Explainers

ജി. സുധാകരന്‍ വിലയേറിയ രാഷ്ട്രീയക്കാരനാകുന്നു: വലയിട്ട് ബി.ജെ.പിയും കോണ്‍ഗ്രസ്സും; സി.പി.എമ്മിന് അങ്കലാപ്പ്; നിക്കണോ പോണോ എന്ന് തീരുമാനിക്കുന്നതാര് ?

എല്ലാക്കാലത്തും സി.പി.എമ്മില്‍ സംഘടനാ പ്രതിസന്ധികള്‍ ഉരുണ്ടു കൂടിയിട്ടുണ്ട്. അതെല്ലാം തരണം ചെയ്ത് പാര്‍ട്ടി മുന്നോട്ടു പോവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ അത്തരം സംഘടനാ പ്രതിസന്ധികള്‍ ഉണ്ടാക്കാന്‍ പാകത്തിന് ആരും തന്നെയില്ല എന്ന തിരിച്ചറിവിലാണ് നേതൃത്വം. വി.എസ്. പിണറായി വിഭാഗീയത ആയിരുന്നു പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന അവസാനത്തെ വിഭാഗീയത. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ യച്ചൂരി-കാരാട്ട് വിഭാഗീയത നേരത്തെ ഉണ്ടായിരുന്നെങ്കിലും അതിപ്പോഴില്ല. കേരളത്തില്‍ വി.എസ് സജീവന രാഷ്ട്രീയത്തില്‍ നിന്നും പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നുമൊക്കെ വിട്ടതോടെ പിണറായി വിജയന്‍ ഒറ്റയ്ക്കായി. വി.എസിനൊപ്പം നിന്നവരും പിണറായി പക്ഷത്തേക്കു മാറുകയും ചെയ്തു.

ഇതോടെ പാര്‍ട്ടിയിലെ പ്രത്യക്ഷ വിഭാഗീയത ഇല്ലാതായി. എന്നാല്‍, സമീപ ഭാവിയില്‍ പിണറായി പക്ഷം എന്ന ഒരേയൊരു പക്ഷം മാത്രമാണ് പാര്‍ട്ടിയിലുള്ളതെന്ന് വിശ്വസിക്കാന്‍ വയ്യ. ചെറു വിഭാഗീയതകള്‍ തലപൊക്കി തുടങ്ങിയിട്ടുണ്ട്. എന്നാല്‍, അതെല്ലാം മുളയയിലേ നുള്ളിയെറിയാന്‍ പിണറായി ശ്രമിക്കുന്നുമുണ്ട്. പാര്‍ട്ടിയിലെ സ്വതന്ത്രരായ എം.എല്‍.എമാരെക്കൊണ്ടുള്ള വിപ്ലവം മുതല്‍ പാര്‍ട്ടിയിലെ സമുന്നത നേതാക്കളെ വരെ പ്രതിപക്ഷത്താക്കാനുള്ള നീക്കമാണ് ഇതില്‍ പ്രധാനം. ചില കളികള്‍ വിജയിക്കുകയും ചിലത് ചീറ്റിപ്പോവുകയും ചെയ്യുന്നുണ്ട്. പുതു തലമുറ നേതാക്കളെ വളര്‍ത്തിയെടുക്കാനുള്ള ശ്രമമെന്ന നിലയിലാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുതിര്‍ന്ന നേതാക്കളെയെല്ലാം വെട്ടിയത്. മന്ത്രിസഭയില്‍ ചെറുപ്പക്കാരായവരെ ഉള്‍പ്പെടുത്തി.

എന്നാല്‍, മന്ത്രിസഭയിലെ മാറ്റം കൊണ്ട് പിണറായി നിര്‍ത്തിയില്ല. പാര്‍ട്ടി ഘടകങ്ങളിലും ഇതേ നിലപാടാണ് എടുത്തത്. പാര്‍ട്ടിയിലും പ്രായപരിധി ഏര്‍പ്പെടുത്തി, ജി. സുധാകരന്‍ അടക്കമുള്ളവരെ പുറത്തേക്കു വിട്ടു. തനിക്ക് എതിരാളിയാകുമെന്ന് തോന്നുന്നവരെയും, തനിക്കെതിരേയോ പാര്‍ട്ടിക്കെതിരേയോ മന്ത്രിസഭയ്‌ക്കെതിരേയോ സംസാരിക്കുന്നവരെ പൂര്‍ണ്ണമായി ഒഴിവാക്കിയുള്ള പോക്കാണ് പിണറായിയില്‍ നിന്നുണ്ടാകുന്നത്. ഇതിന് ഇരയായ ആളാണ് സഖാവ് ജി. സുധാകരന്‍. വി.എസിന്റെ ശക്തി കേന്ദ്രമായ ആലപ്പുഴയില്‍ പിണറായി പക്ഷക്കാരനായി ശക്തമായി ചെറുത്തു നിന്ന ആളാണ് സുധാകരന്‍. വി.എസിനെ പരസ്യമായും രഹസ്യമായും തള്ളിപ്പറയാനും വിമര്‍ശിക്കാനും സുധാകരന്‍ തയ്യാറായിട്ടുണ്ട്.

എന്നാല്‍, അതേ സുധാകരനെ പിമറായി വിജയന്‍ നിഷ്‌ക്കരുണം വെട്ടിയിരിക്കുകയാണ്. ഒരിക്കല്‍ തനിക്കു വേണ്ടി സ്വന്തം നാട്ടിലെ തലമുതിര്‍ന്ന നേതാവിനെ വെട്ടാന്‍ തയ്യാറായ ആള്‍ തനിക്കെതിരേയും വാളെടുക്കില്ലെന്ന് ആര് കണ്ടു എന്ന മട്ടിലാണ് പിണറായി ജി. സുധാകരനെ കണ്ടത്. പാര്‍ട്ടി സമ്മേളനങ്ങളില്‍ ജി. സുധാകരന് കസേരയില്ലാതായി. പാര്‍ട്ടിക്കു പുറത്തുമല്ല പാര്‍ട്ടിക്കകത്തുമല്ലാത്ത അഴസ്ഥയിലാണ് ഇപ്പോള്‍ സുധാകരന്റെ നില. ഈ സാഹചര്യത്തിലാണ് സുധാകരന്‍ എ.ഐസി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയത്. നോക്കൂ ഇ.പി ജയരാജനെ പാര്‍ട്ടി നടപടിക്കു വിധേയമാക്കിയത് ബി.ജെ.പി നേതാവ് വീട്ടില്‍ വന്നതു കൊണ്ടായിരുന്നു. ഇവിടെ ജി. സുധാകരന്‍ അങ്ങോട്ടു പോയിരിക്കുകയാണ്.

ആലപ്പുഴ ജില്ലയിലെ സാധാരണക്കാരുടെ മനസ്സറിയുന്ന നേതാവാണ് ജി സുധാകരന്‍. എന്നാല്‍, പ്രായത്തിന്റെ പേരു പറഞ്ഞ് അദ്ദേഹത്തെ മൂലക്കിരുത്തിയ പാര്‍ട്ടിക്ക് തിരിച്ചൊരടി കൊടുക്കാന്‍ വേണ്ടിയാണ് സുധാകരന്‍ പോയചെങ്കില്‍ അത് രാഷ്ട്രീയ ചിത്രം മാറ്റി മറിക്കും. പിണറായി വിജയന്റെ അടക്കം ഗുഡ്ബുക്കില്‍ നിന്നും പുറത്തുപോയ ജി സുധാകരന്റെ അനിഷ്ടം മനസ്സിലാക്കി അദ്ദേഹത്തെ അടര്‍ത്തിയെടുക്കാന്‍ ശ്രമങ്ങളുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തുണ്ടെന്ന സൂചനയാണ് കുറച്ചു ദിവസങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്നത്. കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ അദ്ദേഹത്തെ വീട്ടിലെത്തി കണ്ടപ്പോള്‍ മുതല്‍ തുടങ്ങിയ അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ബിജെപിയും അദ്ദേഹത്തിന് വേണ്ടി ശ്രമങ്ങള്‍ തുടങ്ങി.

ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റും താനും ചേര്‍ന്നാണ് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരനെ വീട്ടില്‍ പോയി കണ്ടതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണനാണ് രംഗത്തുവന്നത്. സുധാകരന്‍ കാണിച്ച സ്നേഹവും ബഹുമാനവും എടുത്തുപറയേണ്ടതാണ്. വിശിഷ്ട വ്യക്തികളെ കണ്ട് ആദരിക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന്റെ ഭാഗമായാണ് പോയത്. സത്യസന്ധനായ കമ്യൂണിസ്റ്റും പൊതുപ്രവര്‍ത്തകനുമാണ് ജി. സുധാകരന്‍. ബിജെപിയുടെ പ്രത്യയശാസ്ത്ര ഗ്രന്ഥം സുധാകരനു സമ്മാനിച്ചെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു. സുധാകരന്റെ മനസ്സ് പകുതി ബിജെപിക്കാരന്റേത് കൂടിയായിരുന്നു.

കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യദ്രോഹികളുടെ കരാളഹസ്തത്തില്‍ ആണെന്ന ഞങ്ങളുടെ വാദം സുധാകരന്‍ അംഗീകരിക്കുന്നുണ്ട്. ഞങ്ങള്‍ പറയുന്നതെല്ലാം അദ്ദേഹവും ഭാര്യയും മൗനം സമ്മതം എന്ന രീതിയില്‍ കേട്ടിരുന്നു. സുധാകരന് ഒരിക്കലും കോണ്‍ഗ്രസിലേക്ക് പോകാനാവില്ല. തീവ്രവാദികള്‍ സിപിഎമ്മില്‍ നുഴഞ്ഞുകയറി എന്ന കാര്യത്തില്‍ സുധാകരന്റെ പകുതി മനസ്സ് ബിജെപിയുടേത് ആണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. സിപിഎം രാജ്യദ്രോഹികളുമായി കൈകോര്‍ത്ത് ആദര്‍ശം കുഴിച്ചുമൂടുന്ന സമയമാണിത്. ആലപ്പുഴയില്‍ ഭീകരവാദ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ സിപിഎമ്മിനുള്ളില്‍ നുഴഞ്ഞുകയറി സിപിഎമ്മിനെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. കൂടിക്കാഴ്ചയില്‍ ഇക്കാര്യവും ഞങ്ങള്‍ സംസാരിച്ചു. എല്ലാം സുധാകരന്‍ മൗനമായി കേട്ടുവെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു.

ഇന്നലെ തളിപ്പറമ്പില്‍ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനത്തിലാണ് സുധാകരനെ കണ്ടെന്ന് ഗോപാലകൃഷ്ണന്‍ വെളിപ്പെടുത്തിയത്. ഇത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. അതേസമയം നീതിമാനായ മന്ത്രിയെന്ന് സുധാകരനെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രംഗത്തുവന്നിരിക്കകുയാണ്. അതേസമയയം, മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനങ്ങളില്‍ നിന്ന് മാറിയവരെ അതെ നിലയില്‍ ആദരിക്കണമെന്നും ഇക്കാര്യത്തില്‍ പൊതു സമീപനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും സംസ്ഥാന സെക്രട്ടറി അറിയിച്ചു. മന്ത്രിസ്ഥാനത്തിരുന്നപ്പോള്‍ നീതി പൂര്‍വമായി ഇടപെട്ടയാളാണ് സുധാകരനെന്നും അദ്ദേഹത്തിനു കെ.സി വേണുഗോപാലുമായി വ്യക്തിപരമായി ബന്ധമുണ്ടെന്നും മറ്റ് വ്യാഖ്യാനങ്ങള്‍ വേണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ഇതിനിടെ ജനപിന്തുണയുള്ള നേതാവിനെ കൈവിടാതിരിക്കാന്‍ ശ്രമങ്ങളുമായി സിപിഎം നേതൃത്വവും രംഗത്തുണ്ട്. ജി. സുധാകരനെ അടുപ്പിക്കാനുള്ള കോണ്‍ഗ്രസ് നീക്കം മറികടക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം ശ്രമം തുടങ്ങി. സുധാകരന് അര്‍ഹിക്കുന്ന ആദരവ് നല്‍കണമെന്ന് ജില്ലാ നേതൃത്വത്തിന് സംസ്ഥാന സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. സുധാകരന്‍ സാധാരണ അംഗം ആയതിനാലാണ് അമ്പലപ്പുഴ ഏരിയ സമ്മേളനത്തില്‍ പങ്കെടുക്കിപ്പിക്കാതിരുന്നതെന്നും ബുദ്ധിമുട്ടിക്കാതിരിക്കാനാണ് പൊതുസമ്മേളനത്തില്‍ ക്ഷണിക്കാതിരുന്നതെന്നുമായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയുടെ നിലപാട്. എന്നാല്‍ ഒരു മുതിര്‍ന്ന അംഗത്തെ ഇങ്ങനെ വിശേഷിപ്പിക്കരുതെന്നും അവര്‍ക്ക് അര്‍ഹിക്കുന്ന ആദരവ് നല്‍കണമെന്നുമാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത്.

ഇക്കാര്യത്തില്‍ സുധാകരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ എം.വി ഗോവിന്ദന്‍ നേരിട്ട് വിളിച്ചു. അതേസമയം സിപിഎം നേതാവ് ജി. സുധാകരന് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ടാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വീട്ടില്‍ പോയി കണ്ടതെന്ന് കരുതുന്നില്ലെന്ന് കെവി തോമസ്. താന്‍ അദ്ദേഹത്തെ രണ്ട് ദിവസം മുന്‍പ് വരെ കണ്ടിരുന്നു. ഒരു കുഴപ്പവും ഇല്ല. സുധാകരന്‍ ഉറച്ച കമ്മ്യൂണിസ്റ്റാണ്. ആരെങ്കലും വീട്ടില്‍ ചെന്നത്കൊണ്ട് മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും കെവി തോമസ് പ്രതികരിച്ചു. സിപിഎം ഒരു കേഡര്‍ പാര്‍ട്ടിയാണ്. താഴെ തട്ട് മുതല്‍ ചര്‍ച്ചകളും അഭിപ്രായങ്ങളും നടക്കും. അത് ആ പാര്‍ട്ടിയുടെ കരുത്താണ്. കോണ്‍ഗ്രസ് അകത്തുള്ള പ്രശങ്ങള്‍ ആദ്യം പരിഹരിക്കണം. വീട്ടില്‍ ഉള്ളവര്‍ തങ്ങള്‍ക്ക് ഭക്ഷണം തരൂ എന്ന് പറയുമ്പോള്‍ പുറത്തുള്ളവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പോവുകയാണ് കോണ്‍ഗ്രസെന്നും കെവി തോമസ് പരിഹസിച്ചു.

CONTENT HIGHLIGHTS; G. Sudhakaran becomes a valuable politician: BJP and Congress entangled; Condolences to CPM; Who decides whether to go or not?

Latest News