ക്ഷേമപെന്ഷന് അര്‍ഹതയുള്ള ആള്‍ മരിച്ചു പോയാല്‍ കുടിശിക തുക തിട്ടില്ലെന്ന് ധനവകുപ്പ് ഉത്തരവിറക്കിയത് ദീര്‍ഘ വീക്ഷണത്തോടെയാണെന്ന് പറയാതെ വയ്യ. കാരണം, ഏകദേശം 6400 രൂപ വെച്ച് ക്ഷേമപെന്‍ഷന്‍കാര്‍ക്ക് കൊടുക്കാനുണ്ട്. അതായത്, നാല് ഗഡു പെന്‍ഷന്‍. ഇത് വാങ്ങാന്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ ജീവിച്ചിരിക്കണം എന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്. ഇല്ലാത്ത പക്ഷം ആ തുക സര്‍ക്കാരിന് സ്വന്തം. ‘കാലിയടിച്ചാല്‍ കമ്പനിക്ക്’ എന്നതു പോലെയാണ് കാര്യങ്ങള്‍. ക്ഷേമ പെന്‍ഷന്റെ കുടിശിക എന്നാണോ വിതരണം ചെയ്യുന്നത് അന്നുവരെ ജീവനോടെ ഇരിക്കാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചോണം എന്നര്‍ത്ഥം. സര്‍ക്കാര്‍ എന്നാണ് ഈ കുടിശികയെല്ലാം കൊടുത്തു തീര്‍ക്കുന്നതെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല.
അതേസമയം, ക്രിസ്മസിനു മുന്‍പ് 2 മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ 3000 കോടി രൂപ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും കടമെടുക്കുമെന്നാണ് അറിയുന്നത്. ഇതിനു പുറമേ 1500 കോടി ഇന്നലെ റിസര്‍വ് ബാങ്ക് വഴിയും കടമെടുത്തിരുന്നു. ക്രിസമസ് കാലത്തെങ്കിലും പാവപ്പെട്ടവര്‍ക്ക് ഒരാശ്വാസം കിട്ടട്ടെ എന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ടു മാസത്തെ പെന്‍ഷന്‍ എന്നു പറയുമ്പോള്‍ ഒരു മാസം 1600 രൂപയാണ് പെന്‍ഷന്‍. രണ്ടു മാസത്തേക്ക് 3200 രൂപ വെച്ച് ക്രിസ്മസിനു മുമ്പ് പെന്‍ഷന്‍കാര്‍ക്ക് നല്‍കും. പിന്നെയും 3200 രൂപ കുടിശിക കിടപ്പുണ്ട്. അത് എപ്പോള്‍ കൊടുക്കുമെന്ന് അറിയില്ല. എന്നാല്‍, നിലവില്‍ പെന്‍ഷന്‍ കൊടുക്കാന്‍ കണ്ടെത്തുന്ന തുക വരുന്നത് എങ്ങനെയാണെന്ന് ധനവകുപ്പ് പറഞ്ഞിട്ടുണ്ടെങ്കിലും ചില സംശയങ്ങള്‍ ബാക്കിയാകുന്നുണ്ട്.
സര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി ബാങ്ക് അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരിക്കുന്ന 3000 കോടി രൂപ എത്രയും പെട്ടെന്ന് സംസ്ഥാന ട്രഷറിയിലേക്ക് മാറ്റാന്‍ വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമാണ് നിര്‍ദ്ദേശം. എന്നാല്‍ ട്രഷറിയില്‍ പണം നിക്ഷേപിച്ചാല്‍ അവശ്യഘട്ടത്തില്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന കാരണമാണ് വകുപ്പുകളെ മാറ്റി ചിന്തിപ്പിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ട്രഷറി നിയന്ത്രണം വകുപ്പുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്കയും വകുപ്പ് മേധാവികള്‍ക്കുണ്ട്. ധനവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞവര്‍ഷം പല സ്ഥാപനങ്ങളും പണം ട്രഷറിയിലേക്കു മാറ്റിയിരുന്നു. ഇത് അനുസരിക്കാത്ത വകുപ്പുകളും സ്ഥാപനങ്ങളുമുണ്ടെന്ന സൂചന ലഭിച്ചതോടെയാണു ധനവകുപ്പ് വിശദാംശങ്ങള്‍ ശേഖരിച്ചത്.
ഈ കണക്കുകള്‍ യോഗത്തില്‍ അവതരിപ്പിച്ചത് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലക് ഐ.എ.എസാണ്. ട്രഷറിയിലേക്ക് പണം എത്തിയോ എന്ന് ധന സെക്രട്ടറി നിരീക്ഷിക്കും. തുക ട്രഷറിയിലേക്കു മാറ്റിയാല്‍ ഉയര്‍ന്ന പലിശ നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വകുപ്പുകള്‍ക്കു വരുമാനം കൂട്ടാനുള്ള ഹ്രസ്വകാല, ദീര്‍ഘകാല മാര്‍ഗങ്ങള്‍ സംബന്ധിച്ച് ധനസെക്രട്ടറി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നു ചീഫ് സെക്രട്ടറി യോഗത്തില്‍ ആവശ്യപ്പെട്ടു. കരാറുകാര്‍ക്ക് പണം നല്‍കുന്നതിനു പകരം ബില്‍ ഡിസ്‌കൗണ്ടിങ് സംവിധാനം പ്രോത്സാഹിപ്പിക്കണം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം നികുതി ഇതര വരുമാനം കുറവാണെങ്കില്‍ വകുപ്പുകള്‍ പരിഹാര നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ പണം ഇങ്ങനെ സമാഹരിക്കാനാണോ ഉദ്ദേശിക്കുന്നതെന്നും സംശയിച്ചുകൂട. ക്ഷേമപെന്‍ഷന്‍ നല്‍കണം എന്ന പേരിലാണ് മദ്യം, പെട്രോള്‍, ഡീസല്‍ എന്നിവക്ക് സെസ് ഏര്‍പ്പെടുത്തിയത്. ഇതിലൂടെ ഖജനാവിലേക്ക് ലഭിച്ചത് 1721.16 കോടി രൂപയാണ്. 2024 ഒക്ടോബര്‍ 8 വരെയുള്ള കണക്കാണിത്. ക്ഷേമ പെന്‍ഷന്‍ കൃത്യമായി കൊടുക്കുന്നതിന് വേണ്ടിയാണ് സാമൂഹ്യ സുരക്ഷ സീഡ് ഫണ്ട് ധനമന്ത്രി 2023-24ലെ ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നിട്ടും ക്ഷേമ പെന്‍ഷന്‍ കുടിശികയായി എന്നതാണ് വിരോധാഭാസം. 500 രൂപ മുതല്‍ 999 രൂപ വില വരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപയാണ് സെസ് ഏര്‍പ്പെടുത്തിയത്. 1000 രൂപ മുതല്‍ മുകളിലോട്ട് വില വരുന്ന മദ്യത്തിന് ഒരു ബോട്ടിലിന് 40 രൂപയാണ് സെസ്. 2023-24 ല്‍ 217.13 കോടിയും 2024-25 സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ ആദ്യം വരെ 107.67 കോടിയും മദ്യത്തില്‍ നിന്നുള്ള സെസ് ഇനത്തില്‍ ലഭിച്ചു.
പെട്രോള്‍, ഡീസല്‍ എന്നിവക്ക് ലിറ്ററിന് 2 രൂപ നിരക്കിലാണ് സാമൂഹ്യ സുരക്ഷ സെസ് ഏര്‍പ്പെടുത്തിയത്. ഇന്ധന വില ഉയരാന്‍ ഇത് കാരണമായി. ഇതോടെ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ധനം അടിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. ഫലത്തില്‍ ഇത് ഖജനാവിന് തിരിച്ചടിയായി. 2023-24 ല്‍ 954.32 കോടിയും 2024-25 സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ ആദ്യം വരെ 442.04 കോടിയും ഇന്ധന സെസിനത്തില്‍ ലഭിച്ചു. എന്നിട്ടും, പാവപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ കഴിയാതെ കുടിശിക ഇടുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. ഇതിനിടയിലാണ് സാമൂഹ്യ സുരക്ഷ പെന്‍ഷന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് പുറത്തായത്. അനര്‍ഹരും സര്‍ക്കാര്‍ ജീവനക്കാരും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നുവെന്നായിരുന്നു വാര്‍ത്ത.
ഇങ്ങനെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സര്‍വീസ് പെന്‍ഷന്‍കാരും അടക്കമുള്ള അനര്‍ഹര്‍ കടന്നു കൂടിയത് തദ്ദേശ വകുപ്പിന്റെ വീഴ്ച മൂലമാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരിലെ അനര്‍ഹരെ കണ്ടെത്തുന്നതിനായി സോഷ്യല്‍ ഓഡിറ്റിംഗ് നടത്തണമെന്ന ധനവകുപ്പിന്റെ തുടര്‍ച്ചയായ നിര്‍ദേശം തദ്ദേശ വകുപ്പ് അവഗണിച്ചതാണു കോടികളുടെ സാമ്പത്തിക നഷ്ടം സംസ്ഥാന ഖജനാവിനു സൃഷ്ടിച്ചതെന്നാണു വിലയിരുത്തല്‍. കഴിഞ്ഞ ഓഗസ്റ്റ് 30ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരിലെ അനര്‍ഹരെ കണ്ടെത്താന്‍ സോഷ്യല്‍ ഓഡിറ്റിംഗ് വേണമെന്ന് ആവശ്യപ്പെട്ടത്. സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടിക സേവന പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കണമെന്നായിരുന്നു ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം.
ഇതും തദ്ദേശ വകുപ്പ് നടപ്പാക്കിയില്ല. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ സോഫ്റ്റുവെയറായ സേവനയില്‍ പട്ടിക പ്രസിദ്ധീകരിച്ചെങ്കില്‍ ലക്ഷക്കണക്കിന് അനര്‍ഹരെ ഒഴിവാക്കാനാകുമെന്നായിരുന്നു വിലയിരുത്തല്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ സര്‍ക്കാര്‍- പൊതുമേഖലാ ജീവനക്കാര്‍ അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നുണ്ടെന്നും ഇതു തടയണമെന്നും, കൈപ്പറ്റിയ തുക തിരിച്ചടയ്ക്കാന്‍ സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ട് ധനവകുപ്പ്, തദ്ദേശ വകുപ്പിനു കത്തു നല്‍കിയിരുന്നു. 2020 ജനുവരി 23നാണ് സര്‍ക്കാര്‍ ഉദ്യോഗ സ്ഥര്‍ അനര്‍ഹമായി കൈപ്പറ്റിയ തുക തിരിച്ചടപ്പിക്കാന്‍ സംവിധാനം ഒരുക്കണമെന്നു നിര്‍ദേശിച്ച് ധനവകുപ്പ് എല്ലാ വകുപ്പു മേധാവികള്‍ക്കും സര്‍ക്കുലറിലൂടെ ആദ്യ നിര്‍ദേശം നല്‍കിയത്. ആരൊക്കെയാണ് അര്‍ഹരെന്നും അനര്‍ഹരായവരുടെ വരുമാന പരിധി അടക്കമുള്ള വിവരങ്ങളും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു.
സര്‍വകലാശാലകള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്ന കാര്യം സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. പിന്നീ ട് തുടര്‍ച്ചയായി വിവിധ വകുപ്പു മേധാവികള്‍ക്കും തദ്ദേശ സ്ഥാപന അധികൃതര്‍ക്കും സര്‍ക്കുലറായും കത്തുകള്‍ വഴിയും നിര്‍ദേശം നല്‍കിയിട്ടും പാലിക്കാത്തതാണു പ്രതിസന്ധി അതി രൂക്ഷമാക്കിയത്. ഈ സാഹചര്യത്തിലാണ് ക്രിസ്മസിനു മുന്‍പ് ക്ഷേമപെന്‍ഷന്റെ കുടിശിക രണ്ടുമാസത്തേത് നല്‍കുന്നത്. അനര്‍ഹരെ ഒഴിവാക്കുമ്പോള്‍ തന്നെ സര്‍ക്കാരിന് ബാധ്യത കുറയുമെന്നും വിലയിരുത്തുന്നുണ്ട്.
CONTENT HIGHLIGHTS; Should I ask for a pension in a country without welfare?: 2 months salary in arrears before Christmas; The rest is again Govinda; Has the government forgotten that it is due in four installments?