നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും കഴിഞ്ഞു വിജയികളെയും കണ്ടെത്തി, ഇനി സത്യപ്രതിജ്ഞയും തുടര്‍ പ്രവര്‍ത്തനങ്ങളും എങ്ങനെയാണ് എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. ചേലക്കരക്കാരന്‍ യു.ആര്‍. പ്രദീപ് മന്ത്രിയാകുമോ എന്നും രാഹുല്‍ മാങ്കൂട്ടം നിയമസഭയ്ക്കുള്ളില്‍ പാലക്കാടന്‍ കാറ്റാകുമോ എന്നുമാണ് അറിയേണ്ടത്. അടുത്ത മാസം നാലിനാണ് ഇരുവരുടെയും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. ഉച്ചക്ക് 12.00 മണിക്ക് നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ വെച്ചാണ് സത്യപ്രതിജ്ഞ നടക്കുക. ഇരുവരും ഇടതു-വലതു പാര്‍ട്ടികള്‍ക്ക് അവശ്യ ഘടകങ്ങള്‍ തന്നെയാണ്.
അതുകൊണ്ട് ഇരുവരുടെയും നിയമസഭയിലെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെടും. യു.ആര്‍. പ്രദീപ് ഇത് രണ്ടാം തവണയാണ് നിയമസഭയില്‍ എത്തുന്നത്. എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തിന്റെ കന്നി വരവാണ്. യു.ആര്‍. പ്രദീപിന്റെ രണ്ടാം വരവ് ഒരു മന്ത്രിക്കസേരയുടെ ഏകദേശം അടുത്തു കൂടെയാണെന്നു പറയാം. കാരണം, ചേലക്കരയിലെ മുന്‍ഗാമിയായിരുന്ന കെ. രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞാണ് ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങിയത്. അപ്പോള്‍ ചേലക്കരക്കാര്‍ക്ക് നഷ്ടപ്പെട്ടത് കേരളത്തിലെ മന്ത്രിസ്ഥാനവും. യു.ആര്‍. പ്രദീപിലൂടെ ആ മന്ത്രിസ്ഥാനം തിരിച്ചു പിടിക്കാമെന്ന് ചേലക്കരക്കാര്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല.
പക്ഷെ, മുഖ്യമന്ത്രിയുടെ തീരുമാനമാണ് അന്തിമം. അദ്ദേഹം പ്രദീപിനെ പരിഗണിക്കാതിരുന്നാല്‍ ചേലക്കരക്കാര്‍ എങ്ങനെ പ്രതികരിക്കുമെന്ന് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പു വരെ കാത്തിരിക്കേണ്ടി വരും. എന്നാല്‍, ഇപ്പോള്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ചേലക്കരയാണ് എല്‍.ഡി.എഫിന്റെ മാനം കാത്തത്. അതുകൊണ്ടും, മുന്‍ മന്ത്രിയുടെ മണ്ഡലവുമായതു കൊണ്ട് പ്രദീപിനെ പരിഗണിക്കാതിരിക്കാനാവില്ലെന്നാണ് സൂചന. അപ്പോഴും ഒരു പ്രശ്‌നമുണ്ട്. പ്രദീപിന് ഏത് വകുപ്പാണ് നല്‍കുക എന്ന്. ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎം മറുപടി പറയേണ്ടി വന്ന ആക്ഷേപമായിരുന്നു കെ രാധാകൃഷ്ണനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റി എം.പിയാക്കി ഡല്‍ഹിയിലേക്ക് അയച്ചതിനെ സംബന്ധിച്ച്.
കേരളത്തില്‍ ഒരു ദളിത് മുഖ്യമന്ത്രിയുടെ സാധ്യതയില്ലാതാക്കാനാണ് കെ. രാധാകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ലമെന്റിലേക്ക് വിട്ടതെന്ന് മാത്യു കുഴല്‍നാടന്‍ അടക്കമുള്ള എം.എല്‍.എമാര്‍ ആരോപണം ഉന്നയിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇനിയൊരു മന്ത്രിസഭാ പുനഃസംഘടയുണ്ടായാല്‍ അതിലേക്ക് പരിഗണിക്കേണ്ടുന്നവരുടെ ലിസ്റ്റില്‍ യു.ആര്‍ പ്രദീപും ഇടംപിടിക്കും എന്നുറപ്പാണ്. പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് ഒരാള്‍ പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഇല്ലെന്ന് പ്രതിപക്ഷം ചേലക്കര തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ ആരോപിച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. ഈ ആക്ഷേപം മറികടക്കാനാണ് പ്രദീപിനെ മന്ത്രിസഭയില്‍ എടുക്കാന്‍ ആലോചിക്കുന്നത്. കെ. രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനത്ത് നിന്ന് രാജി വച്ചതോടെയാണ് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള മന്ത്രിയില്ലാതായത്.
പകരം മന്ത്രിയായ ഒ. ആര്‍. കേളു പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നായിരുന്നു. എം.എല്‍.എമാരായ പി.വി. ശ്രീനിജന്‍, സച്ചിന്‍ ദേവ് എന്നിവരും ഇത്തരം പരിഗണനക്ക് അര്‍ഹരാണെങ്കിലും ചേലക്കരയില്‍ കഠിനമായ പോരാട്ടം നടത്തി സിപിഎമ്മിന്റെ മുഖം രക്ഷിച്ച പ്രദീപിനായിരിക്കും മന്ത്രികസേരയില്‍ മുന്‍ഗണന എന്നാണ് ലഭിക്കുന്ന സൂചന. ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ തുടരന്വേഷണം നടത്താന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടതോടെ സജി ചെറിയാന്‍ മന്ത്രിസഭയില്‍ നിന്ന് മാറി നില്‍ക്കണമെന്ന ആവശ്യം ശക്തമാണ്. സമ്മര്‍ദ്ദം രാജിയിലേക്ക് വഴിവെക്കുകയാണെങ്കില്‍ മന്ത്രിസഭ പുനഃസംഘടന ഉണ്ടായേക്കും. വര്‍ഷങ്ങളായി കൂടെ നില്‍ക്കുന്ന കോവൂര്‍ കുഞ്ഞുമോനെ മന്ത്രിസഭയില്‍ എടുക്കണമെന്ന ആവശ്യവുമുണ്ട്. എന്‍.സി.പിയിലും മന്ത്രിസ്ഥാനത്തിനായി അടി രൂക്ഷമായിട്ടുണ്ട്.
സിപിഎം മന്ത്രിമാരുടെ വകുപ്പുകള്‍ പരസ്പരം മാറ്റി മന്ത്രി സഭക്ക് പുതിയ മുഖം നല്‍കാനും സാധ്യതയുണ്ട്. കെ.എന്‍. ബാലഗോപാല്‍ ധനകാര്യ വകുപ്പ് മന്ത്രിയായി തുടരും. ഷംസീര്‍ മന്ത്രിസഭയില്‍ എത്തിയാല്‍ വീണ ജോര്‍ജ് ആകും പുതിയ സ്പീക്കര്‍. പതിനൊന്നാം മാസം തദ്ദേശ തെരഞ്ഞെടുപ്പും പതിനാറാം മാസം നിയമസഭ തെരഞ്ഞെടുപ്പും നടക്കുമ്പോള്‍ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ മന്ത്രിസഭ പുനസംഘടനക്ക് കഴിയുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. എന്നാല്‍, യു.ആര്‍. പ്രദീപിനെ മന്ത്രിയാക്കിയില്ലെങ്കില്‍ ചേലക്കരയുടെ മനസ്സ് മാറിയേക്കുമെന്നാണ് ലഭിക്കുന്ന സൂചന. കെ. രാധാകൃഷ്ണനെ മാറ്റിയെങ്കില്‍ പ്രദീപിനെ തല്‍സ്ഥാനത്ത് ഇരുത്തണമെന്നാണ് ചേലക്കരക്കാരുടെ ആവശ്യം.
ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലാണ് പട്ടിക വര്‍ഗത്തില്‍ നിന്നും പട്ടിക ജാതി വിഭാഗത്തില്‍ നിന്നും ഒരേ സമയം മന്ത്രിമാര്‍ ഉണ്ടായത്. പി.കെ ജയലക്ഷ്മിയും എ.പി അനില്‍കുമാറും ആയിരുന്നു മന്ത്രിമാര്‍. പട്ടിക ജാതി വകുപ്പ് ഏറ്റെടുത്ത എക മുഖ്യമന്ത്രി കെ. കരുണാകരന്‍ ആയിരുന്നു. ഒരുവേള കെ. രാധാകൃഷ്ണനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യം 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ശക്തമായി കേട്ടിരുന്നു. കെ.കെ. ശൈലജയുടെ പേരും ഇതേ രീതിയില്‍ ഉയര്‍ന്നു വന്നു. എന്നാല്‍, പിണറായി വിജയന്‍ പാര്‍ട്ടിയിലും മന്ത്രിസഭയിലും പിടിമുറുക്കിയതോടെ അതെല്ലാം വെറും വാക്കുകളായി മാറി.
കെ.കെ. ശൈലജയെയും കെ. രാധാകൃഷ്ണനെയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇറക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ കെ.കെ. ശൈലജ വടകരയില്‍ തോറ്റു. കെ. രാധാകൃഷ്ണന്‍ ജയിക്കുകയും ചെയ്തു. ഇതോടെ കെ. രാധാകൃഷ്ണന്റെ പ്രവര്‍ത്തി മണ്ഡലം ഡെല്‍ഹിയിലേക്കു മാറി. ശൈലജ ഇപ്പോഴും പിണറായി വിജയന് ഭീഷണിയായി നിയമസഭയിലുണ്ട്. മൂന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ എന്ന സങ്കല്പം നടപ്പാക്കാനുള്ള നീക്കത്തിന് കെ.കെ. ശൈലജയും ഒരു തടസ്സമായേക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.
ഷാഫി പറമ്പില്‍ നിയമസഭയിലെ പ്രതിപക്ഷത്തിന്റെ ശബ്ദമായിരുന്നു. വിഷയങ്ങള്‍ പഠിക്കുകയും കൃത്യമായും വ്യക്തമായും അവതരിപ്പിക്കുകയും ചെയ്യുന്ന അപൂര്‍വ്വം നിയമസഭാ സാമാജികരില്‍ ഒരാള്‍. ഷാഫി പോകുമ്പോള്‍, പകരം വെയ്ക്കാന്‍ ആരാണെന്നതിന് ഉത്തരമായാണ് കന്നിക്കാരനായ രാഹുല്‍ മാങ്കൂട്ടം നിയമസഭയില്‍ എത്തുന്നത്. നിയമസഭയ്ക്കുള്ളില്‍ സ്പീക്കറിന് അഭിമുഖമായി ഭരണപക്ഷത്തെ നോക്കി സംസാരിച്ചിട്ടില്ല എന്ന കുറവേ രാഹുല്‍ മാങ്കൂട്ടത്തിനുള്ളൂ. പുറത്ത് യൂത്തു കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നാവായിരുന്നു രാഹുല്‍.
ഇനി പാലക്കാട്ടെ ജനങ്ങളുടെ പ്രതിനിധിയെന്ന നിലയിലും, കേരളത്തിലെ കോണ്‍ഗ്രസിന്റെ പേരിലും, പ്രതിപക്ഷ പാര്‍ട്ടിയുടെ ആക്രമണ നിരയിലെ മുന്നണി പോരാളി എന്ന നിലയിലും രാഹുല്‍ കസറും. വരുന്ന നിയമസഭാ സമ്മേളന കാലയളവില്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചര്‍ച്ചകള്‍ക്കു തുടക്കമാകും. രാഹുലിന്റെ വരവ് പ്രതിപക്ഷത്തിന് കൂടുതല്‍ കരുത്തേകുമെന്നുറപ്പാണ്.
CONTENT HIGHLIGHTS; Will Chelakkara become a minister?: U.R. Pradev’s and Rahul Mangkoot’s oath-taking on 4th; Will Palakkad wind up in the assembly Rahul?