Explainers

ആരെയും കൂസാത്ത മൃ​ഗം, കടുവകളുടെ അറിയാക്കഥകൾ

കാട്ടിലെ രാജാവ് സിംഹമെന്നും അവൻ പുലിയാണ് കേട്ടോ എന്ന ഡയലോ​ഗുകളും ഒക്കെയായിരിക്കും നമ്മുടെ ബാല്യത്തിന്റെ ഓർമകൾ. എന്നാൽ ഇതിനിടയിൽ നിരവധി പ്രത്യേകതകളും സവിശേഷതകളും ഉണ്ടായിട്ടും അത്ര പറഞ്ഞു കേൾക്കാത്ത മൃ​ഗമാണ് കടുവ. ഏതുതരം കാട്ടിലും അതിജീവിക്കാൻ കഴിവുള്ള മൃ​ഗമാണ് കടുവ. മണിക്കൂറിൽ പരമാവധി 65 കിമീ വരെയാണ് കടുവകളു‌ടെ വേഗം. ഇവയുടെ ശരീരത്തിന്റെ മൂന്നിലൊന്ന് വാലിന്റെ നീളമാണ്. പെൺകടുവകൾക്ക് ആണിനെക്കാൾ 25–40 സെമീ നീളവും 40–60 കിഗ്രാം ഭാരവും കുറഞ്ഞിരിക്കും. കൂട്ടത്തിൽ ഏറ്റവും വലിയ ഇനം സൈബീരിയൻ കടുവകളാണ്. കടുവകളുടെ ഓരോ സവിശേഷതകൾ അക്കമിട്ട് നിരത്തി തന്നെ നോക്കാം.

പതുങ്ങിയിരിക്കുന്ന വേട്ടക്കാരൻ

പൊതുവെ കടുവകളുടെ ​ഗർജനത്തിന് വലിയ ശബ്ദമാണ്. ഇവയ്ക്ക് മറ്റു കടുവകളുമായുള്ള ആശയവിനിമയത്തിനാണ് ഗർജനം. ഇതിന്റെ ശബ്ദം 5 കി.മീ വരെ കേൾക്കാൻ കഴിയും. എന്നാൽ ഇരകൾക്കു മുന്നിൽ ഇവ ഗർജിക്കാറില്ല. പക്ഷേ ഇരയുടെ തൊട്ടുമുന്നിൽ മണപ്പിച്ചും മുരൾച്ചയോടെയും നടന്നാൽ ഉറപ്പിക്കാം, കടുവ ആക്രമണത്തിനൊരുങ്ങുകയാണെന്ന്. വഴിയിൽ പതുങ്ങിയിരുന്ന് ആക്രമിക്കുകയാണ് കടുവകളുടെ പതിവ്. രാത്രിയാണ് പ്രധാനമായും വേട്ടയ്ക്ക് ഇറങ്ങുന്നത്. ഇരയുടെ പിന്നാലെ ഏറെ ദൂരം ഓടി കീഴ്പ്പെടുത്തുന്ന സ്വഭാവം ഇവയ്ക്കില്ല, അതിനാൽ തന്നെ ആദ്യ ശ്രമത്തിൽ ശ്രദ്ധയും സൂക്ഷമതയും ഏറെ നൽകും. സ്വന്തം ഭാരത്തിന്റെ ഇരട്ടിയുള്ള മൃഗങ്ങളെ വരെ അനായാസം കൊന്നൊടുക്കാനാകും വിധം കരുത്തരാണ് കടുവകൾ. ആനയേ വരെ ആക്രമിക്കും. സ്വന്തം വര്‍ഗ്ഗക്കാരെപ്പോലും തിന്നും.

ശരീരത്തിൽ ഒളിപ്പിച്ച ആയുധം

മുൻനിരയിലെ 4 കോമ്പല്ലുകളാണ് കടുവയുടെ പ്രധാന ആയുധം. കഴുത്തിലോ തലയ്ക്കു പിന്നിലോ ഈ പല്ല് ആഴ്ന്നിറങ്ങി രക്തം നഷ്ടപ്പെട്ടാണ് ഇരയ്ക്ക് പലപ്പോഴും മരണം സംഭവിക്കുക. എന്തെങ്കിലും അപകടത്തിലോ വയസ്സായോ ഈ പല്ലുകൾ നഷ്ടപ്പെട്ടാൽ അതോടെ കടുവയുടെ വേട്ടയാടുനുള്ള കഴിവ് തന്നെ നഷ്ടപ്പെട്ടെന്ന് പറയാം. പിന്നെ ചുലപ്പോൾ ഇവ പട്ടിണി കിടന്ന് ചത്തുപോകും.

രോമങ്ങളുടെ പ്രത്യേകത

ഇളം തവിട്ട് നിറത്തിലും ഓറഞ്ച് നിറത്തിലും ഉള്ള രോമങ്ങളിൽ കറുത്ത നിറത്തിലുള്ള വരകളാണ് കടുവകൾക്കുള്ളത്. ഇവ ഇര തേടുന്നതിന് കടുവകളെ സഹായിക്കുന്നതാണ്. നൂറിലധികം വരകള്‍ ഉണ്ടാകും കടുവയുടെ ദേഹത്ത്. ഈ കറുത്ത വരകള്‍ പുല്ലിലും മറ്റുമൊളിച്ച് മറഞ്ഞ് നില്‍ക്കാനും ഇരകളുടെ കണ്ണില്‍ പെടാതെ മറഞ്ഞിരിക്കുന്നതിനും സഹായിക്കും. കവിളിലും കണ്ണിനു മുകളിലും ചെവിക്ക് പിറകിലും വെളുത്ത രോമകൂട്ടം ഉണ്ടാവും. ഓറഞ്ച് നിറമുള്ള വാലില്‍ കറുത്ത ചുറ്റടയാളങ്ങള്‍ കാണാം. ഇവ ഒരിക്കലും മാഞ്ഞുപോകില്ല. ശരീരം മുഴുവനായും ഷേവ് ചെയ്താലും അതിന് താഴെയും ഈ വരകൾ കാണാം. പാദങ്ങള്‍ക്കടിയില്‍ മൃദുവായ പാഡുകള്‍ ഉള്ളതിനാല്‍ ഒട്ടും ശബ്ദം ഉണ്ടാക്കാതെ ഇവയ്ക്ക് നടക്കാനാകും എന്നതും പ്രത്യേകതയാണ്.

ഇഷ്ട ഭക്ഷണം

കാട്ടുപോത്തും വലിയ മാനുകളും കാട്ട് പന്നിയും ഒക്കെയാണ് കടുവകളുടെ ഇഷ്ട ഭക്ഷണങ്ങള്‍. കരയിലും മരത്തിലും വെള്ളത്തിലും ഒക്കെ ഒരുപോലെ കരുത്ത്കാട്ടാന്‍ കഴിയുന്ന വമ്പര്‍മാരാണ് കടുവകൾ. അതുകൊണ്ട് തന്നെ മുതലയും കുരങ്ങും മുയലും മയിലും മീനും കരടിയും ഒന്നിനേയും ഒഴിവാക്കില്ല. അരികില്‍ നിന്നോ പിറകില്‍ നിന്നോ പതുങ്ങി വന്ന് ചാടി കഴുത്തില്‍ കടിച്ച് തൊണ്ടക്കൊരള്‍ മുറിച്ചാണ് കൊല്ലുക. ഒറ്റ ഇരിപ്പില്‍ 18- 30 കിലോഗ്രാം മാംസം വരെ തിന്നും. പിന്നെ രണ്ട് മൂന്നു ദിവസം ഭക്ഷണം ഒന്നും വേണ്ട. കൊന്ന ഇടത്ത് വെച്ച് തന്നെ ഇവ ഇരയെ തിന്നുന്ന പതിവില്ല. വലിച്ച് മാറ്റി വെക്കും. വെള്ളം കുടിക്കാനും മറ്റും പോകുന്നെങ്കില്‍ ഇലകളും കല്ലും പുല്ലും ഒക്കെ കൊണ്ട് കൊന്ന ഇരയുടെ ശരീരം മൂടി വെക്കുന്നതാണ് പതിവ്. സാധാരണ മനുഷ്യരെ ആക്രമിക്കാറില്ല കടുവകൾ. മറ്റു മൃഗങ്ങളെ ഇരയായി ലഭിക്കാത്ത അപൂർവം അവസരങ്ങളിലാണ് അവ മനുഷ്യനു നേരെ തിരിയാറുള്ളത്. മനുഷ്യ മാംസത്തിന് കടുവയെ ആകർഷിക്കുന്ന ഉപ്പ് രുചിയാണെന്നാണു പറയപ്പെടുന്നത്.

വേട്ടയാടൽ ഭീഷണി

വേട്ടയാടലും ആവാസവ്യവസ്ഥയുടെ നാശവുമാണ് കടുവ നേരിടുന്ന ഏറ്റവും വലിയ ഭീഷണികൾ. കരുത്തിന്റെ പ്രതീകമായ ഇവയെ കീഴടക്കുന്നത് ധൈര്യത്തിന്റെ ലക്ഷണമായി പണ്ടുകാലത്ത് കരുതിപ്പോന്നതിനാൽ തന്നെ ഇന്നും ഇവയ്ക്ക് നേരെ വേട്ട നടക്കുന്നുണ്ട്. കടുവവേട്ട ലോകമെമ്പാടും നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും ചൈന, തയ്‌വാൻ, ജപ്പാൻ, ദക്ഷിണ കൊറിയ, യുഎസ്, യുകെ എന്നിവിടങ്ങളിൽ ഈ മൃഗവുമായി ബന്ധപ്പെട്ട ഉൽപന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണെന്നാണ്. ഏറ്റവും കൂടുതൽ കടുവകളുള്ളത് ഇന്ത്യയിലാണ്– ലോകത്തിലെ ആകെ കടുവകളുടെ 80%. റോയൽ ബംഗാൾ കടുവകളാണ് ഇന്ത്യൻ കടുവകൾ എന്നറിയപ്പെടുന്നത്. ഇന്ത്യ, ബംഗ്ലദേശ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ ഇവയെ കണ്ടുവരുന്നു. കടുവകളെ വേട്ടക്കാരിൽനിന്നു രക്ഷിക്കാൻ ടൈഗർ പ്രൊട്ടക്‌ഷൻ ഫോഴ്സ് ഉൾപ്പെടെ രൂപീകരിച്ചു നടത്തിയ ശ്രമങ്ങൾ അരനൂറ്റാണ്ടിനോടടുക്കുമ്പോൾ ഫലം കണ്ടതായാണ് ഇന്ത്യയിലെയും കേരളത്തിലെയും കണക്കുകൾ സൂചിപ്പിക്കുന്നത്.

Latest News