കണക്കുകളും കാര്യങ്ങളും കൈവിട്ടു പോയാല്‍ KSEB കേരളത്തോടു പറയാന്‍ പോകുന്നത്, വെളിച്ചം ദുഖമാണുണ്ണീ തമസല്ലോ സുഖപ്രദമെന്നായിരിക്കും. അത്രമേല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് KSEB എന്ന് ചെയര്‍മാന്‍ ബിജു പ്രഭാകര്‍ വ്യക്തമാക്കുമ്പോള്‍ ജനങ്ങള്‍ മൂക്കത്തു വില്‍വെയ്ക്കുകയാണ്. ആരാണ് ഇതിനു കാരണക്കാര്‍. ജനങ്ങളോ ?. അതോ സര്‍ക്കാരോ ?. അതോ KSEB തന്നെയോ ?. നിലവില്‍ നഷ്ടക്കണക്കുകള്‍ മാത്രം നിരത്തി ഓടുന്ന KSRTC ബസില്‍ സീറ്റു പിടിച്ച് ഓടിക്കൊണ്ടിരിക്കുകയാണ് KSEB എന്ന് സാരം.
വൈദ്യുതി ബില്ലില്‍ വര്‍ധന വരുത്തിയും, ലോഡ് ഷെഡ്ഡിംഗും പവര്‍കട്ടും നടത്തിയിട്ടും KSEB രക്ഷപ്പെടുന്നില്ല. ഈ നടപടികളെല്ലാം ജനങ്ങളുടെ നെഞ്ചത്തേക്കാണ് കിട്ടുന്നതും. പുറത്തു നിന്നും വൈദ്യുതി വാങ്ങിയിട്ടും പരിഹാരം കാണാനാകുന്നില്ല. വൈദ്യുതി മോഷ്ടാക്കളെ കൈയ്യോടെ പിടിച്ച് പിഴ ഈടാക്കുന്ന നടപടികളും പുരോഗമിക്കുന്നുണ്ടെന്നാണ് അറിയുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ പണം കൃത്യമായി കിട്ടുന്നുണ്ടോ എന്നത് KSEBയാണ് വെളിപ്പെടുത്തേണ്ടത്. അങ്ങനെ വന്‍കിടക്കാര്‍ നല്‍കാനുള്ള തുക എത്രയെന്ന് ഈ വാലറ്റം വങ്കിലടഞ്ഞ നേരത്തെങ്കിലും പരിശോധിച്ച് നടപടിയിലേക്കു പോകുമായിരിക്കുമെന്ന് വിശ്വസിക്കാം.
കടം വാങ്ങി ശമ്പളം നല്‍കുന്ന KSEBയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പറയുമ്പോള്‍ ഓര്‍ക്കാതെ പോകാനാകാത്ത ഒരു കാര്യമുണ്ട്. KSRTCയുടെ മുന്‍ എം.ഡി. ആയിരുന്നു ബിജു പ്രഭാകര്‍. അന്ന് അദ്ദേഹം KSRTCയില്‍ വരുത്തിയ പരിഷ്‌ക്കാരങ്ങളില്‍ ഒന്നാണ് സ്വിഫ്റ്റ് എന്ന പുതിയ കമ്പനി. അതിന്റെ അവസ്ഥ എന്താണെന്ന് ഇന്ന് ആര്‍ക്കും പ്രവചിക്കാന്‍ പോലുമാവില്ല. തുടങ്ങിയത് എന്തിനായിരുന്നുവെന്ന് അറിയുന്നവര്‍ ഇന്ന് KSRTCയില്‍ ഇല്ലതാനും. എന്നാല്‍, ഇപ്പോഴും KSRTCയുടെ ശ്വാസം നിലയ്ക്കുമാറ് മരണാസന്ന രൂക്ഷതയ്ക്ക് കുറവുമില്ല.
KSEB യുടെ ഇപ്പോഴത്തെ അവസ്ഥ ?
ദൈനംദിന ചെലവുകള്‍ക്ക് എല്ലാമാസവും 400 കോടി രൂപയാണ് KSEBക്ക് ആവശ്യം. ഇത് വലിയ പലിശ നല്‍കി ഓവര്‍ ഡ്രാഫ്റ്റ് എടുത്താണ് പരിഹരിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍, KSEBയുടെ മാസ വരുമാനം ശരാശരി 150 കോടി മാത്രമാണ്. ഈ തുക കൊണ്ട് എന്തു ചെയ്യാനാകുമെന്നതാണ് വലിയ പ്രതിസന്ധി. KSEBയെ കുറിച്ച് പൊതുവേ കേള്‍ക്കുന്നൊരു അപവാദമുണ്ട്. വകുപ്പിലെ ഉയര്‍ന്ന ജീവനക്കാരന്‍ തൊട്ട് ലൈന്‍മാനു വരെ കിട്ടുന്നത് വലിയ ശമ്പളമാണെന്ന്. ആനുകൂല്യങ്ങളും, ശമ്പള വര്‍ദ്ധനയുമെല്ലാം ആവോളം അനുഭവിക്കുന്നുണ്ടെന്നും. ഇതിനു വേണ്ടിയാണ് വൈദ്യുതി ബില്ലുപോലും കൂട്ടുന്നതെന്നാണ് ജന സംസാരം. എന്നാല്‍, ഇത് വസ്തുതയ്ക്കു നിരക്കുന്നതല്ലെന്ന് KSEB അധികൃതര്‍ പല തവണ വ്യക്തമാക്കിയിട്ടുള്ളതുമാണ്. പക്ഷെ, അപ്പോഴും ഉയരുന്ന ചോദ്യമിതാണ്. എങ്കില്‍ KSEBക്ക് ഇത്രയും കടം എങ്ങനെ വന്നു എന്നത്. KSEBയുടെ ചെലവ് 1950 കോടിയാണ്. എല്ലാ മാസവും വൈദ്യുതി വാങ്ങാന്‍ 900 കോടിയും ആവശ്യമായി വരുന്നുണ്ട്. കൂടാതെ, KSEB വാങ്ങിിട്ടുള്ള വായ്പാ തിരിച്ചടവിന് 300 കോടിയും വേണം. ഈ തുകയെല്ലാം വൈദ്യുതി വകുപ്പിന് കിട്ടുന്നുണ്ടോ എന്നതാണ് സംശയം.
KSRTCയിലെ സ്വിഫ്റ്റു പോലെ KSEBയിലും സ്വകാര്യ പങ്കാളിത്തം
നഷ്ടം മറികടക്കാന്‍ ബിജു പ്രഭാകര്‍ മുന്നോട്ടു വെച്ച ആശയമാണ് സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വൈദ്യുതി ഉത്പ്പാദനം. തദ്ദേശ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവയ്ക്ക് മുന്‍ഗണ നല്‍കിക്കൊണ്ട് ചെറുകിട വൈദ്യുത പദ്ധതികള്‍ പ്രമോട്ട് ചെയ്യുകയെന്നതാണ് പ്രധാന പോംവഴി. അതും 25 മെഗാവാട്ടിനു താഴെയുള്ള വൈദ്യുതി ഉത്പ്പാദനത്തിനാണിത്. 20 മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തിനു മുകളിലേക്കുള്ളവ മൂലധനം സമാഹരിച്ച് നടപ്പാക്കാന്‍ കഴിയണം.
ഇപ്പോള്‍ KSEB നടപ്പാക്കാനുദ്ദേശിച്ചിരിക്കുന്ന പദ്ധതികള്‍ ഫലപ്രാപ്തിയിലെത്താന്‍ ഏഴു വര്‍ഷം വരെ പിടിക്കും. അതിന് 50 കോടിയോളം രൂപയും വേണ്ടിവരും. KSRTCയെ രക്ഷിക്കാന്‍ K-സ്വിഫ്റ്റ് പദ്ധതി കൊണ്ടു വന്നതു പോലെയാണ് KSEBയിലും സ്വകാര്യ പങ്കാളിത്തം എന്ന സങ്കല്പം അഴതരിപ്പിക്കുന്നത്. ഇത് വിജയിച്ചാല്‍ KSSEBയുടെ നഷ്ടം ഒരു പരിധിവരെ പിടിച്ചു നിര്‍ത്താനാകുമെന്നാണ് കണക്കു കൂട്ടല്‍.
കേരളം വെളിച്ചമില്ലാത്ത നാടാകുമോ ?
44 നദികളും, അതിനേക്കാള്‍ പതിന്‍മടങ്ങ് പുഴകളും ആറുകളും, തോടുകളും, കുളങ്ങളും കിണറുകളുമുള്ള കേരളത്തില്‍ ജസമൃദ്ധിക്ക് ഒരു കുറവുമില്ല. പക്ഷെ, ഈ വെള്ളമെല്ലാം വൈദ്യുതി ഉണ്ടാക്കാന്‍ ഉഫയോഗിച്ചാലും KSEBയുടെ കടം തീരുമെന്നു തോന്നുന്നില്ല. സോളാര്‍ പദ്ധതികള്‍, വിന്റ്മില്‍ വൈദ്യുതി, തിരമാലയില്‍ നിന്നും വൈദ്യിതി ഉത്പാദനം ഇവയൊന്നും പീക്ഷിച്ച് വിജയിപ്പിക്കാന്‍ കഴിയാത്ത നാട് കൂടിയാണ് കേരളമെന്നു പറയേണ്ടി വരുന്നു.
എന്തായാലും, KSEBയുടെ ഈ ഖമക്കുകള്‍ സൂചിപ്പിക്കുന്നത് കേരളം വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഇരുട്ടിലേക്ക് പോകുമെന്നാണ്. മണ്ണെണ്ണ വിളക്കിന്റെ കാലത്തു നിന്നും ബള്‍ബും ട്യൂബും പ്രകാശിക്കുന്ന കാലത്തിലേക്ക് എത്തിയിട്ട് അദിക കാലം ആയിട്ടില്ല. എന്നാല്‍, ചുരുങ്ങിയ കാലം കൊണ്ട് വീണ്ടും മണ്ണെണ്ണ് വിളക്കിലേക്ക് കേരളം പോവുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
CONTENT HIGHLIGHTS; ‘Light’ is sad and ‘Tamasallo’ is comfortable, says KSEB: Chairman Biju Prabhakar says that KSEB, which runs by KSRTC bus of Hastkanak, will also ‘break down’ halfway.