രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ മന്ത്രിസഭയുടെ അഞ്ചാമത്തെ ബജറ്റ് 2025 ജനുവരിയില്‍. ജനുവരി മൂന്നാം വാരത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന നിയമസഭാ സമ്മേളത്തില്‍ 24ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തന്റെ അഞ്ചാമത്തെ ബജറ്റ് അവതരിപ്പിക്കും. 2021-22 ലെ പുതുക്കിയ ബജറ്റ്, 2022 – 23, 2023 – 24, 2024- 25 സാമ്പത്തിക വര്‍ഷങ്ങളിലെ ബജറ്റ് എന്നിങ്ങനെ 4 ബജറ്റുകളാണ് ബാലഗോപാല്‍ ഇതുവരെ അവതരിപ്പിച്ചിരിക്കുന്നത്. ജനപ്രയി ബജറ്റുകളാണ് ഇതുവരെ അവതരിപ്പിച്ചതെന്നുള്ള സല്‍പ്പേര് ബാലഗോപാലിനില്ല. തോമസ് ഐസക്കിന്റെ പിന്‍ഗാമിക്ക് കിട്ടിയിരിക്കുന്നത്, അധിക നികുതി ചുമത്തിയ ബജറ്റുകളുടെ ധനമന്ത്രിയെന്ന പേരാണ്.
വൈദ്യുതി ചാര്‍ജ്ജ് വര്‍ധനയില്‍ എത്തി നില്‍ക്കുന്ന സര്‍ക്കാരിന്റെ ധൂര്‍ത്ത് എടുത്തു പറയേണ്ടതാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ചെലവഴിച്ച തുകയും സംസ്ഥാനത്ത് നടത്തിയിട്ടുള്ള അധിക ധൂര്‍ത്തുമെല്ലാം ചേര്‍ത്താല്‍ ധനമന്ത്രിയെ എന്തിനു കൊള്ളാമെന്ന ഒറ്റവാക്ക് പ്രതിഷേധമാണ് പ്രതിപക്ഷത്തിനുള്ളത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി അവതരിപ്പിക്കുന്ന ബജറ്റിലൂടെ വിജയം സുനിശ്ചിതമാക്കാമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കു കൂട്ടല്‍. 2025 ഒക്ടോബറിലാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. ശേഷം അഞ്ച് മാസം കഴിഞ്ഞാല്‍ നിയമസഭ തെരഞ്ഞെടുപ്പ് അടക്കം തെരഞ്ഞെടുപ്പ് വര്‍ഷം മുന്നില്‍ കണ്ടാവും ഇത്തവണ ബജറ്റ് അവതരിപ്പിക്കുക. അതുകൊണ്ടു തന്നെ ജനപ്രിയ നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടാകും എന്ന് കരുതുന്നവരും കുറവല്ല.
100 രൂപ പോലും ക്ഷേമ പെന്‍ഷനില്‍ വര്‍ധിപ്പിക്കാതെയായിരുന്നു നാല് ബജറ്റും ബാലഗോപാല്‍ അവതരിപ്പിച്ചത്. എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ 2500 രൂപയായി ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കും എന്നായിരുന്നു വാഗ്ദാനം. അതുകൊണ്ട് തന്നെ ക്ഷേമ പെന്‍ഷനില്‍ ഇത്തവണ വര്‍ധന ഉണ്ടാകും. 2000 രൂപയായി ക്ഷേമ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കും. 6 ഗഡു ക്ഷാമബത്തയും ക്ഷാമ ആശ്വാസവും കുടിശിക ആക്കിയ സര്‍ക്കാരിനെതിരെ ജീവനക്കാരും പെന്‍ഷന്‍കാരും കടുത്ത രോഷത്തിലാണ്. അത് ശമിപ്പിക്കാനുള്ള നീക്കവും ബജറ്റില്‍ ഉണ്ടാകാനുള്ള സാധ്യതകളാണ് ധനവകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 2 ഗഡു ക്ഷാമബത്ത ബജറ്റില്‍ പ്രഖ്യാപിക്കും. ഒപ്പം ശമ്പള പരിഷ്‌കരണ കമ്മീഷനേയും പ്രഖ്യാപിക്കും.
മുന്‍ഗണന നല്‍കേണ്ട മറ്റ് മേഖലകളെ കുറിച്ചുള്ള ചര്‍ച്ചയിലാണ് ബാലഗോപാല്‍. ദുരന്തം വിതച്ച വയനാടിന് ബജറ്റില്‍ പ്രത്യേക പാക്കേജും പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് വര്‍ഷം ആയതിനാല്‍ കടുത്ത നികുതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകില്ലെന്നും പ്രത്യാശിക്കാം. ഓരോ ബജറ്റ് കഴിയുമ്പോഴും സാധാനണ ജനങ്ങള്‍ പ്രതീക്ഷയോടെയാണ് സര്‍ക്കാരിനെ നോക്കുന്നത്. ഒരു ബജറ്റിലും വിലക്കുറവ് ഉണ്ടാകുന്നില്ല എന്നതാണ് സത്യം. അവശ്യ വസ്തുക്കള്‍ക്കെങ്കിലും വിലക്കുറവുണ്ടാക്കാന്‍ ബജറ്റുകള്‍ക്കായില്ലെങ്കില്‍, പിന്നെ ആര്‍ക്കാണ് ബജറ്റു കൊണ്ട് നേട്ടം. കെ.എം മാണി ധനമന്ത്രിയായിരിക്കെ ബാര്‍കോഴ വിവാദത്തില്‍ നിയമസഭയില്‍ നടന്ന കൈയ്യാങ്കളി മറക്കാനാവില്ല. അന്നത്തെ കയ്യാങ്കളിക്ക് നേതൃത്വം നല്‍കിയ എം.എല്‍.എ ഇന്ന് വിദ്യാഭ്യാസ മന്ത്രിയും ഓപ്പമുണ്ടായിരുന്നവര്‍ പിന്നീട് സ്പീക്കറുമൊക്കെ ആയിട്ടുണ്ട്.
അന്നുതൊട്ടാണ് സംസ്ഥാന ബജറ്റെന്ന സംവിധാനം കേരളത്തിലെ സാധാരണക്കാര്‍ അറിയുന്നത്. അല്ലെങ്കില്‍, രാഷ്ട്രീയക്കാര്‍ക്കും, സാമ്പത്തിക വിദഗ്ദ്ധര്‍ക്കും, കച്ചവടക്കാര്‍ക്കും, മാധ്യമങ്ങള്‍ക്കും മാത്രം വേണ്ടിയിരുന്ന സാധനമായിരുന്നു ബജറ്റ്. അങ്ങനെ ബജറ്റിനെ ജനകീയമാക്കിയതില്‍ അന്നത്തെ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും പങ്കുണ്ട്. ഈ സാഹചര്യത്തില്‍ എന്താണ് ബജറ്റ് എന്നറിയേണ്ടതുണ്ട്.
എന്താണ് സംസ്ഥാന ബജറ്റ് ?
ഒരു രാഷ്ട്രത്തിന്റെയോ, സംസ്ഥാനത്തിന്റെയോ ഒരു പ്രത്യേക കാലയളവില്‍ ചെലവഴിക്കേണ്ടതും തിരികെ ലഭിക്കേണ്ടതുമായ തുകയുടെ വിശദമായ കണക്കിനെയോ, അല്ലെങ്കില്‍ ഒരു നിശ്ചിത കാലയളവിലെ വരവ് ചെലവ് തുകയുടെ ഏകദേശ രൂപത്തെയോ ആണ് ആ രാഷ്ട്രത്തിന്റെ/സംസ്ഥാനത്തിന്റെ ബജറ്റ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഭാരതത്തിന്റെ ഭരണഘടനയുടെ 202-mw ആര്‍ട്ടിക്കിള്‍ പ്രകാരം ഓരോ സംസ്ഥാനത്തിന്റെയും ഗവര്‍ണ്ണര്‍മാര്‍ ഓരോ സാമ്പത്തിക വര്‍ഷത്തെ സംബന്ധിച്ചും, വാര്‍ഷിക ധനകാര്യ പത്രിക എന്ന് പരാമര്‍ശിക്കപ്പെട്ടിട്ടുള്ള, സംസ്ഥാനത്തിന്റെ ആ വര്‍ഷത്തെ വരവ് ചെലവ് അടങ്കല്‍പ്പത്രിക നിയമ നിര്‍മ്മാണ സഭയുടെ മുന്‍പാകെ വെയ്‌ക്കേണ്ടതാണെന്ന് നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. ഈ രേഖയാണ് പ്രസ്തുത സംസ്ഥാനത്തിന്റെ ആ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് എന്ന് പൊതുവായി അറിയപ്പെടുന്നത്.
ബജറ്റ് തയ്യാറാക്കല്‍
- ഓരോ വര്‍ഷവും ജൂലൈ മാസത്തില്‍ അടുത്ത വര്‍ഷത്തേയ്ക്കുള്ള വകുപ്പിന്റെ വരവു ചെലവു എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് നടപടികള്‍ കൈക്കൊള്ളാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് ധനകാര്യ വകുപ്പ് ബജറ്റ് വിഭാഗം, എല്ലാ വകുപ്പു തലവന്മാര്‍ക്കും, എസ്റ്റിമേറ്റ് തയ്യാറാക്കുന്ന മറ്റ് ഉദ്യോഗസ്ഥന്മാര്‍ക്കും സര്‍ക്കുലര്‍ അയയ്ക്കുന്നു. നാലു ഘട്ടങ്ങളുള്ള ബജറ്റിന്റെ ആദ്യപടിയാണിത്.\
- വകുപ്പുകളുടെ പദ്ധതിയേതര എസ്റ്റിമേറ്റുകള്‍ സെപ്റ്റംബര്‍ 15-നകവും, പദ്ധതിയെയും, വരുമാനത്തെയും സംബന്ധിച്ച എസ്റ്റിമേറ്റുകള്‍ സെപ്റ്റംബര്‍ 30-നകവും ലഭിക്കുന്നു. എസ്റ്റിമേറ്റുകള്‍ നേരിട്ട് ധനകാര്യ വകുപ്പില്‍ നല്‍കുന്നതോടൊപ്പം അതിന്റെ പകര്‍പ്പുകള്‍ ഒരേ സമയം ഭരണവകുപ്പുകള്‍ക്കും ലഭ്യമാക്കുന്നു. അവ കിട്ടി പത്തു ദിവസത്തിനകം ഭരണ വകുപ്പുകള്‍ എസ്റ്റിമേറ്റുകള്‍ പരിശോധിച്ച് അവരുടെ അഭിപ്രായങ്ങള്‍ ധനകാര്യ വകുപ്പിന് അയയ്ക്കുന്നു.
- ഭരണ വകുപ്പുകളുടെ അഭിപ്രായങ്ങളുടെയും, അക്കൗണ്ടന്റ് ജനറല്‍ ലഭ്യമാക്കുന്ന യഥാര്‍ത്ഥ ചെലവിന്റെ കണക്കുകളുടെയും, ധനകാര്യ വകുപ്പില്‍ ലഭ്യമായ വിവരങ്ങളുടെയും വെളിച്ചത്തില്‍ വകുപ്പുകളുടെ എസ്റ്റിമേറ്റുകള്‍ ധനകാര്യ വകുപ്പ് അതി സൂക്ഷ്മമായി പരിശോധിച്ച് ആവശ്യമുള്ളിടത്ത് ഭേദഗതികള്‍ വരുത്തുന്നു. എന്നിട്ട്, ലഭ്യമായ ധനം പുനരവലോകനം ചെയ്യുകയും, പ്രായോഗികമായ വ്യാപ്തിയില്‍ പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. ഏകദേശം ഫെബ്രുവരി അവസാനത്തോടെ നിയമസഭയില്‍ അവതരിപ്പിക്കാന്‍ ബജറ്റ് സജ്ജമാക്കുന്നു.
ബജറ്റ് പാസ്സാക്കല്‍
ഫെബ്രുവരി അവസാനത്തോടെയോ, മാര്‍ച്ച് ആരംഭത്തിലോ ധനകാര്യ മന്ത്രി ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുന്നു. ആദ്യമായി ബജറ്റിനു മേല്‍ ഒരു പൊതു ചര്‍ച്ചയാണ്.ബജറ്റ് ചര്‍ച്ചയുടെ അവസാനം, ധനാഭ്യര്‍ത്ഥനകള്‍ സൂക്ഷമ പരിശോധന നടത്തി റിപ്പോര്‍ട്ടിനു വേണ്ടി നിയമസഭാ കമ്മിറ്റികള്‍ക്ക് -സബ്ജക്റ്റ് കമ്മിറ്റികള്‍ക്ക് അയച്ചുകൊടുക്കുന്നു.അതിനെ തുടര്‍ന്ന് ധനാഭ്യര്‍ത്ഥനകളുടെ വിശദമായ പരിഗണനയും, വോട്ടെടുപ്പും നടക്കുന്നു.തുടര്‍ന്ന് ധനവിനിയോഗ ബില്‍ അവതരിപ്പിച്ച്, ചര്‍ച്ച ചെയ്ത് പാസ്സാക്കുന്നു.സംസ്ഥാനത്തിന്റെ സഞ്ചിതനിധിയില്‍ നിന്നും തുക പിന്‍വലിക്കുന്നതിനുള്ള നിയമപരമായ അധികാരമാണ് ധനവിനിയോഗ നിയമം.ഓരോ സേവനത്തിനും ഒരു സാമ്പത്തിക വര്‍ഷം ചെലവാക്കാവുന്ന പരമാവധി തുക ഇത് വ്യക്തമാക്കുന്നു.
ബജറ്റ് നടപ്പാക്കല്‍
ബജറ്റ് പാസ്സായി സര്‍ക്കാര്‍ ഗസറ്റില്‍ ധനവിനിയോഗ നിയമം പ്രസിദ്ധീകരിച്ചയുടന്‍ ധനകാര്യ വകുപ്പിലെ ബജറ്റ് വിഭാഗം, എല്ലാ വകുപ്പു തലവന്മാരെയും, മറ്റു ബന്ധപ്പെട്ടവരെയും, നിയമം ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്, ബജറ്റില്‍ ഉള്‍പ്പെടുത്തിയ തുക നല്‍കുന്നതിനും, വിനിയോഗിക്കുന്നതിനുമുള്ള മതിയായ അധികാരമാണെന്ന് സര്‍ക്കുലര്‍ വഴി അറിയിക്കുന്നു. തുടര്‍ന്ന് ധനവിനിയോഗ വിതരണ ജോലി ഏറ്റെടുക്കുന്നു. മുഖ്യ നിയന്ത്രണ ഉദ്യോഗസ്ഥന്മാര്‍ അവര്‍ക്കു തൊട്ടു താഴെയുള്ള ഉദ്യോഗസ്ഥന്മാര്‍ക്ക് (കീഴിലുള്ള നിയന്ത്രണ ഉദ്യോഗസ്ഥന്മാര്‍/പണം വ്യയം ചെയ്യുന്ന ഉദ്യോഗസ്ഥന്മാര്‍) ധനവിനിയോഗം വിതരണം ചെയ്യുന്നു. കീഴില്‍ വരുന്ന നിയന്ത്രണ ഉദ്യോഗസ്ഥന്മാര്‍ പണം വ്യയം ചെയ്യുന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് ധന വിനിയോഗം ഭാഗിച്ചു നല്‍കുന്നു.
ബജറ്റ് അവലോകനം
ഓരോ സേവനത്തിനും ഓരോ വര്‍ഷവും ചെലവാക്കാവുന്ന പരമാവധി തുക ബജറ്റ് പരിഗണിച്ചശേഷം നിയമസഭ പാസ്സാക്കുന്ന ധനവിനിയോഗ ബില്ലില്‍ വ്യക്തപ്പെടുത്തുന്നു. ധനകാര്യ വര്‍ഷം അവസാനിച്ച ശേഷം ബജറ്റ് തുക, ഭരണ നിര്‍വ്വഹണ സമിതി ചെലവാക്കിയത് ഉദ്ദേശിച്ചിരുന്ന ലക്ഷ്യങ്ങള്‍ക്കും, വിവക്ഷിച്ചിരുന്ന തുകകളിലും ആയിരുന്നുവെന്ന് നിയമസഭയെ തൃപ്തിപ്പെടുത്തേണ്ടതാണ്. സ്വതന്ത്ര അധികാരമുള്ള ഭാരതത്തിന്റെ കംപ്‌ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറല്‍ കണക്കുകള്‍ തിട്ടപ്പെടുത്തിയ ശേഷം ആ റിപ്പോര്‍ട്ട് ഒരു നിയമസഭാ കമ്മിറ്റി മുഖേന – പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി/ പബ്ലിക് അണ്ടര്‍ടേക്കിംഗ്‌സ് കമ്മിറ്റി പരിശോധിച്ച ശേഷമാണ് ഇത് ചെയ്യുന്നത്. ബജറ്റില്‍ ഉള്‍ക്കൊള്ളിച്ച പദ്ധതികളും, പരിപാടികളും എത്രത്തോളം ഫലപ്രദമായും, മിതവ്യയത്തോടും നടപ്പിലാക്കാമെന്ന് മനസ്സിലാക്കുന്നതിന് നിയമസഭയില്‍ അവതരിപ്പിച്ച എസ്റ്റിമേറ്റുകളുടെ വിശദമായ പരിശോധന കൂടി ഉള്‍പ്പെടുന്നതാണ് ബജറ്റ് വിശകലനം. ഈ ജോലി പ്രത്യേകമായി രൂപവല്‍ക്കരിച്ച വേറൊരു നിയമസഭാ കമ്മിറ്റിയെ – എസ്റ്റിമേറ്റ് കമ്മിറ്റിയെ ഏല്‍പ്പിച്ചിരിക്കുന്നു. ഇങ്ങനെ നിരവധി പ്രക്രിയകളിലൂടെയാണ് ബജറ്റ് കടന്നു പോകുന്നത്.
CONTENT HIGHLIGHTS; Jana Droham or Jana Kshema?: Balagopalan’s 5th Budget in January; The government-governor battle will begin with policy announcements; What is state budget?