Explainers

കഥയില്ലാ കഥയാകുന്ന ‘ആത്മകഥ’: ആശയ വിനിമയത്തെ ‘കരാര്‍’ ആക്കിയ ഡി.സി; നടപടി ക്രമം പാലിക്കാത്ത പ്രസാധകന്റെ ഗൂഢാലോചന തകര്‍ത്തത് ഇപി ജയരാജന്റെ കരിയറോ ?

എന്തൊക്കെയോ പ്രതീക്ഷിച്ച് സ്വപ്‌നക്കൊട്ടാരം പണിത് കാത്തിരുന്നവര്‍ക്ക് ഇനി ഓരോ കട്ടന്‍ ചായയും, ഒപ്പം രണ്ടു പരിപ്പു വടയും കഴിച്ച് സമാധാനിക്കാം. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന് തല്‍ക്കാലം ഒന്നും സംഭവിക്കില്ല. അദ്ദേഹത്തിന്റെ ആത്മകഥയെന്ന രീതിയില്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘കട്ടന്‍ചായയും പരിപ്പു വടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ ഇപ്പോള്‍ കഥയില്ലാ കഥയായി മാറിയിരിക്കുകയാണ്. ഇനി ആ കേസിന്റെ ഭാവി എന്താണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വി ഇ.പിയുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ പറ്റാത്ത വിധം ഭൂരിപക്ഷം പിടിച്ച രാഹുല്‍ മാങ്കൂട്ടമാണ് അക്ഷരാര്‍ത്ഥത്തില്‍ ഇപിയെ രക്ഷിച്ചതെന്നു പറയാം.

രാഹുല്‍ ചെറിയ മാര്‍ജിന് വിജയിക്കുകയോ, ബി.ജെ.പി സ്ഥാനാര്‍ത്ഥി വിജയിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ ഡി.സി പ്രസിദ്ധീകരിച്ച ഇ.പിയുടെ വ്യാജ ആത്മകഥയോടൊപ്പം ഇ.പി ജയരാജന്റെയും കഥ കഴിച്ചേനെ. അത്രയ്ക്കും പ്രതിരോധത്തിലേക്ക് എടുത്തെറിയപ്പെട്ടതായിരുന്നു ഡി.സിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതേ തുടര്‍ന്നാണ് ഇ.പിക്കു വേണ്ടി പാലക്കാട് ഒരു പൊതു സമ്മേളനം വെച്ചതും, പി. സരിനെ കുറിച്ച് തേനും പാലും ഒഴുക്കി ഇ.പി ജയരാജന്‍ പ്രസംഗിച്ചതും. പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി നടക്കുന്ന സമ്മേളനങ്ങളില്‍ വ്യാപകമായി ഇപി ജയരാജനെതിരേ വിമര്‍ശനങ്ങള്‍ ഉയരുന്നുമുണ്ട്.

എന്നാല്‍, ആത്മകഥയുടെ പേരില്‍ നടന്ന വിരട്ടലിന്റെ വേരറുക്കാന്‍ ഇ.പി നല്‍കിയ പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറിയതോടെയാണ് ഇ.പിയുടെ ശ്വാസം നേരെ വീണത്. ഇ.പി ജയരാജന്റെയും, രവി ഡി.സിയുടെയും മൊഴി വിശദമായി പോലീസ് എടുത്തുകഴിഞ്ഞു. കോട്ടയം ഡിവൈഎസ്പി കെജി അനീഷ് ആണ് മൊഴിയെടുത്തത്. ആദ്യം ഇപി ജയരാജന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രവി ഡി.സിയുടെയും. ജയരാജനുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്നും കേവലം ആശയവിനിമയം മാത്രമാണ് നടന്നതെന്നും ഡി.സി. ബുക്‌സ് ഉടമ പോലീസിന് മൊഴി നല്‍കിയിരിക്കുകയാണ്.

രണ്ടു മണിക്കൂര്‍ നീണ്ടു മൊഴിയെടുപ്പില്‍ രവി ഡിസി പറഞ്ഞിരിക്കുന്നത്, ഇപിയുടെ വാദങ്ങളെ ശരിവയ്ക്കുന്ന കാര്യങ്ങളാണ്. കട്ടന്‍ചായയും പരിപ്പുവടയും, ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന പേരില്‍ പുറത്തു വന്ന 178 പേജുളള പി.ഡി.എഫ് സംബന്ധിച്ച് അറിയില്ലെന്നായിരുന്നു മൊഴി. ഇത് എങ്ങനെ പുറത്തുവന്നു എന്നും വിവരമില്ല. പുസ്തക പ്രകാശനം സംബന്ധിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിലും വിശദീകരണം നല്‍കിയില്ല. ചേലക്കര ഉപതിരഞ്ഞെടുപ്പ് പോളിംഗ് ദിവസമാണ് ഇ.പി. ജയരാജന്റെ ആത്മകഥ എന്ന പേരിലുള്ള പുസ്തകത്തിലെ ഭാഗങ്ങള്‍ പുറത്തെത്തിയത്. സി.പി.എം നേതാക്കള്‍ക്കും പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി പി. സരിനുമെതിരെ കടുത്ത പ്രയോഗങ്ങളാണ് ഇതില്‍ ഉണ്ടായിരുന്നത്.

എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ പ്രയാസം പാര്‍ട്ടി മനസ്സിലാക്കിയില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. പുറത്തുവന്ന ആത്മകഥയിലെ ഭാഗങ്ങള്‍ തന്റേതല്ലെന്നായിരുന്നു എന്നാണ് ജയരാജന്‍ പ്രതികരിച്ചത്. ഇതിനു പിന്നാലെ ഡി.ജി.പിക്ക് പരാതിയും നല്‍കി. ഇതിലെ അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ് നടത്തിയത്. ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ഇപിയും ഡിസി ബുക്സും തമ്മില്‍ കരാറുണ്ടോയെന്ന കാര്യമാണ് പ്രധാനമായും പോലീസ് പരിശോധിച്ചത്. വാക്കാല്‍ കരാര്‍ ഉണ്ടെന്നാണ് രവി ഡിസി മൊഴി നല്‍കിയത്.

പുസ്തകം വരുന്നു എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റും പേജുകളുടെ പിഡിഎഫും എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ലെന്നാണ് രവി അന്വേഷണ സംഘത്തോടു പറഞ്ഞത്. അതേസമയം പബ്ലിക്കേഷന്‍ വിഭാഗം മേധാവിയെ ഡിസി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പുറത്തുവന്ന പുസ്തകത്തിലെ ഉള്ളടക്കം അപ്പാടെ ഇപി തള്ളിയിരുന്നു. എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥ ആരെയും പ്രസിദ്ധീകരിക്കാന്‍ ഏല്‍പിച്ചിട്ടില്ലെന്നായിരുന്നു ഇപി പറഞ്ഞത്. ഡിസിയുമായി കരാറില്ലെന്നും വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി പക്ഷെ വിവാദത്തില്‍ തൂങ്ങി നില്‍ക്കുന്നുണ്ട്. പാര്‍ട്ടിയുമായി സമീപകാലത്തെ ഇ.പിയുടെ ഇടഞ്ഞു നില്‍ക്കലാണ് പ്രശ്‌നം.

 

പാര്‍ട്ടി തലത്തിലെ അന്വേഷണം ഉപതിരഞ്ഞെടുപ്പിന് ശേഷം ആരംഭിക്കാനാണ് നീക്കം. ഈ അന്വേഷണം ചെന്നെത്തുന്നത്, ഇപി പാര്‍ട്ടി വുരദ്ധനാണെന്നതിലായിരിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. കാരണം, ഡി.സി പ്രസിദ്ധീകരിച്ച ഇ.പിയുടെ ആത്മകഥയുടെ സാരംശത്തെക്കാള്‍ വലുതായിരിക്കുമോ ഇ.പിയുടെ ഒറിജിനല്‍ ആത്മകഥ എന്നതാണ് സംശയം. എന്തായാലും ആത്മകഥയ്ക്കു വേണ്ടി കാത്തിരിക്കാം. അതേസമയം, ആത്മകഥാ വിവാദത്തില്‍ ഇപി ജയരാജന്റെ പുതിയ പ്രതികരണം വന്നിട്ടുണ്ട്. സാധാരണ പ്രസാധകന്‍മാര്‍ പാലിക്കേണ്ട ഒരുപാട് നടപടിക്രമങ്ങളുണ്ട്.

ഇതിലൊരു നടപടിയും ഡിസി ബുക്‌സ് സ്വീകരിച്ചിട്ടില്ല. പുസ്തകത്തിന്റെ പ്രകാശനം ഡിസിയുടെ ഫേസ്ബുക്കില്‍ വന്നത് ഞാനറിയാതെയാണ്. ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ഇപി ജയരാജന്‍ പറയുന്നു. ഇത് ബോധപൂര്‍വ്വമായ നടപടിയാണ്. പി.ഡി.എഫ് ഫോര്‍മാറ്റിലാണ് വാട്‌സ്ആപ്പിലുള്‍പ്പെടെ അവര്‍ നല്‍കിയത്. സാധാരണ രീതിയില്‍ പ്രസാധകര്‍ ചെയ്യാന്‍ പാടില്ലാത്തതാണ് അത്. തികച്ചും ആസൂത്രിതമാണിത്. തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ രാവിലെ തന്നെയാണ് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത്. ആദ്യമായി വാര്‍ത്ത വരുന്നത് ടൈംസ് ഓഫ് ഇന്ത്യയിലാണ്. ടൈംസ് ഓഫ് ഇന്ത്യയില്‍ സാധാരണ ഗതിയില്‍ ഇത്തരമൊരു വാര്‍ത്ത ലളിതമായി വരുമോ. അതില്‍ ആസൂത്രണമുണ്ട്.

 

ഇവര്‍ എന്ത് അടിസ്ഥാനത്തിലാണ് വാര്‍ത്ത നല്‍കിയത്. ഒരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്ത പ്രചരിപ്പിച്ചുവെന്നും ഇപി ജയരാജന്‍ ആരോപിക്കുന്നു. അതേസമയം, ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചേക്കും. കോട്ടയം ജില്ലാ പൊലീസ് മേധാവി ഡിജിപിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി. പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഡിസിയും ഇപിയും തമ്മില്‍ കരാറില്ലെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഗൗരവതരമെന്നാണ് സര്‍ക്കാര്‍ നിലപാട്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ പുസ്തക വിവാദത്തിനു പിന്നില്‍ ഗൂഢലോചനയുണ്ടെന്ന വാദം നിരത്തി സിപിഎമ്മും പ്രതിരോധം തീര്‍ക്കും.

പുസ്തക വിവാദം ഉപതെരഞ്ഞെടുപ്പിലും തിരിച്ചടിയായെന്ന് സിപിഎമ്മും ഇടത് മുന്നണിയും വിലയിരുത്തുന്നു. തുടരന്വേഷണം പ്രതിച്ഛായ വീണ്ടെടുക്കാന്‍ സഹായകരമാകുമെന്നുമാണ് നേതൃത്വം കരുതുന്നത്. പക്ഷെ, ഇ.പി ഇപ്പോഴും എഴുതി തീര്‍ക്കാത്ത ആത്മകഥ അണിയറയില്‍ ഉണ്ടെന്നത് പാര്‍ട്ടിയെ പൊള്ളിക്കുന്നുണ്ട്. അത് പുറത്തു വരുന്നതു വരെ നേതൃത്വത്തിന് തലവേദന തന്നെയാണ്. അതുവരെ ഇ.പിയുടെ കടുത്ത പ്രതിരോധം തീര്‍ക്കുമെന്നുറപ്പാണ്.

CONTENT HIGHLIGHTS; The ‘autobiography’ that becomes a story without a story: D.C. made communication a ‘contract’; EP Jayarajan’s career was ruined by the conspiracy of the publisher who did not follow the procedure?

Latest News