പൊതു വിദ്യാഭ്യാസമന്ത്രിക്ക് കുട്ടികളുടെ മനസ്സാണ്. പേരില്‍ തന്നെ അദ്ദേഹത്തിന്റെ കുട്ടിത്തം പ്രതിഫലിക്കുന്നുമുണ്ട്. വി. ശിവന്‍ ‘കുട്ടി’അതുകൊണ്ടുതന്നെ വലിയ കാര്യങ്ങളൊന്നും കേട്ടാല്‍ താങ്ങാനാകില്ല. കുട്ടികളുടെ സ്വഭാവമായതു കൊണ്ടു തന്നെ പെട്ടെന്ന് ദേഷ്യവും പെട്ടെന്ന് സങ്കടവും വരും. സ്‌നേഹം മാത്രം ഉള്ളില്‍ നിറയുന്ന മന്ത്രിക്ക് അതുകൊണ്ടു തന്നെ സ്‌കൂള്‍ കലോത്സവം നടത്തുന്നതില്‍ വലിയ താത്പര്യവും ആവേശവുമാണ്. സ്‌പോര്‍ട്‌സിനോടും അങ്ങനെതന്നെയാണ്. ജി.വിയരാജ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മുടങ്ങാതെ നടത്തുന്നതില്‍ മന്ത്രി വി. ശിവന്‍കുട്ടി വലിയ താല്‍പ്പര്യമാണ് കാണിച്ചിരുന്നത്.
കാര്യത്തിലേക്കു വരാം, 2025 ജനുവരിയിലാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അതും തിരുവനന്തപുരത്ത് വെച്ചടാണ് നടക്കുന്നത്. നടക്കുന്ന സ്‌കോള്‍ കലോത്സവം കളറാക്കാന്‍ തലസ്ഥാനത്തെ എം.എല്‍.എ എന്ന നിലയിലും വിദ്യാഭ്യാസ മന്ത്രി എന്ന നിലയിലും ശിവന്‍കുട്ടി മുന്‍ നിരയില്‍ത്തന്നെയുണ്ടാകും. കുട്ടികളുടെ കലാ പ്രകടനങ്ങളില്‍ മന്ത്രി മുന്നില്‍ നിന്നതു കൊണ്ട് കാര്യമില്ല, കുട്ടികളെ പാട്ടും ഡാന്‍സും പഠിപ്പിക്കുന്നവരാണ് മുന്നില്‍ വരേണ്ടത്. അതുകൊണ്ടു തന്നെ കലോത്സവത്തിന്റെ ഉദ്ഘാടന വേദി ചരിത്രമാക്കാന്‍ പാകത്തിന് കുട്ടികളുടെ പാട്ടും ഡാന്‍സും വേണം. അതിന് കഴിവുള്ള ഡാന്‍സ്-പാട്ട് അധ്യാപികമാരെ തേട. അന്വേഷണം ചെന്നെത്തിയത് സിനിമാ നടിമാരിലേക്കാണ്.
അങ്ങനെ ഒരു നടിയോട് കാര്യം അവതരിപ്പിച്ചു. അവര്‍ അതേറ്റു. പക്ഷെ, 5 ലക്ഷംരൂപ പ്രതിഫലം വേണമെന്നു മാത്രം. ഇതു കേട്ട് ലോല ഹൃദയനായ വിദ്യാഭ്യാസമന്ത്രിക്ക് വേദനിച്ചു. സ്‌കൂള്‍ യുവജനോല്‍സവത്തിന് പത്ത് മിനിട്ട് ദൈര്‍ഘ്യമുള്ള നൃത്തം പഠിപ്പിക്കാന്‍ ഇത്രയും തുകയോ. മന്ത്രിയുടെ കുട്ടി മനസ്സ് ആ നടിയുടെ അഹങ്കാരത്തിന് തക്കതായ മറുപടി നല്‍കി.
മന്ത്രിയുടെ വാക്കുകള്‍ അതിങ്ങനെയാണ്
”എത്ര അഹങ്കാരികളായി ഇവര്‍ മാറുന്നു എന്നു നിങ്ങള്‍ മനസ്സിലാക്കണം. 5 ലക്ഷം രൂപയാണ് ചോദിച്ചിരിക്കുന്നത്. എത്ര അഹങ്കാരമാണ്. പണത്തോടുള്ള ആര്‍ത്തി തീര്‍ന്നിട്ടില്ല ഇവര്‍ക്ക്. ഞാന്‍ പറഞ്ഞു വേണ്ടെന്ന്. പകരം പഠിപ്പിക്കാന്‍ ഇവിടെ എത്ര പേര്‍ വേണമെങ്കിലും ഉണ്ടാകുമെന്ന നിലയില്‍ പറഞ്ഞ് ആ നടിയെ ഉപേക്ഷിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗതഗാനം പഠിപ്പിക്കാന്‍ തീരുമാനിച്ചു.സ്‌കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുത്ത് നൃത്തത്തില്‍ വിജയിച്ചതു കാരണമാണ് ഇവര്‍ സിനിമയിലെത്തുന്നത്. ഇത്തരക്കാര്‍ പിന്‍തലമുറയിലുള്ള കുട്ടികള്‍ക്ക് മാതൃകയാകേണ്ടവരാണ്. കുറച്ചുസിനിമയും കുറച്ച് കാശും ആയപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്. കേരളത്തിലെ 47 ലക്ഷം വിദ്യാര്‍ത്ഥികളോടാണ് ഈ നടി അഹങ്കാരം കാണിക്കുന്നത്’
47 ലക്ഷം വിദ്യാര്‍ത്ഥികളോടാണ് ഈ നടി അഹങ്കാരം കാണിച്ചതെന്നു പറഞ്ഞ ശിവന്‍കുട്ടി നടിയുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ ആ നടി ആരായിരിക്കും എന്ന അന്വേഷണത്തിലേക്ക് മാധ്യമങ്ങള്‍ കടന്നു. എല്ലാവരുടെയും മനസ്സുകളില്‍ സംശയങ്ങള്‍ നിറഞ്ഞു. സ്‌കൂള്‍ കലോല്‍സവങ്ങളിലൂടെ വളര്‍ന്നുവന്ന നിരവധി നടിമാര്‍ കേരളത്തിലുണ്ട്. അവരെല്ലാം മന്ത്രിയുടെ വാക്കിന്‍ മുന്നില്‍ പ്രതികളായി. മജ്ഞു വാര്യര്‍ മുതല്‍ കാവ്യ മാധവന്‍, നവ്യ നായര്‍, അമ്പളീ ദേവി, ചിപ്പി, ദിവ്യഉണ്ണി തുടങ്ങി നിരവധി പേര്‍ സംശയത്തിന്റെ നിഴലിലായി. ഈ നടമാരെല്ലാം സ്‌കൂള്‍ കലോല്‍സവത്തിലൂടെ വളര്‍ന്നു വന്നവരുമാണ്.
ഒരു നടിയുടെയും പേരു പറയാതെ മന്ത്രി നടത്തിയ പ്രസ്താവന കലോത്സവം വഴി സിനിമയിലെത്തിയ പല നടിമാരെയും സംശയത്തിന്റെ നിഴലിലാക്കുകയും ചെയ്തിട്ടുണ്ട്. ഒരു നടിയുടെ ഭാഗത്തുനിന്ന് ഇത്തരം സമീപനമുണ്ടായെന്ന് മന്ത്രി വി.ശിവന്‍കുട്ടി വിമര്‍ശനമുന്നയിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ കേരള സര്‍വകലാശാലാ കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലാണ്, യുവജനോത്സവത്തില്‍ അതിഥികളായി എത്തുന്ന സെലിബ്രിറ്റികള്‍ വന്ന വഴിമറന്ന് വന്‍ പ്രതിഫലം കൈപ്പറ്റുന്നത് അവസാനിപ്പിക്കണമെന്നു മന്ത്രി ആവശ്യപ്പെട്ടത്. അന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നത് നടി നവ്യ നായര്‍ ആയിരുന്നു. അവരെ വേദിയില്‍ ഇരുത്തിയായിരുന്നു മന്ത്രിയുടെ വിമര്‍ശനം.
ആ വേദിയില്‍ വെച്ചുതന്നെ നവ്യാനായര്‍ മന്ത്രിയുടെ വാക്കുകള്‍ക്ക് മറുപടിയും നല്‍കിയിരുന്നു. താന്‍ വന്ന വഴി മറന്നിട്ടില്ലെന്നും ഒരു രൂപ പോലും വാങ്ങാതെയാണ് വന്നിരിക്കുന്നതെന്നും നവ്യ ഉദ്ഘാടന പ്രസംഗത്തില്‍ മറുപടി നല്‍കുകയും ചെയ്തു. കേരള സര്‍വകലാശാലാ കലോത്സവ സമയത്ത് തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ഒരു നടിയെ ക്ഷണിച്ചപ്പോള്‍ അവര്‍ വിമാനക്കൂലിയും പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസസൗകര്യവും ആവശ്യപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് തന്റെ ക്ഷണം സ്വീകരിച്ചെത്തിയ നടന്‍ മമ്മൂട്ടി പ്രതിഫലം വാങ്ങാതിരുന്ന കാര്യവും മന്ത്രി എടുത്തുപറഞ്ഞിരുന്നു. സെലിബ്രിറ്റികള്‍ പ്രതിഫലം കണക്കാക്കാതെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കണമെന്നാണ് ശിവന്‍കുട്ടി അന്ന് ആവശ്യപ്പെട്ടത്.
ഇത്തവണ സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണ ഗാനത്തിനു കുട്ടികളെ നൃത്തം പഠിപ്പിക്കാന്‍ മന്ത്രിയുടെ ഓഫിസില്‍ നിന്നാണ് പ്രശസ്ത നടിയെ ക്ഷണിച്ചത്. അവര്‍ ക്ഷണം സ്വീകരിച്ചെങ്കിലും അഞ്ചു ലക്ഷം രൂപ പ്രതിഫലം വേണമെന്ന് ആവശ്യപ്പെട്ടു. ഇതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. അന്നത്തെ സംഭവം ഇന്നും മലയളികളുടെ മനസ്സില്‍ ഉള്ളതു കൊണ്ടും നവ്യാനായര്‍ക്ക് സിനിമകള്‍ കുറഞ്ഞതു കൊണ്ടും സ്വാഭാവിക സംശയം നവ്യയിലേക്ക് തിരിഞ്ഞിട്ടുണ്ട്. എന്നാല്‍, യൂണിവേസിറ്റി കലോത്സവത്തില്‍ പണം വാങ്ങാതെ വന്നെങ്കില്‍ നവ്യ സ്‌കൂള്‍ കലോത്സവത്തിലും പണം ആവശ്യപ്പെടില്ല എന്നു തന്നെയാണ് ആരാധകരുടെ വിശ്വാസം. ഇനി ശോഭനയോ, അനുശ്രീയോ ആയിരിക്കുമോ എന്നും സംശയമുണ്ടെന്നാണ് ആരാധകരുടെ നിഗമനം.
കാരണം, അടുത്ത കാലത്തായി ഇവരുടെ രാഷ്ട്രീയ ചായ്‌വ് അങ്ങനെ ചിന്തിപ്പിക്കുന്നുണ്ട്. എന്നാല്‍, അത്തരമൊരു നീക്കം ഉണ്ടാകാന്‍ സാധ്യത കുറവാണെന്നും അഅഭിപ്രായമുണ്ട്. എന്തായാലും ശിവന്‍കുട്ടി മന്ത്രിയോട് പത്തു മിനിട്ട് ഡാന്‍സിന് 5 ലക്ഷംരൂപ ആവശ്യപ്പെട്ട നടി ചില്ലറക്കാരി അല്ലെന്നുറപ്പാണ്. പണം ആവശ്യപ്പെട്ട നടി ആരാണെന്ന് മന്ത്രി തന്നെ പറയാതെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന നടിമാര്‍ക്ക് സമാധാനം കിട്ടില്ല. തെറ്റു ചെയ്തവര്‍ മാത്രം ശിക്ഷ അനുഭവിച്ചാല്‍ പോരെ. ഇതിപ്പോള്‍ എല്ലാവരും സംശയത്തിന്റെ മുള്‍മുനയിലാണ്. മുന്‍കാല അനുഭവങ്ങള്‍ ചികഞ്ഞെടുക്കുമ്പോള്‍ ആര്‍ക്കാണോ സംശത്തിന്റെ സാധ്യതകള്‍ കൂടുതല്‍ ആയാള്‍ കൂടുതല്‍ ആക്രമിക്കപ്പെടുമെന്ന് ഉറപ്പാണ്. അതുകൊണ്ട് മന്ത്രി തന്നെ നടിയുടെ പേര് വെളിപ്പെടുത്തണം.
CONTENT HIGHLIGHTS;5 lakhs for welcome dance in school arts festival: Who are the actresses under suspicion?; Filmmakers all sweat their way through the school art festival; Minister should reveal which actress?