പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് CPM അവരുടെ ഏറ്റവും പുതിയ നാടകമായ ‘നീല ട്രോളി ബാഗ്’ അവതരിപ്പിച്ചത്. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആവശ്യ പ്രകാരമായിരുന്നു നാടകം അരങ്ങിലെത്തിച്ചത്. എന്നാല്‍, പഴയകാല കമ്യൂണിസ്റ്റ് നാടകങ്ങളെപ്പോലെ ുള്‍ക്കാമ്പില്ലാത്ത തിരക്കഥയും സംവിധാനവും കൊണ്ട് നാടകം എട്ടുനിലയില്‍ പൊട്ടി പാളീസായിപ്പോയി. ഉപതെരഞ്ഞെടുപ്പില്‍ നേതാക്കളെല്ലാം പോയി വീരവാദം മുഴക്കിയതു മാത്രം മിച്ചം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ മാങ്കൂട്ടം പാലക്കാടിന്റെ ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിച്ചു. മാങ്കൂട്ടത്തിന്റെ വിജയത്തിന് CPMന്റെ നാടകം വളരെയേറെ സഹായിച്ചു എന്നാണ് കോമ്#ഗ്രസ് കരുതുന്നത്.
ഉപതെരഞ്ഞെടുപ്പും കഴിഞ്ഞു, ഇന്നലെ നിയുക്ത എം.എല്‍.എമാരായ രാഹുല്‍ മാങ്കൂട്ടത്തിന്റെയും യു.ആര്‍ പ്രദീപിന്റെയും സത്യപ്രതിജ്ഞയും കഴിഞ്ഞു. രംഗം ശാന്തമായപ്പോള്‍ പാലക്കാട് അവതരിപ്പിച്ച് പൊട്ടിപ്പോയ നാടകം തലസ്ഥാനത്ത് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ വകയായി വീണ്ടും അവതരിപ്പിച്ചു. എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ ആയിരുന്നു പാലക്കാട് നാടകം എത്തിയത്. ആ നാടകത്തിന്റെ കഥയും തിരക്കഥയും വളരെ ഗൗരവമേറിയതും ത്രില്ലടിപ്പിക്കുന്ന ക്ലൈമാക്‌സുമൊക്കെയായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എന്നിട്ടും അത് ചീറ്റിപ്പോയി. എന്നാല്‍, തലസ്ഥാനത്ത് അവതരിപ്പിച്ച നാടകം നര്‍മ്മത്തില്‍ പൊതിഞ്ഞതും ഓര്‍ത്ത് ചിരിക്കാന്‍ പാകത്തിനുള്ളതുമായതു കൊണ്ട് ജനശ്രദ്ധയും നേടി.
ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത എം.എല്‍.എമാര്‍ക്ക് നിയമസഭാ രേഖകളും നടപടിക്രമങ്ങളും ഉള്‍പ്പെടുത്തിയുള്ള ബാഗ് നിയമസഭാ സെക്രട്ടേറിയറ്റ് എം.എല്‍.എ ക്വാര്‍ട്ടേഴിസിലെ ഓഫീസിലേക്ക് കൊടുത്തു വിട്ടിരുന്നു. ഈ ബാഗ് ‘നീല ട്രോളി ബാഗ്’ ആയിരുന്നു. പക്ഷെ, ബാഗുമായി തനിക്കൊരു ബന്ധവുമില്ലെന്നാണ് എ.എന്‍. ഷംസീര്‍ പറയുന്നത്. ഒരു പേന മാത്രമാണ് രാഹുല്‍ മാങ്കൂട്ടത്തിനു കൊടുത്തതെന്നും ഷംസീര്‍ പറയുന്നു. ബാക്കിയെല്ലാം കൊടുത്തത് നിയമസഭാ സെക്രട്ടേറിയറ്റാണെന്നാണ് വിശദീകരണം. കൊടുത്തതിനും വാങ്ങിയതിനുമൊന്നും കണക്കു പറയുകയോ, കുറ്റപ്പെടുത്തുകയോ ചെയ്യുന്നതല്ല. ‘നീല ട്രോളി ബാഗുമായി ബന്ധപ്പെട്ട് ഉപതെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന വിവാദങ്ങള്‍ അറിയാത്തവരല്ലല്ലോ നിയമസഭാ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരും, അവരുടെ മുകളില്‍ ഇരിക്കുന്ന സ്പീക്കറും.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് എന്ന് കേട്ടാല്‍ത്തന്നെ ആദ്യം ഓര്‍മ്മിക്കുന്നതായി മാറിയിട്ടുണ്ട് CPMന്റെ പൊട്ടി പാളീസായ ‘ നീല ട്രോളീ ബാഗ്’ എന്ന നാടകം. വേറൊരു കളറിലും കിട്ടാത്ത ഒന്നല്ല ട്രോളീ ബാഗെന്നതും വസ്തുതയാണ്. സ്പീക്കറെ അറിയിച്ച് വാങ്ങേണ്ട ഒന്നല്ല ട്രോളീ ബാഗെന്നതും സത്യമാണ്. എന്നിട്ടും, ഇത്രയും കൃത്യമായി നീല ട്രോളീ ബാഗു തന്നെ നിയമസഭാ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ രേഖകള്‍ നല്‍കാന്‍ വാങ്ങിയതില്‍ എന്തോ പന്തികേടുണ്ട്. സ്പീക്കര്‍ എ.എന്‍. ഷംസീരിനെ തന്നെ നിയമസഭാ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ ട്രോളിയതാണോ എന്നതിലാണ് ആശയക്കുഴപ്പം. രാഹുല്‍ മാങ്കൂട്ടത്തെയും മന്ത്രി എം.ബി രാജേഷിനെയും ഷംസീര്‍ ട്രോളിയതാണെന്നാണ് സംസാരം.
പക്ഷെ, ടട്രോളീ ബാഗ് വാങ്ങിയതിലോ കൊടുത്തതിലോ തനിക്ക് പങ്കില്ലെന്ന് സ്പീക്കര്‍ പറയുമ്പോള്‍, നിയമസഭാ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടതുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ അവതരിപ്പിച്ച് പൊട്ടിപ്പൊളിഞ്ഞ നാടകത്തിന്റെ ബാക്കിപത്രമായി നിയമസഭയില്‍ അതേ നാടകത്തെ ഹാസ്യരൂപേണ അവതരിപ്പിച്ചതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ് എന്ന്. സ്പീക്കറെ നാണം കെടുത്താനാണോ, അതോ മന്ത്രിയെ നാണം കെടുത്താനാണോ, അതോ പുതിയ എം.എല്‍.എ നാണം കെടുത്താനാണോ ഇത് ചെയ്തതെന്ന്. ഉദ്യോഗസ്ഥര്‍ക്ക് തോന്നുംപടി ചെയ്യാന്‍ കഴിയുന്ന ഇതമാണോ നിയമസഭാ സെക്രട്ടേറിയറ്റ്. ഈ സംഭവം ഒരു ട്രോളായോ, തമാശയായോ രാഹുല്‍ മാങ്കൂട്ടം എടുത്താല്‍ പ്രശ്‌നം തീരും. പക്ഷെ, തന്നെ നാണം കെടുത്താന്‍ ബോധപൂര്‍വ്വം ചെയ്തതാണെന്ന പരാതി ഉന്നയിച്ചാല്‍ അത് നിയമ പ്രശ്‌നത്തിലേക്ക് നീളും.
തെരഞ്ഞെടുപ്പിന് വോട്ടര്‍മാര്‍ക്ക് നല്‍കാന്‍ നീല ട്രോളീ ബാഗില്‍ പണം രാഹുല്‍ മാങ്കൂട്ടം പണം കൊണ്ടു വന്നുവെന്നായിരുന്നു എം.ബി രാജേഷിന്റെയും പാലക്കാട് ജില്ലാ നേതൃത്വത്തിന്റെയും പരാതി. പരാതി ലഭിച്ച പോലീസ് പാതിരാത്രിയില്‍ തന്നെ നേതാക്കന്‍മാര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തി. വനിതാ നേതാക്കളുടെ മുറിയില്‍ കയറാന്‍ ശ്രമിച്ച പോലീസുമായി തര്‍ക്കമുണ്ടായതോടെ ഹോട്ടലാകെ വിഷയമറിഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. സി.പി.എം നേതാക്കള്‍ താമസിച്ചിരുന്ന മുറികളും പരിശോധിച്ചു. പരിശോധനയ്ക്ക് അവര്‍ സഹകരിക്കുകയും ചെയ്തു. ഇങ്ങനെ നീല ട്രോളീബാഗും പണം കണ്ടെത്താന്‍ ഒരുരാത്രി മുഴുവന്‍ സംഘര്‍ഷ ഭരിതമാക്കിയ പോലീസിന് ഒന്നും കിട്ടിയില്ല.
പിറ്റേന്ന് വിവാദ നീല ട്രോളീ ബാഗുമായി രാഹുല്‍ മാങ്കൂട്ടം വാര്ത്താ സമ്മേളനവും നടത്തി. ബാഗിലുണ്ടായിരുന്ന തുണികളും പുറത്തെടുത്തു കാട്ടി. ഇതോടെ സി.പി.എം നാടകം പൊളിഞ്ഞു. പിന്നെ, മുഖം രക്ഷിക്കാനുള്ള കള്ളം പറച്ചിലുകളുടെ ഘോഷയാത്രയായിരുന്നു ഇങ്ങ് തിരുവനന്തപുരത്തെ എ.കെ.ജി സെന്റര്‍ തൊട്ട് അങ്ങ് പാലക്കാടു വരെ നടന്നത്. അതിന്റെ ഫലമായി രാഹുല്‍ മാങ്കൂട്ടത്തിന്റെ ഭൂരിപക്ഷം ഉയരുകയാണുണ്ടായതെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചു. ശേഷം സത്യപ്രതിജ്ഞയ്ക്കു വരുമ്പോള്‍ സ്വപ്‌നത്തില്‍പ്പോലും വിചാരിക്കാത്തതാണ് രാഹുലിനെ കാത്തിരുന്നത്. അതേ ‘ നീല ട്രോളീ ബാഗ്’ തന്നെ. രാഹുല്‍ ഇത് എങ്ങനെ എടുക്കുമെന്നതാണ് ഇനി കണ്ടറിയേണ്ടത്.
content highlights; CPM’s play “Neela Trolley Bag”, a hit in the capital after the collapse of Palakkad: Shamseer won applause by taking away the thrilling climax and tension and wrapped it in humor.