ഇന്ത്യന്‍ ക്രിക്കറ്റില്‍ കളിക്കാരുടെ ഉയര്‍ച്ച താഴ്ചകള്‍ കണ്ടിട്ടുള്ള എത്രയോ പേരുണ്ടായിട്ടുണ്ട്. അവരുടെ മുഖങ്ങളൊന്നും മനസ്സില്‍ തങ്ങി നില്‍പ്പില്ല. എങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന് ലോകം നല്‍കിയ ദൈവത്തിന്റെ മുഖമുള്ളൊരാളെ ഈ നൂറ്റാണ്ടില്‍ മറക്കില്ലൊരാളും. സച്ചിന്‍ രമേശ് തെണ്ടുല്‍ക്കര്‍. അദ്ദേഹത്തോടൊപ്പം കളിക്കൂട്ടുകാരനായിരുന്ന ഒരാളുണ്ടായിരുന്നു. പൂത്തിരിപോലെ കത്തിക്കയറുകയും അതുപോലെ മങ്ങിപ്പോവുകയും ചെയ്ത്, ക്രിക്കറ്റിന്റെ പിന്നാമ്പുറങ്ങളില്‍പ്പോലും ഇല്ലാതായിപ്പോയൊരാള്‍. അതാണ് ‘വിനോദ് കാംബ്ലി’. പുതിയ തലമുറയ്ക്ക് വിനോദ്കാംബ്ലി എന്നൊരാളെ ക്രിക്കറ്റുമായി ചേര്‍ത്തു വെച്ച് പറയുമ്പോള്‍ അതിശയവും അത്ഭുതവും തോന്നാം. എന്നാല്‍, വിനോദ് കാംബ്ലി എന്ന ക്രിക്കറ്ററെ അറിയുക തന്നെ വേണം.
എന്തു കൊണ്ടാണ് വിനോദ് കാംബ്ലി ഇപ്പോള്‍ ചര്‍ച്ചയാകുന്നതെന്ന് ഒരു സംശയം തോന്നുക സ്വാഭാവികം മാത്രം. സോഷ്യല്‍ മീഡിയയിലൂടെ വൈറലായ സതീര്‍ഥ്യന്‍മാരുടെ കൂടിക്കാഴ്ചയും, വിനോദ് കാംബ്ലിയുടെ ഹസ്തദാനവും, പാട്ടുമൊക്കെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. സച്ചിന്‍ തെണ്ടുല്‍ക്കറെ മുറുകെപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിക്കുന്ന നരച്ച മുടിക്കാരന്‍ ആരാണെന്നായിരുന്നു ന്യൂജെന്‍ പിള്ളാരുടെ ചോദ്യം. ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് എവിടെയും ആ പേര് എന്തുകൊണ്ട് അടയാളപ്പെടുത്തപ്പെട്ടില്ല എന്നൊരു ചോദ്യം ബാക്കിയാവുന്നുണ്ട്. അതിനുത്തരം തോടുമ്പോള്‍ അറിയാതെ പോകരുത്, വിനോദ് കാംബ്ലി എന്ന കളിക്കാരന്റെ വളര്‍ച്ചയും തളര്‍ച്ചയും.
ശാരദാശ്രമം സ്‌കൂളിനുവേണ്ടി സച്ചിനൊപ്പം റെക്കോര്‍ഡുകള്‍ തീര്‍ത്ത അത്ഭുതബാലന്‍. അതാണ് വിനോദ് കാംബ്ലി എന്ന ഇടം കൈയ്യന്‍ ബാറ്റര്‍. ഈഡനിലെ കണ്ണുനീര്‍തുള്ളികള്‍. തലമുറകള്‍ ഇങ്ങനെമാത്രം ഓര്‍ത്തിരിക്കുന്ന കാംബ്ലി, സച്ചിനേക്കാള്‍ മികച്ചവന്‍ എന്ന് ഇരുവരെയും ഒരുപോലെ പരിശീലിപ്പിച്ച രമാകാന്ത് അച്രേക്കര്‍ തന്നെ വിശേഷിപ്പിച്ചിടട്ടുണ്ട്. അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളുമായാണ് കാംബ്ലി ക്രിക്കറ്റ് ലോകത്തേക്കുള്ള തന്റെ വരവ് അറിയിച്ചത്. രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ മത്സരത്തില്‍ ആദ്യ ബോള്‍ തന്നെ സിക്‌സര്‍ പായിച്ചാണ് കാംബ്ലി ആദ്യ ഞെട്ടല്‍ സമ്മാനിച്ചത്. സാക്ഷാല്‍ ബ്രാഡ്മാന്‍ യുഗത്തിനു ശേഷം അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് ഇരട്ട സെഞ്ച്വറികള്‍ നേടിയ ആദ്യ കളിക്കാരനായി രണ്ടാമതും ഞെട്ടിച്ചു.
ടെസ്റ്റ് ക്രിക്കറ്റില്‍ വ്യത്യസ്ത ടീമുകള്‍ക്കെതിരെ തുടര്‍ച്ചയായി 3 സെഞ്ച്വറിയടിച്ച ആദ്യ താരമായാണ് പിന്നീട് ഞെട്ടിച്ചത്. ടെസ്റ്റില്‍ വേഗത്തില്‍ ആയിരം റണ്‍സ് തികച്ച ഇന്ത്യന്‍ ബാറ്ററായി വീണ്ടും ഞെട്ടിച്ചു. അതും വെറും 14 ഇന്നിംഗ്‌സിലാണ് ആയിരം റണ്‍ കണ്ടെത്തിയത്്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ജന്മദിനത്തില്‍ സെഞ്ച്വറി നേടിയ ആദ്യ ഏകദിന ബാറ്ററായും കാംബ്ലി ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ചു. 1993ല്‍ ഗ്രഹാം ഗൂച്ചിന്റെ നേതൃത്വത്തില്‍ എത്തിയ ഇംഗ്ലണ്ട് ടീമിനെ തകര്‍ത്ത് ടെസ്റ്റ് പരമ്പര 3-0ന് ഇന്ത്യ തൂത്തുവാരിയപ്പോള്‍ മൂന്നാമത്തെ ടെസ്റ്റില്‍ 224 റണ്‍സോടെ ഡബിള്‍ സെഞ്ചറി, തുടര്‍ന്ന് മൈക്ക് ഗേറ്റിങ്ങിന്റെ പറന്നുള്ള ക്യാച്ചില്‍ ഔട്ട്.
തൊട്ടുപിന്നാലെ സിംബാവെ ടീം ടെസ്റ്റ് കളിക്കാന്‍ എത്തി. 227 റണ്‍സോടെ തുടര്‍ച്ചയായ രണ്ടാം ഡബിള്‍ സെഞ്ചുറി. സിംബാവെ വെറ്ററന്‍ ഓഫ് സ്പിന്നര്‍, 45 വയസുള്ള ട്രൈക്കോസിന് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ആ സമയത്തെ ഒരു ഇന്ത്യക്കാരന്റെ ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍ 236 റണ്‍സ് മാത്രമായിരുന്നു. അതും ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസം സാക്ഷാല്‍ സുനില്‍ ഗവാസ്‌കറിന്റെ പേരില്‍. ആ റെക്കോര്‍ഡു തകര്‍ക്കാന്‍ പറ്റാത്ത വിഷമത്തില്‍ പവലിയന്‍ കയറിയ കാംബ്ലിയെ തൊണ്ണൂറുകളില്‍ ക്രിക്കറ്റിനെ ബ്രാന്തമായി സ്‌നേഹിച്ചവര്‍ക്ക് ഇപ്പോഴും മറക്കാനാവില്ല.
അതിനുശേഷം ഇന്ത്യന്‍ ടീം ഷാര്‍ജയിലേക്ക്. എക്കാലത്തെയും മികച്ച സ്പിന്‍ മജീഷ്യന്‍ ഷെയിന്‍ വോണിന്റെ ഒരോവറില്‍ 22 റണ്‍സ് അടിച്ചെടുത്തതും കുളിരു കോരുന്ന ഓര്‍മ്മയാണ്. പ്രതിഭാധനനായ ഇടംകയ്യന്‍ പയ്യന്റെ അരിശത്തിനു മുന്നില്‍ ഉത്തരമില്ലാതെ ഭയപ്പെടുന്ന വോണിന്റെ കാഴ്ച ദൂരദര്‍ശനില്‍ രാത്രി പതിനൊന്നരയ്ക്കു എഴുന്നേറ്റിരുന്നു ഹൈലൈറ്റ്സ് കണ്ടു രോമാഞ്ചപ്പെട്ടതും സുഖമുള്ള ഓര്‍മ്മകളാണ്. ബാല്യകാല സുഹൃത്തായ സച്ചിന്‍ ഉയരങ്ങള്‍ കീഴടക്കി എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായി മാറിയപ്പോള്‍, ഇതിഹാസമായി മാറാനുള്ള പ്രതിഭയുണ്ടായിട്ടും എവിടെയും എത്താനാവാതെപോയ കാംബ്ലി ഇന്ത്യന്‍ ക്രിക്കറ്റിലെ തീരാനഷ്ടത്തിന്റെ പേരാണ്. അദ്ദേഹത്തിന്റെ ജീവചരിത്രംപോലെ,
Vinod Kambli-The Lost Hero!.
സുനില്‍ ഗവാസ്‌ക്കറിന്റെ റെക്കോര്‍ഡ് ഭേദിക്കാന്‍ അനുസരണയില്ലാത്ത പോരാളിയോട് പ്രവീണ്‍ ആംറേ പറയുന്ന വാക്കുകള്‍ ചേര്‍ത്ത് മനോഹരമായ ഒരു എഴുത്ത് സോഷ്യല്‍ മീഡിയയില്‍ കണ്ടു. കടപ്പാടോടു കൂടി അതിവിടെ കുറിക്കുന്നു
‘വിനോദ്, പത്തു റണ്‍സ് കൂടിയെടുക്ക്, പിന്നെ നിന്റെ മുമ്പില്‍ ആരുമില്ല’….. അച്‌റേക്കര്‍ ഫാക്ടറിയില്‍ ഒരുമിച്ച് വളര്‍ന്ന, മുംബൈ ടീമില്‍ ഒരുമിച്ച് കളിച്ച പ്രവീണ്‍ ആംറേ ഫിറോസ് ഷാ കോട്‌ലാ ഗ്രൗണ്ടിലെ വരണ്ടുണങ്ങിയ പിച്ചില്‍ നിന്ന് തന്റെ മിത്രത്തിന് ആത്മവിശ്വാസം നല്‍കി. ഡ്രസ്സിംഗ് റൂമില്‍ കളിക്കൂട്ടുകാരന്‍ സചിനും ക്യാപ്റ്റന്‍ അസ്ഹറും ഇതിഹാസ താരം കപിലുമെല്ലാം ഒരു പുത്തന്‍ ഇതിഹാസത്തിന്റെ പിറവി മുന്നില്‍ കണ്ട് കയ്യടിച്ചു….. താന്‍ നേരിടുന്ന 301 ആമത്തെ പന്തെറിഞ്ഞ ജോണ്‍ ട്രൈക്കോസെന്ന 46 കാരനെ പക്ഷേ ആ 21 കാരന്‍ പയ്യന്‍ ഒരല്‍പ്പം ലാഘവത്തോടെയാണ് നേരിട്ടത്. ആ പന്ത് തിരിച്ച് ട്രൈക്കോസിന്റെ കൈകളിലേക്കു തന്നെ അടിച്ചു കൊടുത്തപ്പോള്‍ സ്റ്റേഡിയം മാത്രമല്ല, ആദ്യ സെഷനില്‍ പെയ്ത മഴ മേഘങ്ങളെ വകഞ്ഞു മാറ്റി ആ റെക്കോര്‍ഡിനു സാക്ഷിയാവാന്‍ വാനിലുദിച്ച സൂര്യന്‍ പോലും നിരാശനായിക്കാണും …. അതെ, തുടര്‍ച്ചയായി രണ്ടാം ടെസ്റ്റ് ഡബിള്‍ സെഞ്ചുറി നേടിയ വിനോദ് കാംബ്ലിയെന്ന ആ പയ്യന്‍ കളഞ്ഞത് കൈയെത്തും ദൂരത്തു നില്‍ക്കുന്ന, ഒരിന്ത്യക്കാരന്റെ ഏറ്റവും മികച്ച ടെസ്റ്റ് സ്‌കോറായ, സാക്ഷാല്‍ സുനില്‍ ഗാവസ്‌കര്‍ നേടിയ 236 എന്ന പത്തു വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡായിരുന്നു.
കുത്തഴിഞ്ഞ ജീവിതം പ്രതിഭയെ എങ്ങനെയെല്ലാം നശിപ്പിക്കുമെന്നതിന്റെ കായിക ലോകത്തെ ഏറ്റവും നല്ല ഉദാഹരണമായി നമുക്ക് വിനോദ് ഗണ്പത് കാംബ്ലിയെന്ന, ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഇടംകയ്യന്‍ ബാറ്റര്‍മാരിലൊരാളായ ആ പ്രതിഭാശാലിയെക്കാണാം. ബോംബെ ശാരദാശ്രം വിദ്യാമന്ദിറിനായി സച്ചിന്റെ കൂടെ റെക്കോര്‍ഡ് റണ്ണടിച്ചു കൂട്ടിയ ആ ബാലന്‍ എവിടെയൊക്കെയോ ഒരു ഇടംകയ്യന്‍ റിച്ചാര്‍ഡ്‌സിനെയോ ഹെയ്ന്‍സിനെയോ ഓര്‍മിപ്പിച്ചിരുന്നു. തന്റെ ഏറ്റവും മികച്ച ശിഷ്യരിലൊരാളെന്നും, സച്ചിനേക്കാള്‍ പ്രതിഭയുള്ളവനെന്നും കോച്ച് രമാകാന്ത് അച്ച്രേകര്‍ വാഴ്ത്തിയ പയ്യന്‍ പക്ഷേ തന്റെ ചെറുപ്രായത്തില്‍ 25 വയസ്സിനു മുന്‍പു തന്നെ ദു:ശ്ശീലങ്ങളിലേക്കുളിയിട്ടത് ഒരു പക്ഷേ ദാരിദ്ര്യം നിറഞ്ഞ ഭൂതകാലത്തില്‍ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മായാലോകത്തിലെത്തിയപ്പോഴുള്ള അന്ധാളിപ്പു കൊണ്ടായിരിക്കാം.
സചിനോടൊപ്പം സ്‌കൂള്‍ ക്രിക്കറ്റിലും പ്രാദേശിക തലത്തിലും നിറഞ്ഞു നിന്ന കാംബ്ലിക്ക് പക്ഷേ, ഒരു അന്താരാഷ്ട്ര അരങ്ങേറ്റത്തിന്നായി 1991 ഒക്ടോബര്‍ വരെ കാത്തിരിക്കേണ്ടി വന്നു. രഞ്ജി ട്രോഫിയില്‍ നേരിട്ട ആദ്യ പന്തു തന്നെ ഗ്യാലറിയിലെത്തിച്ച അവന്‍ ഇക്കാലയളവില്‍ 14 രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്ന് ബോംബെക്കു വേണ്ടി അടിച്ചു കൂട്ടിയത് ഏഴു സെഞ്ചുറികളാണ്. 1993 ജനുവരി 18 ന് തന്റെ 21 ആം ജന്‍മദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഏകദിനത്തില്‍ സെഞ്ചുറി നേടിയ കാംബ്ലിയെ ടെസ്റ്റ് ടീമിലെടുക്കാന്‍ സെലക്ടര്‍മാര്‍ക്ക് കൂടുതല്‍ ചിന്തിക്കേണ്ടി വന്നില്ല. വെംഗ്‌സര്‍ക്കാറും ശാസ്ത്രിയും ശ്രീകാന്തും മഞ്ജ്‌റേക്കറും വൂര്‍ക്കേരി രാമനുമെല്ലാം തഴയപ്പെട്ട ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് സീരീസില്‍ കാംബ്ലിയും ഇടം നേടി. .. രണ്ടാം ടെസ്റ്റില്‍ 59 റണ്‍സ് നേടി സാന്നിധ്യമറിയിച്ച അയാള്‍ അടുത്ത ടെസ്റ്റ് ആദ്യ ഇന്നിംഗ്‌സില്‍ 224 റണ്‍സ് നേടി സ്ഥാനം അരക്കിട്ടുറപ്പിച്ചു. സിംബാബ്വേയുമായുള്ള മൂന്ന് ഏകദിനത്തില്‍ രണ്ടിലും മാന്‍ ഓഫ് ദ് മാച്ച് കാംബ്ലി തന്നെയായിരുന്നു.
ഷെയ്ന്‍ വോണിനെ അടിച്ചു പറപ്പിച്ച കാംബ്ലിക്ക് ഷോര്‍ട്ട് പിച്ച് ബോളുകള്‍ നേരിടുന്നതിലെ പോരായ്മ പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. 1994 ല്‍ ഇന്ത്യയില്‍ വന്ന വെസ്റ്റിന്‍ഡീസ് പേസര്‍മാര്‍ ഇത് ഫലപ്രദമായി മുതലെടുക്കുകയും ചെയ്തു. 1996 ലോകകപ്പില്‍ സിംബാബ്വേക്കെതിരെ തന്റെ കരിയറിലെ അവസാന സെഞ്ചുറി നേടിയെങ്കിലും 44 റണ്‍സും രണ്ടു വിക്കറ്റും വീഴ്ത്തിയ അജയ് ജഡേജ മാന്‍ ഓഫ് ദ് മാച്ച് അവാര്‍ഡ് വാങ്ങുന്നത് കാംബ്ലിക്ക് നോക്കി നില്‍ക്കേണ്ടി വന്നു. ലോകകപ്പ് സെമിയിലെ പരാജയത്തില്‍ കരഞ്ഞു കൊണ്ട് കളം വിടുന്ന കാംബ്ലിയുടെ കരിയറിലെ പതനം അവിടെ തുടങ്ങുകയായിരുന്നു. ഡ്രസ്സിങ്ങ് റൂമിലും പുറത്തും ചീത്തക്കുട്ടിയായ അവന്‍ പലര്‍ക്കും അനഭിമതനായി. ഉറ്റ സുഹൃത്ത് സച്ചിന്റെ ശുപാര്‍ശയില്‍ പലപ്പോഴും ടീമില്‍ വന്നും പോയുമിരുന്ന കാംബ്ലി തന്റെ കരിയറില്‍ ഒമ്പത് തവണയാണ് ടീമിലേക്ക് തിരിച്ചു വരവ് നടത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റിലെ Come back man എന്ന സ്ഥാനം പതിയെ മൊഹീന്ദര്‍ അമര്‍നാഥില്‍ നിന്ന് കാംബ്ലിയിലേക്ക് വന്നു ചേര്‍ന്നു. 2000 ല്‍ മിന്നല്‍ പോലെ ഉയര്‍ന്നു വന്ന യുവ് രാജ് സിംഗ് തന്റെ സ്ഥാനം ഭദ്രമാക്കിയതോടെ കാംബ്ലി വിസ്മൃതിയിലാണ്ടു. പ്രാദേശിക ക്രിക്കറ്റില്‍ ഏതാനും നല്ല ഇന്നിംഗ്‌സുകള്‍ കളിച്ചെങ്കിലും ഒരു തിരിച്ചുവരവ് അകലെയായിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റിലെ കറുത്ത ദിനത്തിന്റെ ഓര്‍മ്മപോലെയാണ് എന്നും ക്ലാംബി. അതിന്റെ മറ്റൊരു ഉദാഹരണമാണ് ഇത്. വിനോദ് കാംബ്ലി കരഞ്ഞുകൊണ്ട് മൈതാനം വിടുന്ന കാഴ്ച്ച ഇന്നും ക്രിക്കറ്റ് പ്രേമികളുടെ ഉള്ള് ഉലക്കുന്നതാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത ദിനമാണ് 1996 മാര്‍ച്ച് 13. രാജ്യത്തെ ക്രിക്കറ്റ് ആരാധകരെ ഇന്നും വേട്ടായാടുന്ന ദിനം. ക്രിക്കറ്റിനെ ജീവന് തുല്യം സ്‌നേഹിക്കുകയും താരങ്ങളെ പൂജിക്കുകയും ചെയ്യുന്ന ജനം അക്രമാസക്തമാകുന്ന കാഴ്ച്ചക്കാണ് 1996 ലെ ലോക കപ്പ് സെമിയില്‍ ശ്രീലങ്കയോട് ഇന്ത്യ തോറ്റതിന് പിന്നാലെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ സാക്ഷിയായത്. ടോസ് ലഭിച്ച അസ്ഹറുദ്ദീന്‍ അന്ന് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. യുക്തമായ തീരുമാനമായിരുന്നു അതെന്ന് കളി തുടങ്ങിയപ്പോഴെ മനസിലായി. രണ്ട് ഓപ്പണര്‍മാരെയും ഉടന്‍ പുറത്താക്കി ഇന്ത്യ ഗംഭീരമായി തുടങ്ങി. പക്ഷെ അന്നത്തെ കളിയുടെ ഒടുക്കം ഇന്ത്യ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു.
സ്‌കോര്‍ വെറും രണ്ട് റണ്‍സില്‍ എത്തിയപ്പോഴേക്കും സനത് ജയസൂര്യയെയും റൊമേഷ് കലുവിതരണയെയും ജവഗല്‍ ശ്രീനാഥ് മടക്കി. അരവിന്ദ ഡി സില്‍വയ്ക്കൊപ്പം ചേര്‍ന്ന് അസങ്ക ഗുരുസിംഗ സ്‌കോര്‍ മെല്ലെ ചലിപ്പിച്ചു. 35 റണ്‍സില്‍ എത്തിയപ്പോള്‍ ഗുരുസിംഗയെ പുറത്താക്കി വീണ്ടും ശ്രീനാഥിന്റെ പ്രഹരം. പതറാതെ നിന്ന ഡി സില്‍വ റോഷന്‍ മഹനാമയെ കൂട്ടുപിടിച്ച് അര്‍ദ്ധ സെഞ്ച്വറി നേടി. 47 പന്തില്‍ 67 റണ്‍സുമായി മുന്നേറുകയായിരുന്ന ഡി സില്‍വയെ നിര്‍ണ്ണായകമായ ഘട്ടത്തില്‍ അനില്‍ കുംബ്ലെ ക്ലീന്‍ ബൗള്‍ ചെയ്യുകയായിരുന്നു ശേഷം മഹനാമയും നായകന്‍ അര്‍ജുന രംണതുംഗയും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. അര്‍ദ്ധ സെഞ്വറി നേടിയ മഹാനാമ പരിക്കേറ്റ് കളം വിടുകയും രണതുംഗ 35 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തതോടെ വന്‍ സ്‌കോര്‍ നേടുകയെന്ന ലങ്കയുടെ സ്വപ്നത്തിന് മേല്‍ കരി നിഴല്‍ വീണു.
എന്നാല്‍ ഹഷന്‍ തിലക രത്‌ന 43 പന്തില്‍ നേടിയ 32 റണ്‍സും കൂറ്റനടികളിലൂടെ ചാമിന്ദവാസ് നേടിയ 23 റണ്‍സും എട്ട് വിക്കറ്റിന് 251 എന്ന നിലയില്‍ ലങ്കയെ എത്തിച്ചു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് എട്ട് റണ്‍സ് എടുക്കുന്നതിനിടെ ഓപ്പണര്‍ നവജോദ് സിംഗ് സിദ്ദുവിനെ നഷ്ടമായി. മികച്ച രീതിയില്‍ കളിച്ച സച്ചിന്‍, മഞ്ജരേക്കര്‍ക്ക് ഒപ്പം ചേര്‍ന്ന് സ്‌കോര്‍ 100 നോട് അടുപ്പിച്ചു. 65 റണ്‍സ് എടുത്ത സച്ചിനെ ജയസൂര്യയുടെ ബൗളിങ്ങില്‍ കലുവിതരണ സ്റ്റംമ്പ് ചെയ്ത് പുറത്താക്കി. ലങ്കയെ സംബന്ധിച്ച് സച്ചിന്റെ വിക്കറ്റ് ഏറെ പ്രധാനമായിരുന്നു. സച്ചിന്‍ പുറത്താകുമ്പോള്‍ ഇന്ത്യക്ക് ജയിക്കാനായി വേണ്ടിയിരുന്നത് 166 പന്തില്‍ 154 റണ്‍സ് ആയിരുന്നു. എട്ട് വിക്കും കയ്യില്‍ ഉണ്ടായിരുന്നു. ഇന്ത്യയുടെ അന്നത്തെ ടീം വച്ച് നോക്കുമ്പോള്‍ തീര്‍ത്തും അനായാസമായ ലക്ഷ്യം
എന്നാല്‍ എല്ലാം പൊടുന്നനെ മാറി മറഞ്ഞു. ഇന്ത്യ എട്ട് വിക്കറ്റിന് 120 എന്ന നിലയിലേക്ക് കൂപ്പ് കുത്തി. വെറു 22 റണ്‍സ് എടുക്കുന്നതിനിടെ ഇന്ത്യയുടെ 7 വിക്കറ്റുകള്‍ വീണു.അസ്ഹറുദ്ദീന്‍ (0), ശ്രീനാഥ് (6), അജയ് ജഡേജ (0), നയന്‍ മോംഗിയ (1), ആഷിഷ് കപൂര്‍ (0) എന്നിവര്‍ അതിവേഗം കൂടാരം കയറി. 15.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം കയ്യില്‍ ഇരിക്കേ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 131 റണ്‍സ്. 10 റണ്‍സുമായി വിനോദ് കാംബ്ലിയും റണ്‍സ് ഒന്നും എടുക്കാതെ കുംബ്ലെയും ക്രീസില്‍. ഇന്ത്യ അന്നുവരെ കണ്ടില്ലാത്ത മോശം സംഭവങ്ങളുടെ തുടക്കം അവിടെ തുടങ്ങുക ആയിരുന്നു. ജീവന് തുല്യം സ്‌നേഹിക്കുന്ന ടീമിന്റെ പൊടുന്നനെയുള്ള പതനം ഉള്‍ക്കൊള്ളാന്‍ ഈഡന്‍ഗാര്‍ഡനില്‍ കൂടി വലിയ ജനക്കൂട്ടത്തിന് കഴിഞ്ഞില്ല. അവര്‍ കയ്യില്‍ കിട്ടിയ കുപ്പിയും പ്ലാസ്റ്റിക്ക് കവറുകളും മറ്റും മൈതാനത്തേക്ക് വലിച്ചെറിഞ്ഞു.
സംഭവം അമ്പയറുടെ ശ്രദ്ധയില്‍ പ്പെടുത്തിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ രണതുംഗ ഫീല്‍ഡ് ചെയ്യാന്‍ ആകില്ലെന്ന് അറിയിച്ചു. സ്റ്റേഡിയത്തില്‍ അവിടെ ഇവിടങ്ങളിലായി അളുകള്‍ കടലാസുകള്‍ കൂട്ടി കത്തിച്ചു. സ്ഥിതി ഗതികള്‍ വഷളായതോടെ മാച്ച് റഫറി മത്സരത്തില്‍ ശ്രീലങ്ക ജയിച്ചതായി പ്രഖ്യാപിച്ചു. 10 റണ്‍സുമായി പുറത്താകെ നിന്ന വിനോദ് കാംബ്ലി കരഞ്ഞു കൊണ്ട് മൈതാനം വിടുന്ന കാഴ്ച്ച ഇന്നും ക്രിക്കറ്റ് പ്രേമികളുടെ ഉള്ള് ഉലക്കുന്നതാണ് വലിയ ആവേശത്തോടെയും സന്തോഷത്തോടെയും തുടങ്ങിയ ആ മത്സരം ഒടുവില്‍ കണ്ണിരോടെ അവസാനിച്ചു. ഫൈനലില്‍ എത്തിയ ശ്രീലങ്ക ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ലോക ജേതാക്കളാവുകയും ചെയ്തു.
പക്ഷെ, അപ്പോഴും വിനോദ് കാംബ്ലി-ടെണ്ടുല്‍ക്കര്‍ കഥകളില്‍ നിറം പിടിപ്പിക്കുന്ന ഗോസിപ്പുകള്‍ കുത്തി നിറയ്ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചു കൊണ്ടേയിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. വഴിവിട്ട ജീവിതത്തില്‍ നിന്നും സുഹൃത്തിനെ തിരിച്ചു കൊണ്ടു വരാന്‍ സച്ചില്‍ എന്തു കൊണ്ടു ശ്രമിച്ചില്ല എന്നൊക്കെയുള്ള കുറ്റപ്പെടുത്തലുകള്‍ സച്ചിന്‍ കേട്ടിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍ വീഴ്ചകളുടെ കാര്യമെടുക്കുമ്പോള്‍ ലിസ്റ്റില്‍ ഒന്നാമത് വിനോദ് കാംബ്ലിയായിരിക്കും എന്നതില്‍ സംശയമില്ല. സ്‌കൂള്‍ ക്രിക്കറ്റില്‍ നിന്നും കാംബ്ലി കൂടെ കൊണ്ട് വന്ന ഹൈപ്പ്, കരിയറിന്റെ തുടക്കം നല്‍കിയ മൈലെജ് എന്നീ ഘടകങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇത്തരമൊരു വിഷയത്തില്‍ വിനോദ് കാംബ്ലിക്കപ്പുറത്തേക്ക് നോക്കുന്നത് പോലും ക്രിമിനല്‍ കുറ്റമായിരിക്കും. പ്രതിഭാശാലിയായിരുന്ന ഒരു ബാറ്റര്‍ സ്വപ്നതുല്യമായ ഒരു തുടക്കത്തിന് ശേഷം ഇങ്ങനെ വീണുപോയത് ഇന്ത്യന്‍ ക്രിക്കറ്റിനൊരു നഷ്ടം തന്നെയായിരുന്നു.
മികച്ച ഡ്രൈവുകള്‍, കട്ടുകള്‍ സ്പിന്നര്‍മാര്‍ക്കെതിരെ കൃത്യമായ പാദചലനങ്ങളോടെ ക്രീസ് വിട്ടിറങ്ങി കിടയറ്റ ലോഫ്റ്റഡ് ഷോട്ടുകള്‍. സൗരവ് ഗാംഗുലിക്ക് മുന്നേ ഇന്ത്യന്‍ ആരാധകര്‍ക്ക് ഇതെല്ലാം നല്‍കിയത് കാംബ്ലിയായിരുന്നു. ഹൈ ബാക്ക് ലിഫ്റ്റ്, ദ്രുതഗതിയിലുള്ള ഫുട് വര്‍ക്ക്, മൊത്തത്തില്‍ ബാറ്റിംഗില്‍ ഒരു കരീബിയന്‍ ഫ്‌ളേവര്‍. ബ്രയാന്‍ ലാറയുമായി താരതമ്യങ്ങള്‍ വരാന്‍ ഒട്ടും സമയമെടുത്തില്ല. എല്ലാം അസാധാരണമാം വിധം പെര്‍ഫെക്റ്റ് ആയി മുന്നോട്ടു പോവുകയാണ്. പതിയെ ബാറ്റിങ്ങിലെ കരീബിയന്‍ ഫ്‌ളേവര്‍ കാംബ്ലിയുടെ ഫീല്‍ഡിന് പുറത്തെ ലൈഫിലേക്കും കടന്നു. അങ്ങനെയാണ് പതനം തുടങ്ങിയത്. വിനോദ് കാംബ്ലിയുടെ ടെസ്റ്റ് കരിയര്‍ എടുത്ത് നോക്കുമ്പോള്‍ വിസ്മയമാണ്. 17 ടെസ്റ്റ് -1084 റണ്‍സ്, ശരാശരി -54.20തുടര്‍ച്ചയായി രണ്ടു ഡബിള്‍ സെഞ്ച്വറികള്‍, അന്ന് ഏറ്റവും വേഗത്തില്‍ ടെസ്റ്റില്‍ 1000 തികച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍.വിനോദ് കാംബ്ലി എങ്ങനെ പുറത്തായി എന്നത് നോക്കാം. ആദ്യം കളിച്ച ,അതായത് 1993 വരെ കളിച്ച 7 ടെസ്റ്റുകളില്‍ 793 റണ്‍സ് 113.28 ശരാശരിയില്‍ നേടിയിരുന്ന കളിക്കാരന്‍ പിന്നീട് കളിച്ച 10 ടെസ്റ്റുകളില്‍ 291 റണ്‍സ് ആണ് നേടിയത്.
ഒരു കളിക്കാരന്റെ പ്രതിഭ അയാള്‍ക്ക് ഗുണകരമായ രീതിയില്‍ അയാളെ മുന്നോട്ടുകൊണ്ട് പോകുന്നത് ഒരു പ്രത്യേക ഘട്ടം വരെ മാത്രമാണ്. അതിനു ശേഷം കാര്യങ്ങള്‍ പഠിച്ചെടുക്കാനും തെറ്റുകള്‍ തിരുത്താനുമുള്ള മനസ്സും കഠിനാധ്വാനവും മാത്രമാണ് നിങ്ങളെ മുന്നോട്ടു നയിക്കുക. പ്രതിസന്ധികള്‍ നേരിടുമ്പോള്‍ പ്രതിഭ സഹായിച്ചെന്ന് വരില്ല. വിനോദ് കാംബ്ലി തെറ്റുകള്‍ തിരുത്താന്‍ തയ്യാറായിരുന്നില്ല, കളിക്കളത്തിനകത്തും പുറത്തും. ഷോര്‍ട്ട് പിച്ച് പന്തുകള്‍ നേരിടുന്നതിലെ പരിമിതി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയില്ല എന്നതാണ് ഗുരുതരമായ പിഴവ്. ഇത്തരമൊരു ടെക്‌നിക്കല്‍ ഫ്‌ളോ എക്‌സ്‌പോസ്ഡ് ആയതില്‍ പിന്നെയൊരു തിരിച്ചുവരവ് ഉണ്ടായിരുന്നില്ല. അയാളെ ഗൈഡ് ചെയ്യാന്‍ പറ്റുന്നൊരു സിസ്റ്റത്തിന്റെ അഭാവം ചൂണ്ടിക്കാണിക്കാവുന്നതാണ്. അതിനപ്പുറം നോക്കിയാല്‍ കരിയറിന്റെ തുടക്കത്തില്‍ ഇന്ത്യയിലെ ഫ്‌ളാറ്റ് ട്രാക്കുകളും നേരിട്ട ബൗളര്‍മാരുടെ നിലവാരമില്ലായ്മയും നല്‍കിയ അഡ്വാന്റേജ് നിലനിര്‍ത്താന്‍ കഴിയാതെ പോയൊരു ഹൈപ്പ്ഡ് ക്രിക്കറ്റര്‍, അതാണ് വിനോദ് കാംബ്ലി.
CONTENT HIGHLIGHTS; The story of Sachin Tendulkar’s dear friend: The cricketer who slipped and fell in the ‘cover drive’ of life; Who was Vinod Kabli?