവുകള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതായും പൗരന്മാര്‍ക്ക് രാജ്യത്തിന്റെ നിയമ സംഹിതകളോട് വിശ്വാസക്കുറവ് അനുഭവപ്പെടുന്നതിന്റെയും ലാഞ്ചനകള്‍ തെളിഞ്ഞു വരുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. പൗരത്വ ബില്ലും, എന്‍.ആര്‍.സിയും, ഒടുവില്‍ ഒരു വര്‍ഷക്കാലത്തോളം നീണ്ട കര്‍ഷക സമരങ്ങളും സൂചിപ്പിക്കുന്നത് അതാണ്. എല്ലാ പൗരന്മാര്‍ക്കും ഭരണഘടന അനുശാസിക്കുന്ന നിയമം തുല്യ അളവില്‍ ലഭ്യമാകുമ്പോഴാണ് ഒരു ജനാധിപത്യം രാജ്യം അതിന്റെ ശിരസ്സുയര്‍ത്തി നില്‍ക്കാന്‍ സാധിക്കുന്നത്.
‘where the head is without fear, the head is held high ‘ എന്ന് രബീന്ദ്രനാഥ് ടാഗോര്‍ പാടിയതു പോലെ രാജ്യത്തെ ഓരോ പൗരനും ഭയലേശമില്ലാതെ ശിരസ്സുയര്‍ത്തി നില്‍ക്കാന്‍ കഴിയുന്ന സുപ്രഭാതങ്ങള്‍ അസ്തമിക്കാതിരിക്കാന്‍ ഒരുമിച്ചു നില്‍ക്കേണ്ടത് വളരെ അത്യാവശ്യമാണ്. 105 ദേദഗതികള്‍ ഭരണഘടന നിലവില്‍ വന്നതിന് ശേഷം നടത്തിയിട്ടുണ്ട്. കേശവാനന്ദ ഭാരതിയും കേരള സംസ്ഥാനവും എന്ന കേസില്‍ ഭരണഘടനയുടെ അടിസ്ഥാന തത്വഞ്ഞെ മാറ്റുന്ന തരത്തില്‍ ഭേദഗതികള്‍ പാടില്ലെന്ന് സൂപ്രീം കോടതി വിധിച്ചിരുന്നു. ഭരണഘടനയുടെ അനുഛേദം 368 അനുശാസിക്കുന്നതു പോലെ. 1951 ജൂണ്‍ 18 നാണ് ആദ്യ ഭേദഗതി നിലവില്‍ വന്നത്.
ഭൂപരിഷ്‌കരണ നിയമത്തിന് അംഗീകരവും ശക്തിയും പകരുന്നതിനും ഒന്‍പതാം പട്ടിക ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത് ആദ്യ ഭേദഗതിയിലൂടെയാണ്. 2021 വരെ 105 ഭേദഗതികളാണ് ഭരണഘടനയില്‍ ഇതുവരെ നടത്തിയിട്ടുള്ളത്. അനുഛേദം 342എ ഉള്‍പ്പെടുത്തി സംസ്ഥാനങ്ങള്‍ക്കും പിന്നോക്ക സംവരണ പട്ടിക ഉണ്ടാക്കാന്‍ അനുമതി നല്‍കുകയായിരുന്നു. 105 തവണ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ നിയമം ആയി മാറിയിട്ടുണ്ട്. മാറുന്ന കാലത്തിന് അനുസരിച്ച് ഭരണഘടനയില്‍ വേണ്ട മാറ്റം വരുത്തുവാന്‍ ഭരണഘടനാ ഇന്ത്യന്‍ പാര്‍ലമെന്റിന് അധികാരം നല്‍കുന്നു. ഭരണഘടനാ ഭേദഗതി നിലവില്‍ വരണം എങ്കില്‍ അതിന്റെ സ്വഭാവം അനുസരിച്ച് വേണ്ട ഭൂരിപക്ഷം മൂന്നു വിധത്തില്‍ തിരിച്ചിരിക്കുന്നു.
- പാര്‍ലമെന്റിലെ ഇരു സഭകളിലും കേവല ഭൂരിപക്ഷം: സഭയില്‍ സന്നിഹിതരായിട്ടുള്ളവരുടെ 50 ശതമാനത്തിലധികം ഭൂരിപക്ഷം. ഇന്ത്യന്‍ പൗരത്വം സംബന്ധിച്ച നിയമങ്ങള്‍, ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പേര് അതിര്‍ത്തി എന്നിവ സംബന്ധിച്ച ഒട്ടു മിക്ക നിയമങ്ങളും ഇതില്‍പ്പെടുന്നു.
- പാര്‍ലമെന്റിലെ ഇരു സഭകളിലും സവിശേഷ ഭൂരിപക്ഷം: സഭയിലെ ആകെ അംഗങ്ങളുടെ 50 ശതമാനത്തിലധികവും സന്നിഹിതരായിട്ടുള്ളവരുടെ മൂന്നില്‍ രണ്ടും ഭൂരിപക്ഷം. മൗലിക അവകാശങ്ങളും മറ്റും ഭേദഗതി ചെയ്യുന്നതിന് ഭരണഘടനയുടെ 368 വകുപ്പ് നിര്‍ദ്ദേശിക്കുന്ന സവിശേഷ ഭൂരിപക്ഷം ലോകസഭയിലും രാജ്യ സഭയിലും ആവശ്യമാണ്.
- പാര്‍ലമെന്റില്‍ സവിശേഷ ഭൂരിപക്ഷത്തിന് പുറമെ, സംസ്ഥാന നിയമസഭകളില്‍ പകുതിയെണ്ണത്തിന്റെ അംഗീകാരം: സുപ്രീംകോടതിയെയും ഹൈക്കോടതിയെയും സംബന്ധിക്കുന്ന വ്യവസ്ഥകളും,ഭരണഘടന ഭേദഗതി ചെയ്യാനുള്ള വ്യവസ്ഥകളും, കണ്‍കറന്റ് ലിസ്റ്റിലെ വകുപ്പുകള്‍ സംബന്ധിച്ച ഭേദഗതികളും നടപ്പില്‍ വരുന്നതിനു ഇരു സഭകളിലും സവിശേഷ ഭൂരിപക്ഷത്തിനു പുറമേ പകുതിയില്‍ അധികം സംസ്ഥാന നിയമസഭകളുടെ അംഗീകാരം കൂടി ആവശ്യമുണ്ട്.
പ്രസക്തമായ ഭരണഘടന ഭേദഗതികള്‍
ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് ഭരണഘടന ഭേദഗതി എന്ന ആശയം ഇന്ത്യ കടമെടുക്കുന്നത്.
1976ലെ 42-ാം ഭേദഗതി: 1976 നവംബര്‍ 2 ന് അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിയാണ് 42-ാം ഭേദഗതി കൊണ്ടുവന്ന് പാര്‍ലമെന്റ് ഈ നിയമം പാസ്സാക്കുന്നത്. The Constitution 42nd Amend ment Act എന്നാണ് നിയമത്തിന്റെ മുഴുവന്‍ പേര്. ഭരണഘടനയുടെ ആമുഖത്തില്‍ മതേതരം, അഖണ്ഡത,സമത്വം എന്നിവ കൂട്ടിച്ചേര്‍ക്കാന്‍ സ്വരണ്‍ സിംഗ് കമ്മിറ്റിയാണ് ശുപാര്‍ശ ചെയ്തത്. 42-ാം ഭേദഗതി ഭരണഘടനയുടെ മിനി കോണ്‍സ്റ്റിറ്റിയൂഷന്‍(ചെറു ഭരണഘടന) എന്നും അറിയപ്പെടുന്നു. ജനതാ പാര്‍ട്ടി സര്‍ക്കാര്‍ 1977ല്‍ അധികാരത്തില്‍ വന്നപ്പോള്‍ 43-ാം ഭേദഗതിയിലൂടെയും 1978ലെ 44-ാം ഭേദഗതിയിലൂടെയും പൂര്‍വ്വസ്ഥിതി ഒരു പരിധി വരെ തിരിച്ചു കൊണ്ടുവന്നു. എക്‌സിക്യൂട്ടീവിന് സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാനുള്ള വഴിയൊരുക്കിക്കൊണ്ടുള്ള ചില വ്യവസ്ഥകള്‍ ആദ്യം നീക്കം ചെയ്യപ്പെട്ടു. കാബിനറ്റ് രേഖാമൂലം ആവശ്യപ്പെട്ടാലേ പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാവൂ എന്ന വ്യവസ്ഥയും കൊണ്ടുവന്നു. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുന്നതിന് പ്രധാനമന്ത്രിയെ ശിക്ഷിക്കുന്നതിനെതിരായ ചട്ടങ്ങളും നീക്കം ചെയ്യുകയുണ്ടായി. സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. ആര്‍ട്ടിക്കിള്‍ 352 അനുസരിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കാരണങ്ങളിലൊന്നായിരുന്ന ‘സായുധവിപ്ലവം’ എന്ന വാക്ക് കൂട്ടിച്ചേര്‍ത്തു. കാബിനറ്റ് എന്ന പദം ആര്‍ട്ടിക്കിള്‍ 352ല്‍ കൂട്ടിച്ചേര്‍ത്തു. അടിയന്തരാവസ്ഥ സമയത്ത് ആര്‍ട്ടിക്കിള്‍ 20, 21 എന്നിവ റദ്ദു ചെയ്യാന്‍ കഴിയില്ല എന്ന് വ്യവസ്ഥ ചെയ്തു. ജനത ഗവണ്‍മെന്റിന്റെ കാലത്താണ് 44-ാം ഭേദഗതി പാസ്സാക്കിയത്.
1985ലെ 52-ാം ഭേദഗതി: കൂറുമാറ്റ നിരോധന നിയമം (Anti Defection Law) എന്നാണറിയപ്പെടുന്നത്. പത്താം പട്ടികയില്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റ്, സംസ്ഥാന നിയമസഭാ അംഗങ്ങള്‍ എന്നിവരുടെ അയോഗ്യതയെക്കുറിച്ച് പ്രതിപാദിക്കുന്നു.
1992ലെ 73-ാം ഭേദഗതി: പഞ്ചായത്ത് രൂപീകരണം, ഭരണ സംവിധാനം, അധികാരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഭേദഗതിയാണിത്. പഞ്ചായത്തീരാജ് ആക്ട് (നിയമം) എന്നറിയപ്പെടുന്നു. പഞ്ചായത്തീരാജിന് ഭരണഘടന സാധുത നല്‍കി. പഞ്ചായത്തീരാജ് പതിനൊന്നാം പട്ടിക ഭരണഘടനയുടെ ഭാഗം 1തല്‍ കൂട്ടിച്ചേര്‍ത്തു.
1992ലെ 74-ാം ഭേദഗതി: നഗരപാലികാ നിയമം, മുനിസിപ്പാലിറ്റി നിയമം എന്നിങ്ങനെ അറിയപ്പെടുന്നു. ഭാഗം1ത അ4 ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തു.(ആര്‍ട്ടിക്കിള്‍ 243 P മുതല്‍ 243 ZGവരെ).12 ാം പട്ടിക ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തു.
2002 ലെ 86-ാം ഭേദഗതി: പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റി ആര്‍ട്ടിക്കിള്‍ 21എ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തു. 6 വയസ്സ് മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കേണ്ടത് സ്റ്റേറ്റിന്റെ കടമയും കുട്ടികളുടെ മൗലികാവകാശവുമായി.
ആര്‍ട്ടിക്കിള്‍ 45 ല്‍ ഭേദഗതി വരുത്തി. ആര്‍ട്ടിക്കിള്‍ 51എ യില്‍ ഭേദഗതി വരുത്തി പതിനൊന്നാമതായി ഒരു മൗലിക കടമ കൂടി കൂട്ടിച്ചേര്‍ത്തു. ഇതനുസരിച്ച് 6നും 14നും ഇടയിലുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവസരമൊരുക്കിക്കൊടുക്കേണ്ടത് ഓരോ രക്ഷിതാവിന്റെയും കടമയായി മാറി.
2003ലെ 91-ാം ദേദഗതി: കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മന്ത്രിമാരുടെ എണ്ണം അധോസഭയുടെ പതിനഞ്ച് ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന് വ്യവസ്ഥ ചെയ്തു. എന്നാല്‍ സംസ്ഥാനങ്ങളുടെ കാര്യത്തില്‍ മന്ത്രിമാരുടെ എണ്ണം 12ല്‍ കുറയാനും പാടില്ല. കൂറുമാറ്റ നിരോധന നിയമം വഴി അയോഗ്യനാക്കപ്പെടുന്ന ഒരു എം.പിയെയോ,എം.എല്‍.എയെയോ അയോഗ്യതയുടെ കാലാവധി അവസാനിക്കുന്നതുവരെ മന്ത്രിയായി നിയമിക്കാന്‍ പാടില്ലെന്നും വ്യവസ്ഥ ചെയ്തു.
കേരളാ നിയമഭയില്‍ നാളെ
ഇന്ത്യന്‍ ഭരണഘടനയുടെ 75-ാം വാര്‍ഷികം സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ 10.00 മണിക്ക് നിയമസഭാ സമുച്ചയത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ പദയാത്രയായി എത്തുന്ന പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കുകയും നിയമസഭാ ജീവനക്കാര്‍ ഉള്‍പ്പെടെ പങ്കെടുത്തുകൊണ്ട് നിയമസഭാ സമുച്ചയത്തിലെ ദേശീയ നേതാക്കളുടെ പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്തുകയും ബഹു. നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഭരണഘടനയുടെ ആമുഖം ചൊല്ലികൊടുക്കുകയും ചെയ്യുന്നു. ഭരണഘടനാ ദിനത്തോടനബന്ധിച്ച് നവംബര്‍ 26 മുതല്‍ 28 വരെ നിയമസഭാ ലൈബ്രറിയില്‍ വച്ചു നടത്തുന്ന പുസ്തക പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10.30ന് ബഹു. സ്പീക്കര്‍ നിര്‍വഹിക്കുന്നതാണ്.
മന്ത്രി സജി ചെറിയാന്റെ ഭണഘടനാ വിരുദ്ധ പ്രസംഗം ?
മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കാന്‍ കൊടുത്തൊരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഫലമായി, രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല, ഈ രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടന ഇന്ത്യയെ ഏല്‍പ്പിച്ചു. അപ്പോള്‍ എക്സ്പ്ലോയിറ്റേഷന്റെ ചൂഷണത്തെ ഏറ്റവും കൂടുതല്‍ അംഗീകരിച്ചിട്ടുള്ള ഒരു ഭരണഘടനയാണ് ഇന്ത്യയില്‍. കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം.
CONTENT HIGHLIGHTS; Will Minister Saji Cherian understand that the Indian Constitution is ‘not a spear and a wheel’?: 75th anniversary of Constitution tomorrow; What is the Constitution of India?; Don’t you know?