Explainers

‘ഒറ്റപ്പെട്ട’ സംഭവമല്ല അരുണ്‍ ഗോപീ ‘ഒറ്റപ്പെടുത്തിയ’താണ്: എന്തു സുരക്ഷയാണ് പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് നിങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്; കപട രാഷ്ട്രീയത്തിന്റെ മൂടുപടം മാത്രമോ ശിശുക്ഷേമം എന്നത് ?: ശിശു പീഡനത്തില്‍ കേരളം എവിടെ നില്‍ക്കുന്നു ?

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജറല്‍ സെക്രട്ടറി അരുണ്‍ വി ഗോപി. അദ്ദേഹം ശിശുക്ഷേമ സമിതിയിലെ എല്ലാ കുരുന്നുകളുടെയും രക്ഷകര്‍ത്താവ് കൂടിയാണ്. സ്വന്തം വീട്ടിലെ കുട്ടിക്ക് ഒരു ആക്രമണം ഉണ്ടായപ്പോള്‍ അത്, ഒറ്റപ്പെട്ട സംഭവം എന്നാണ് അരുണ്‍ പറഞ്ഞത്. കുറ്റക്കാര്‍ക്കെതിരേ നടപടി എടുത്തു എന്നത് ശ്ലഘനീയമാണ്. പക്ഷെ, ആ സംഭവത്തെ ഒറ്റപ്പെട്ടതെന്ന് പറഞ്ഞ അരുണ്‍ വി. ഗോപി കുഞ്ഞുങ്ങളുടെ രക്ഷകര്‍തൃത്വം പാടെ നിഷേദിച്ചു കൊണ്ട് രാഷ്ട്രീയക്കാരനായി മാറിയതാണ് കണ്ടത്. സര്‍ക്കാരിന്റെ ചില വകുപ്പുകളിലും സ്ഥാപനങ്ങളിലും മേധാവിയായിരിക്കുമ്പോള്‍ മനുഷ്യത്വവും കരുണയും കൂടുതലായി ഉണ്ടാകേണ്ടതുണ്ട്. ശിശുക്ഷേമ സമിതിയില്‍ പ്രത്യേകിച്ചും.

കാരണം, അവിടുത്തെ കുഞ്ഞുങ്ങള്‍ക്ക് രക്ഷയും ശിക്ഷയുമെല്ലാം നല്‍കുന്നത് അവിടുത്തെ ഭാരവാഹികളാണ്. എന്നാല്‍, കുഞ്ഞുങ്ങളെല്ലാം വലിയ ഭാരമായി തോന്നുന്ന ഭാര വാഹികള്‍ ആ കുഞ്ഞുങ്ങളെ ഉപദ്രവിക്കുമെന്നത് തീര്‍ച്ചയാണ്. ഇതിനു മുമ്പും ആയമാരുടെ പീഡനങ്ങള്‍ ഏറ്റിട്ടുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുഞ്ഞുങ്ങളെ നോക്കാന്‍ സര്‍ക്കാര്‍ ശമ്പളമാണ് ആയമാര്‍ വാങ്ങുന്നത്. സര്‍ക്കാരിന്റെ കുഞ്ഞുങ്ങളാണ് ശിശുക്ഷേമ സമിതിയില്‍ വളരുന്നതെന്ന് അര്‍ത്ഥം. ആ കുഞ്ഞുങ്ങളെ ശാരീരികമായോ മാനസികമായോ പീഡിപ്പിച്ചാല്‍ സര്‍ക്കാരിനാണ് നോവേണ്ടത്. സര്‍ക്കാര്‍ പ്രതിനിധിയായി ശിശുക്ഷേമ സമിതിയില്‍ ഉള്ളത് അരുണ്‍ ഗോപിയും.

അദ്ദേഹം ഈ സംഭവത്തെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. അതും ഒറ്റപ്പെട്ട സംഭവം എന്നു പറഞ്ഞു കൊണ്ടാണ്. സ്വന്തം കുഞ്ഞിന് ചെറിയൊരു പനി വന്നാല്‍പ്പോലും ലീവെടുത്ത് വീട്ടിലിരിക്കുന്ന മാതാപിതാക്കളുള്ള നാടാണ് കേരളം. കുഞ്ഞുങ്ങള്‍ക്കു വേണ്ടി പട്ടിണി ഇരിക്കുന്ന കുടുംബങ്ങളുണ്ട്. സ്വന്തം കുഞ്ഞിന് അവയവം മുറിച്ചു നല്‍കുന്ന രക്ഷിതാക്കളുണ്ട്. ആ കേരളത്തിലാണ് അനാഥയായി പിറന്നു വീഴുകയോ, ഉപേക്ഷിക്കപ്പെടുകയോ ചെയ്ത് ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ എത്തുന്നത്. അവിടെ നിന്നും സ്‌നേഹവും പരിചരണവുമെല്ലാം ഏറ്റുവാങ്ങി വളര്‍ന്നു വരുന്നു. ഈ സ്‌നഹവും കരുതലുമെല്ലാം ശിശുക്ഷേമ സമിതിയിലെ ജീവനക്കാര്‍ തന്നെയാണ് നല്‍കുന്നതും.

എന്നാല്‍, അവരെ ഉപദ്രവിച്ച് നിശബ്രാക്കാന്‍ ശ്രമിക്കുന്നവര്‍ ഇപ്പോഴും അവിടെയുണ്ടെന്നതാണ് വ്യക്തമാകുന്നത്. സമിതിയിലെ കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിക്കാന്‍ മാത്രം എന്തു തെറ്റാണ് ആ കുരുന്ന് ഇവരോട് ചെയ്തത്. കുട്ടി കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് ആയമാര്‍ ഉപദ്രവിച്ചത്. രണ്ടു വയസ്സുള്ള കുട്ടി കിടക്കയില്‍ മുള്ളുന്നത് സ്വാഭാവികമല്ലേ. സ്വന്തമായി എണീറ്റ് ബാത്ത്‌റൂമില്‍ പോകാന്‍ പറ്റുന്ന പ്രായമാണോ അത്. അതിന് അതിന്റെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിക്കുന്ന ആയമാര്‍ അത്ര വെടിപ്പല്ല. അജിത, മഹേശ്വരി, സിന്ധു എന്നീ ആയമാരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നു പേര്‍ക്കും എതിരെ പോക്സോ ചുമത്തിയിട്ടുണ്ട്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയാണ് പോലീസില്‍ പരാതി നല്‍കിയത്. വര്‍ഷങ്ങളായി താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അജിതയാണ് കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ചതെന്നാണു പൊലീസ് പറയുന്നത്.

മറ്റു രണ്ടുപേരും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചുവച്ചതിനും ആണ് മൂന്ന് ആയമാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡിസംബര്‍ ഒന്നിനാണ് ഇതു സംബന്ധിച്ചുള്ള വിവരം പൊലീസില്‍ അറിയിച്ചത്. അച്ഛനും അമ്മയും നഷ്ടപ്പെട്ട രണ്ടര വയസുകാരിയുടെയും ഒരു വയസുകാരന്റെയും സംരക്ഷണം ഏറ്റെടുത്താണ് ശിശുക്ഷേമ സമിതി തിരുവനന്തപുരത്തെ കേന്ദ്രത്തില്‍ താമസിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം കുഞ്ഞിനെ കുളിപ്പിച്ചപ്പോഴാണ് ജനനേന്ദ്രിയത്തിലെ മുറിവ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ജീവനക്കാര്‍ വിവരം ജനറല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പിന്നീട് തൈക്കാട് ആശുപത്രിയില്‍ കുട്ടിയെ പരിശോധനയ്ക്കു വിധേയയാക്കി. മ്യൂസിയം പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.

പൊലീസ് എത്തി കുഞ്ഞിനെ പരിചരിച്ചിരുന്ന ആയമാരെ ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒരാഴ്ച ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഏഴ് താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതായി ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി പറയുന്നു. ആയമാര്‍ക്കെതിരെ മുന്‍പും സമാനമായ സംഭവങ്ങളില്‍ ആരോപണമുയര്‍ന്നിട്ടുണ്ട്. ഇവിടെ പലരെയും നിയമിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ സ്വഭാവമുണ്ട്. അതുകൊണ്ടുതന്നെ പരാതികളുണ്ടായാല്‍ നടപടിയെടുക്കാന്‍ ഭരണസമിതിയും മെനക്കെടാറില്ല. ദിവസവേതനക്കാരാണ് ഇവര്‍. അച്ചടക്കനടപടിയൊന്നും കാര്യമായി ഉണ്ടാകാറില്ല. കുട്ടികളോടു മോശമായ പെരുമാറിയ സംഭവത്തില്‍ ഇടതുയൂണിയന്‍ നേതാവായ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥന്റെ ഭാര്യയായ ആയയെ ജില്ലയ്ക്കു പുറത്തേക്കു നേരത്തെ സ്ഥലം മാറ്റിയിരുന്നു.

കുട്ടികളോടു മോശം വാക്കുകള്‍ ഉപയോഗിച്ചതിനായിരുന്നു നടപടി. സമ്മര്‍ദങ്ങള്‍ വന്നപ്പോള്‍ ഒരു മാസത്തിനകം തിരികെ നിയമിക്കാന്‍ ഭരണസമിതി നിര്‍ബന്ധിതമായി. കുട്ടികളെ ഉപദ്രവിച്ചതിനാണു മറ്റു 2 പേര്‍ക്കെതിരെ നടപടിയെടുത്തത്. മികച്ച ആയമാര്‍ക്കുള്ള പുരസ്‌ക്കാരം ലഭിച്ച 4 ആയമാരെ തൊട്ടടുത്ത ദിവസം പിരിച്ചുവിടേണ്ടിവന്ന സംഭവവും ഉണ്ടായിട്ടുണ്ട്. കുട്ടികളെ ഉപദ്രവിച്ച സംഭവം പുറത്തറിഞ്ഞതോടെയായിരുന്നു നടപടി. സമിതിയുടെ പ്രസിഡന്റ് ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ്. സ്ഥാപനത്തിലെ ഇടതുസംഘടനയെ നയിക്കുന്നതു കൊലക്കേസ് പ്രതി കൂടിയാണെന്നും സൂചനയുണ്ട്.

ശിശുക്ഷേമ സമിതിയില്‍ മാത്രമല്ല, കേരളത്തിലാകെ കുട്ടികള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. കഴിഞ്ഞ 6 വര്‍ഷത്തിനിടെ കുട്ടികള്‍ക്കെതിരേയുള്ള ആക്രമങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചിട്ടും സര്‍ക്കാര്‍ ഉറങ്ങുകയാണ് ചെയ്യുന്നത്. 2018ല്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3781 ആയിരുന്നെങ്കില്‍ അത് കഴിഞ്ഞ വര്‍ഷം 5473 ആയി ഉയര്‍ന്നു. എന്നാല്‍, തീര്‍പ്പാക്കിയ കേസുകളുടെ എണ്ണം കുറവുമാണ്. കഴിഞ്ഞ വര്‍ഷം റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 1356 എണ്ണം മാത്രമാണു തീര്‍പ്പാക്കിയത്. ഈ വര്‍ഷം ജൂണ്‍ വരെ 2450 കേസുകള്‍ ഈ വിഷയത്തില്‍ സംസ്ഥാനത്തു റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2018ല്‍ 3781 കേസുകള്‍ ഉണ്ടായിടത്ത് തീര്‍പ്പാക്കിയത് 2407 കേസുകള്‍ മാത്രം. 2019ല്‍ ഇത് 4350 കേസായി ഉയര്‍ന്നു. എന്നാല്‍, തീര്‍പ്പാക്കിയത് 2631 കേസുകള്‍ മാത്രമാണ്. 2020ല്‍ ഉണ്ടായ 3656 കേസുകളില്‍ 1967 കേസുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. 2021ല്‍ കേസുകള്‍ 4236. അതില്‍ തീര്‍പ്പാക്കിയത് 2095 കേസുകള്‍. 2022ല്‍ 5291 കേസുകളുണ്ടായി. തീര്‍പ്പാക്കിയത് 2207 കേസുകള്‍ മാത്രമാണ്. 2023ല്‍ കേസുകള്‍ 5473 എണ്ണമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1356 കേസുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്.

CONTENT HIGHLIGHTS; ‘Isolated’ Not an ‘Isolated’ Incident Arun Gopi ‘Isolated’: What security are you offering to infants; Is child welfare just a cover of hypocritical politics?: Where does Kerala stand on child abuse?

Latest News